2012, മാർച്ച് 12, തിങ്കളാഴ്‌ച

അവര്‍ അവഗണിക്കപ്പെടേണ്ടവരല്ല.

തീര്‍ച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം ഇവിടെ ഷെയര്‍ ചെയ്യുന്നു...

ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്ത ഡോക്യുമെന്‍ററിയുടെ കഥ ഇതാണ്. വീട്ടിലെ ഉദ്യാനത്തിലിരുന്ന് ഗൗരവമായ വായനയിലേര്‍പ്പെട്ട യുവാവ്. അരികില്‍ പ്രായംചെന്ന അച്ഛന്‍. എവിടെനിന്നോ ഒരു കുരുവി പറന്നെത്തുന്നു. കൗതുകത്തോടെ, കുരുവിയെനോക്കിനില്‍ക്കുന്ന അച്ഛന്‍ മകനോട് ചോദിച്ചു: ‘അതെന്താണ്?’ ആദ്യം അവഗണിച്ചെങ്കിലും പിന്നീട് നീരസത്തോടെ വായനയില്‍നിന്നു തലയുയര്‍ത്തി മകന്‍ പറഞ്ഞു: ‘കുരുവി.‘കുരുവിയെ കണ്ണെടുക്കാതെ നോക്കിയിരുന്ന അച്ഛന്‍ അല്‍പസമയത്തിനുശേഷം പിന്നെയും ചോദിച്ചു: ‘എന്തായിരുന്നു?‘ ആവര്‍ത്തനം അസഹനീയമായിത്തോന്നിയ മകന്‍ ഉറക്കെ: ‘കുരുവി. എന്താ, മനസ്സിലായില്ലേ.... ഒച്ചയുയര്‍ത്തിയ ആ മറുപടിയില്‍ ഒന്ന് അമ്പരന്നെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ അത് മറന്ന് വീണ്ടും കുരുവിയില്‍ ലയിച്ച അച്ഛന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു: ‘എന്താമോനേ അത്?‘ ‘ഇത് വല്ലാത്തൊരു ശല്യമായല്ളോ. ഒന്നെണീറ്റു പോകുന്നുണ്ടോ മിനക്കെടുത്താതെ?’-മകന്‍ പൊട്ടിത്തെറിച്ചു. എഴുന്നേറ്റ് വീട്ടിനകത്തേക്കു പോയ അച്ഛന്‍ ഒരു പഴയ പുസ്തകവുമായി തിരിച്ചുവന്നു. അതിലെ താളുകള്‍ മറിച്ചു മകന് നേരെ നീട്ടി ഉറക്കെ വായിക്കാന്‍ പറഞ്ഞു. കൗതുകത്തോടെ മകന്‍ അതിങ്ങനെ വായിച്ചു: ‘ഇന്നെന്‍െറ മകന്‍െറ മൂന്നാം പിറന്നാളാണ്. ഞാനും അവനും ഉദ്യാനത്തിലെ ബെഞ്ചിലിരിക്കുകയായിരുന്നു. അവിടേക്ക് പറന്നെത്തിയ കുരുവിയെ ചൂണ്ടി അവന്‍ ചോദിച്ചു: ‘അതെന്താണ്’. ഞാന്‍ പറഞ്ഞു: ‘അതാണ് കുരുവി’. 23 പ്രാവശ്യം അവന്‍ ആ ചോദ്യം ആവര്‍ത്തിച്ചു. ഓരോ തവണയും സന്തോഷത്തോടെ ഞാന്‍ ഉത്തരം പറഞ്ഞു. ഓരോ തവണ പറയുമ്പോഴും ഞാന്‍ അവന്‍െറ ഇരുകവിളുകളിലും ഉമ്മവെച്ചുകൊണ്ടിരുന്നു’. വായന നിര്‍ത്തിയ മകന്‍ വൃദ്ധനായ അച്ഛനെ ഒരു നിമിഷം നോക്കി നില്‍ക്കുന്നു. അപ്പോഴും അച്ഛന്‍ കുരുവിയെ നോക്കിയിരിക്കുകയായിരുന്നു. മകന്‍ അച്ഛനെ കെട്ടിപ്പിടിച്ച് മൂര്‍ധാവില്‍ ചുംബിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് മൂത്രമൊഴിക്കാന്‍ ട്യൂബിട്ടു കിടക്കുന്ന ഒരമ്മയെ പരിചരിക്കാന്‍ പാലിയേറ്റിവ് കെയര്‍ വളണ്ടിയറായി ചെന്നതായിരുന്നു. സുഖവിവരങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും പറഞ്ഞ് ട്യൂബ് മാറ്റി വേഗം വരാമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ ആ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. പെട്ടെന്നാണ് അവരുടെ മകള്‍ മുറിയിലേക്ക് കടന്നുവന്നത്. മുഖവുരയൊന്നും കൂടാതെ അവര്‍ പറഞ്ഞു തുടങ്ങി: ‘മൂത്രത്തിന് ഭയങ്കര നാറ്റം. രണ്ടു തുള്ളി നിലത്ത് ഇറ്റിയാല്‍ വീട് മൊത്തം നാറും. ഞങ്ങള്‍ക്ക് മര്യാദക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍പോലും പറ്റുന്നില്ല’. ഇതുകേട്ടതില്‍ പിന്നെ ആ അമ്മയുടെ മുഖത്തുനോക്കാനുള്ള ശക്തിപോലുമില്ലാതെ വേഗം പുറത്തുകടക്കുകയായിരുന്നു. മുറ്റത്തിറങ്ങിയ ശേഷം ഒപ്പം വന്ന സുഹൃത്ത് മകളെ പുറത്തേക്ക് വിളിച്ച് പറഞ്ഞു: ‘അമ്മയുടെ അടുത്തുവെച്ച് ആ പറഞ്ഞതൊട്ടും ശരിയായില്ല. പണ്ട് നിങ്ങള്‍ ആ മടിയില്‍ ഒരുപാട് മൂത്രമൊഴിച്ചത് സന്തോഷത്തോടെ തുടച്ചുകളഞ്ഞവരാണ് അവര്‍. അത് മറക്കേണ്ട’. ഒരല്‍പം ദയ, കാരുണ്യം മക്കളില്‍നിന്നു കിട്ടാന്‍ കടമകളെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കാന്‍, കടപ്പാടിന്‍െറ കണക്കുകള്‍ ഡയറിയിലെഴുതി സൂക്ഷിക്കാന്‍ മറന്നുപോയ നിസ്സഹായരായ ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. എല്ലാറ്റിനെയും ലാഭനഷ്ടങ്ങളെ മുന്‍നിര്‍ത്തി മാത്രം നോക്കിക്കാണുന്ന പുതിയ തലമുറ പ്രായംചെന്നവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന സമയവും പണവും നഷ്ടമാണെന്നും അതില്‍ റിട്ടേണ്‍ ഒന്നുമില്ളെന്നും ധരിച്ച് അവരെ പാടെ അവഗണിക്കുന്നു. കാലം ഒരുനാള്‍ അതേ വേഷം തനിക്ക് സമ്മാനിക്കുമ്പോള്‍ ഇതിലും ഭീതിദമാവും അവസ്ഥയെന്ന് ആരും ചിന്തിക്കുന്നില്ല.

വീട്ടില്‍ പ്രായം ചെന്നവരോട് പരുഷമായേ പലരും പെരുമാറുന്നുള്ളൂ. മക്കളുടെ ഹിതമനുസരിച്ച് ജീവിക്കാന്‍ അഭിപ്രായം പറയാതെ, ഇടപെടാതെ, മിണ്ടാതെ ഒരിടത്തടങ്ങിയിരിക്കാന്‍ അവരെ പഠിപ്പിക്കുന്നു. ‘ഇത് ഒരു ആശുപത്രിപോലെയാണ്. സമയത്തിന് മരുന്ന് തരും. എന്നോടൊന്നു സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല’-സ്ഥിരമായി കേള്‍ക്കുന്ന പരിഭവമാണിത്. സമൂഹം പഴിചാരാതിരിക്കാന്‍ വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കാത്ത ചില വിശാലമനസ്കരുണ്ട്. പക്ഷേ, അവരുടെ വീട്ടിലെ സ്ഥിതിയറിഞ്ഞാല്‍ തോന്നും അതിലും ഭേദം വൃദ്ധസദനമായിരുന്നു എന്ന്. ‘മനുഷ്യന്‍ ആകപ്പാടെ കാണുന്ന ഒരു റിയാലിറ്റി ഷോ തുടങ്ങുമ്പോഴേക്കും വിളി തുടങ്ങും. ഒരു സൈ്വരവും സ്വസ്ഥതയും തരില്ലാന്നുവെച്ചാ എന്താ ചെയ്യ്വാ... മിണ്ടാതിരിക്ക്, ഇതൊന്നു കഴിയട്ടെ’. പേരക്കുട്ടികളുടെ മുമ്പില്‍വെച്ച് മക്കള്‍/മരുമക്കള്‍ ഇങ്ങനെ ആട്ടുമ്പോള്‍ ഈ ജന്മത്തില്‍ ഇനിയൊന്നിനും വിളിക്കാതിരിക്കാന്‍ ആ വിതുമ്പുന്ന മനസ്സ് ശ്രമിക്കും. പക്ഷേ, നിസ്സഹായത ബോധ്യപ്പെടുമ്പോള്‍ വിളിക്കുകയല്ലാതെ അവരെന്തു ചെയ്യും.

‘കണ്ണു കാണില്ല, മര്യാദക്ക് ചെവികേള്‍ക്കില്ല. എന്നാല്‍ ആരെങ്കിലും വന്നാല്‍ ഉടനെ തപ്പിത്തടഞ്ഞ് മുന്നിലെത്തും. എല്ലാമറിയണം- ആരാ, എന്തിനാ..... അകത്തെങ്ങാനും അടങ്ങിയിരിക്കാന്‍ എത്രപറഞ്ഞാലും കേള്‍ക്കില്ല. മനുഷ്യനെ നാണം കെടുത്തിയേ അടങ്ങൂ എന്ന് കരാറെടുത്തപോലെയാണ്’. ആളുകളുടെ മുന്നില്‍വെച്ച് മകന്‍െറ/മകളുടെ ഈ കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ മനസ്സ് ശപിക്കാനിടയില്ല. ഈയിടെ കേരളത്തില്‍ 50സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേ തുറന്നുകാട്ടുന്നത് മലയാളി ഊറ്റംകൊള്ളുന്ന കുടുംബബന്ധങ്ങളുടെ പൊള്ളത്തരമാണ്. വീട്ടില്‍ പ്രായം ചെന്നവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ ആറ് ശതമാനമാണ്. അവരോട് ദിവസവും എന്തെങ്കിലും സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ വെറും നാലുശതമാനം. അവരെ പുറത്തുകൊണ്ടുപോകുന്നവര്‍ മൂന്നു ശതമാനമാണ്. മലയാളിക്ക് എവിടെയാണ് പിഴച്ചത്? വിവര സാങ്കേതിക നേട്ടങ്ങള്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍.. മലയാളിയെ ആകെ മാറ്റിമറിച്ചിരിക്കുന്നു. മക്കളെ ഡോക്ടറോ എന്‍ജിനീയറോ ആക്കി പണസമ്പാദന മേഖലകളിലേക്ക് എത്തിക്കുന്ന മാര്‍ഗം മാത്രമായി വിദ്യാഭ്യാസത്തെ മലയാളി നിര്‍വചിച്ചിരിക്കുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആവശ്യമായ സമ്പത്ത് ഉണ്ടാക്കി നല്‍കലാണ് രക്ഷിതാവിന്‍െറ കടമയെന്ന് മലയാളി വിശ്വസിക്കുന്നു. നല്ല സ്വഭാവമോ സംസ്കാരമോ സാമൂഹികപ്രതിബദ്ധതയോ അല്ല; സമ്പത്താണ് മാന്യതയുടെ മാനദണ്ഡമെന്ന് പുതിയ തലമുറയെ പഠിപ്പിക്കുന്നു. സ്വഭാവരൂപവത്കരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാതെ സാമ്പത്തികസുസ്ഥിതിക്കുള്ള മത്സരമാണ് വിദ്യാഭ്യാസത്തിന്‍െറ അടിസ്ഥാന ലക്ഷ്യമെന്ന തെറ്റായ മനോഭാവം മലയാളിയുടെ സാംസ്കാരിക ജീര്‍ണതക്ക് തുടക്കമിടുന്നു.

സ്ഥിരമായി സന്ദര്‍ശിക്കാറുള്ള വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് എപ്പോഴും ഒരേ കാര്യമേ പറയാനുള്ളൂ. കേള്‍ക്കാന്‍ ഒരാളെ കിട്ടുമ്പോള്‍ അവര്‍ക്ക് സന്തോഷമാണ്. ഒരാള്‍ എപ്പോഴും പറയുക മകളുടെ മകനെക്കുറിച്ചാണ്. ഉന്നതപദവിയിലിരിക്കുന്ന ചെറുമകനെക്കുറിച്ച് പറയുമ്പോള്‍ കണ്ണില്‍ അഭിമാനത്തിന്‍െറ തിളക്കം കാണാം. ഒരു വൈകുന്നേരം ടി.വി റൂമില്‍ ഇരിക്കുമ്പോള്‍ ടി.വിയില്‍ ഒരു ചര്‍ച്ച. ഏതോ കനപ്പെട്ട വിഷയമാണ്. പെട്ടെന്ന് ആ അമ്മ ചാടിയെഴുന്നേറ്റു: ‘അതാ എന്‍െറ മോന്‍!’ നോക്കുമ്പോള്‍ സാംസ്കാരിക ജീര്‍ണതകളെക്കുറിച്ച് വിലപിക്കുന്ന ചിരപരിചിതനായ വ്യക്തി. ലോകം കീഴടക്കിയ ആവേശത്തോടെ ആ അമ്മ മറ്റ് അന്തേവാസികളോട് ‘കണ്ടില്ളേ എന്‍െറ ചെറുമകന്‍’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു.നമുക്കുവേണ്ടി ജീവിച്ച, നമ്മളെ നമ്മളാക്കിയവരാണ് വയോജനങ്ങള്‍. അവര്‍ അവഗണിക്കപ്പെടേണ്ടവരല്ല.

ഒരല്‍പസമയം അവരോടൊപ്പം ചെലവഴിക്കാന്‍, സ്നേഹത്തോടെ സംസാരിക്കാന്‍, ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ നമുക്കാവുമോ? കടപ്പാടിന്‍െറ കണക്കുകള്‍ അവര്‍ ചോദിക്കുന്നില്ല. അവര്‍ നമുക്ക് നല്‍കിയ ഒരുപാട് ചുംബനങ്ങള്‍ വിസ്മരിക്കാതിരിക്കുക.സ്നേഹപൂര്‍ണമായ പരിചരണംകൊണ്ട് അവരുടെ സ്നേഹവും അനുഗ്രഹവും നേടുന്നത് ഒരു ശോഭനഭാവിക്ക് നമ്മെ പ്രാപ്തമാക്കും.

കടപ്പാട് ...മാധ്യമം

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ