യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2013, ജൂൺ 17, തിങ്കളാഴ്‌ച

റഈസ് എന്ന ജനസേവകനെ അറിയുക.

By - ശൈഖ് മുഹമ്മദ് കാരക്കുന്ന്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത മഹല്ല് ഖാദിയുമായ ടി. കെ. എം ബാവ മുസ്‌ലിയാരുടെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനായി ഇന്നുരാവിലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത വെളിമുക്കില്‍ പോയപ്പോള്‍ എന്റെ പ്രിയ സഹോദരന്‍ റഈസിനെ സന്ദര്‍ശിക്കാന്‍ അവന്റെ വീട്ടില്‍ പോയി. റഈസിനെയും അവനെപ്പോലെയുള്ളവരെയും കാണുമ്പോള്‍ അല്ലാഹു നല്‍കിയ അതിരുകളില്ലാത്ത അനുഗ്രഹങ്ങളെ സംബന്ധിച്ച് ആരും ആഴത്തില്‍ ആലോചിച്ചുപോകും. 


ഇപ്പോള്‍ ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള റഈസ് പന്ത്രണ്ട് വര്‍ഷം മുമ്പ് പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കെ ഒരു വാഹനാപകടത്തില്‍ പെട്ട് കിടപ്പിലായി. നട്ടെല്ലിന് ക്ഷതം ബാധിച്ചതിനാല്‍ കഴുത്തിനു മുകളിലുള്ള ഭാഗം മാത്രമേ ചലിക്കുകയുള്ളൂ. അതിനാല്‍ പ്രാഥമാകാവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കുന്നത് പരസഹായത്തോടെയാണ്. എന്നിട്ടും കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷമായി നൂറുകണക്കിന് മനുഷ്യര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുന്നു. ഒട്ടേറെ പേര്‍ക്ക് നിരന്തരം സഹായ സഹകരണം ചെയ്തുകൊണ്ടേയിരിക്കുന്നു. 

തന്റെ അവസാനത്തെ കര്‍മ്മശേഷിയും സമൂഹത്തിനു വേണ്ടി ഉപയോഗിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ച റഈസിനെ അത്യാവശ്യാക്കാര്‍ ടെലഫോണിലൂടെ വിളിച്ചുകൊണ്ടിരിക്കുന്നു. അവരില്‍ രക്തം വേണ്ടവരുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവരുണ്ട്. മനശ്ശാന്തി ലഭിക്കേണ്ടവരുണ്ട്. അവന്റെ സംസാരവും ആശ്വാസ വചനങ്ങളും പ്രതീക്ഷിക്കുന്നവരുണ്ട്. ടെലഫോണിലൂടെ സ്വയം ചെയ്യാന്‍ കഴിയുന്നത് അങ്ങനെയും അല്ലാത്തവ തന്റെ കൂട്ടുകാരെ ഉപയോഗിച്ചും പൂര്‍ത്തീകരിച്ചുകൊടുക്കുന്നു. ഈ വീടുമായി ബന്ധപ്പെടുന്ന ആര്‍ക്കും നിരാശപ്പെടേണ്ടി വരാറില്ല, അതുകൊണ്ട് തന്നെ അവനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എനിക്ക് എന്നെക്കുറിച്ച് വല്ലാതെ ലജ്ജ തോന്നാറുണ്ട്.

ശസത്രക്രിയവേളയിലുള്‍പ്പെടെ ഒരിക്കലും റഈസിന്റെ മുഖത്ത് ദുഖത്തിന്റെയോ നിരാശയുടെയോ നേരിയ അടയാളം പോലും കണ്ടിട്ടില്ല. എപ്പോഴും അവന്‍ പ്രസന്നവദനനാണ്. വല്ലാത്ത പ്രസാദാത്മകതയുള്ള മുഖം.

രോഗവും വേദനയും അല്ലലും അലട്ടലുമില്ലാത്ത സ്വര്‍ഗ്ഗജീവിതം കാത്തിരിക്കുന്നുവെന്ന പ്രതീക്ഷ റഈസിന് അതിരുകളില്ലാത്ത ആനന്ദവും സംതൃപ്തിയും നല്‍കുന്നു. ഒട്ടേറെ പേര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കാനും സഹായിക്കാനും സാധിക്കുന്നതിനാല്‍ അതൊക്കെയും തനിക്ക് അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ അവസരം കിട്ടുമെന്ന് സമാശ്വസിക്കുന്നു. അങ്ങനെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മാധുര്യം അക്ഷരാര്‍ഥത്തില്‍ അനുഭവിക്കുന്നു. കേരളത്തിലെ പൂര്‍ണാരോഗ്യവാന്മാരായ ലക്ഷക്കണക്കിന് കോടിപതികള്‍ക്ക് കിട്ടാത്ത സംതൃപ്തിയും സന്തോഷവുമാണ് റഈസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനേക്കാള്‍ മഹാഭാഗ്യം മറ്റെന്തുണ്ട്? 

അവലംബം: ഇസ്ലാം ഓണ്‍ലൈവ്

2013, മേയ് 3, വെള്ളിയാഴ്‌ച

ഒരാളെ എങ്ങനെ നിങ്ങളുമായി സഹകരിപ്പിക്കാം?.


ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ജീവനക്കാരനെ നിങ്ങളോട് സഹകരിപ്പിക്കാം. ഒരു കുട്ടിയെ ചൂരല്‍കൊണ്ടടിച്ചും കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയും നിങ്ങളാഗ്രഹിക്കുന്നത് ചെയ്യിക്കാം. പക്ഷെ ഇത്തരം പ്രാകൃതരീതിയുടെ ഫലം വളരെ നിസ്സാരമാണ്. അതെസമയം ധാരാളം അനഭിലഷണീയമായ പ്രത്യാഘാതങ്ങളും ഇതിനുണ്ട്. മറ്റൊരാളെക്കൊണ്ട് ഒരു നല്ല കാര്യം ചെയ്യിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും ഉചിതമായ മാര്‍ഗം. പ്രസ്തുത പ്രവര്‍ത്തി ചെയ്യാന്‍ അദ്ദേഹത്തില്‍ ആഗ്രഹം ജനിപ്പിക്കുക എന്നതാണ്. 


ഒരു മനുഷ്യനും എന്തെങ്കിലും പ്രയോജനമില്ലാതെ ഒരു കാര്യവും ചെയ്യുന്നില്ല. അത് സാമ്പത്തികമാകാം, ശാരീരകമോ മാനസികമോ ആയ സന്തോഷമാകാം, മരണാനന്തര പ്രതിഫലത്തിലുള്ള പ്രതീക്ഷയാകാം. നിങ്ങളും നല്ല ഒരു പ്രവൃത്തി ചെയ്യുന്നതില്‍ ഈ പ്രേരകങ്ങളുണ്ടാകും. ഒരു കാര്യം നല്ലതാണ് എന്ന് നിങ്ങള്‍ക്ക് തോന്നിയതുകൊണ്ട് അതേ കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കാന്‍ സാധ്യമല്ല. മനുഷ്യന് പൊതുവായ ചില ആഗ്രഹങ്ങളുണ്ട് അവയെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളേ ഒരു മനുഷ്യന്‍ ചെയ്യൂ എന്ന് അടിസ്ഥാനപരമായി മനസ്സിലാക്കണം. 

ഏതൊക്കെയാണ് ആ ആഗ്രഹങ്ങള്‍:

1. ജീവിതത്തിന്‍റെ ആരോഗ്യവും സംരക്ഷണവും.

2. ആഹാരം.
3. ഉറക്കം.
4. പണവും പണം കൊണ്ട് വാങ്ങിക്കാവുന്ന സാധനങ്ങളും.
5. മരണാനന്തര ജീവിതത്തിലെ പ്രതിഫലം.
6. ലൈംഗിക സംതൃപ്തി.
7. സ്വന്തം കുഞ്ഞുങ്ങളുടെയും കുടുംബത്തിന്‍റെയും ക്ഷേമം.
8. സ്വന്തമായ അഹംബോധങ്ങള്‍ (പ്രശംസിക്കപ്പെടാനും വിലമതിക്കപ്പെടാനും മഹത്വം നേടാനും പ്രാധാന്യംകൈവരിക്കാനുമുള്ള ആഗ്രഹങ്ങള്‍)))))


ഇതില്‍ അവസാനം പറഞ്ഞത് വളരെ പ്രധാനമാണ്. നമ്മുടെ പൂര്‍വികര്‍ക്ക് അതില്ലായിരുന്നുവെങ്കില്‍ നാം ഇന്ന് കാണുന്ന പല സൌകര്യങ്ങളും നമുക്ക് ലഭിക്കുമായിരുന്നില്ല. മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് പ്രധാനമായും ഈ ഗുണങ്ങളാണ്. മനുഷ്യനെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുന്നതില്‍ ഇതിനുള്ള പങ്ക് വളരെ വലുതാണ്. നിങ്ങളുടെ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള ധനാഢ്യന്‍ തന്‍റെ ആവശ്യത്തില്‍ കവിഞ്ഞ വീടുണ്ടാക്കാന്‍ ഉത്തേജനം നല്‍കുന്നത് ഇതാണ്. ഏറ്റവും ഫാഷനിലുള്ള വസ്ത്രമണിയാനും ഏറ്റവും മുന്തിയ ഇനം കാറ് സ്വന്തമാക്കാനും, ബുദ്ധിമാനായ നിങ്ങളുടെ കുട്ടികളെക്കുറിച്ച് അധികം സംസാരിക്കാനും ഇടയാക്കുന്നത് ഇതേ ആഗ്രഹങ്ങളാണ്. 

സാമാന്യബുദ്ധിയുള്ള ജനങ്ങള്‍ ഈ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങളേ അവര്‍ ചെയ്യൂ എന്ന് അടിവരയിട്ട് മനസ്സിലാക്കുക. ഈ ആഗ്രഹങ്ങള്‍ മനസ്സിലാക്കി ജനങ്ങളോട് ഇടപെടുന്നവര്‍ക്ക് മറ്റുള്ളവരില്‍നിന്ന് അവര്‍ ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കാന്‍ കഴിയുന്നു. ഒരു കച്ചവടക്കാരന്‍ അതിലൂടെ തന്‍റെ കച്ചവടം അഭിവൃദ്ധിപ്പെടുത്തുന്നു. ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആളുകളെ തന്‍റെ പ്രവര്‍ത്തനവുമായി സഹകരിപ്പിക്കുന്നു. ഒരു പ്രബോധനകന്‍ നല്ല ചിന്തകളും പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍നിന്ന് നേടിയെടുക്കുന്നു. സൌഹൃദം സമ്പാധിക്കുന്നു. 

അറിയുക നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യത്തിലേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളൂ. ബാക്കിയുള്ളവരും നിങ്ങളെ പോലെ തന്നെ. അതിനാല്‍ അവര്‍ ചെയ്യണം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന വിഷയത്തില്‍ അവരുടെ ആഗ്രഹം കണ്ടറിയണം. അയാളുടെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുക. അതെങ്ങനെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തിയിലൂടെ അയാള്‍ക്ക് ലഭിക്കാമെന്ന് കാണിച്ചുകൊടുക്കുക. 

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോട് പോലും അവയുടെ ആഗ്രഹങ്ങളിഞ്ഞ് പെരുമാറാന്‍ ശ്രമിക്കാറില്ലേ. ഒരു ഉദാഹരണം നോക്കുക. ഒരു പശുക്കുട്ടിയെ തൊഴുത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന ഒരു അച്ചനും മകനും, അച്ഛന്‍ പശുക്കുട്ടിയെ വലിക്കുന്നു മകന്‍ പിന്നില്‍നിന്ന് തള്ളുന്നു. സംഗതി വിജയിക്കുന്നില്ല. ഇത് കണ്ടുനിന്ന വേലക്കാരന്‍ പശുക്കുട്ടിയുടെ മുന്നില്‍വന്ന് അല്‍പം വൈക്കോലെടുത്ത് നീട്ടുന്നു. അത് തിന്നാനാഞ്ഞ് മുന്നോട്ട് നീങ്ങിയ പശുക്കുട്ടി തൊഴുത്തിലേക്ക് കയറുന്നു. ഇവിടെ സംഭവിച്ചത് തങ്ങളുടെ ആഗ്രഹത്തിനുസരിച്ച് പശുക്കുട്ടിയെ കയറ്റാന്‍ ശ്രമിച്ചുവെന്നതാണ്. തൊഴുത്തിലേക്ക് കയറുക പശുക്കുട്ടിയുടെ ആഗ്രഹമോ ആവശ്യമോ ആയിരുന്നില്ല. എന്നാല്‍ പശുക്കുട്ടിയുടെ ഒരു ആവശ്യവുമായി അതിന് ബന്ധിപ്പിച്ച ഔദ്യോഗിക വിദ്യാഭ്യാസമില്ലാത്ത പ്രയോഗിക അറിവുള്ള വേലക്കാരന്‍ ലക്ഷ്യം നേടി. അഥവാ പശുക്കുട്ടിയുടെ ഒരു ആഗ്രഹം അറിഞ്ഞ് പെരുമാറി, നാം ഉദ്ദേശിച്ച കാര്യം ചെയ്യിച്ചു.  

ജനിച്ച അന്നുമുതല്‍ ഇന്നുവരെ നിങ്ങള്‍ ചെയ്ത ഓരോ പ്രവൃത്തിയും നിങ്ങള്‍ അതില്‍നിന്ന് എന്തെങ്കിലും കരസ്ഥമാക്കിയാണ് ചെയ്തിട്ടുള്ളത്. നിങ്ങള്‍ ഒരു സംരംഭത്തെ സഹായിക്കുന്നുവെന്നിരിക്കട്ടേ. അതിലൂടെ തനിക്കെന്ത് ലഭിക്കും എന്ന് തീര്‍ചയായും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരാളോട് സഹായം ചോദിക്കുമ്പോഴും ആദ്യം തനിക്കെന്ത് ലഭിക്കും എന്നാണ് അയാല്‍ ചിന്തിക്കുന്നത്. ഈ സ്വാര്‍ഥത അംഗീകരിച്ചുനല്‍കേണ്ടതാണ്. കാരണം അപ്രകാരം അംഗീകരിച്ചുനല്‍കാതെ തരമില്ല എന്നതുതന്നെ. ഖുര്‍ആനിലൂടെ ദൈവം ഏതൊരു സല്‍കര്‍മം കല്‍പിക്കുമ്പോഴും അതോടനുബന്ധിച്ച് ദൈവം മനുഷ്യര്‍ക്ക് ചെയ്തുതന്നെ അനുഗ്രഹം ഓര്‍മിപ്പിക്കുകയും പരലോകത്തെ പ്രതിഫലത്തെ വാഗ്ദാനം ചെയ്യുന്നതും ശ്രദ്ധേയമാണ്. പ്രസ്തുത നന്മകളില്‍ അവന് ചിന്തിച്ചാല്‍ മനസ്സിലാകുന്ന സദ്ഫലത്തിന് ഉപരിയാണിത്. 

പോസിറ്റീവ് തിങ്കിംഗ് പുസ്തകങ്ങളുടെ ആചാര്യനായ വിശ്വപ്രശസ്ത എഴുത്തുകാരന്‍ ഡേല്‍ കാര്‍ഗണി അദ്ദേഹത്തിനുണ്ടായ ഒരു അനുഭവം വിവരിക്കുന്നു. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലിലെ ഗംഭീരമായ ഒരു നൃത്തശാല 20 രാത്രികള്‍ക്കുവേണ്ടി  അദ്ദേഹം  വാടകക്കെടുത്തു. ഒരോ സീസണിലും ഒരു പ്രഭാഷണപരമ്പര നടത്തുകയായിരുന്നു ലക്ഷ്യം. പരസ്യംനല്‍കുകയും ടിക്കറ്റുകള്‍ വിതരണം നടത്തിതീരുകയും ചെയ്തതിന് ശേഷം ഹോട്ടല്‍മാനേജറില്‍നിന്ന് വാടകത്തുക മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചുകൊണ്ട് കത്ത് ലഭിച്ചു. അദ്ദേഹം പകച്ചുപോയി. സത്യത്തില്‍ ചെയ്യേണ്ടിയിരുന്നത്. മാനേജറുടെ റൂമില്‍ കടന്നുചെന്ന് ഈ തെണ്ടിത്തരത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് പകരം കത്ത് കിട്ടിയ ഉടനെ അദ്ദേഹം ശാന്തനായി മാനേജറുടെ മുറിയിലെത്തി. അദ്ദേഹം പറഞ്ഞുതുടങ്ങിയത് ഇങ്ങനെ : നിങ്ങളുടെ കത്ത് കിട്ടിയപ്പോള്‍ ഞാനല്‍പം പകച്ചുപോയി, നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതുതന്നെയാണ് ചെയ്യുക. മാനേജര്‍ എന്ന നിലയില്‍ പരമാവധി ലാഭമുണ്ടാക്കുക നിങ്ങളുടെ കര്‍ത്തവ്യമാണ്. അതു ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ പിരിച്ചുവിടും. വിടേണ്ടതുമാണ്. ഇനി നമുക്ക് ഒരു കഷ്ണം കടലാസ് എടുക്കാം. നിങ്ങള്‍ വാടക വര്‍ദ്ധനയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഗുണദോഷങ്ങള്‍ ആ കടലാസില്‍ കുറിക്കാം "...

ഗുണങ്ങള്‍ പ്രതീക്ഷിച്ചത് തന്നെ അഥവാ അല്‍പം കാശ് അധികം ലഭിക്കും. ഹോട്ടിലിന് ലാഭമുണ്ടാകും. അതേ സമയം വാടക വര്‍ദ്ധനവില്‍ ഉറച്ചുനിന്നാലുള്ള ദോഷങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഒന്നാമതായി ഈ വാടകയില്‍ എനിക്ക് ഇവിടെ പരിപാടി നടത്താന്‍ കഴിയില്ല. അതിലൂടെ നിങ്ങള്‍ക്ക് ലഭിക്കാനിടയുള്ള സംഖ്യകൂടി നഷ്ടപ്പെടും. മറ്റൊരു നഷ്ടം ഈ പ്രഭാഷണ പരമ്പര വിദ്യാസമ്പന്നരും സംസ്കാരമുള്ളവരുമായ ആള്‍ക്കാരെ ഈ ഹോട്ടലിലേക്ക് ആകര്‍ഷിക്കും ഇതിലൂടെ ലഭിക്കുന്ന പരസ്യം നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഇവ തുലനം ചെയ്ത് അറിയിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം പോയി. പിറ്റേന്ന് തന്നെ അദ്ദേഹത്തിന് എഴുത്ത് കിട്ടി. 300 ശതമാനത്തിന് പകരം 50 ശതമാനം മാത്രമേ വര്‍ദ്ധിപ്പിക്കുന്നുള്ളൂവെന്നാണ് കത്തിലുണ്ടായിരുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അദ്ദേഹം വാടകകുറക്കാന്‍ പോലും ആവശ്യപ്പെട്ടില്ല എന്നതാണ്. നേരെമറിച്ച് അദ്ദേഹം ഓഫീസില്‍ചെന്ന് പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ മാനേജര്‍ തന്‍റെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയും. ഡേല്‍കാര്‍ഗണിക്ക് തന്‍റെ പരിപാടി യഥാവിധി നിശ്ചയിച്ച പോലെ നടത്താന‍് സാധിക്കാതെ പോകുകയും ചെയ്യുമായിരുന്നു.ചിന്തിച്ചുനോക്കൂ. പൊതുവെ ജനങ്ങള്‍ വൈകാരികതയുടെ രണ്ടാമത് പറഞ്ഞ മാര്‍ഗമല്ലേ സ്വീകരിക്കാറുള്ളത്. ഇവിടെ വാടക കുറക്കുന്നിതിലൂടെ മാനേജര്‍ക്കുള്ള നേട്ടം ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. അല്ലാതെ കുറക്കാന്‍ ആവശ്യപ്പെടുകയല്ല. ഇത് ഒരു സാമ്പിള്‍ മാത്രമാണ് നാം ഇടപഴകുന്ന വ്യക്തികളെല്ലാം ഇങ്ങനെയല്ലാതെ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല എന്ന് അല്‍പം ആലോചിച്ചാല്‍ മനസ്സിലാകും. 

അതിനാല്‍ ഒരാളില്‍നിന്ന് നിങ്ങള്‍ എന്ത് പ്രവൃത്തിയാണോ ഉദ്ദേശിക്കുന്നത്. അത് ചെയ്യാനുള്ള ആഗ്രഹം നിങ്ങള്‍ അയാളില്‍ വളര്‍ത്തുക. അത് ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ ആവശ്യം കണ്ടറിയുക. തീര്‍ചയായും അയാളത് ചെയ്തിരിക്കും. 

(ഡേല്‍ കാര്‍ഗണിയുടെ ഹൌ ടു വിന്‍ ഫ്രണ്ട്സ് ആന്‍റ് ഇന്‍ഫ്ലുവന്‍സ് പീപ്പിള്‍ എന്ന പുസ്തകത്തെ അധികരിച്ച് തയ്യാറാക്കിയത്) 

2013, മേയ് 1, ബുധനാഴ്‌ച

ആളുകളെ വിമര്‍ശിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍


ഓരോ മനുഷ്യനും താന്‍ പ്രമാണിയാണ് എന്ന ഒരു അഹംബോധം കാത്തുസൂക്ഷിക്കുന്നവരാണ്. അതിനാല്‍ 99 ശതമാനം പേരും സ്വയം വിമര്‍ശവിധേയരാകാന്‍ ഇഷ്ടപ്പെടുന്നില്ല. ഏറ്റവും വലിയ ഒരു കുറ്റവാളി പോലും തന്‍റെ പ്രവര്‍ത്തനങ്ങള്‍ ന്യായമാണെന്ന് ധരിക്കുന്നവനാണ്. ന്യൂയോര്‍ക്കിന്‍റെ ചരിത്രത്തില്‍ ഏറ്റവും ഉദ്വേഗജനകമായ വിധം ഒരു കുറ്റവാളിയെപിടിക്കാന്‍ പോലീസ് വലവിരിച്ചത് ക്രൌലി എന്ന ഘാതകന് വേണ്ടിയാണ്. നിസ്സാര കാര്യങ്ങള്‍ക്ക് ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയ അദ്ദേഹത്തെ നൂറ്റമ്പതോളം പോലീസുകള്‍ മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിന് ശേഷമാണ് കീഴടക്കിയത്. കോടതി അദ്ദേഹത്തിന് വധശിക്ഷവിധിച്ചു. വൈദ്യുതി കസേരയിരിക്കുന്ന മുറിയിലെത്തിയപ്പോള്‍ അദ്ദേഹം അവസാനമായി പറഞ്ഞു. "ഞാന്‍ സ്വയം പ്രതിരോധിച്ചതിന് എനിക്ക് കിട്ടിയത് ഇതാണ്"


ഇത് ഒറ്റപ്പെട്ട ഒരു കൊലയാളിയുടെ മനോഗതമല്ല. മിക്കകുറ്റവാളികള്‍പോലും തങ്ങള്‍ ചെയ്യുന്നത് ന്യായമാണ് എന്ന് ധരിക്കുന്നവരാണ്. വിമര്‍ശനം നല്ല ഫലം ചെയ്യില്ല എന്ന് മാത്രമല്ല വിമര്‍ശിക്കപ്പെടുന്ന വ്യക്തി സ്വയം ന്യയീകരിക്കാനും നമ്മെ തിരിച്ച് അപലപിക്കാനും ശ്രമിക്കും. അപകടകാരിയായ ഒരു തീപൊരിയാണ് വിമര്‍ശനം. കാരണം ജനങ്ങള്‍ യുക്തിജീവികളായിട്ടല്ല പലപ്പോഴും പെരുമാറുക വികാരജീവികളായിട്ടാണ്. നാം അഭിമുഖീകരിക്കുന്ന മിക്കവരും മുന്‍വിധിനിറഞ്ഞവരും അഭിമാനത്താലും പൊങ്ങച്ചത്താലും പ്രചോദിതരുമാണ്. 

വിമര്‍ശിക്കാന്‍ ഏത് വിഢിക്കും കഴിയും, എന്നാല്‍ കുറ്റം ചെയ്യുന്നവരെ മനസ്സിലാക്കാനും മാപ്പുനല്‍കാനും സ്വഭാവവൈശിഷ്ട്യവും ആത്മനിയന്ത്രണവും ആവശ്യമാണ്. തോമസ് കാര്‍ലൈന്‍ പറഞ്ഞു: ചെറിയ ആള്‍ക്കാരോടുള്ള പെരുമാറ്റത്തിലൂടെ മഹാനായ മനുഷ്യന്‍ തന്‍റെ മഹത്വം കാണിക്കുന്നു.

തെറ്റ് ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ മനസ്സിലാക്കാനും അവര്‍ എന്തുകൊണ്ട് അത് ചെയ്യുന്നുവെന്ന് കണക്കുകൂട്ടാനും ശ്രമിച്ചുനോക്കൂ. എന്നിട്ടവരെ വിമര്‍ശിക്കുന്നതിന് പകരം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചുനോക്കൂ. വിമര്‍ശിക്കുന്നതിനേക്കാള്‍ അവര്‍ തെറ്റില്‍നിന്നകന്ന് നില്‍ക്കാന്‍ കൂടുതല്‍ സാധ്യത അതിലൂടെയാണ്. അതാണ് കൂടുതല്‍ ആകര്‍ഷകവും കൂടുതല്‍ പ്രയോജനകരവും. സഹതാപം, സഹിഷ്ണുത, ദയ എന്നിവ അതുമൂലം ഉളവാകുന്നു. മറ്റുള്ളവരെ അറിയുന്നവര്‍ക്ക് അവരോട് കൂടുതല്‍ പൊറുക്കാന്‍ സാധിക്കുന്നു.


കുറ്റവാളികളോട് ദൈവം ചോദിക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാനാവശ്യമായത്രയും വയസ് നാം നിങ്ങള്‍ക്ക് നല്‍കിയില്ലേ എന്നാണ്. ' പാഠമുള്‍ക്കൊള്ളാനാശിക്കുന്നവന് അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നല്‍കിയിരുന്നില്ലയോ? മുന്നറിയിപ്പ് നല്‍കുന്നവര്‍ നിങ്ങളില്‍ വന്നിട്ടുമുണ്ടായിരുന്നുവല്ലോ.' (35:37) 

ദൈവം പോലും മനുഷ്യനെ അന്ത്യനാള്‍ വരെ വിധിക്കുന്നില്ല. പിന്നെ നാമെന്തിന് ജനങ്ങളുടെ കാര്യത്തില്‍ ധൃതികാണിക്കണം. തെറ്റുകള്‍ സ്വയം തിരുത്താനുള്ള വേണ്ടത്ര സമയം നാം നല്‍കുക. അദ്ദേഹം തിരുത്തുന്നില്ലെങ്കില്‍ നമുക്കെന്ത്. വിമര്‍ശനം ഉന്നയിച്ച് തിരുത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ എത്രയോ മികച്ച രീതിയാണിത്. അദ്ദേഹത്തിന് മാറ്റം ഇതിലൂടെ മാത്രമേ ഉണ്ടാകൂ. ശ്രമം പരാജയപ്പെട്ടാലും അദ്ദേഹം നിങ്ങളോട് ശത്രുത കാണിക്കില്ല എന്ന ഒരു നല്ല ഗുണം അതുകൊണ്ടുണ്ടാവുകയും ചെയ്യും. 


2013, ഏപ്രിൽ 13, ശനിയാഴ്‌ച

കുട്ടികളെ ചീത്തയാക്കാന്‍ ആറ് എളുപ്പവഴികള്‍ !!

എഴുതിയത് : ലെസ് ലി റൂബന്‍   

ഒരു കുടുംബത്തില്‍ കുട്ടിയുണ്ടാകുകയും ആ കുട്ടി കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാതെ താന്തോന്നിയായി നടക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ അവനെ എഴുതിത്തള്ളുന്ന രീതി പലപ്പോഴും ഉണ്ടാകാറുണ്ട്. യഥാര്‍ഥത്തില്‍ അവനെ ശരിയായ പാതയിലേക്ക് നയിച്ചുകൊണ്ടുപോകാന്‍  ആത്മാര്‍ഥമായ ഒരു ശ്രമവും മാതാപിതാക്കള്‍ ചെയ്യുന്നില്ലെന്നതാണ് വാസ്തവം.

വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണ് പലപ്പോഴും കുടുംബജീവിതത്തിലേക്ക് ആളുകള്‍ കടന്നുവരുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് സീരിയലുകളിലും സിനിമകളിലും കാണുംപോലെയുള്ള സുന്ദരികളെ സ്വന്തമാക്കി ചുറ്റിയടിച്ചുനടക്കാമെന്ന് ഒരുകൂട്ടര്‍ വിചാരിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ, ബിസിനസിലിറക്കാനോ, ജോലി കരസ്ഥമാക്കാനോ പൈസ ആവശ്യമായിവരുമ്പോള്‍ അതിനുള്ള എളുപ്പവഴി കണ്ടെത്തുന്നു. ലക്ഷ്യം പിഴച്ച വിവാഹജീവിതത്തിലാണ് അനുസരണയില്ലാത്തവരും മനസമാധാനം തരാത്തവരുമായ സന്താനങ്ങള്‍ ഉണ്ടാവുന്നത്. ഇസ് ലാം അതുകൊണ്ടാണ് സന്താനങ്ങളോടുള്ള ബാധ്യത എണ്ണിപ്പറഞ്ഞപ്പോള്‍ നല്ല മാതാവിനെ അവര്‍ക്ക് നല്‍കണമെന്ന് ആണുങ്ങളോട് കല്‍പിച്ചത്.

കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളും പ്രധാനപ്പെട്ടതാണ്. പഴയകാലസിനിമകളിലൊക്കെ കുറച്ചെങ്കിലും മാതാപിതാക്കളെയൊക്കെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സന്താനങ്ങളെ ചിത്രീകരിച്ചിരുന്നു. ഇന്നാകട്ടെ, സിനിമകളിലും സീരിയലുകളിലും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ധിക്കരിക്കുകയും അവരോട് ദേഷ്യപ്പെടുകയും ചെയ്യുന്ന ബാല്യങ്ങളെയും കൗമാരങ്ങളെയും ദൃശ്യവത്കരിക്കുന്നു. ഭാവിയെക്കുറിച്ച് ശരിയായ ദിശാബോധം നല്‍കാനും അവ മിനക്കെടുന്നില്ല. അവിഹിതബന്ധങ്ങളുടേയും വിവാഹമോചനങ്ങളുടെയും അമ്മായിഅമ്മപോരിന്റെയും സംഘര്‍ഷഭാഷയാണ് അവരെ പഠിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കുട്ടികളെ നശിപ്പിച്ചെടുക്കാന്‍ കച്ചവടലക്ഷ്യംമാത്രമുള്ള ചാനലുകള്‍ തന്നെ മതിയായവയാണ്.  മാതാപിതാക്കളുടെ അശ്രദ്ധ എങ്ങനെ കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കിത്തീര്‍ക്കുന്നുവെന്നാണിവിടെ ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

1. കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്തവിധം തിരക്കുകളില്‍ മുഴുകുക:
കുട്ടികള്‍ ദിനേന വളരുന്ന ചെടികളെപ്പോലെയാണ്. ദൈനംദിനപരിചരണങ്ങളും ശുശ്രൂഷയും അവയ്ക്കാവശ്യമുണ്ട്. തക്കാളിച്ചെടി മുളച്ചുപൊന്തുമ്പോള്‍ കോഴിയോ മറ്റോ വന്ന്  മുളപൊട്ടിയത് കൊത്തിനശിപ്പിക്കാതെ നോക്കണം. തണ്ടിന് നീളം വെച്ച് വലുതാകുമ്പോള്‍ അതിന് താങ്ങായി കോല്‍ കുത്തിനാട്ടണം. അല്ലെങ്കില്‍ മഴയത്ത് തല്ലിയലച്ച് മണ്ണില്‍ വീണുകിടക്കും. അങ്ങനെ വന്നുകഴിഞ്ഞാല്‍ ഇലകള്‍ക്ക് ചീച്ചില്‍ ബാധിക്കും. കായ്കള്‍ കേടുവരും. സമയത്ത് സൂര്യപ്രകാശം,വെള്ളം, വളം, എന്നിവ അതിന് ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടി നശിച്ചതുതന്നെ.

കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിരന്തരപരിചരണം ആവശ്യമാണ്. അല്ലാത്തപക്ഷം ആകാശത്തേക്കുയരേണ്ട അവര്‍ മണ്ണില്‍ പുതഞ്ഞ് കിടക്കും. കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം അവരെ ശ്രദ്ധിക്കാതെ അവഗണിക്കുകയെന്നതാണ്. അവര്‍ക്ക് എങ്ങെനയൊക്കെ ട്രെയ്‌നിങ് കൊടുക്കാം എന്നതിന് ആസൂത്രണം നടത്തണം. കുട്ടികള്‍ക്ക്് രക്ഷിതാക്കളുടെ പുഞ്ചിരിയും അംഗീകാരവുമാകുന്ന സൂര്യപ്രകാശം ആവശ്യമാണ്. ഓരോ ദിവസവും ദിശാബോധം നല്‍കേണ്ടതനിവാര്യമാണ്. ചെടിക്ക് വളമെന്നപോലെ കുട്ടികള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ വളര്‍ച്ചയ്ക്കാവശ്യമാണ്. വളമിട്ടുകഴിഞ്ഞാല്‍ വെള്ളം വേരുകളെ ആവളം വലിച്ചെടുക്കാന്‍ സഹായിക്കും. ഉപദേശനിര്‍ദേശങ്ങളെ ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ പുഞ്ചിരിയും പ്രോത്സാഹനവും പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. 

2.മോശം മാതൃക കാഴ്ച വെക്കുക 
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെമുമ്പില്‍ മോശം മാതൃകകാഴ്ചവെക്കുമ്പോള്‍ കുട്ടികള്‍ അത് വളരെ വേഗം അനുകരിക്കുന്നു. സാധാരണനിലയില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍ ശണ്ഠ കൂടരുതെന്ന് പറയാറുണ്ട്. പക്ഷേ,അതിനെക്കാള്‍ അപകടകരമാണ് പരിഹാരങ്ങളൊന്നുമില്ലാതെ തുടര്‍ന്നുപോകുന്ന തര്‍ക്കങ്ങള്‍. വ്യക്തിപരമായ ഈഗോകളല്ല, മറിച്ച് ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്ന ചില കുടുംബങ്ങളുണ്ട്. അവസാനം തര്‍ക്കവിഷയത്തിന്റെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യപ്പെട്ടശേഷം അതിന് പരിഹാരമുണ്ടാകുന്നു. പരിഹാരമുണ്ടായത് ഏത് നന്‍മ മുന്‍നിര്‍ത്തിയാണെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. തെരുവില്‍ വഴക്കുംവാക്കേറ്റവുമുണ്ടാകുമ്പോള്‍ അത് മാന്യന്‍മാരായ ആളുകള്‍ ഇടപെട്ട് പരിഹരിക്കുന്നത് അവര്‍ കാണുമ്പോള്‍ വിട്ടുവീഴ്ച ,ഐക്യം, സ്‌നേഹം എന്നിവയുടെ പ്രാധാന്യം അവര്‍ക്ക് ബോധ്യപ്പെടുന്നു. വീടിനകത്ത് ഉമ്മയും ബാപ്പയും ശണ്ഠ കൂടുമ്പോള്‍ 'നിങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ട് എനിക്ക് ദേഷ്യം വന്നതാണെന്നും മേലില്‍ അങ്ങനെയുണ്ടാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. എന്നോടു ക്ഷമിക്കണം' എന്നിങ്ങനെ പറയുമ്പോള്‍ അവര്‍ക്കിടയില്‍ സ്‌നേഹവും പരസ്പരധാരണയും അതിജയിക്കുന്നതായി കുട്ടികള്‍ മനസ്സിലാക്കുന്നു.  അതേസമയം, വേറെ ചില ദമ്പതിമാരുണ്ട്്. കുട്ടികളറിയേണ്ടെന്നുകരുതി അവര്‍ പരസ്യമായി ശണ്ഠ കൂടാറില്ല. കിടപ്പറയില്‍നിന്ന്  വാക്കേറ്റങ്ങളുടേയും ബഹളങ്ങളുടെയും ശബ്ദം അവര്‍ ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ട്. മക്കളുടെ മുമ്പില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നത് പരസ്പരം സംസാരിക്കാതെ, ഈര്‍ഷ്യനിറഞ്ഞ മുഖഭാവത്തോടെയാകുമ്പോള്‍ അത് കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. മാതാപിതാക്കളുടെ മനസ്സകത്ത് കൂടുകൂട്ടിയിരിക്കുന്ന വെറുപ്പ് കുട്ടികള്‍ സ്വാംശീകരിക്കുന്നു.


3.അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുക
പലപ്പോഴും കുട്ടികളെ  ശകാരിച്ചും  പിണങ്ങിയും  നേരെയാക്കാന്‍  ശ്രമിക്കുന്ന മാതാപിതാക്കളേറെയാണ്. കുട്ടികളുടെ  കുസൃതി പരിധിവിടുമ്പോഴോ അനുസരണക്കേട് കാണിക്കുമ്പോഴോ  ആണ്  തങ്ങള്‍ ദേഷ്യപ്പെടുന്നതെന്ന് അവര്‍ കാരണം പറയുന്നു. കുട്ടികളുടെ പ്രസ്തുത സ്വഭാവവൈകല്യത്തിന് ഇടവരുത്തിയത് മാതാപിതാക്കളുടെ  അനിഷ്ടപ്രകടനമാണെന്ന് വ്യക്തമാക്കുമ്പോള്‍ അവരുടെ മറുപടി തങ്ങളവനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നായിരിക്കും. എന്തെങ്കിലും കാര്യം ചെയ്യാന്‍ കല്‍പിച്ചാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അതുകാണുമ്പോള്‍ രണ്ടുകൊടുക്കാനല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നുവത്രെ. അങ്ങനെ ചെയ്യരുതെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യാഥാര്‍ഥ്യം എന്താണ് ? കുട്ടികള്‍ അധികസമയവും കുസൃതിക്കാരായിരിക്കും. ഈ അധികസമയവും മാതാപിതാക്കള്‍ തങ്ങളുടെ അനിഷ്ടവും കോപവും കുട്ടികളോട് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിയുടെ മോശംസ്വഭാവം നിങ്ങളുടെ അനിഷ്ടകരമായ മുഖഭാവത്തേയും പ്രസ്തുതമുഖഭാവം മോശംചിന്താഗതിയേയും തുടര്‍ന്നത്  പരുക്കന്‍വൃത്തികെട്ടസ്വഭാവത്തേയും  പുറത്തേക്ക് പ്രദര്‍ശിപ്പിക്കുന്നു. നിങ്ങള്‍ക്ക് കുട്ടികളെ നല്ലരീതിയില്‍ അനുസരിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍  അവരുടെ കുസൃതിയുടെ നിലവാരത്തിലേക്ക് നിങ്ങളിറങ്ങിവരുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുകയാണ് അവരോട് ക്രോധഭാവത്തില്‍ പെരുമാറുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് കരണീയം. അനുസരണക്കേടും പിടിവാശിയും കാട്ടുന്ന കുട്ടിയില്‍ അതോടൊപ്പം വെറുപ്പും അസംതൃപ്തിയും കുത്തിവെക്കണോ? കുട്ടിയില്‍ എന്തുനല്ല സ്വഭാവങ്ങളാണോ  നിങ്ങളാഗ്രഹിക്കുന്നത്  അത് ആദ്യം നിങ്ങളില്‍ ഊട്ടിവളര്‍ത്തുവാന്‍ ശ്രമിക്കുക.
അനുസരണക്കേടുകാട്ടുന്ന കുട്ടിയെ നന്നാക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നല്ല പറയുന്നത്. നിങ്ങള്‍ കുട്ടിയോടുകാട്ടുന്ന ദേഷ്യത്തിന്റെയും  ശിക്ഷയുടെയും നടപടി ഒട്ടും ശരിയല്ല എന്നത് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഇല്ലെങ്കില്‍ അവന്‍ കൂടുതല്‍ കുസൃതിക്കാരനാകും. അതനുസരിച്ച് നിങ്ങള്‍ മുഖം കറുപ്പിക്കും, അവനോട് അസംതൃപ്തി കാണിക്കും;'എനിക്ക് നിന്റെ മുഖം  കാണണ്ട, എങ്ങോട്ടെങ്കിലും പൊയ്‌ക്കോ, ഏത് കഷ്ടകാലത്തിന് ഞാന്‍ നിന്റെ  അമ്മയായി?' എന്ന് വാക്കുകളിലൂടെ ആ അസംതൃപ്തി പുറത്തേക്ക് വരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ മാത്രമാണ് അവര്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ മുതിരുകയുള്ളൂ എന്ന് തിരിച്ചറിയുക.

4.കുട്ടികളെ തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുക
കുട്ടികളുടെ ഓരോ പ്രവൃത്തിയിലും നല്ലതും ചീത്തയും ഏതെന്ന് വേര്‍തിരിച്ചുകൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികളെ അവരുടെ പാട്ടിനുവിടുകഎന്നത് എളുപ്പമുള്ള സംഗതിയാണ്. കുട്ടികളെ സ്‌നേഹംകൊണ്ടുമൂടിയാല്‍ കുട്ടികള്‍ നന്നായിക്കൊള്ളും എന്ന് വിചാരിക്കരുത്.
പല രക്ഷിതാക്കളും എളുപ്പവഴിസ്വീകരിച്ചിരിക്കുന്നത് കുട്ടികളെ വിലക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ കാഴ്ചക്കാരന്റെ റോളില്‍ നിന്നുകൊണ്ടാണ്. കാരണം കുട്ടിയുടെ എതിര്‍പ്പോ വാശിയോ ഒന്നും കാണേണ്ട എന്ന സൗകര്യം അവര്‍ ഇത്തരം നിലപാടിലൂടെ ലക്ഷ്യമിടുന്നു. കുട്ടികള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍തന്നെ തെറ്റും ശരിയും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ നമുക്കവരെ സ്വതന്ത്രരായി വിടാമായിരുന്നു. കുട്ടികള്‍ അവര്‍ക്ക് നല്ലതെന്നുതോന്നുന്നതാണ് ചെയ്യുക. കുട്ടികളെ നല്ല വഴിക്ക് തെളിച്ചില്ലെങ്കില്‍ അവര്‍ ആത്മവ്യാപാരങ്ങളില്‍ മുഴുകും. അതിനാല്‍ നല്ല ധാര്‍മികസദാചാരപരമായ കാര്യങ്ങള്‍ അവരെ ശീലിപ്പിക്കേണ്ടതുണ്ട്. അതിനെപ്പറ്റി അടിസ്ഥാനപരമായ അറിവുകിട്ടിക്കഴിഞ്ഞാല്‍ മോശമായ ലൈംഗികതൃഷ്ണകളെപ്പോലും അതിജയിക്കാന്‍ അവര്‍ക്കുകഴിയും. നല്ല ശീലങ്ങള്‍ പരിശീലിക്കുന്നതോടെ സദ്‌സ്വഭാവങ്ങളില്‍ അടിയുറച്ചുനില്‍ക്കാനുള്ള കരുത്ത് അവന് ലഭിക്കുകയും പുരുഷോത്തമനായി തീരുകയും ചെയ്യും.

5.ചീത്തകൂട്ടുകെട്ടില്‍ പെടുക
കുട്ടികളെ വീട്ടില്‍നിന്ന് നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ആ കുട്ടികള്‍ പുറത്ത് ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന് തിരക്കാന്‍ ശ്രമിക്കാറില്ല. കുട്ടികളെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസത്തില്‍ അഭിരമിക്കുകയാണ് അവര്‍. എന്നാല്‍ മോശം വ്യക്തിത്വമുള്ള കുട്ടികളുമായാണ് മക്കള്‍ ചങ്ങാത്തം കൂടുന്നതെങ്കില്‍ കൂട്ടുകാരുടെ പ്രേരണയ്ക്ക് വശംവദരായി അവര്‍ ദുഃശീലങ്ങള്‍ സ്വായത്തമാക്കുമെന്ന് നാം തിരിച്ചറിയുക. ഇരുപതുവയസുവരെയെങ്കിലും മക്കള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്റെ നേട്ടങ്ങളും ദുഷ്‌കൃത്യത്തിന്റെ കോട്ടങ്ങളും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം. കുട്ടികളെ ചീത്തയാക്കാനുള്ള ഏറ്റവും നല്ല വഴി അവരെ ഡേകെയറുകളില്‍ ചേര്‍ത്തലാണ് ! അവിടെ എല്ലാത്തരം സ്വഭാവങ്ങളുടെ നടുക്ക് ചെന്നുപെടുന്ന നിങ്ങളുടെ മകന്‍ ധാര്‍മികഗുണങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം പിന്നിലായിരിക്കും.  ആ പൊട്ടക്കുളത്തിലെ  വെള്ളം നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരായിരിക്കും. അതില്‍ മലമൂത്രവിസര്‍ജനം നടത്തി വൃത്തികേടാക്കാന്‍ ഒരുത്തന്‍ മാത്രം മതിയാകും. ക്ലാസില്‍ പ്രശ്‌നക്കാരനായ ഒരുകുട്ടിയെ അവന്റെ വര്‍ത്തമാനംകൊണ്ടും പെരുമാറ്റംകൊണ്ടും നമുക്ക് മറക്കാനാകുകയില്ല. അതിനാല്‍ ചെറുപ്രായത്തിലേ  കുട്ടികളുടെ ചുറ്റുപാടുകളെ ക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

6. ഉത്തരവാദിത്വബോധമുണ്ടാക്കാന്‍ സഹായിക്കുന്ന ചുമതലകളേല്‍പിക്കാതിരിക്കുക

കുട്ടികളുടെ കഴിവിനനുസരിച്ച് അവരെ വ്യത്യസ്ത ചുമതലകളേല്‍പിക്കുക. നടക്കാന്‍ കഴിയുന്ന ഒരുകുട്ടിയെ സംബന്ധിച്ച് തന്റെ മുഷിഞ്ഞ ഉടുപ്പ് വാഷിങ്‌മെഷീനില്‍ കൊണ്ടുപോയിടാന്‍ പരിശീലിപ്പിക്കുന്നതുമുതല്‍ക്ക് ഇത് ആരംഭിക്കുന്നു. ചെരിപ്പ് റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ ചെരുപ്പുകുത്തിയുടെ അടുക്കല്‍ കൂടെക്കൂട്ടി  അതെങ്ങനെ ചെയ്യിക്കുന്നു എന്ന് കാണിച്ചുകൊടുത്തും ചുമതലാബോധം ഉണ്ടാക്കാം. കൗമാരപ്രായത്തില്‍ ക്രിക്കറ്റുകളിക്കുന്നതിനിടെ പന്ത് അയല്‍പക്കത്തെ ജനല്‍ ചില്ലുതകര്‍ത്തുവെങ്കില്‍ അത് ശരിയാക്കിക്കൊടുക്കുവാന്‍ അവനെ പ്രേരിപ്പിക്കണം. എങ്കില്‍മാത്രമേ ഭാവിയില്‍ അത്തരം കളികളില്‍  നഷ്ടങ്ങളില്ലാതെയിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുകയുള്ളൂ. അത്തരത്തില്‍ ചുമതലകളേറ്റെടുക്കാനും അത് വീഴ്ചകൂടാതെ ചെയ്യാനും ശ്രമിക്കുന്ന കുട്ടികളാണ് ഏറ്റവും സന്തോഷവാന്‍മാരായി കാണപ്പെട്ടിട്ടുള്ളത്.
കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോഴുള്ള അശ്രദ്ധ എത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയല്ലോ. ആദ്യകുട്ടിയെ വളര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സന്താനങ്ങളെ വളര്‍ത്തുന്നതില്‍ അവര്‍ തീര്‍ച്ചയായും ശ്രദ്ധപതിപ്പിക്കുമെന്നുറപ്പാണ്.

അവലംബം : ഇസ്ലാം പാഠശാല


2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

വെറും മണി കലാഭവന്‍ മണി ആയ കഥ.

നിങ്ങള്‍ കലഭവന്‍ മണിയെ ഇഷ്ടപെടട്ടേ പെടാതിരിക്കട്ടെ ഈ ജീവചരിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. നിങ്ങള്‍ ഒരു സിനിമാ കമ്പക്കാരനാകട്ടേ അല്ലാതിരിക്കട്ടേ ഒരു നല്ല സിനിമയേക്കാള്‍ മനോഹരമായ അദ്ദേഹത്തിന്റെ ജീവിതകഥ നിങ്ങള്‍ക്കിഷ്ടപ്പെടും. ഒരു സുഹൃത്തിന്റെ വാളില്‍ അവിചാരിതമായി വായിക്കാന്‍ കഴിഞ്ഞ മണിയുടെ ജീവ ചരിത്രം നല്‍കുന്ന സന്ദേശം വളരെ വലിയതാണ്. എന്റെ കണ്ണുകളെ ഈറനണിയിക്കുയും അവസാനം ചിരിവിടര്‍ത്തുകയും ചെയ്ത ഈ കഥ പൂര്‍ണമായി വായിക്കുക. എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസള്‍ ....

നമ്മുടെ ചാലക്കുടിയിലെ ചങ്ങാതി

ആറാം പ്രസവത്തിന്‌ ചാലക്കുടി ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിയ അമ്മിണിയെ കണ്ട്‌ ഡോക്‌ടര്‍ ഞെട്ടി. അഞ്ചാം പ്രസവത്തില്‍ ആണ്‍കുഞ്ഞിനെ ലഭിച്ച അമ്മിണിയുടെ പ്രസവം നിര്‍ത്തിയ ഡോക്‌ടര്‍ക്ക്‌ മുന്നില്‍ അമ്മിണിയുടെ നിറവ...യര്‍ ചോദ്യച്ചിഹ്നമായി. ആശങ്കകള്‍ പുറത്തുകാണിക്കാതെ ഡോക്‌ടര്‍ അമ്മിണിയുടെ പ്രസവം ഏറ്റെടുത്തു. വേദനകള്‍ക്കൊടുവില്‍ അമ്മിണി ഒരു കറുത്തമുത്തിന്‌ ജന്‍മമേകി. പിറന്നുവീണ അവന്‍ കരഞ്ഞില്ല. പകരം പൊട്ടിച്ചിരിച്ചു. ങ്യാഹാ...ഹ്‌...ഹാ.....


വറുതിയുടെ നൊമ്പരക്കാലമായിരുന്നു ഇന്നലെകളില്‍. പേരില്‍ തന്നെ 'മണി' ഉണ്ടായിരുന്നിട്ടും ഒരുമണിയരിയില്ലാത്ത ദാരിദ്ര്യത്തിലായിരുന്നു ആ നാളുകള്‍ കടന്നുപോയത്‌. കാലം മാറി, മണിയും. ഇന്ന് കലാഭവന്‍ മണി നിറഞ്ഞു ചിരിക്കുന്നു. മലയാളികളുടെ മനസ്‌ കവര്‍ന്ന അതേ ചിരി. പക്ഷേ ആ ചിരിക്കുപിന്നില്‍, മനസിന്റെ ഏതോ കോണില്‍ ഇന്നലെകള്‍ നീറുന്ന നൊമ്പരമായി അവിടെത്തന്നെ ഉണ്ടാകും, കാലമെത്ര കടന്നുപോയാലും... മണി നമ്മളോടൊപ്പമുണ്ട്‌.


1-1-1971


ദാരിദ്ര്യത്തിന്റെ ചൂളംവിളികള്‍ക്ക്‌ നടുവിലേക്ക്‌ ഞാനും പിറന്നുവീണു. 71 ലെ പുതുവത്സരരാവില്‍. ചാലക്കുടിക്കാരന്‍ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി. നാല്‌ പെണ്‍മക്കള്‍ക്ക്‌ പിന്നാലെ ഒരു ആണിനെ ലഭിച്ച സന്തോഷത്തി ല്‍ അമ്മ പ്രസവം നിര്‍ത്തി. എന്നാല്‍ ചാലക്കുടി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക്‌ സംഭവിച്ച കയ്യബദ്ധത്തില്‍ ഭാഗ്യം സിദ്ധിച്ചത്‌ എനിക്കായിരുന്നു. അങ്ങനെ ചാലക്കുടി ആശുപത്രിയില്‍ ഡോക്‌ടര്‍മാര്‍ക്ക്‌ പേരുദോഷമായി മണി ഭൂജാതനായി. അതിനുശേഷവും അമ്മ പ്രസവിച്ചു. ഒരുപക്ഷേ അനുജന്‍ രാമകൃഷ്‌ണന്റെ ജന്‍മവും ദൈവം തീരുമാനിച്ചതായിരിക്കണം.


ജീവിതം തുടങ്ങുന്നു


അച്‌ഛന്‍ രാമന്‌ കൂലിപ്പണിയായിരുന്നു. ചാലക്കുടിക്കാരന്‍ കൃഷ്‌ണന്‍ മേനോന്റെ ഏക്കറുകണക്കിനു ഭൂമിയിലെ 13 രൂപ ദിവസ ശമ്പളക്കാരന്‍. ആ ശമ്പളത്തിലും ഞങ്ങളെ ഏഴുപേരെ അച്‌ഛന്‍ വളര്‍ത്തി. പെങ്ങന്‍മാരെ കെട്ടിച്ചുവിടേണ്ട ബാധ്യതയൊന്നും അച്‌ഛന്‍ ഞങ്ങള്‍ ആണ്‍മക്കള്‍ക്ക്‌ തന്നില്ല. 15 സെന്റിലെ ഓരോ സെന്റും 3500 രൂപയ്‌ക്ക് വിറ്റാരുന്നു കല്യാണങ്ങള്‍. ബാക്കിയായ അഞ്ചു സെന്റിലെ ചാണകം മെഴുകിയ ഓലപ്പുരയില്‍ ഞങ്ങള്‍ ജീവിച്ചു. മഴപെയ്യുമ്പോള്‍ ഓലയ്‌ക്കിടയിലൂടെ ചന്നംപിന്നം വീഴുന്ന മഴത്തുള്ളികളെ ശേഖരിക്കാന്‍ ചില സമയത്ത്‌ വീട്ടിലെ പാത്രങ്ങള്‍ തികയാറില്ലായിരുന്നു.


സന്ധ്യയായാല്‍ അപ്പുറത്തെ വീട്ടിലെ അന്തോണിചേട്ടന്റെ വീടിനുമുന്നിലെ സിമിന്റ്‌ പാകിയ ഇറയത്ത്‌ നിവര്‍ന്ന്‌ കിടക്കും. 'സ്വര്‍ഗസ്‌ഥനായ പിതാവേ' എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന തീരാനായി ഞാന്‍ കാത്തിരിക്കും. അന്തോണിചേട്ടന്റേയും കുടുംബത്തിന്റെയും പ്രാര്‍ഥന കഴിഞ്ഞാലുടന്‍ റേഡിയോ ഓണ്‍ ചെയ്യും. വയലും വീടും, ചേട്ടനും ചേട്ടത്തിയും... എന്റെ കലാസ്വാദനത്തിന്റെ ആദ്യ നാളുകള്‍.


അക്കാലത്ത്‌ റേഡിയോ ഉള്ള ചുരുക്കം വീടുകളില്‍ ഒന്നായിരുന്നു അന്തോണിച്ചേട്ടന്റേത്‌. റേഡിയോ ഓണ്‍ ചെയ്യാനുള്ള കാത്തിരിപ്പ്‌, 'സ്വര്‍ഗസ്‌ഥനായ പിതാവേ' ഏത്‌ ക്രിസ്‌ത്യാനിയേക്കാളും നന്നായി പാടാന്‍ എന്നെ പഠിപ്പിച്ചു. ആ പാട്ടായിരിക്കും കലയുടെ ആദ്യ തുടക്കം.


എട്ടുമണിയാകുമ്പോള്‍ വീട്ടില്‍ വേവിക്കുന്ന പയറിന്റേയും മുളകിന്റേയും മണം ഇറയത്തേക്ക്‌ ഒഴുകിയെത്തും. പിന്നെ വീട്ടിലേക്ക്‌ ഒറ്റ ഓട്ടമാണ്‌; അടുപ്പ്‌ പുകയുന്ന സന്ധ്യക്ക്‌് വീട്ടിലെ 'ക്യൂവില്‍' പ്ലേറ്റുമായി ആറാം സ്‌ഥാനം പിടിക്കാന്‍. എഴുന്നേറ്റ്‌ പോരുമ്പോള്‍ അന്തോണിച്ചേട്ടന്റെ ഇറയത്ത്‌ എന്റെ രൂപം നിലത്ത്‌ വരച്ചമാതിരിയുണ്ടാകും, വിയര്‍പ്പ്‌ മൂലം. ഒരു സി.ബി.ഐ ഡയറിക്കുറുപ്പില്‍ ഡമ്മി താഴേക്കെറിഞ്ഞ്‌ ചോക്കുവരച്ചുണ്ടാക്കുന്ന രൂപം പോലെ.


ഉച്ചഭക്ഷണം, സ്‌കൂളില്‍ കഞ്ഞിയുണ്ടാക്കാന്‍ വരുന്ന രാധചേച്ചിയുടെ വകയായിരുന്നു. സര്‍ക്കാര്‍ അരിച്ചാക്കുമായി വരുന്ന വണ്ടി കഞ്ഞിപ്പുരയിലേക്ക്‌ വരാനുള്ള സാഹചര്യം സ്‌ഥലപരിമിതി കവര്‍ന്നെടുത്തു. സ്‌കൂള്‍ ഉമ്മറത്തേക്കു അരിച്ചാക്കുകള്‍ ചുമലില്‍ കയറ്റിയിറക്കിയതും കഞ്ഞിപ്പുരയിലെത്തിച്ചതും ഒരു കയറ്റിറക്കു തൊഴിലാളിയുടെ മെയ്‌വഴക്കത്തോടെയാണ്‌. അതിനു പ്രത്യുപകാരമെന്നോണം കഞ്ഞിക്കും പയറിനുമൊപ്പം 25 പൈസയുടെ അച്ചാറും രാധചേച്ചി സ്‌പെഷ്യലായി തരും.


പഠിക്കാന്‍ പിന്നിലായിരുന്നെങ്കിലും മറ്റെല്ലാത്തിലും ഞാന്‍ മുന്‍പന്തിയിലായിരുന്നു. ഓട്ടം, ചാട്ടം, ഫുട്‌ബോള്‍, മിമിക്രി, പദ്യ പാരായണം തുടങ്ങി എല്ലാറ്റിലും ഞാ ന്‍ കൈവച്ചു. സ്‌പോര്‍ട്‌സിലും, കലോത്സവങ്ങളിലും ജില്ലയിലും, സംസ്‌ഥാനത്തും സമ്മാനങ്ങള്‍ വാരിക്കൂട്ടി ഞാന്‍ സ്‌കൂളിന്റെ അഭിമാനമായി.


കലോത്സവത്തിന്റെ പല വേദികളിലും പലതിനും ഒന്നാം സ്‌ഥാനത്തേക്ക്‌ ആദ്യം അനൗണ്‍സ്‌ ചെയ്യുന്ന പേര്‌ എന്റേതാവും. എന്നാല്‍ കയ്യൂക്കുള്ള രക്ഷിതാക്കളുടെ അന്നേയുള്ള കയ്യേറ്റം എെന്റ സ്‌ഥാനങ്ങള്‍ പലതും രണ്ടും മൂന്നുമാക്കി.


പത്താംതരം


എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും പത്താം ക്ലാസിലെത്തി. ജീവിതത്തിലെ ആദ്യ പൊതു പരീക്ഷ. സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ 30 മാര്‍ക്കിന്റെ മോഡറേഷനും, എന്‍. സി. സിയും, സ്‌പോര്‍ട്‌സും, യുവജനോത്സവവും, എല്ലാം ചേര്‍ത്ത്‌ നല്‍കിയ ഗ്രേസ്‌ മാര്‍ക്കിനും ജയിക്കാന്‍ വേണ്ട 210 എന്ന കടമ്പയിലേക്ക്‌ എന്നെ എത്തിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നിരാശനായില്ല. അടുത്ത അവസരത്തിനായി കാത്തിരുന്നു. അതിനിടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അലി, രാജന്‍ എന്നീ ഓട്ടോറിക്ഷ മുതലാളിമാരുെട ഡ്രൈവറായി. വര്‍ഷം ഒന്ന്‌ പിന്നിട്ടു. ജീവിതത്തിലെ രണ്ടാം പരീക്ഷ. എന്നാല്‍ 'വിപ്ലവം' സൃഷ്‌ടിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. വീണ്ടും എട്ടുനിലയില്‍ പൊട്ടി. മാര്‍ക്കിന്റെ വലിപ്പം പുറത്തുകാണിക്കാന്‍ പറ്റാത്ത അത്ര വലുതായിരുന്നു.


പത്താംക്ലാസെന്ന മോഹമുപേക്ഷിച്ച ഞാന്‍ വൈദ്യശാലകള്‍ക്കുവേണ്ടി കുറുന്തോട്ടി പറിക്കാന്‍ പോയി. എന്നിട്ടും വീട്ടില്‍ രണ്ടുനേരം തീപുകയില്ലെന്ന്‌ ഉറപ്പായപ്പോള്‍ തെങ്ങുകയറ്റത്തിനും, മണല്‍വാരലിനും, കിണറുകുത്തിനും പോയി. അതിനിടെ ഇടയ്‌ക്കിടെ പൊതുപ്രവര്‍ത്തകന്റെ വേഷമണിഞ്ഞ്‌ ചില സമരങ്ങളും സംഘടിപ്പിച്ചു. ചാലക്കുടിയുടെ സമഗ്ര വികസനമായിരുന്നു മീശ മുളയ്‌ക്കാത്ത കുട്ടിസഖാവായ എന്റെ മനസുനിറയെ.


വീണ്ടും പരീക്ഷാ കാലമെത്തി...മനസിലെവിടെയോ ഉപേക്ഷിച്ച ആഗ്രഹം വീണ്ടും മുളപൊട്ടി. ഒരു പത്താംക്ലാസുകാരനാകാന്‍ മനസ്‌ വല്ലാതെ കൊതിച്ചു. വാശിയില്‍ പരീക്ഷ എഴുതി. മൂന്നാം അവസരത്തിലെ പരീക്ഷാഫലം എന്നെ മാത്രമല്ല, നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചു. എനിക്ക്‌ 500ലേറെ മാര്‍ക്ക്‌. റിസള്‍ട്ടിനൊപ്പം ബ്രായ്‌ക്കറ്റില്‍ പരീക്ഷാനടത്തിപ്പുകാര്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു:'കോപ്പി അടിച്ചതിനാല്‍ റിസള്‍ട്ട്‌ തടഞ്ഞുവച്ചിരിക്കുന്നു!' അമ്മയാണേ സത്യം, ഞാന്‍ കോപ്പിയടിച്ചിട്ടില്ല. നേരത്തെ രണ്ട്‌ പ്രാവശ്യം പരീക്ഷയെഴുതിയ ഞാന്‍ പാഠങ്ങള്‍ എല്ലാം കാണാപാഠമാക്കിയിരുന്നു. എന്നിട്ടും എന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്‌ത പരീക്ഷാഭവന്റെ നടപടി എന്നെ പ്രകോപിപ്പിച്ചു. പത്താംക്ലാസുകാരനാകാന്‍ ഏറെ കൊതിച്ച ഞാന്‍ എസ്‌.എസ്‌. എല്‍. സി ബുക്ക്‌ പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷാബോര്‍ഡിന്‌ സമര്‍പ്പിച്ചു. 24 വര്‍ഷമായി എന്റെ എസ്‌.എസ്‌. എല്‍. സി ബുക്ക്‌ സൂക്ഷിക്കുന്ന, മാറിമാറിവരുന്ന സര്‍ക്കാരിന്‌ എന്റെ അഭിവാദ്യങ്ങള്‍!


കലയുടെ കളരിയിലേക്ക്‌


എസ്‌.എസ്‌. എല്‍. സി ബുക്ക്‌ കയ്യില്‍ കിട്ടിയില്ലെങ്കിലും പോലീസില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. സ്‌കൂളിലെ എന്‍. സി. സി. സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തി ല്‍ സി. ഐ. എസ്‌. എഫില്‍ അലക്കുകാരന്റെ പണി തരമായി. പഞ്ചാബിലേക്കായിരുന്നു ആദ്യ നിയമനം. അതിനാല്‍ ജോലിക്ക്‌ പ്രവേശിക്കാതെ പഴയ പണികളുമായി പിന്നെയും മുന്നോട്ടുപോയി.


ആയിടയ്‌ക്ക് അല്ലറ ചില്ലറ മിമിക്രി വേദികളായിരുന്നു അധിക വരുമാനം തന്നത്‌്.ഒരിക്കല്‍ ഒരു പരിപാടി ഒത്തുകിട്ടി. ചാലക്കുടി മപ്രാണം ലാല്‍ ഹോസ്‌പിറ്റലിനു സമീപം. വെള്ള ജുബ്ബ അണിഞ്ഞ്‌ സ്‌റ്റേജില്‍ പ്രവേശിച്ച എന്നെ വരവേറ്റത്‌ നിര്‍ത്താത്ത കൂവലായിരുന്നു. ജുബ്ബാ ഹാങ്ങറില്‍ തൂക്കിയിട്ടിരിക്കുന്നതാരാ എന്നുവരെ ചില വിരുതന്‍മാര്‍ വിളിച്ചുചോദിച്ചു. എന്നാല്‍ ഞാനവരോട്‌ ഒരു അഭ്യര്‍ഥന നടത്തി."രൂപം കണ്ട്‌ നിങ്ങള്‍ എന്നെ കൂവി തോല്‍പ്പിക്കരുത്‌. പരിപാടി ഇഷ്‌ടപ്പെട്ടാല്‍ മാത്രം കയ്യടിച്ചാല്‍ മതി''. അതേറ്റു.പരിപാടി തുടങ്ങി. പിന്നെ നിലയ്‌ക്കാത്ത കയ്യടി.


പരിപാടിക്കുശേഷം തൃശൂര്‍പീറ്റര്‍ എന്നെ കണ്ടു. 'കലാഭവനില്‍' ചേരാന്‍ താല്‍പര്യമുണ്ടോ എന്നന്വേഷിച്ചു. അക്കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു കലാഭവന്‍. ഞാന്‍ പീറ്ററിനെ തൊഴുതു.


ഒരാഴ്‌ച കടന്നുപോയി. എന്റെ പ്രതീക്ഷകള്‍ ഏതാണ്ട്‌ അസ്‌തമിച്ചു. ഓട്ടോറിക്ഷ ഓടിക്കല്‍ സജീവമായി. ഒരു ദിവസം ചാലക്കുടി ജംഗ്‌ഷനില്‍ സവാരിക്കു കാത്തിരുന്ന എന്റെ സമീപത്തേക്ക്‌ ഒരു മഞ്ഞ കാര്‍ഡുമായി പോസ്‌റ്റുമാന്‍ എത്തി. കലാഭവനില്‍ ഇന്റര്‍വ്യൂവിന്‌ ക്ഷണം. ആയിരം പൂത്തിരികള്‍ മനസില്‍ ഒരുമിച്ച്‌ കത്തി. വേലായുധന്‍ ചേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വണ്ടി ഒതുക്കി, കാക്കി വേഷത്തില്‍ തന്നെ ചാലക്കുടി കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്റിലേക്ക്‌ ഒരോട്ടമായിരുന്നു.


എറണാകുളം കലാഭവനില്‍ എത്തി. ഇന്റര്‍വ്യൂ ചെയ്യാനിരിക്കുന്നവരുടെ നിര കണ്ട്‌ ഞെട്ടി. അന്‍സാര്‍ കലാഭവന്‍, കെ.എസ്‌. പ്രസാദ്‌, നാരായണന്‍കുട്ടി, കലാഭവന്‍ റഹ്‌മാന്‍. സിംഹമടയിലേക്ക്‌ പ്രേവശിച്ച മാന്‍പേടയുടെ അവസ്‌ഥയില്‍ ഞാന്‍ നിന്നു. ചോദ്യശരങ്ങള്‍ ആരംഭിച്ചു. ശബ്‌ദാനുകരണത്തിന്റെ സമയമായി. കോളിംഗ്‌ ബെല്‍ ശബ്‌ദമാണ്‌ ഞാന്‍ അനുകരിച്ചത്‌. ആ ശബ്‌ദത്തിന്റെ പ്രതിധ്വനി കലാഭവന്റെ ഭിത്തികളില്‍ ആഞ്ഞടിച്ചു. ആബേലച്ചന്‍ ഓടിവന്നു.


'മിമിക്‌സ്പരേഡ്‌' സിനിമയില്‍ ഇന്നച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ തലയാട്ടി എന്നെ അരികിലേക്ക്‌ വിളിച്ചു. തോളില്‍ കൈവച്ചു. എനിക്ക്‌ കുറേസമയത്തേക്ക്‌ സ്‌ഥലകാലബോധം ഉണ്ടായില്ല. എന്തെന്നാല്‍ കലാഭവനിലേക്ക്‌ തിരഞ്ഞെടുത്ത വാര്‍ത്ത എന്റെ സ്വബോധത്തിന്‌ താങ്ങാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. അങ്ങനെ ചാലക്കുടിക്കാരന്‍ മണി, കലാഭവന്‍ മണിയായി.


സിനിമയിലേക്ക്‌


ചാലക്കുടി പള്ളിയുടെ തിരുമുറ്റമായിരുന്നു ഞങ്ങള്‍ കൂട്ടുകാരുടെ സൊറ പറച്ചിലിന്റെ താവളം. ടോണി, പച്ചക്കറി ജോസ്‌, പട്ടുകുട ഷാജു, തോമസ്‌ അങ്ങനെ ഒരുപറ്റം ചെറുപ്പക്കാര്‍. പള്ളിക്കു സമീപമായിരുന്നു ചാലക്കുടി ചന്ത. അവിടെ കോഴി വാങ്ങാന്‍ സ്‌ഥിരമായി ലോഹിസാറും ഭാര്യ സിന്ധുവും വരാറുണ്ടായിരുന്നു. ആ സമയത്തെല്ലാം കൂട്ടുകാര്‍ പറയും, ലോഹിസാറിനെ കണ്ട്‌ സിനിമയിലേക്ക്‌ അവസരം ചോദിക്കാന്‍. എന്നാല്‍ അപകര്‍ഷതാബോധം എന്നെ അതിന്‌ അനുവദിച്ചില്ല.


ഇടയ്‌ക്കെപ്പോഴോ ഒരു തമിഴ്‌ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റിന്റെ വേഷം ലഭിച്ചു. മുഖം കാണാന്‍പോലും പറ്റാത്ത ചെറിയ വേഷം. ക്യാപ്‌റ്റന്‍ പ്രഭാകരന്‍. അന്ന്‌ വിജയകാന്ത,്‌ ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ഞാന്‍ കാണിക്കുന്ന നമ്പറുകള്‍ വീഡിയോയില്‍ പകര്‍ത്തി. മോശം പറയരുത്‌ എനിക്ക്‌ 150 രൂപ പ്രതിഫലം കിട്ടി. കൂടെ വയറുനിറച്ച്‌ ശാപ്പാടും.


അതിനുമുന്‍പ്‌ എനിയ്‌ക്ക് ലഭിച്ച വലിയ ഒരു പ്രതിഫലമുണ്ട്‌. 87ലെ സ്‌കൂള്‍ യുവജനോത്സവത്തില്‍ മന്ത്രി കെ. ചന്ദ്രശേഖരന്‍ സാറിന്റെ കയ്യില്‍ നിന്ന്‌ മേടിച്ച 500 രൂപയുടെ ക്യാഷ്‌ അവാര്‍ഡ്‌. അന്ന്‌ അച്‌ഛന്‍ മൂത്രത്തില്‍ പഴുപ്പായി ചാലക്കുടി ആശുപത്രിയില്‍. കൊല്ലത്തുനിന്നു ചാലക്കുടി വരെ നെഞ്ചോടടുക്കിപ്പിടിച്ചു കൊണ്ടുവന്ന ആ വലിയ തുകയില്‍ നിന്നു 50 രൂപ കൊടുത്ത്‌ ഞാന്‍ അച്‌ഛനു മരുന്ന്‌ വാങ്ങി. അച്‌ഛന്‍ സുഖമായി വീട്ടില്‍ തിരിച്ചെത്തി.


ബാക്കി കാശിന്‌ എന്റെ വലിയ രണ്ട്‌ മോഹങ്ങള്‍ ഞാന്‍ പൂവണിയിച്ചു. അച്‌ഛന്റെ കൂട്ടുകാരന്‍ ശങ്കരേട്ടന്റെ കയ്യില്‍ നിന്നും 75 രൂപയ്‌ക്ക് ദോശക്കല്ലിന്റെ വലിപ്പമുള്ള ഒരു വാച്ച്‌ സ്വന്തമാക്കി. ഒപ്പം കുറച്ച്‌ കാശിന്‌ ഒരു പഴയ സൈക്കിളും. അത്‌ വീട്ടില്‍ കൊണ്ടുവന്ന ഞാന്‍ ആ സൈക്കിളിനെ അഴിച്ചുപണിത്‌ പച്ച പെയിന്റടിച്ച്‌ ചാലക്കുടിയില്‍ മൊത്തം കറങ്ങി. ഒരുപക്ഷേ ഇന്ന്‌ ബെന്‍സ്‌ കാര്‍ ഒാടിച്ചാല്‍ പോലും അത്രയും സന്തോഷം കിട്ടില്ല.


ഇക്കാര്യങ്ങള്‍ ഇടയ്‌ക്ക് പറഞ്ഞത്‌ ഒരു അലമാരയെപ്പറ്റി പറയാനാണ്‌. ബാക്കിവന്ന കാശ്‌ സൂക്ഷിച്ചുവയ്‌ക്കാന്‍ ഒരു സ്‌ഥലം വേണമല്ലോ? ഞാന്‍ എന്റെ ബയോളജി ബുക്ക്‌ ലോക്കറാക്കി. അതിന്റെ താളുകള്‍ക്കിടയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ പൗഡറിട്ട്‌ നോട്ടുകള്‍ അടുക്കി വച്ചു. അതിനുശേഷം ഒരു പായില്‍ പൊതിഞ്ഞ്‌ ആ ബുക്ക്‌ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടു. എന്റെ സമ്പാദ്യം സൂക്ഷിച്ച 'ആദ്യ അലമാര' .


ഇനി കലാഭവനിലേക്ക്‌ തിരിച്ചുവരാം. ഒരിക്കല്‍ തിരുവനന്തപുരം ശ്രീപത്മം ഓഡിറ്റോറിയത്തില്‍ ഒരു പരിപാടിക്ക്‌ പോയി. പരിപാടി കണ്ട ഗാനമേള സിനിമയുടെ സംവിധായകന്‍ അമ്പിളിസാര്‍ എന്റെ അടുത്തേയ്‌ക്ക് വന്നു. "അടുത്ത സിനിമയില്‍ നിനക്ക്‌ ഒരു വേഷമുണ്ടാവും." കോരിത്തരിച്ചുപോയി ഞാന്‍. മലയാള സിനിമ സ്‌ക്രീനില്‍ ഞാനും എന്റെ മുഖം സ്വപ്‌നം കണ്ടു. വലുതായിത്തന്നെ. എന്നാല്‍ പ്രോജക്‌ട് നീണ്ടുപോയി, എന്റെ സ്വപ്‌നങ്ങള്‍ ചെറുതായി തുടങ്ങി.


സുരേഷ്‌ഗോപി നായകനായ അക്ഷരം എന്ന സിനിമയില്‍ ഓട്ടോറിക്ഷ ഡ്രൈവറായി വേഷം കിട്ടി. പാലാരിവട്ടം ജംഗ്‌ഷനില്‍ സുരേഷേട്ടന്‍ എന്റെ ഓട്ടോയില്‍ കയറിയതും, സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും, കിക്കറൊടിഞ്ഞ്‌ എന്റെ കൈയിലിരുന്നതും ഒരുമിച്ചായിരുന്നു. പലരുടേയും പരിഹാസത്തിനു മുന്‍പില്‍ ഓട്ടോറിക്ഷ തള്ളിയെടുത്ത്‌ സ്‌റ്റാര്‍ട്ടാക്കി ആ വേഷം ഞാന്‍ അവിസ്‌മരണീയമാക്കി. സുരേഷേട്ടന്റെ മുഖത്ത്‌ ക്യാമറ ഫോക്കസ്‌ ചെയ്‌തപ്പോള്‍ എന്റെ കണ്ണില്‍ നിന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ ആരും കണ്ടില്ല. ആ കണ്ണീരിന്‌ പിന്നീട്‌ അര്‍ഥമുണ്ടായി. അമ്പിളി സാറിന്റെ സമുദായം എന്ന ചിത്രത്തില്‍ ഞാന്‍ വേഷമിട്ടു. മാമുക്കോയയുടെ വലംകയ്യായി.


സിനിമയില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും മിമിക്രി ജീവവായു തന്നെയായിരുന്നു. ചാലക്കുടി ഗവ.സ്‌കൂളിലെ പരിപാടിക്കിടയിലേക്ക്‌ അപ്രതീക്ഷിതമായി കടന്നുവന്ന ലോഹിയേട്ടന്‍ അദ്ദേഹത്തെ ചെന്നുകാണാന്‍ നിര്‍ദേശിച്ചു. സുന്ദര്‍ദാസിെന്റ സല്ലാപത്തിന്റെ ലൊക്കേഷനിലെത്തിയ എെന്റ അടുത്തെത്തി അദ്ദേഹം ഷര്‍ട്ടൂരിച്ച്‌ തെങ്ങുചെത്താനുള്ള കത്തി അരയില്‍ നിക്ഷേപിച്ച്‌ കള്ളുകുടവും തൂക്കി തിരിഞ്ഞുനടക്കാന്‍ ആവശ്യപ്പെട്ടു. ചന്തികുലുക്കി തനി ചെത്തുകാരുടെ സ്‌റ്റൈലില്‍ തെങ്ങിന്‍ച്ചുവട്ടിലെത്തിയ ഞാന്‍ നിര്‍ദേശത്തിനു മുന്‍പേ തെങ്ങിന്റെ മുകളിലെത്തി. അടുത്ത നിര്‍ദേശം താഴെ, മഞ്‌ജുവിനെ നോക്കി പാട്ടുപാടാനായിരുന്നു. ''തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി" എന്ന ഗാനം തൊള്ള തുറന്നു ഞാന്‍ പാടി. ആ ഒറ്റ പ്രകടനത്തില്‍ ഞാന്‍ സിനിമാക്കാരനായി. മുഴുനീള വേഷത്തിനു പുറമേ വില്ലന്‍, സഹനടന്‍, ഗായകന്‍....സല്ലാപം എന്റെ കരിയര്‍ഗ്രാഫ്‌ ഉയര്‍ത്തി.


തമിഴ്‌, തെലുങ്ക്‌, കന്നട.. നിങ്ങളെന്നെ ഒരുപാട്‌ വളര്‍ത്തി. വാഞ്ചിനാഥനില്‍ അഭിനയിക്കാന്‍ എത്തിയ എന്നെ ചാലക്കുടിക്കാരന്‍ മണി എന്നുവിളിച്ച്‌ വിജയ്‌കാന്ത്‌ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍നിന്നും പിന്നെയും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. പക്ഷേ അത്‌ നിങ്ങള്‍ സമ്മാനിച്ച സൗഭാഗ്യത്തിന്റെ സന്തോഷക്കണ്ണീരായിരുന്നു.


കല്യാണവും ഷര്‍ട്ടിടലും


അത്യാവശ്യം വരുമാനമൊക്കെയായപ്പോള്‍ വീട്ടുകാരുടെ താല്‍പര്യപ്രകാരം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ജീവിതത്തിലെ ആദ്യ പെണ്ണുകാണലിന്‌ കളമൊരുങ്ങി. പറയാന്‍ പറ്റാത്ത ഒരു സ്‌ഥലത്തേക്കായിരുന്നു ആദ്യ യാത്ര. പെണ്ണിന്റെ വീട്ടിലെത്തി. ഗംഭീര സ്വീകരണം.


ഔപചാരിക വര്‍ത്തമാനത്തിനുശേഷം പെണ്ണിനെ വിളിക്കാന്‍ കാരണവര്‍ കല്‍പ്പന പുറപ്പെടുവിച്ചു. നാണത്തോടെ ചായക്കപ്പുമായി മുന്നില്‍വന്ന അവര്‍ മുഖത്തേയ്‌ക്കുനോക്കി പുഞ്ചിരിച്ചു. 'കൊള്ളാം സുന്ദരി' മനസുപറഞ്ഞു. ചായക്കപ്പ്‌ സ്വീകരിച്ച എന്റെ മുഖത്തുനോക്കി പിന്നീടവള്‍ പറഞ്ഞു. "ങ്യാഹാ...ഹ്‌...ഹാ....."


എന്റെ ചിരി അനുകരിച്ച അവളുടെ ധൈര്യത്തിനുമുന്നില്‍ ഞെട്ടിത്തെറിച്ച എന്റെ ദേഹത്തേക്ക്‌ ചൂടുചായ ഒഴുകിയിറങ്ങി. പെണ്ണിനെ വേണ്ടന്നുവയ്‌ക്കാന്‍ വീട്ടുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരു കാരണവും വേണ്ടിവന്നില്ല.


കല്യാണ ചര്‍ച്ചകള്‍ പിന്നെയും മുറുകി. രണ്ടാമത്തെ പെണ്ണുകാണല്‍. വീട്ടില്‍ ചെന്ന ഉടനെ പെണ്ണിനെ കണ്ടു. കൊള്ളാം അതും ഇഷ്‌ടപ്പെട്ടു. പെണ്ണുവീട്ടിലെ ഒരംഗം എല്ലാവരേയും പരിചയപ്പെടുത്തി. "ഞാന്‍ പെണ്ണിന്റെ ചേട്ടന്‍, ആ കതകിന്റെ മറവില്‍ നില്‍ക്കുന്നത്‌ പെണ്‍കുട്ടി." ഞാന്‍ വീണ്ടും ഞെട്ടി. അറിയാതെ ഞാന്‍ ചോദിച്ചു. അപ്പോള്‍ ആദ്യം കണ്ട കുട്ടിയോ?. "അതെന്റെ ഭാര്യ."ചേട്ടന്റെ മറുപടി. അങ്ങനെ രണ്ടാം കഥയ്‌ക്ക് ശുഭ പര്യവസാനം.


വീട്ടില്‍ പോയി പെണ്ണുകാണുന്ന പരിപാടി അതോടെ ഞാന്‍ ഉപേക്ഷിച്ചു. പിന്നെ ലോഹിസാറിന്റെ സുഹൃത്തായ മുകുന്ദേട്ടന്‍ ഒരു ആലോചന കൊണ്ടുവന്നു.എനിക്ക്‌ ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ. പെണ്ണറിയാതെ അമ്പലത്തില്‍ വച്ചായിരിക്കണം പെണ്ണുകാണല്‍. അപ്രകാരം വല്യച്‌ഛന്റെ കൂടെ ക്ഷേത്രത്തില്‍ വന്ന അവളെ ഞാന്‍ കണ്ടു. 'നിമ്മി.' പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അവളെന്റെ ജീവിത സഖിയായി. എന്റെ എല്ലാ ഐശ്വര്യത്തിനും കാരണക്കാരിയായി. ശ്രീലക്ഷ്‌മി എന്ന എന്റെ പൊന്നുമകളുടെ അമ്മയായി.


എന്റെ കല്യാണത്തിനു സംഭവിച്ച മഹാത്ഭുതമാ എന്റെ അച്‌ഛന്റെ ഷര്‍ട്ടിടീല്‍. ജനിച്ചിട്ടന്നുവരെ ഷര്‍ട്ടിടാത്ത അച്‌ഛന്‍ ജീവിതത്തില്‍ ആദ്യമായി ഷര്‍ട്ടണിഞ്ഞു. സന്തോഷത്താല്‍ അനുഗ്രഹം വാങ്ങുമ്പോള്‍ ഒരുതുള്ളി കണ്ണീര്‍ ഞാന്‍ ആ പാദങ്ങളില്‍ അര്‍പ്പിച്ചു.


വിയര്‍പ്പിന്റെ വിശുദ്ധി


ജോലി കഴിഞ്ഞ്‌ വിയര്‍ത്തു കുളിച്ച്‌ വീട്ടില്‍ വരുന്ന അച്‌ഛന്‍ കുളിക്കും മുന്‍പ്‌ വിയര്‍പ്പ്‌ ആറാനായി ഇരിക്കുമ്പോള്‍ പാട്ടുപാടും. വിയര്‍പ്പിന്റെ മണമുള്ള നാടന്‍ പാട്ടുകള്‍. പിന്നീട്‌ ആ പാട്ടുകള്‍ ഞാന്‍ ഏറ്റെടുത്തു. നശീകരണം നേരിട്ടു കൊണ്ടിരുന്ന നാടന്‍പാട്ട്‌ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. നാടെങ്ങും നാടന്‍പാട്ട്‌ ട്രൂപ്പുകള്‍ സജീവമായി. അതിനൊരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.


പറഞ്ഞുവന്നത്‌ വിയര്‍പ്പിനെപ്പറ്റിയാ, അതിന്റെ പരിശുദ്ധിയെപ്പറ്റി. അട്ടപ്പാടിയിലെ ആദിവാസി കോളനിയിലായിരുന്നു എന്റെ കഴിഞ്ഞ ഓണനാളുകള്‍. അവിടെയുള്ള എല്ലാവര്‍ക്കും ഓണ സമ്മാനമായി മുണ്ടും, ഷര്‍ട്ടും നല്‍കിയെങ്കിലും സംഘാടകരുടെ ആരുടേയോ പിഴവുമൂലം ഒരാള്‍ക്ക്‌ മാത്രം ലഭിച്ചില്ല. അതയാള്‍ എന്നോട്‌ പറഞ്ഞപ്പോള്‍ എന്റെ ഓണക്കോടി ഊരി അയാള്‍ക്ക്‌ നല്‍കി. അയാളുടെ ഷര്‍ട്ട്‌ ഇട്ടു ഞാന്‍. വര്‍ഷങ്ങള്‍ക്ക്‌ ശേഷം യഥാര്‍ഥ വിയര്‍പ്പിന്റെ മണം ഞാന്‍ ശ്വസിക്കുകയായിരുന്നു. എന്റെ അച്‌ഛന്റെ കഷ്‌ടപ്പാടിന്റേയും, അധ്വാനത്തിന്റേയും മണം. തിരിച്ചുപോരുമ്പോള്‍ എന്റെ മനസ്‌ ഒരുപാട്‌ നിറഞ്ഞിരുന്നു. ഒരു നുള്ള്‌ ചോറ്‌ ഉള്ളില്‍ ചെല്ലാഞ്ഞിട്ടുപോലും.


ആഘോഷങ്ങള്‍


എല്ലാ ആഘോഷങ്ങളിലും ഞാന്‍ ചാലക്കുടിയില്‍ സജീവമാണ്‌. അത്‌ ഓണമായാലും, വിഷു ആയാലും, ക്രിസ്‌തുമസ്‌ ആയാലും . ഓണനാളില്‍ ഇപ്പോഴും ഓട്ടോയെടുത്ത്‌ ഞാന്‍ ജംഗ്‌ഷനില്‍ പോകാറുണ്ട്‌. സവാരിക്കായി കയറുന്നയാള്‍ ആദ്യം നമ്മുടെ മുഖമൊന്നും ശ്രദ്ധിക്കാറില്ല. ഇറങ്ങി കഴിഞ്ഞ്‌ പൈസ തരുമ്പോള്‍ എന്റെ മുഖം കണ്ട്‌ അവര്‍ ഞെട്ടും. അപ്പോള്‍ ഞാന്‍ ഒന്ന്‌ നീട്ടി ചിരിക്കും...


"ങ്യാഹാ...ഹ്‌...ഹാ...


2012, ജൂൺ 12, ചൊവ്വാഴ്ച

എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ 10 വഴികള്‍

ജീവിതം സന്തോഷകരമാക്കാനാണ് മനുഷ്യന്‍ പാടുപെടുന്നത്. വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും അതിന് വേണ്ടി തന്നെയാണ് മനുഷ്യന്‍ പലപ്പോഴും ജീവിതം പോലും അപകടപ്പെടുത്തി അരുതായ്മകള്‍ ചെയ്യുന്നത്. സന്തോഷമുണ്ടാവാന്‍ ജൈവിക ആവശ്യങ്ങള്‍ തടസ്സമില്ലാതെ നിര്‍വഹിക്കപ്പെടണം, പണം തങ്ങളുടെ ജഡികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധിയാണ്. അതിനാല്‍ എങ്ങനെയെങ്കിലും കുറേ പണമുണ്ടാക്കണം. അതിലൂടെ തങ്ങള്‍ക്ക് സന്തോഷം നിലനിര്‍ത്താനാവും എന്നാണ് പൊതുവെ എല്ലാവരും കണക്കുകൂട്ടുന്നത്. ചിലര്‍ അതിന് വേണ്ടി രാപകല്‍ അത്യാധ്വാനം ചെയ്യുന്നു. മറ്റുചിലര്‍ വളഞ്ഞ വഴികള്‍ തേടുന്നു. എന്തിന് എന്ന ചോദ്യത്തിനുള്ള മറുപടി ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കാന്‍ എന്നതായിരിക്കും. സന്തോഷിക്കാന്‍ പണം നേടിക്കഴിയുന്നത് വരെ മാത്രമാണ് ഈ തെറ്റിദ്ധാരണ നിലനില്‍ക്കുക. എമ്പാടും പണം നേടിക്കഴിയുമ്പോഴാണ് അറിയുക അതല്ല സന്തോഷത്തിന്റെ ഉപാധിയെന്ന്. ജഡികേഛകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിലൂടെ ലഭിക്കുന്ന സന്തോഷം താല്‍കാലികമാണെന്നും അപ്പോള്‍ ബോധ്യപ്പെടും.


പണം ഉപയോഗിച്ച് ജീവിതം ആസ്വദിക്കാന്‍ നെട്ടേട്ടമോടുന്നവര്‍ പെട്ടെന്ന് നിരാശരാകും. ഒരു പാവപ്പെട്ടവന്‍ കാശുണ്ടെങ്കില്‍ രണ്ട് നേരം ബിരിയാണി കഴിക്കാമായിരുന്നുവെന്ന് ചിന്തിക്കുന്നു. തന്റെ വിഷയാശക്തി ശമിപ്പിക്കാനും പണം ഉപാകരപ്പെടും എന്നവന്‍ ചിന്തിക്കും. ഒരു ഭൌതിക വാദിക്ക് ആവശ്യത്തിന് പണം ഉണ്ടാകുമ്പോള്‍ , നിയമത്തിന്റെയും ധാര്‍മികതയുടെയും വിലക്ക് ഇല്ലെങ്കില്‍ എനിക്ക് ജീവിതം കുറേകൂടി സുന്ദരവും സന്തോഷകരവും ആക്കാന്‍ കഴിയുമായിരുന്നുവെന്ന് കരുതുന്നു. മനുഷ്യന്‍ ഏറ്റവും കോപിഷ്ടനാകുന്നത് തന്റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുകള്‍ കാണപ്പെടുമ്പോഴാണ്. ചിലരുടെയെങ്കിലും മതവിരോധത്തിന് പിന്നില്‍ ഇത്തരം ഒരു സ്വാര്‍ഥതയുണ്ട് എന്ന് കാണാന്‍ കഴിയും. മതവും ധാര്‍മിക മൂല്യങ്ങളും സത്യസന്ധതയുമൊക്കെയാണ് തങ്ങളുടെ സന്തോഷത്തെ തടസ്സപ്പെടുത്തുന്നത് എന്ന് കരുതി ചില സമൂഹങ്ങള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ചത് സന്തോഷമല്ല നൂറായിരം പ്രശ്നങ്ങളായിരുന്നു.


നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ കുറുക്കുവഴികളില്ല. പണം തീര്‍ചയായും ജീവിതസൌകര്യങ്ങളെ മെച്ചപ്പെടുത്താന്‍ ഉപകരിക്കും. പക്ഷെ അതോടൊപ്പം മാനസികമായ സന്തോഷത്തിന് കൂടി മാര്‍ഗങ്ങള്‍ നാം കണ്ടെത്തിയിട്ടില്ലെങ്കില്‍ സന്തോഷം വളരെ അകന്ന് തന്നെ നില്‍ക്കും. ജീവിതാവസാനം വരെ സന്തോഷം നിലനിര്‍ത്താന്‍ പത്ത് വഴികളാണ് താഴെ നല്‍കുന്നത്.


1. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക.


ജീവിതത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാകരുതെന്നോ കൂടുതല്‍ നേട്ടത്തിന് ആഗ്രഹിക്കരുതെന്നോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളുടെ കാര്യത്തിലുള്ള മുന്‍ഗണനാക്രമം പാലിച്ച് സന്തുലിത മനസ്സോടെ അവ നേടിയെടുക്കാന്‍ ശ്രമിക്കുക. ആര്‍ത്തി ഉപേക്ഷിക്കുക. കാരണം ഒരു മനുഷ്യനും ആഗ്രഹിച്ചതെല്ലാം നേടുക സാധ്യമല്ല. കാരണം മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് സ്വന്തം നിലക്ക് കടിഞ്ഞാണില്ല. അതിനാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് നാം കടിഞ്ഞാണിടുക അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


2. മറ്റുള്ളവരില്‍ ആസൂയപ്പെടാതെ സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുക.


ഏതൊരു സമ്പന്നനും നേതാവിനും തനിക്കില്ലാത്ത ചില സൌകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ടതായി കാണാന്‍ കഴിയും. ഉദാഹരണത്തിന് എം.എല്‍ . എ ക്ക് മന്ത്രി അനുഭവിക്കുന്ന സൌകര്യം അസൂയ ഉണ്ടാക്കാവുന്നതാണ്. മന്ത്രിക്ക് മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിക്ക് പ്രധാന മന്ത്രിയുടെയുമൊന്നും ഭൌതിക സൌകര്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാവില്ല. ഒരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിനേക്കാള്‍ ഉന്നതമായ ഒരു പദവിയില്‍ എത്തുന്നത്. സാദാജോലിക്കാരനായിരിക്കെ യഥാവിധി ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഒരാള്‍ മാനേജര്‍ സ്ഥാനത്ത് എത്തുക അസംഭവ്യമാണ്. അതിനാല്‍ ഇപ്പോള്‍ താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുമ്പോള്‍ ചെയ്യേണ്ട ഉത്തവാദിത്തം ഭംഗിയായി നിര്‍വഹിച്ചാല്‍ സന്തോഷവും പുരോഗതിയും പ്രതീക്ഷിക്കാം.


3. ആത്മാര്‍ഥമായി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ട്  അംഗീകാരം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടാതിരിക്കുക.


താനെത്ര നന്നായി ചെയ്തിട്ടും കാര്യമില്ല ആരും ഗൌനിക്കുന്നില്ല എന്ന് ഒരു വേള തോന്നിയേക്കാം. പക്ഷെ അതൊരു പരീക്ഷണ ഘട്ടമാണ് അവിടുന്നും കടന്ന് നിങ്ങള്‍ ആത്മാര്‍ഥതയോടെ ഉത്തവാദിത്തം ചെയ്യുമ്പോഴേ നിങ്ങള്‍ അംഗീകാരത്തിന് യഥാര്‍ഥത്തില്‍ അര്‍ഹത നേടുന്നുള്ളൂ. അല്ലെങ്കില്‍ താങ്കള്‍ ചെയ്തത് അംഗീകാരത്തിനാണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. ആത്മാര്‍ഥമായി ഉത്തവാദിത്തം നിര്‍വഹിച്ച ആര്‍ക്കും അതിന് അംഗീകാരം ലഭിക്കാതെ പോകുകയില്ല.

4. മറ്റുള്ളവര്‍ക്ക് നമ്മിലുള്ള  വിശ്വാസം നഷ്ടപ്പെടാതെ നിലനിര്‍ത്തുക.


നമ്മുടെ സന്തോഷം നമ്മുടെ വ്യക്തിഗതമായ മാത്രം ഉപാധികളില്‍ പരിമിതമല്ല. ചുറ്റുപാടുമുള്ള ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുമ്പോള്‍ അവരുടെ വിശ്വസം നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരിക്കാലും ആര്‍ക്കും യഥാര്‍ഥ സന്തോഷം ലഭിക്കില്ല. വിശ്വാസം നഷ്ടപ്പെടാന്‍ എളുപ്പമാണ് പക്ഷെ വിശ്വാസം നേടിയെടുക്കുക ശ്രമകരവും, പണം കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നാണ് ജനങ്ങളുടെ വിശ്വാസം.


5. പ്രയാസകരമായ അവസ്ഥയിലും സംയമനം പാലിക്കുക.


സന്തോഷകരമായ അവസ്ഥയില്‍ സംയമനം പാലിക്കുക പ്രയാസമുള്ള സംഗതിയല്ല. എന്നാല്‍ വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സംയമനം പാലിക്കുക അല്‍പം ശ്രമകരമാണ്. പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ നാം കാണിക്കുന്ന അക്ഷമ പ്രയാസം കൂട്ടുകയും ദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സന്തോഷം പിടിതരാതെ അകന്ന് പോകുക എന്നതായിരിക്കും അതിന്റെ മറ്റൊരു ഫലം.

6. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക.


മനുഷ്യന്‍ ഒരു സമൂഹജീവിയാണ് പരസ്പര സ്നേഹവും സഹായവും മൊത്തം മനുഷ്യര്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കുന്നു. ഭൌതികമായി മാത്രം ചിന്തിക്കുമ്പോള്‍ ഇത് വൈരുദ്ധ്യമായി തോന്നാം. കാരണം തന്റെ സന്തോഷത്തിന് താന്‍ ഉണ്ടാക്കിയ പണം മറ്റുള്ളവര്‍ക്ക് വെറുതെ നല്‍കുക എന്നതാണല്ലോ സാമ്പത്തിക സഹായത്തിലൂടെ സംഭവിക്കുന്നത്. എന്നാല്‍ മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച ഒരു കാര്യമാണ് ധാര്‍മിക ബോധം അത് അവനില്‍ എല്ലായ്പ്പോഴും ഉണ്ട്. തെറ്റുചെയ്യുമ്പോള്‍ അവനെ ആക്ഷേപിക്കുകയും നന്മ ചെയ്യുമ്പോള്‍ അവനില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നത് അതാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ക്ക് സന്തോഷം കിട്ടാകനിയായിരിക്കും.


7. എല്ലായ്പ്പോഴും ശുഭാപ്തി വിശ്വാസിയായിരിക്കുക.


ഇത് കൃത്രിമമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കലാണ് എന്ന് തോന്നാം. ഒരു പരിധിവരെ അത് ശരിയുമാണ്. പക്ഷെ സന്തോഷം വേണോ അപ്രകാരം ചെയ്തേ മതിയാവൂ. കച്ചവടത്തില്‍ വലിയ ഒരു തിരിച്ചടി നേരിട്ടപ്പോള്‍ നിലവിലെ ബിസിനസ് തകര്‍ന്നപ്പോള്‍ ഇതില്‍ എനിക്ക് എന്തോ നന്മയുണ്ട് എന്ന് ചിന്തിക്കാന്‍ കഴിയുക. സംഭവിച്ച കാര്യങ്ങള്‍ നല്ലതിനായിരിക്കും എന്നും തനിക്ക് കൂടുതല്‍ നന്മ വരാനുണ്ടെന്നും ഞാനതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കുക. ഇത് നമ്മെ വിജയത്തിലേക്ക് നയിക്കും. ഇവിടെ മറിച്ചും നമ്മുക്ക് ചിന്തിക്കാം. പക്ഷെ അത് നമ്മെ നിരാശരും നിഷ്ക്രിയരും ആക്കും അതിലൂടെ നമ്മുടെ തകര്‍ച്ചയും. അപ്പോള്‍ രണ്ട് ചോയ്സുകളില്‍ ഉപകാരമുള്ളത് തെരഞ്ഞടുക്കുക മാത്രമാണ് നാം ഇതിലൂടെ ചെയ്യുന്നത്.

8. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോട് പെരുമാറുക.


തങ്ങള്‍ക്ക് നല്‍കപ്പെട്ടതെന്തോ അത് അതുപോലെ തിരിച്ചുനല്‍ക്കുക എന്ന ഒരു പ്രകൃതം ജീവികളിലൊക്കെയുണ്ട്. മനുഷ്യനില്‍ പ്രത്യേകമുണ്ട്. അവ നിയന്ത്രിക്കുകയും വിവേചനത്തോടെ നല്ലത് നല്‍കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അവന്റെ പ്രത്യേകത കാണിക്കുന്നത്. അതിനാല്‍ നാം അത് ഒരു തത്വമായി സ്വീകരിക്കുക. മറ്റുള്ളവരില്‍ നിന്ന് നാം പുഞ്ചിരിയും നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുകയും നാം അത് അവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ എന്ത് ഔദാര്യമാണ് അവരോട് കാണിച്ചിട്ടുള്ളത് എന്നാലോചിക്കുക. നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തില്‍ കൂടിയാണ് കുടികൊള്ളുന്നത് എന്ന് മനസ്സിലാക്കുക.


9. സംഭവിച്ചതെല്ലാം നന്മക്ക് വേണ്ടിയാണ് എന്ന് വിശ്വസിക്കുക.


നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു ഭാഗമാണിത്. അതില്‍ ഭാവിയെക്കുറിച്ചുള്ള ഒരു പ്രതീക്ഷകൂടിയുണ്ട്. പലപ്പോഴും മനുഷ്യന്‍ നിരാശനാകുന്നത് സംഭവിച്ചു കഴിഞ്ഞ ദുരിതങ്ങളെ ഓര്‍ത്തുകൊണ്ടാണ്. അവിടെ ഇത്തരം ഒരു വിശ്വാസം ആ പ്രയാസം മറികടക്കാന്‍ മനുഷ്യനെ സഹായിക്കും.


10. ദൈവികവിധിയില്‍ വിശ്വസിക്കുക.


ഭൂമിയില്‍ കാര്യങ്ങള്‍ അന്തിമമായി സംഭവിക്കുന്നത് മനുഷ്യ ഇഛ അനുസരിച്ചല്ല എന്നത് ഒരു വസ്തുത മാത്രമാണ്. ഏത് അധികാര സ്ഥാനത്താണെങ്കിലും അവരൊക്കെ നാളെ എന്ത് സംഭവിക്കും എന്നറിയാത്ത നിസ്സഹായനായ മനുഷ്യനാണ്. അതേ സമയം കാര്യങ്ങള്‍ താളം തെറ്റാതെ പിടിച്ച് നിര്‍ത്തുന്ന ഒരു അധികാര ശക്തിയുടെ സാനിദ്ധ്യം നാം അനുഭവിക്കുന്നു. ആ ശക്തിയുടെ തീരുമാനപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് വിശ്വസിക്കുന്ന പക്ഷം അത് ഉണ്ടാക്കുന്ന പ്രതികരണം കുറച്ചൊന്നുമല്ല. വിധിയെ സംബന്ധിച്ച് പരാമര്‍ശിച്ചപ്പോള്‍ ഖുര്‍ആന്‍ അത് പ്രത്യേകമായി തന്നെ എടുത്ത് പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് കാണുക.


[ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍ ) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ. (57:22-24)]


കാര്യങ്ങള്‍ നടന്നത് ദൈവിക തീരുമാനം അനുസരിച്ചാണ് എന്ന വിശ്വാസം തന്റെ കഴിവിലും പ്രാപ്തിയിലും മതിമറന്ന് നിഗളിക്കാതിരിക്കാന്‍ സാഹായിക്കുന്നു. ഇത്തരം നിഗളിപ്പ് അല്‍പായുസ് മാത്രമേ ഉണ്ടാവൂ. തന്റെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരാണ് പരാചയപ്പെടുമ്പോള്‍ ഏറെ ദുഖിക്കുന്നതും. ഇബ്നു മസ്ഊദ് പറയുകയുണ്ടായി: "രണ്ട് കാര്യങ്ങളില്‍ നാശമുണ്ട് നിരാശയിലും അഹന്തയിലും". ഇമാം ഗസ്സാലി പറഞ്ഞു: "അധ്വാനവും പ്രയത്നവുമില്ലാതെ ജീവിത സൌഖ്യം നേടാനാവില്ല. നിരാശന്‍ അധ്വാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ഇല്ല."


മേല്‍ പറഞ്ഞ പത്ത് നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പിന്തുടരുന്നവര്‍ മരിക്കുന്നത് വരെ സന്തോഷവാന്‍മാരായിരിക്കും. അവരില്‍നിന്ന് സന്തോഷത്തെ ഊരിക്കളയാന്‍ ഏത് വ്യക്തി വിചാരിച്ചാലും നടക്കില്ല. 

2012, ജൂൺ 4, തിങ്കളാഴ്‌ച

ജൂണിലേക്ക് ചില വിദ്യാഭ്യാസ ചിന്തകള്‍ ..

ജൂണില്‍ ചില ചോദ്യങ്ങള്‍ :


ഇന്ന് ജൂണ്‍ നാല് സ്കൂളുകള്‍ പതിവുപോലെ തുറക്കുകയാണ്. സ്‌കൂളുകള്‍ പരസ്‌പരം മത്സരിച്ച്‌ പ്രവേശനോത്സവം കൊണ്ടാടും. പുതിയ മഞ്ഞപ്പെയിന്റടിച്ച്‌, ഫിറ്റ്‌നെസ്‌ സര്‍ട്ടിഫിക്കറ്റൊക്കെ ശരിയാക്കിയ സ്‌കൂള്‍ ബസ്സ്‌ വരുന്നതുംനോക്കി കുട്ടികള്‍ വീട്ടുമുറ്റത്ത്‌ കാത്തുനില്‍ക്കും. മഴ നനയാതെ സ്‌കൂളിലെത്തും. ചെളിപുരളാതെ വീട്ടിലുമെത്തും. പുതിയതിന്റെ മണമുള്ള പുസ്‌തകങ്ങളില്‍ നിന്ന്‌ കണക്കും മലയാളവും സയന്‍സും സാമൂഹ്യപാഠവുമൊക്കെ ആവര്‍ത്തിച്ചുപഠിച്ച്‌ ഫുള്‍ എ പ്ലസിന്‌ ഒരുക്കം തുടങ്ങും...

പുറത്ത്‌ പുത്തന്‍ നെയിം സ്ലിപ്പൊട്ടിച്ച ഈ ജൂണില്‍, ചില ചെറിയ ചോദ്യങ്ങള്‍ എന്നോടും നിങ്ങളോടും ചോദിക്കാതിരിക്കാനാവില്ല.

വര്‍ഷങ്ങളോളം രാത്രിയുറക്കമൊഴിഞ്ഞും പകല്‍ കളിയൊഴിഞ്ഞും പഠിച്ച്‌, ഉല്ലാസവേളകള്‍ വെട്ടിക്കുറച്ച്‌ ട്യൂഷനുപാഞ്ഞ്‌ ബുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും മികവുകൊണ്ട്‌ ശാസ്‌ത്രജ്ഞനായവന്‍, വളര്‍ത്തിവലുതാക്കിയ കുടുംബത്തിനും നാടിനും തനിക്കുതന്നെയും എന്താണ്‌ ബാക്കിവെച്ചത്‌? ശാസ്‌ത്രത്തില്‍ അഗാധജ്ഞാനമുള്ളവനാണ്‌ ശാസ്‌ത്രജ്ഞന്‍. ശാസ്‌ത്രപ്രയോഗത്തിലുള്ള നിപുണത കൂടിയാണവന്‌ ആ പേര്‌ സമ്മാനിക്കുന്നത്‌. എന്നിരിക്കെ, തന്റെ ജീവന്‍ ഒരുറുമ്പിനുപോലും ഉപകാരമാകാത്തവിധം കെടുത്തിക്കളയാന്‍, ജീവന്റെ അനന്തമായ മൂല്യം വിസ്‌മരിക്കാന്‍ അവനെ തയ്യാറാക്കിയ, നാം ഉന്നത വിദ്യാഭ്യാസമെന്ന്‌ പേരിട്ടുവിളിക്കുന്നതിന്റെ ഔന്നത്യമെന്താണ്‌?

ജീവിക്കുക ജീവിക്കാനനുവദിക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ സ്വയംബോധംപോലും ആര്‍ജിക്കാന്‍ കഴിയാതെ പോയ ലിജിന്‍ വര്‍ഗീസിന്റെ സഹപാഠിയെ 10 വര്‍ഷത്തെ വിദ്യാഭ്യാസം പഠിപ്പിച്ചതെന്താണ്‌? ഏറെയൊന്നും ജീവിത പരിചയമില്ലാത്തൊരു മനസ്സിനെ, അരുംകൊല നടത്താന്‍ കെല്‍പ്‌ നല്‍കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ അവന്റെ 10 വര്‍ഷം കൈകാര്യം ചെയ്‌ത പൊതുവിദ്യാഭ്യാസമണ്ഡലത്തെ രക്ഷപ്പെടുത്താന്‍ പറ്റുമോ? ആരാണിവിടെ കൊലയാളി?

ജലത്തിന്റെ രാസസൂത്രവും പുഴ മലിനമാകുന്നതിന്റെ കാരണങ്ങളും, കിഴക്കോട്ടൊഴുകുന്ന പുഴകളുടെ പേരുമൊക്കെ ഉരുവിട്ട്‌ പഠിച്ച്‌ പരീക്ഷയെഴുതി എ പ്ലസ്‌ ഗ്രേഡ്‌ വാങ്ങുന്നവന്‍ പുഴയില്‍ ഒടുങ്ങുന്നതിന്റെ നീതിയെന്താണ്‌? ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാത്ത അറിവിന്റെ മൂല്യമെന്താണ്‌?

വിദ്യാഭ്യാസം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌?

ഒരു കല്ലിന്‌ ശില്‌പിയെന്താണോ, അത്ര തന്നെയാണ്‌ മനുഷ്യന്റെ മനസ്സുകള്‍ക്ക്‌ വിദ്യാഭ്യാസം -ജോസഫ്‌ എഡിസന്‍. വിദ്യാഭ്യാസത്തിന്റെ വ്യാപ്‌തിയും ലക്ഷ്യവും പ്രതിഫലിപ്പിക്കുന്നതാണ്‌ മുകളിലെ വചനം. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്നും അത്‌ ഏതുവിധേനയും ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണെന്നും ഇത്‌ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ കുറിക്കുന്ന സര്‍വനിര്‍വചനങ്ങളും ഈ സത്തയുള്‍ക്കൊള്ളുന്നവയാണ്‌.

മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ പാകപ്പെടലുകള്‍ക്ക്‌ വഴിയൊരുക്കുന്നതാണ്‌ വിദ്യാഭ്യാസമെന്നത്‌ കാലാകാലങ്ങളായുള്ള വീക്ഷണമാണ്‌. എന്നാല്‍ ഒന്ന്‌ ചോദിക്കട്ടെ, ആയിരങ്ങള്‍ ഡൊണേഷന്‍ കൊടുത്ത്‌ തന്റെ കുഞ്ഞിനെ എല്‍കെജി ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ , ടൈയും കോട്ടും ഷൂസുമൊക്കെയുള്ള സ്റ്റാറ്റസിനു ചേര്‍ന്ന യൂനിഫോമണിയിക്കുമ്പോള്‍ , ബാഗിനും കുടക്കും പുസ്‌തകത്തിനും സ്‌കൂള്‍ ബസ്സിനുമൊക്കെയായി നല്ലൊരു സംഖ്യ ചെലവഴിക്കുമ്പോള്‍ , മേല്‍ പറഞ്ഞ ഏതൊക്കെ ലക്ഷ്യമാണ്‌ ഒരു രക്ഷിതാവിന്റെ മനസ്സിലുണ്ടാവുന്നത്‌? അഞ്ചക്കമോ അതിലധികമോ ശമ്പളം കിട്ടുന്ന ഒരു ജോലി നേടി, വലിയൊരു കോണ്‍ക്രീറ്റ്‌ കാടു പണിത്‌, തനിക്കും മക്കള്‍ക്കും കുശാലായി ജീവിക്കാനുള്ളത്‌ ബാങ്ക്‌ ബാലന്‍സുണ്ടാകണമെന്ന ആഗ്രഹമാവില്ലേ തന്റെ കുഞ്ഞ്‌ നല്ല മനുഷ്യനാകണമെന്ന ലക്ഷ്യത്തെ കവച്ചുവെക്കുന്നത്‌? വിദേശത്തു ജോലി തേടിപ്പോകുന്നവനോട്‌ നീ നന്നായി വാ എന്ന്‌ പറയുന്നതില്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌. നീ നല്ല മനുഷ്യനായി വാ എന്നാണോ? നീ നന്നായി സമ്പാദിച്ചു വാ എന്നുതന്നെയല്ലേ!

സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനുള്ള ഈ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടയില്‍ ഉമ്മ ബാപ്പമാരെ തിരിച്ചറിയാത്ത, സഹാനുഭൂതിയും സഹവര്‍ത്തിത്വവും മനസ്സിന്റെ ഏഴയലത്തുപോലുമില്ലാത്ത കുറെ പണമുണ്ടാക്കി യന്ത്രങ്ങളാണ്‌ വാര്‍ത്തെടുക്കപ്പെടുന്നത്‌. സമാനമായ അച്ചുകളിലെ ഉല്‍പന്നങ്ങള്‍ക്ക്‌ I Robort എന്ന സിനിമയിലെ NS4 റോബോട്ടുകളെപ്പോലെ ഒരേ ഭാവമാണുള്ളത്‌. മറ്റുള്ളവരെ പോയിട്ട്‌ സ്വന്തം വികാരവിചാരങ്ങളെപ്പോലും വേണ്ടവിധത്തില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നു. ഒടുക്കം ഭൂരിഭാഗവും ഉന്നത സൗധങ്ങളില്‍ അര്‍ഥശൂന്യരായി, കൊലയാളികളോ കരിങ്കച്ചവടക്കാരോ ആയി, സ്വയം ജീവനൊടുക്കുന്ന പമ്പരവിഡ്‌ഢികളായി, നാടറിയാത്ത, മണ്ണറിയാത്ത, യന്ത്രസമാനരായി മനുഷ്യനെന്ന പദത്തോട്‌ ചേരാത്തവരായിത്തീരുന്നു.

ട്യൂഷന്‍ സെന്ററില്‍ നിന്ന്‌ സ്‌കൂളിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയില്‍ കളിക്കാനും കൂട്ടുകൂടാനും സ്വയം തിരിച്ചറിയാനും അവസരം നല്‍കാത്ത മാതാപിതാക്കള്‍ ഇതിന്റെ പരിണിത ഫലത്തെക്കുറിച്ച്‌ ബോധവാന്മാരാകുന്നതേയില്ല. സാന്നിധ്യംകൊണ്ട്‌ മക്കള്‍ തങ്ങള്‍ക്കാശ്വാസമേകേണ്ടുന്ന വാര്‍ധക്യത്തില്‍ തങ്ങളെ വൃദ്ധസദനത്തിന്റെ അകത്തളങ്ങളിലേക്ക്‌ തള്ളിവിടാന്‍ പോന്ന ജോലിത്തിരക്കും കഠിനമനസ്സുമാണ്‌ താന്‍ തന്റെ മക്കള്‍ക്കിന്ന്‌ ഒരുക്കിക്കൊടുക്കുന്നതെന്ന്‌ തിരിച്ചറിയുന്നുമില്ല.

അങ്ങനെ ഇന്‍ക്യുബേറ്ററിലെ കോഴിക്കുഞ്ഞുങ്ങളെപ്പോലെ വളര്‍ത്തിയെടുക്കുന്ന കുട്ടികളാകട്ടെ, വിനോദം കണ്ടെത്തുന്നത്‌ ടി വി, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലും അവയുടെ വൈജാത്യവിഭാഗങ്ങളിലുമാണ്‌. വല്ലപ്പോഴും കിട്ടുന്ന ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്താന്‍, മണ്ണിലിറങ്ങി ചെളിയാകാതിരിക്കാന്‍, കൂട്ടുകൂടാതിരിക്കാന്‍ കുട്ടിക്ക്‌ വാങ്ങിക്കൊടുക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുന്ന `വിദ്യാഭ്യാസ' സാധ്യതകള്‍ പേടിപ്പിക്കുന്നതാണ്‌. GTA Vice City പോലുള്ള ഗെയിമുകള്‍ വാങ്ങിക്കൊടുത്തതും ചിലപ്പോള്‍ കൂടെയിരുന്ന്‌ പ്രോത്സാഹിപ്പിച്ചതും നമ്മള്‍ തന്നെയായിരിക്കും. `ദൗത്യ'മെന്ന ആഴമുള്ള പദത്തിന്റെ മനോഹരാര്‍ഥത്തെ ചോരകൊണ്ട്‌ ചുവപ്പിച്ച്‌ താന്‍ അറിയാത്ത ആരെയൊക്കെയോ കൊല്ലാനുള്ള മിഷനിലേര്‍പ്പെട്ട്‌ പണം സമ്പാദിക്കുന്ന, ഗെയിം പോയിന്റുകള്‍ നേടുന്ന കുട്ടി, കമ്പ്യൂട്ടര്‍ മേശക്കുമപ്പുറത്ത്‌ അത്‌ പ്രാവര്‍ത്തികമാക്കുന്നതില്‍, മാനസിക വൈകല്യമുള്ളവനാകുന്നതില്‍ ആരെയാണ്‌ പഴിക്കേണ്ടത്‌? രക്ഷിതാക്കള്‍ ഈ വിധം തിമിരബാധിതരായി തുടര്‍ന്നാല്‍ ഭാവിയില്‍ കൊല്ലപ്പെടുന്ന ലിജിന്‍ വര്‍ഗീസുമാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. മാനവികത യാന്ത്രികതയ്‌ക്കുമുന്നില്‍ തോറ്റുതുന്നം പാടും. എല്ലാ വിഷയത്തിനും എ പ്ലസ്‌ ഗ്രേഡ്‌ നേടിയവന്‍, ഒരു മുഴം കയറില്‍ രണ്ടാമതൊരു ചിന്തകൂടാതെ കിടന്നാടും, തീര്‍ച്ച.

ഒരുപക്ഷേ, സാധാരണത്വംകൊണ്ട്‌, ഒഴുക്കിനൊപ്പം നീങ്ങുന്ന ലാഘവത്വംകൊണ്ട്‌ അപക്വരായേക്കാം രക്ഷിതാക്കള്‍. എന്നാല്‍, നീണ്ട ട്രെയിനിംഗ്‌ കാലം കഴിഞ്ഞ്‌, വിവിധ വിദ്യാഭ്യാസ രീതികളും തന്ത്രങ്ങളും പഠിച്ചുപയറ്റി, ശതമാനപുസ്‌തകത്തില്‍ നല്ല മാര്‍ക്കും നേടി കുട്ടികള്‍ക്കു മുന്നില്‍ നില്‍ക്കുന്ന മഹാനായ അധ്യാപകന്റെ കാര്യം അതിലും കഷ്‌ടമാണ്‌. രക്ഷിതാക്കളുടെ അപക്വത തിരുത്തുന്നതിനുപകരം, അതിന്‌ കൈത്താങ്ങാവുകയാണ്‌ അധ്യാപകന്‍. സമൂഹത്തില്‍ ഇന്നും ഉന്നതസ്ഥാനീയനായിട്ടും പലപ്പോഴും നാടന്‍ ശൈലിയില്‍ `അധ്യാപഹയനായി'ത്തീരുന്നവനെ കുറ്റം പറയാനൊക്കില്ല. കാരണം ലക്ഷങ്ങള്‍ നല്‍കി പോസ്റ്റ്‌ വാങ്ങുമ്പോഴോ, പി എസ്‌ സിക്ക്‌ കുത്തിയിരുന്ന്‌ പഠിച്ച്‌ റാങ്ക്‌ നേടുമ്പോഴോ വിദ്യപകരുന്നതിന്റെ പുണ്യംനേടുക, നല്ല മനുഷ്യരെ, അതുവഴി സമൂഹനിര്‍മിതിയെ ഉത്തേജിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യമൊന്നും ഭൂരിഭാഗത്തിനും ഉണ്ടാകാനിടയില്ല. വീടുവീടാന്തരം കയറി അഞ്ചുവയസ്സായ കുട്ടികളെ തപ്പി അധ്യാപകര്‍ ഇറങ്ങുന്നത്‌, ഒരു കുട്ടിപോലും വിദ്യാഭ്യാസം കിട്ടാതെ വീട്ടിലിരിക്കരുത്‌ എന്ന അതിയായ ആഗ്രഹം കൊണ്ടാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌! മാസശമ്പളം കണ്ണുവെക്കുന്ന, താനേറ്റെടുത്തുവെന്നു പറയുന്ന ഉത്തരവാദിത്തങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്ന അധ്യാപകനെങ്ങനെ വിദ്യാര്‍ഥിക്ക്‌ മാതൃകയാവും? ശരിയായ വിദ്യാഭ്യാസത്തിന്റെ മാധ്യമമാകും?

രക്ഷിതാവിന്റെയും അധ്യാപകന്റെയും ലക്ഷ്യബോധം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഈ ഒഴുക്കില്‍ നിന്ന്‌ കുതറിമാറി ശുദ്ധമായ നീരൊഴുക്കിനെ തിരിച്ചറിയേണ്ടതിന്റെയും അതില്‍ തുടരേണ്ടതിന്റെയും ഉത്തരവാദിത്തം വിദ്യാര്‍ഥിക്കുമേല്‍ വന്നുചേരുന്നു. ഇവിടെ വിദ്യാഭ്യാസത്തിന്റെ തെറ്റിപ്പോക്കു സമ്മാനിക്കുന്ന അന്ധതയെ തോല്‍പിക്കാന്‍ ഒരു നല്ലവഴി വായനയെന്ന കണ്ണട തന്നെയാണ്‌. ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ആള്‍ക്ക്‌ ജീവിതാടിസ്ഥാനത്തില്‍ മുഖ്യം അതിന്റെ ആദ്യവചനമാകേണ്ടതില്ലേ. എങ്കില്‍, ``വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍'' എന്ന വിശുദ്ധ ഖുര്‍ആനിന്റെ ആദ്യകല്‌പനയെ കണ്ടില്ലെന്ന്‌ നടിക്കാന്‍ നമുക്കെങ്ങനെ സാധിക്കും. പാഠപുസ്‌തകത്തിനപ്പുറത്തേക്ക്‌ മറ്റൊരു പുസ്‌തകം സമ്മാനമായിപ്പോലും നല്‍കാത്ത രക്ഷിതാക്കള്‍, നിരവധി അവസരമുണ്ടായിട്ടും വായനയുടെ ലോകത്തിലേക്ക്‌ തന്റെ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കാത്ത അധ്യാപകര്‍,വായനയുടെ നട്ടെല്ലൂരിക്കളഞ്ഞ പൊതുസമൂഹം തുടങ്ങി, ഒക്കെയും ശത്രുപക്ഷത്തു നില്‍ക്കുന്ന ഈ കാലത്ത്‌ പൊരുതിജയിച്ച്‌ ദൈവകല്‌പനയ്‌ക്ക്‌ വഴങ്ങുകയേ, വായനാശീലമുള്ളവനാവുകയേ സംശുദ്ധരാകാന്‍, വിജ്ഞാനിയാകാന്‍ നിവൃത്തിയുള്ളൂ.

ബദല്‍ ആലോചനകള്‍ക്ക്‌ പ്രസക്തിയുണ്ട്‌


കാലാകാലങ്ങളായി വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറിവരുന്നുണ്ട്‌. വ്യത്യസ്‌ത ഗുരുകുലങ്ങളില്‍ മതവിദ്യാഭ്യാസമായും ആയോധനമുറകളായും കലാഭ്യാസമായുമൊക്കെ നടന്നിരുന്ന സാമ്പ്രദായിക പഠനസംവിധാനം പിന്നീട്‌ പൊതുവിദ്യാഭ്യാസത്തിലേക്ക്‌, അതിന്റെ സ്ഥാപനമായ സ്‌കൂളിലേക്ക്‌ മാറി. ഇതോടെ സാര്‍വത്രികവും സാര്‍വജനീനവുമായി വിദ്യാഭ്യാസം മാറി. നല്ലത്‌. പക്ഷേ, ഒരേ വാര്‍പ്പു മാതൃകകളെ സൃഷ്‌ടിക്കുന്ന ഫാക്‌ടറികളായി അവ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ വൈജാത്യമുള്ള മനുഷ്യനിപുണതകള്‍ അടിച്ചമര്‍ത്തപ്പെടുകയോ മാര്‍ക്കെന്ന, ഉന്നത ജോലിയെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക്‌ രൂപാന്തരണം ചെയ്യപ്പെടുകയോ ചെയ്‌തു.

ആകാശത്തെ അത്ഭുതക്കാഴ്‌ചകളിലൂടെ ആനന്ദത്തിലഭിരമിച്ചവന്‍ ഡോക്‌ടറായി, യാത്രകളെയും ദൂരങ്ങളെയും പ്രണയിച്ചവന്‍ സര്‍ക്കാര്‍ ഗുമസ്‌തനായി. വയലിനെ സ്‌നേഹിച്ചവന്‍ പോലീസായി..... അങ്ങനെയങ്ങനെ വിരോധാഭാസങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം വിരോധാഭാസങ്ങളാണ്‌ ``സമൂഹത്തെ അതിന്റെ സ്ഥായീഭാവത്തോടെ തന്നെ നിങ്ങള്‍ക്കാവശ്യമുണ്ടെന്ന്‌ നിങ്ങളെ വിശ്വസിപ്പിക്കുന്ന ഒരു പരസ്യ ഏജന്‍സിയാണ്‌ സ്‌കൂള്‍ '' എന്ന്‌ ഇവാന്‍ ഇല്ലിച്ചിനെക്കൊണ്ട്‌ പറയിച്ചത്‌. 1971ല്‍ Deschooling society പുസ്‌തകമെഴുതാനും അദ്ദേഹത്തിന്‌ പ്രേരകം മറ്റൊന്നുമല്ല. ഗോപാലകൃഷ്‌ണനും വിജയലക്ഷ്‌മിയും 1982ല്‍ സാരംഗ്‌ ബേസിക്‌ സ്‌കൂള്‍ തുടങ്ങിയതും ബേബി മാഷ്‌ കനവ്‌ തുടങ്ങാന്‍ നിദാനമായതുമൊക്കെ സമാനമായ ആലോചനകളില്‍ നിന്നാണ്‌.

ചുരുക്കിപ്പറഞ്ഞാല്‍ മാറ്റിപ്പണിയലും മാറ്റിപ്പഠിക്കലും (Deschooling & Unlearning) ചര്‍ച്ചയാകുമ്പോള്‍, തന്റെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതില്ലെന്ന്‌ ഒരു രക്ഷിതാവ്‌ തീരുമാനിച്ചാല്‍ കുറ്റം പറയാനാവുമോ!

(പേനയെടുക്കേണ്ട കൈയില്‍ പിച്ചാത്തിയെത്തിയ വഴികള്‍ പഠിക്കണമെങ്കില്‍ സ്‌കൂളില്‍ തന്നെ പോകണം എന്ന തലക്കെട്ടില്‍ മുഹ്‌സിന്‍ കോട്ടക്കല്‍ എഴുതിയ ലേഖനത്തില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ )