2012, മാർച്ച് 28, ബുധനാഴ്‌ച

ഒരു അപകടക്കാഴ്ച ഓര്‍മപ്പെടുത്തിയത്

കെ മുജീബുര്‍റഹ്മാന്‍

രണ്ടു ദിവസം മുമ്പാണ് സംഭവം. സമയം വൈകിയതിനാല്‍ ഉമ്മു സഈദില്‍ നിന്നും ദോഹയിലെ ഓഫിസിലേക്ക് തിരക്കിട്ട് മടങ്ങുകയായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ 'പൂഴിയിലെ കളികള്‍' കണ്ടുള്ള മടക്കം. ഇരുചക്ര, നാല്‍ചക്ര വാഹനങ്ങള്‍കൊണ്ട് മരുഭൂമിയുടെ 'കാല്‍വഴുതും പൂഴി'യില്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തിരുന്നു അവിടെ. ഒരു സാധാരണ മനുഷ്യന് 'ബേജാറാകാനുള്ള' സകലതും പൂഴിക്കളിക്കാര്‍ നടത്തുന്നുണ്ട്. ഈ കളികള്‍ കണ്ട ആവേശമായിരിക്കണം വാരാന്ത്യം ആഘോഷിക്കാനെത്തിയവരും പ്രത്യേകതരം വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പൂഴിക്കുന്നിലേക്ക് കുത്തനെ കയറ്റുന്നുണ്ട്. ചെങ്കുത്തായ പൂഴിമലയില്‍ നിന്നും വാഹനമിറക്കി കാഴ്ചക്കാരെ കോരിത്തരിപ്പിക്കുന്നുണ്ട്. വന്യമായ അറേബ്യന്‍ മരുഭൂമിയില്‍ പഴയ ഗോത്രനിവാസികള്‍ ഇതുപോലുള്ള നേരമ്പോക്കുകളായിരിക്കണം അവരുടെ കളികളായി തെരഞ്ഞെടുത്തിട്ടുണ്ടാവുക! പെട്രോള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ്, മോട്ടോര്‍ വാഹനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും ഏറെ മുമ്പ്, ബദുക്കള്‍ അവരുടെ പരമ്പരാഗത രീതിയില്‍ ഇതേപോലുള്ള സാഹസിക കളികള്‍ ആസ്വദിച്ചിരിക്കണം.

നേരം ഇരുട്ടിത്തുടങ്ങിയതുകൊണ്ട് യാത്രക്കാരില്‍ ഭൂരിപക്ഷവും മടങ്ങാനുള്ള തിരക്കിലായിരുന്നു. നേരിയതോതില്‍ ഗതാഗത സ്തംഭനം അനുഭവപ്പെടുന്നുണ്ടെങ്കിലും വാഹനങ്ങള്‍ക്ക് സുഗമമായി മുമ്പോട്ട് പോകാന്‍ കഴിയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അതിവേഗതയില്‍ (അമിത വേഗത എന്ന പദം ഗള്‍ഫ് രാജ്യങ്ങളില്‍ റോഡുകള്‍ ചേരില്ലെന്ന് തോന്നുന്നു) ഒരു ലാന്‍ഡ് ക്രൂയിസര്‍ ഞങ്ങളുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ മറികടന്നുകൊണ്ട് കടന്നുപോയത്. തിക്കിത്തിരക്കി പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങളെ ഒരു മാന്ത്രികന്റെ കൈയ്യടക്കം പോലെ നിഷ്പ്രഭമാക്കി ഇമചിമ്മുംവേഗത്തില്‍ പോയ ആ ലാന്‍ഡ് ക്രൂയിസറിനെ പിന്നീട് കാണാനാവുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. എന്നിട്ടും നിമിഷങ്ങള്‍ക്കകം അതിനെ നേരില്‍കാണേണ്ടി വന്നു. ഒരു ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞ് ചളുങ്ങിപ്പോയ നിലയില്‍ കണ്ട ആ വാഹനത്തിലെ നാല് യാത്രക്കാരും തെറിച്ചുവീണ് ദാരുണമായി മരിച്ചിരുന്നു. അവര്‍ മരണത്തിലേക്കായിരുന്നുവോ ഇത്രയും വേഗത്തില്‍ വാഹനം ഓടിച്ചു പോയത്... ആയിരിക്കാം.

ഭീകരമായ ഒരു അത്യാഹിതം മുമ്പില്‍ കണ്ടതോടെ വാഹനം ഒതുക്കിയിട്ട് തിരക്കിട്ട് ഇറങ്ങിനോക്കി. അപ്പോഴേക്കും നിരവധി വാഹനങ്ങള്‍ അവിടെ എത്തി നിര്‍ത്തിയിട്ടിരുന്നു. വല്ലാത്ത കാഴ്ചയായിരുന്നു അത്. എങ്കിലും ഒരു അപടകത്തിന്റെ അറേബ്യന്‍ രീതികളും മലയാളി കാഴ്ചപ്പാടുകളും താരതമ്യപ്പെടുത്താതെ വയ്യ. അതിനുവേണ്ടിയാണ് ഈ അപകടത്തെ കുറിച്ച് ഇത്രയും വിശദീകരിച്ചത്.

അത്യന്താധുനിക സൗകര്യങ്ങള്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് പൊതുവെ അറബികള്‍. സിഗ്നല്‍ കിട്ടാനായി വാഹനത്തില്‍ കാത്തിരിക്കുമ്പോള്‍ പോലും അവര്‍ മൊബൈല്‍ സ്‌ക്രീനിലായിരിക്കും ശ്രദ്ധിക്കുന്നുണ്ടാവുക. ചെവിയില്‍ ഇയര്‍ഫോണ്‍, സ്റ്റിയറിംഗിനോടൊപ്പം ഒരു കൈയ്യില്‍ ഒതുക്കിപ്പിടിച്ച മൊബൈല്‍ ഫോണ്‍, മറു കൈയ്യില്‍ എരിയുന്ന സിഗരറ്റ്, അതിവേഗത്തിലുള്ള യാത്ര... ഇങ്ങനെ എത്രയോ പേരെ ഓരോ ദിവസവും അറേബ്യന്‍ തെരുവുകളില്‍ കാണാന്‍ സാധിക്കും. മികച്ച വാഹനങ്ങളും മികച്ച റോഡും ലൈസന്‍സ് അനുവദിക്കുന്നതിലെ കണിശതയുമൊക്കെ കൊണ്ടായിരിക്കണം അപകടങ്ങള്‍ അത്രയേറെയൊന്നും സംഭവിക്കാത്തത്. സംഭവിക്കുന്ന അപകടങ്ങളിലാവട്ടെ, ഒന്നുകില്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ മരിച്ചുപോകും, അല്ലെങ്കില്‍ പിന്നീടൊരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരാത്ത അവസ്ഥയായിപ്പോവും.  മുഴുവന്‍ സമയവും ഇന്റര്‍നെറ്റിലോ എസ് എം എസിലോ ഫേസ് ബുക്കിലോ ആവണം ഇവരൊക്കെ. എന്നിട്ടും നാലുപേര്‍ ദാരുണമായി മരിച്ച ഒരു അപകടം നേരിട്ടുകണ്ട ഒരാളുടെ പോലും കൈ മൊബൈല്‍ ഫോണിലെ ക്യാമറയിലേക്ക് പോയിരുന്നില്ല. വളരെ ജാഗ്രതയോടെയായിരുന്നു അവര്‍ എല്ലാവരും പെരുമാറിയത്.

നമ്മുടെ നാട്ടില്‍ ഒരു അപകടം കണ്ടാല്‍ ആദ്യം മൊബൈല്‍ ക്യാമറയാണ് ഓണ്‍ ആക്കുക. ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യും. എന്നിട്ടു മാത്രമേ അപകടത്തിനിരയായ ആളെ ശ്രദ്ധിക്കുകയുള്ളു. അയാളെ കുറേ സമയം നോക്കിനിന്ന്, ഇത് എന്റെ കടമയല്ലെന്ന മട്ടില്‍ പൊലീസിനേയും ആംബുലന്‍സിനേയും ഫോണ്‍ വിളിച്ച് ദൂരെ മാറി നിന്ന് വീക്ഷിക്കും. എല്ലാം കഴിഞ്ഞാല്‍ പൊലീസെത്താന്‍ വൈകിയേ, ആംബുലന്‍സ് സമയത്ത് വന്നില്ലേ എന്ന് വലിയ വായില്‍ വിളിച്ചുകൂവി വിമര്‍ശനത്തിന്റെ അനന്ത സാധ്യതകളില്‍ അഭിരമിക്കും.

പക്ഷേ, ഉമ്മുസഈദിനും ദോഹയ്ക്കും ഇടയിലുള്ള വിജനപ്രദേശത്ത് നടന്ന അപകടത്തിന് ഈ ദുരന്തങ്ങളൊന്നും അനുഭവിക്കേണ്ടി വന്നില്ല. ആദ്യമാദ്യം എത്തിയവര്‍, അപകടത്തില്‍പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് തുനിഞ്ഞിറങ്ങിയത്. 999 നമ്പറില്‍ വിളിച്ച് ആംബുലന്‍സിനെ വിവരം അറിയിച്ചു. ലാന്‍ഡ് ക്രൂയിസറിലുള്ള നാലുപേരും മരിച്ചെന്ന് ഉറപ്പായതിനാല്‍ തങ്ങളുടെ ദേഹത്തുള്ള മേല്‍ വസ്ത്രങ്ങള്‍കൊണ്ട് അവയെല്ലാം പുതപ്പിച്ചു. അപകടത്തില്‍ പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ക്ക് വെള്ളം നല്കി. കാലിലെ മുറിവ് ആരോ ഒരാള്‍ തന്റെ കൈയ്യിലുള്ള തുണി ഉപയോഗിച്ച് കെട്ടിക്കൊടുത്തു. എല്ലാവരും മൃതദേഹങ്ങളോട് ആദരവ് പുലര്‍ത്തി. ആരും ബഹളം വെക്കുകയും ഉറക്കെ സംസാരിക്കുകയോ ചെയ്തില്ല. പൊലീസും ആംബുലന്‍സും എത്തുന്നതിനിടയില്‍, ലാന്‍ഡ് ക്രൂയിസറില്‍ വേറെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. വാഹനത്തിന് അകത്തുള്ള സാധനങ്ങള്‍ പുറത്തെടുത്തു വെച്ചു.  അപകടം നടന്ന് 15 മിനുട്ട് പൂര്‍ത്തിയാകുമ്പോഴേക്കും പൊലീസും ആംബുലന്‍സും എത്തിയിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ എല്ലാവരേയും പരിശോധിച്ച് മരണം ഉറപ്പുവരുത്തി. പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി. ട്രക്കില്‍ മറ്റാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഉറപ്പു വരുത്തി.

നമ്മള്‍ നാട്ടില്‍ ചെയ്യുന്ന കാര്യങ്ങളെ ഇതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോഴാണ് സംസ്‌ക്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളി ചൂളിപ്പോവുക. ബസ്സും കാറും കൂട്ടിയിടിച്ചാല്‍ ബസ് ഡ്രൈവറേയും കണ്ടക്ടറേയും കയ്യേറ്റം ചെയ്യുകയെന്നത് നാട്ടിലെ പ്രധാന കലാപരിപാടിയാണ്. അപകടം നടന്നയുടന്‍ ബാക്കിയുള്ള ജീവനുംകൊണ്ട് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെടുകയെന്നതാണ് ആദ്യം നടക്കുന്ന പ്രവര്‍ത്തനം. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടാലും നാട്ടുകാരുടെ കൈക്കരുത്തില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്ന് അവര്‍ക്കറിയാം.

ഞങ്ങളുടെ മുമ്പില്‍ കണ്ട അപകടത്തില്‍ തെറ്റും ശരിയും ആരും നോക്കുന്നുണ്ടായിരുന്നില്ല. അപകടത്തില്‍പ്പെട്ടവര്‍ മുഴുവന്‍ മനുഷ്യരാണ് എന്നത് മാത്രമായിരുന്നു ആദ്യപരിഗണന. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ആവശ്യമായ രീതിയിലുള്ള പരിചരണങ്ങള്‍ നല്കാനായിരുന്നു കൂടിനിന്നവര്‍ മുഴുവന്‍ ശ്രദ്ധിച്ചത്. പൊലീസും ഡോക്ടറും എത്തിയതോടെ ആളുകള്‍ അവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു. മാറി നില്‍ക്കാന്‍ പൊലീസുകാരന്‍ സൗമ്യമായി ആവശ്യപ്പെട്ടതേയുള്ളു, അപ്പോഴേക്കും എല്ലാവരും പിറകോട്ടു മാറി അനുസരണ കാണിച്ചു. സമയം വൈകാതെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലാന്‍ഡ് ക്രൂയിസറും ട്രക്കും കൂട്ടിയിടിച്ച് അറബ് വംശജരെന്ന് സംശയിക്കുന്ന നാലുപേര്‍ മരിച്ചു എന്ന വാര്‍ത്തയോടെ പിറ്റേ ദിവസം പത്രം പുറത്തിറങ്ങി. അവര്‍ ആരാണെന്നോ അവരുടെ കുടുംബങ്ങളുടെ സെന്റിമെന്റല്‍ സ്റ്റോറി എന്താണെന്നോ ആരും അന്വേഷിച്ചു പോയില്ല. ഇവിടെ അതിന്റെ ആവശ്യവുമില്ല.

മരണം ജീവിതത്തിന്റെ ഭാഗമാണെന്ന് ആരെക്കാളും നന്നായി അറിയുന്നവരാണ് അറബികള്‍. നമ്മള്‍ ഇന്ത്യക്കാര്‍, ജീവിതത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കായാണ് മരണത്തെ കാണുന്നത്. എന്നാല്‍ അറബികള്‍ക്കാവട്ടെ ഒരു ജീവിതത്തില്‍ നിന്നും അടുത്ത ജീവിതത്തിലേക്കുള്ള ചുവടുമാറ്റം മാത്രമാണ് മരണം.  ഈയിടെ കണ്ട ഒരു ഹ്രസ്വ ചിത്രത്തില്‍ ഇങ്ങനെയൊരു സംഭാഷണമുണ്ട്: 'വേണമെങ്കില്‍ നമുക്കെല്ലാം ജീവിക്കാതിരിക്കാം, പക്ഷേ, മരിക്കാതിരിക്കാനാവില്ല.' ഒരുപക്ഷേ, ലോകത്ത് ഈ കാര്യം ഏറ്റവും നന്നായി അറിയുന്നവര്‍ അറബികളായിരിക്കണം. അതുകൊണ്ടുതന്നെയാവണം അവര്‍ മരണം 'ആഘോഷിക്കാത്തതും'.

കടപ്പാട് : വര്‍ത്തമാനം ദിനപത്രം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ