2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

ആശങ്കകളെ ദൂരീകരിക്കാന്‍ ചില സൂത്രങ്ങള്‍

'ബേജാറ് ' എന്നത് എന്റെ നാട്ടിലെ ഒരു മനുഷ്യന്റെ ഇരട്ടപ്പേരാണ് (വിളിപ്പേരാണ്). ബേജാര്‍ വരുന്നുണ്ടെന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ഉദ്ദേശിക്കപ്പെട്ട വ്യക്തിയെ മനസ്സിലാകും. അദ്ദേഹത്തിന്റെ സംസാരത്തിലും പേരുമാറ്റത്തിലും പ്രകടമായി കാണുന്ന ആശങ്കയാണ് അത്തമൊരു പേര് ലഭിക്കാന്‍ കാരണം എന്ന് തോന്നുന്നു. ആശങ്ക എന്നതിന് മലപ്പുറം പ്രദേശത്ത് സംസാരത്തില്‍ ബേജാറ് എന്നാണ് ഉപയോഗിക്കുക.

ബേജാര്‍ അഥവാ ആശങ്ക മനുഷ്യസഹജമാണ്. ബുദ്ധിയുടെ ലക്ഷണമാണ്. ഭ്രന്തന്മാര്‍ക്കും വകതിരിവില്ലാത്ത കുട്ടികള്‍ക്കും ആശങ്ക അനുഭവപ്പെടാറില്ല. ആശങ്ക ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ശരിയായ മറുപടി. ദൈവം മനുഷ്യ പ്രകൃതിയില്‍ നിക്ഷേപിച്ച ഇത്തരം കാര്യങ്ങളൊക്കെ മനുഷ്യന് ആവശ്യമുള്ളത് തന്നെയാണ്. എന്തിനാണ് മനുഷ്യനില്‍ ആശങ്ക എന്ന വികാരം നിക്ഷേപിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി ലഭിക്കാന്‍ . ആശങ്കയില്ലാത്ത ഭ്രാന്തന്മാരെതന്നെ നോക്കിയാല്‍ മതി.

നമ്മെ പ്രവര്‍ത്തന നിരതമാക്കുന്നതില്‍ അതിനൊരു പങ്കുണ്ട്. പരീക്ഷയില്‍ തോറ്റുപോകുമോ എന്ന ആശങ്ക, പരീക്ഷയില്‍ പിന്നോക്കമായി പോയാല്‍ തനിക്ക് ജീവിത മത്സരത്തില്‍ വിജയം സാധിക്കാതെ വരും എന്ന ആശങ്ക ഇതൊക്കെ വിദ്ധ്യാര്‍ഥിയെ പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു തൊഴിലാളിയെ കഠിനമായി അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നതിന് പിന്നിലും ആശങ്കക്ക് സ്ഥാനമുണ്ട്. നല്ല ഒരു കച്ചവടക്കാനും കൃഷിക്കാരനും ജാഗ്രതയില്‍ കാര്യങ്ങള്‍ നടത്തികൊണ്ട് പോകുന്നതിന് പിന്നിലും ആശങ്ക എന്ന വികാരത്തിന് പങ്കുണ്ട്. ആശങ്കക്ക് സംശയം എന്നോ ഭയം എന്നോ നിഘണ്ടുവില്‍ അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശങ്ക എന്നാല്‍ അത് രണ്ടുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. വ്യക്തമായി തിട്ടപ്പെടുത്താനാവാത്ത (സംശയകരമായ) ഒരു കാര്യത്തിലെ മോശമായ പ്രതികരണത്തെയോ പര്യവസാനത്തെയോ ഭയക്കുന്നതിനെയാണ് ആശങ്ക എന്ന് പറയുന്നത്. മാനസിക സംഘര്‍ഷം (Tension) ഉല്‍കണ്ഠ (Anxiety) വിഷാദം (Depression) എന്നീ ഘട്ടങ്ങളിലൂടെ കടുത്ത മാനസിക രോഗത്തിലേക്ക് നയിക്കുന്ന ആശങ്കയെ ഗൌരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്.

എന്നാല്‍  അനിവാര്യമായ കാര്യങ്ങളില്‍ പരിമിതമായ തോതില്ലാതെ ആശങ്കിക്കുന്ന പക്ഷം അത് മനുഷ്യന് ദോശകരമാണ്. അത് അവന്റെ ജിവതത്തെ തന്നെ താളം തെറ്റിക്കും. അമിതമായ (യുക്തിചിന്തയില്ലാത്ത) ആശങ്ക മുകളില്‍ സൂചിപ്പിച്ച മറ്റനേകം രോഗത്തിലേക്ക് നയിക്കും. അതിന്റെ പര്യവസാനം ഒട്ടും ആശങ്കയില്ലാത്ത മാനസികാവസ്ഥ അഥവാ ഭ്രാന്തിലേക്ക് എത്തിച്ചേരും.

എത്ര തന്നെ മോശമായ പര്യവസാനമാണെങ്കിലും ഉറപ്പായ ഒരു കാര്യത്തെക്കുറിച്ച് മനുഷ്യന്‍ ആശങ്കപ്പെടുന്നത് കുറയും. മരണം ഉറപ്പാണെങ്കിലും അതില്‍ ആശങ്കിച്ച് കഴിയുന്നവര്‍ കുറവായിരിക്കും. കാരണം അശങ്കിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും. എന്നാല്‍ ഒരു പരിശോധനക്കിടയില്‍ ഡോക്ടര്‍ പറഞ്ഞുവെന്ന് കരുതുക. ഒരു സി.ടി. സ്കാന്‍ വേണം എന്ന് അതോടെ ആശങ്ക വര്‍ദ്ധിക്കുകയായി. റിസള്‍ട്ട് കൊണ്ടു ചെന്നപ്പോള്‍ രോഗിയോട് വ്യക്തമായി പറയാതെ കൂടെ വന്നവരെ ദീര്‍ഘ നേരം വിളിച്ച് ഡോക്ടര്‍ സംസാരിക്കുക കൂടി ചെയ്തുവെന്നിരിക്കട്ടേ വീണ്ടും ബേജാര്‍ കൂടുകയായി. എന്നാല്‍ മരണം ഉറപ്പായ ഏതാനും ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞപ്പോള്‍ അവരുടെ രോഗകാര്യത്തിലുള്ള ആശങ്ക അവസാനിച്ചതായി കണ്ടു.

നാം വേണ്ടത് നമുക്ക് ആശങ്ക തോന്നുമ്പോള്‍ അതിന് ന്യായമുണ്ടോ എന്ന് സൂക്ഷമമായി പരിശോധിക്കുകയാണ്. കാരണം മനശാസ്ത്രജ്ഞര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ഈ വിഷയത്തില്‍ രസകരമായ ചില വസ്തുതകള്‍ കണ്ടെത്തുകയുണ്ടായി. അതില്‍ പറയുന്ന കണക്കുകള്‍ ഇപ്രകാരമാണ്.

40%  പേരുടെ ആശങ്കള്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനെക്കുറിച്ചാണ്.

30% പേരുടെ ആശങ്കകള്‍ മനുഷ്യര്‍ക്ക് ഒരിക്കലും മാറ്റാന്‍ കഴിയാത്തതിനെക്കുറിച്ചാണ്.

12% പേരുടെ ആശങ്കകള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ചാണ്.

10% പേരുടെ ആശങ്കകള്‍ വളരെ നിസ്സാര കാര്യങ്ങളെക്കുറിച്ചാണ്.

8% പേരുടെ ആശങ്കകല്‍ക്ക് മാത്രമാണ് ശരിയായ ന്യായമുള്ളത്.  

ആശങ്കിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ആശങ്കപ്പെടുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ആശങ്കകള്‍ മിക്കവയും അനാവശ്യമായിരിക്കും. 80% മുതല്‍ 85% വരെ രോഗങ്ങള്‍ ആശങ്കയാകുന്ന മാനസിക സമ്മര്‍ദ്ദം വഴി ഉണ്ടായിത്തീരുന്നവയാണ്. 50% ശാരീരികമായ അസുഖങ്ങള്‍ക്ക് (Psychosomatic) ആശങ്കകള്‍  കാരണമാകുന്നു.

അമിതമായ ആശങ്കകള്‍ ദൂരീകരിക്കാനുള്ള വഴികള്‍

അമിതമായ ആശങ്കകള്‍ ഇല്ലാതാക്കാനും ആശങ്കകള്‍ മനസ്സിനെയും ശരീരത്തെയും മോശമായി സ്വാധീനിക്കാതിരിക്കാനും രണ്ട് വഴികളാണ് എനിക്ക് പറഞ്ഞുതരാന്‍ കഴിയുന്നത്. ഒന്ന് യുക്തിപരം രണ്ടാമത്തേത് വിശ്വാസ പരം.

ആശങ്കക്ക് യുക്തിപരമായ പരിഹാരം.

തന്നെ ആശങ്കക്ക് കാര്യമായ ന്യയമുണ്ടോ എന്ന് യുക്തിപൂര്‍വം പരിശോധിച്ചു നോക്കുന്നതാണ് ഒന്നാമത്തെ വഴി. ഇത് വിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഒരേ പോലെ പ്രയോജനം ചെയ്യും. അതിന് വേണ്ടി ആശങ്കപ്പെടുന്ന കാര്യത്തിലെ വസ്തുതകളെയും ധാരണകളെയും വേര്‍ത്തിരിക്കുക. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരു മദ്ധ്യവയ്കന്റെ ആശങ്ക നോക്കൂ.. അദ്ദേഹം പറയുന്നു. ബുദ്ധിപൂര്‍വകമല്ലാതെ ഒരു പാട് പദ്ധതികളില്‍ നിക്ഷേപിച്ച് എന്റെ ഭാഗ്യം എനിക്ക് നഷ്ടപ്പെട്ടു. എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ വളരെ താമസിച്ച് പോയി. ഞാനും എന്റെ കുടുംബവും ശേഷിച്ച കാലം പട്ടിണിയിലും ബുദ്ധിമുട്ടിലും കഴിയാനേ നിര്‍വാഹമുള്ളൂ..

ഈ മനുഷ്യന്റെ നിരാശയും പ്രയാസവും ഈ വരികളില്‍നിന്ന് വ്യക്തമാകും. ഇതില്‍ ഒരു വസ്തുതയും മൂന്ന് ധാരണകളുമാണ് നമ്മുക്ക് സൂക്ഷമവിശകലനത്തില്‍ കാണാന്‍ കഴിയുക. അദ്ദേഹം ചില പദ്ധതികള്‍ക്ക് വേണ്ടി പണം ചിലവാക്കി നല്ല ഒരു തുക നഷ്ടപ്പെട്ടുവെന്നത് മാത്രം വസ്തുതയാണ്. ബാക്കിയെല്ലാം ഊഹവും. 1. ഭാഗ്യം നഷ്ടപ്പെട്ടു. 2. ഇനിയൊരിക്കലും മെച്ചപ്പെടാന്‍ കഴിയാത്തവിധം താമസിച്ച് പോയി 3. ഞാനും എന്റെ കുടുംബവും ശേഷിച്ച കാലം ബുദ്ധിമുട്ടും. ഈ മൂന്ന് കാര്യങ്ങളും അദ്ദേഹത്തിന്റെ ധാരണകള്‍ മാത്രമാണ്. അദ്ദേഹം യഥാവിധി പ്രവര്‍ത്തിച്ചാല്‍ നിഷ്പ്രയാസം ഇനിയും പരിഹാരം കാണാവുന്ന പ്രശ്നങ്ങളാണിവ.

ആശങ്കിക്കുന്നവരുടെ ആശങ്കകളെ പരിശോധിച്ചാല്‍ ഇപ്രകാരം വസ്തുതകളും ധാരണകളും കൂടിക്കുഴച്ചത് കാണാം. അതില്‍നിന്ന് വസ്തുതകളെ പുറത്തെടുത്ത് ആശങ്കയുണ്ടാക്കിയ കാര്യങ്ങളില്‍ പരിഹാരം കണ്ടത്താന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

ആശങ്കകള്‍ക്ക് വിശ്വാസപരമായ പരിഹാരം

സര്‍വശക്തനായ ഒരു സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന വിശ്വാസമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അതിന്റെ അനിവാര്യമായ ചില വിശ്വാസങ്ങള്‍ അമിതമായ ആശങ്ക ഒഴിവാക്കാന്‍ അവരെ സഹായിക്കുന്നു. അഥവാ ദൈവം തങ്ങളുടെ കാര്യങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് സംഭവിക്കുന്നതെല്ലാം എന്ന ചിന്ത നിരാശ പിടികൂടാതെ ജീവിതം കഴിച്ചുകൂട്ടാന്‍ സഹായിക്കുന്നു. തനിക്ക് സംഭവിക്കുന്ന മോശമായ അവസ്ഥ ഒരു പരീക്ഷണമാണെന്നും അതില്‍ വിശ്വാസ പൂര്‍വം ഉറച്ച് നിന്ന് തരണം ചെയ്യുകയാണ് വേണ്ടതെന്നും ഒരു വിശ്വാസി മനസ്സിലാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക.

['ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ.' (57:22-24)]

അമിതമായ ആശങ്കകള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നു. മനുഷ്യനെ അങ്ങേ അറ്റം നിരാശനും രോഗിയുമാക്കുന്നു. സമ്പത്തും ആരോഗ്യവുമെല്ലാം അത്തരക്കാര്‍ക്ക് നിഷ്ഫലമായി ഭവിക്കുന്നു. അതിനാല്‍ ആശങ്കളെ തിരിച്ചറിയുക അമിതമായ ആശങ്കളെ തുടച്ചുകളയുക. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ