2012, ഏപ്രിൽ 11, ബുധനാഴ്‌ച

എന്തിന് നാം പുഞ്ചിരിക്കാതിരിക്കണം?.

ഹൃദയത്തില്‍നിന്നുള്ള ഒരു പുഞ്ചിരി ആര്‍ക്കാണ് അതിനെ അവഗണിക്കാനാവുക. ഒരു പുഞ്ചിരി കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു കളിര്‍മ തോന്നുന്നില്ലേ. അതിന്റെ പ്രതിഫലനം നമ്മുടെ ചുണ്ടുകളില്‍ മറ്റൊരാള്‍ക്ക് പുഞ്ചിരിയായി തെളിഞ്ഞ് കാണാണാനാവില്ലേ. അതെ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യവാക്കാണ് പുഞ്ചിരി. ഏത് നല്ല കാര്യത്തെയും പരിഗണിക്കുന്ന മതങ്ങള്‍ പുഞ്ചിരിക്കും അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ട്.

പുഞ്ചിരി ഒരു മനുഷ്യന് സൌന്ദര്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. ദേശ്യവും വെറുപ്പും വൈരുപ്യവും. പുഞ്ചിരിയുടെ ഒന്നാമത്തെ പ്രയോജനം ചിരിക്കുന്നവര്‍ക്കും പിന്നീട് അത് കാണുന്നവര്‍ക്കുമാണ്. സമ്പത്ത് പോലെ തന്നെ. അതുകൊണ്ടാകുമോ മുഹമ്മദ് നബി പുഞ്ചിരിയെ ധര്‍മമായി കണക്കാക്കിയത്. നിന്റെ സഹോദരന്‍റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് നിനക്ക് ധര്‍മമാകുന്നുവെന്ന് തിരുനബി അരുളി. ഹദീസ് സമാഹരിച്ചവര്‍ പ്രത്യേകമായ ഒരു അധ്യായം തന്നെ പുഞ്ചിരിക്ക് നല്‍കി. നന്മയില്‍നിന്ന് ഒന്നും നിസ്സാരമായി ഗണിക്കരുതെന്നും പ്രസന്ന വദനത്തോടെ സഹോദരനെ അഭിമുഖീകരിക്കുന്നതിന് പോലും വേണ്ടത്ര ഗൌരവം നല്‍കേണ്ടതുണ്ടെന്നും പ്രവാചക വചനം നമ്മെ ഉണര്‍ത്തുന്നു. സമ്പത്ത് കൊണ്ട് ലഭിക്കാത്ത സ്നേഹം നേടാന്‍ പുഞ്ചിരിയിലൂടെ സാധിക്കും. പക്ഷെ അത് ഹൃദയത്തില്‍നിന്നുള്ളതാകണം എന്ന് മാത്രം.

ഒരാളില്‍നിന്ന് നാം ദേശ്യം പ്രതീക്ഷിച്ചിരിക്കെ അദ്ദേഹത്തില്‍ പുഞ്ചിരികാണാന്‍ കഴിയുന്നത് ഏറെ മനോഹരവും  അമ്പരപ്പുണ്ടാകുന്നതുമാണ്. ഏത് പ്രശ്നത്തെയും പുഞ്ചിരിയോടെ നേരിടുന്നവര്‍ അസാമാന്യമായ മനക്കരുത്ത് ഉള്ളവരാണ്. നിറഞ്ഞ പുഞ്ചിരി ഒരാളുടെ മാനസികാരോഗ്യത്തെ കുറിക്കുന്നു. ആത്മീയമായ സമാധാനത്തെയും. പുഞ്ചിരി സദ്സ്വഭാവത്തിന്റെ ലക്ഷണമാണ്. ജനങ്ങളോട് അവരുടെ സ്വഭാവമനുസരിച്ച് പെരുമാറാന്‍ എളുപ്പമാണ്. കോപിക്കുന്നവരോട് കോപിക്കുക പുഞ്ചിരിക്കുന്നവരോട് പുഞ്ചിരിക്കുക. പക്ഷെ ആരോഗ്യമുള്ള ഒരു മനസ്സിന്റെ ഉടമക്ക് മാത്രമേ സ്വന്തം നിലപാടില്‍നിന്ന് കൊണ്ട് മറ്റുള്ളവരോട് പെരുമാറാന്‍ കഴിയൂ. ഏതെങ്കിലും ഭൌതിക താല്‍പര്യം മുന്നില്‍ വെച്ചുള്ള പുഞ്ചിരി വഞ്ചനാത്മകമാണ്. നിബന്ധന വെച്ചുകൊണ്ടുള്ള പുഞ്ചിരി കച്ചവടവും.


പുഞ്ചിരിയുടെ പ്രയോജനങ്ങള്‍ :

1. മറ്റുള്ളവരുടെ മനസ്സില്‍ സന്തോഷം നിറക്കാന്‍ പുഞ്ചിരിക്ക് കഴിയും.

2. വിരോധിയുടെ ശത്രുത അതിലൂടെ ഇല്ലാതായേക്കാം.

3. സ്വന്തത്തിന്റെയും ചുറ്റുമുള്ളവരുടെയും മാനസിക പിരിമുറുക്കം കുറക്കാന്‍ പുഞ്ചിരിക്കുന്നതിലൂടെ സാധിക്കുന്നു.

4. ശാരീരിക-മാനസികാരോഗ്യം വീണ്ടെടുക്കാനും ചിരിയിലൂടെ സാധിക്കും.

5. അറിവ് പകര്‍ന്ന് നല്‍കുന്നവര്‍ക്ക് അത് എളുപത്തില്‍ നല്‍കാനും അത് ഉപകാരപ്പെടുന്നു.

എന്തുകൊണ്ട് ചിലര്‍ക്ക് ചിരിക്കാന്‍ കഴിയുന്നില്ല എന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചു. മറ്റു ചില കാരണങ്ങള്‍ കൂടി അതിനുണ്ട്.

1. ചിരിക്കുന്നത് കുട്ടിത്തമായി ചിലര്‍ ഗണിക്കുന്നു. ധാരാളം ചിരിക്കുന്നത് കുട്ടികളായത് കൊണ്ടായിരിക്കാം. നിസ്സാര കാര്യങ്ങള്‍ പോലും കുട്ടികളില്‍ ചിരിയുതിര്‍ക്കുന്നത് നാം കാണാറുള്ളതാണ്. ചിരിയെ തടയുന്ന ഒന്നും അവരിലില്ല എന്നതാണ് കാരണം. അതുകൊണ്ട് വേദനയേറിയ കരച്ചിലിനിടയിലും കുട്ടികള്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചെന്ന് വരും. വേദനിപ്പിക്കുന്ന കാര്യങ്ങളും അവരുടെ ഹൃദയാന്തരാളങ്ങളെ ബാധിക്കുന്നില്ല എന്നത് കൊണ്ടാണിത്.

2. പുഞ്ചിരി തങ്ങളുടെ ഗാംഭീര്യം കുറക്കുമെന്ന് ചിലര്‍ ധരിക്കുന്നു. തികഞ്ഞ തെറ്റിദ്ധാരണയാണത്. കൃത്രിമമായി ഉണ്ടാക്കപ്പെടുന്ന അത്തരം ഗാംഭീര്യവും പാരുഷ്യവും ഇന്ന് ഒരു തലത്തിലും പ്രയോജനം ചെയ്യുന്നില്ല എന്നാണ് മനസ്സിലാക്കപ്പെടുന്നത്. വിരട്ടിയും പേടിപ്പിച്ചും ജോലിചെയ്യിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഗാര്‍ഹികമായ ശിക്ഷണത്തിലും ഇക്കാലത്ത് അത്തരം കൃത്രിമ ജാഢകള്‍ക്ക് സ്ഥാനമില്ല.

3. ചിലരിലെങ്കിലും അപ്രകാരം സംഭവിക്കുന്നത്, ജനിച്ച് വളര്‍ന്ന സാഹചര്യങ്ങളുടെ സ്വാധീന ഫലമാണ്. കര്‍ക്കശമായ നിയന്ത്രണത്തിലോ പരുക്കന്‍ സാഹചര്യത്തിലോ വളര്‍ന്ന് വരുന്നവര്‍ ചിരി അപൂര്‍വമായവരായി മാറുന്നു.

4. പക്ഷപാതം, തെറ്റിദ്ധാരണ, വര്‍ഗീയത എന്നീ കാരണങ്ങളാല്‍ ചിലര്‍ മറ്റുചിലരോട് പുഞ്ചിരിക്കാന്‍ മടികാണിക്കുന്നു. എന്നാല്‍ ഇവയൊന്നും പക്വമായ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങളല്ല തന്നെ.

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാക്കുന്നു. പുഞ്ചിരിക്കതിരിക്കാനുള്ള ന്യായം കുറ്റമറ്റതല്ല. അങ്ങനെയെങ്കില്‍ ധാരാളം പ്രയോജനമുള്ള പുഞ്ചിരി എന്ന ധര്‍മം നാം എന്തിന് സഹജീവികള്‍ക്ക് തടയണം.

ചിരിക്കാന്‍ കഴിയുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യന്‍ എന്ന് ഓര്‍ക്കുക.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ