ഭക്ഷണത്തോടൊപ്പം അച്ചാറ് കൂട്ടാറുള്ളത് എങ്ങനെയാണ്? വളരെക്കുറച്ച്, അല്‌പമൊരു പുളി രുചിക്കാന്‍ മാത്രം; അല്ലേ...?
പ്രധാന ഭക്ഷണത്തെക്കാള്‍ അച്ചാറു കൂട്ടുന്നയാളെ കണ്ടാല്‍ നമുക്കെന്തുതോന്നും...? പക്വമതിയായ ഒരാളുടെ ലക്ഷണമല്ല അതെന്ന് ഉറപ്പാണ്.
ഇനി
നമ്മുടെയൊക്കെ ജീവിതത്തിലേക്ക് വരാം. ഈ ജീവിതം വളരെ പ്രധാനമാണ്. ഓരോ
സെക്കന്‍ഡും വിലപ്പെട്ടതാണെന്നു മാത്രമല്ല, അവയോരോന്നും ജീവിതത്തില്‍
ഒരിക്കല്‍ മാത്രമേ ലഭിക്കുന്നുള്ളൂ.
അങ്ങനെ
കുറെ സെക്കന്‍ഡുകള്‍ ചേര്‍ന്നതാണ്, അതീവ വേഗതയില്‍
തീര്‍ന്നുകൊണ്ടിരിക്കുന്ന ഈ ആയുഷ്‌കാലം. ജനനമെന്ന മൂന്നക്ഷരത്തിനും
മരണമെന്ന മറ്റൊരു മൂന്നക്ഷരത്തിനുമിടയില്‍ ജീവിതമെന്ന ഈ മൂന്നക്ഷരം കൊണ്ട്
നമുക്ക് നിര്‍വഹിക്കാനുള്ള ദൗത്യമാകട്ടെ ഏറെ ഗൗരവമുള്ളതാണുതാനും. പക്ഷേ,
എല്ലാവരും ജീവിക്കുന്നവരാണെങ്കിലും ജീവിതത്തെക്കുറിച്ച്
ആലോചിക്കുന്നവര്‍ വളരെക്കുറച്ചേയുള്ളൂ. ജീവിക്കുന്നത്ര എളുപ്പമല്ല
ജീവിതത്തെക്കുറിച്ച ആലോചന.
ഇമാം
ഗസ്സാലി(റ) ഉദ്ധരിക്കുന്ന ഒരു സാരോപദേശ കഥയുണ്ട്; വന്യമൃഗത്തിന്റെ
മുന്നില്‍ പെട്ട ഒരു യാത്രികന്‍ ജീവനും കൊണ്ടോടി കിണറ്റില്‍ ചെന്നു
വീഴുന്നു. വീഴുന്നതിനിടെ അയാള്‍ക്കൊരു വള്ളിയില്‍ പിടിക്കാന്‍
സാധിക്കുന്നു. കിണറ്റിലേക്ക് നോക്കുമ്പോള്‍ പാമ്പുകള്‍ ഇഴയുന്നു. മുകളില്‍
വന്യമൃഗവും. പിടികിട്ടിയ വള്ളിയതാ കറുത്തതും വെളുത്തതുമായ രണ്ട് എലികള്‍
കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു..! ഹൃദയം തകരുന്ന ഭയപ്പാടോടെ
തകര്‍ന്നുപോയ ആ നിമിഷത്തില്‍ ചുണ്ടിലേക്കുറ്റുന്ന മധുരമുള്ള ഏതാനും തേന്‍
തുള്ളിയില്‍ ആ മനുഷ്യന്‍ എല്ലാം മറക്കുന്നു. ജീവിത യാഥാര്‍ഥ്യങ്ങളെയെല്ലാം
വിസ്‌മരിച്ച അയാള്‍, തേന്‍ തുള്ളി നല്‍കിയ അല്‍പസുഖത്തില്‍ മുഴുകുന്നു.
മനുഷ്യരില്‍ അധികവുമിങ്ങനെയാണെന്ന് പറഞ്ഞ് ഇമാം കഥയവസാനിപ്പിക്കുന്നു.
നിമിഷരസങ്ങളുടെ
ആലസ്യത്തിലാണ് എക്കാലത്തെയും മനുഷ്യന്‍. അതീവ ജാഗ്രതയോടെ
നിര്‍വഹിച്ചുതീര്‍ക്കേണ്ട ആയുഷ്‌കാലത്തെ അലസഭാവത്തോടെ
എതിരേല്‍ക്കുന്നവര്‍. നിമിഷങ്ങളും ദിവസങ്ങളും വര്‍ഷങ്ങളും ജീവിത
പുസ്‌തകത്തില്‍ നിന്ന് കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും മുഖത്ത് വീഴുന്ന
ചുളിവും നെറുകില്‍ വിടരുന്ന നരയും തന്ത്രപൂര്‍വം മറച്ചുവെച്ച് വീണ്ടും
അല്‌പ സുഖങ്ങളുടെ പിന്നാലെ പായുന്നവര്‍..! മറ്റൊരു ലോകത്ത് നല്‍കാമെന്ന്
രക്ഷിതാവ് വാഗ്‌ദാനം ചെയ്‌ത സുഖങ്ങളെ മറന്ന് ഒറ്റ ജീവിതം കൊണ്ട്
എല്ലാം ആസ്വദിച്ച് അവസാനിക്കുന്ന അവിവേകികളാവുന്നു ഈ പാവം മനുഷ്യര്‍ .
എത്ര
കിട്ടിയാലും മതിവരാത്ത മനസ്സിന്റെ ആര്‍ത്തിയും ലഭ്യമായതിലൊന്നും
സംതൃപ്‌തമാകാത്ത ദുര്‍വിചാരങ്ങളും അത്യധികം സങ്കടകരമായ
പര്യവസാനത്തിലേക്കാണ് നമ്മെയെത്തിക്കുകയെന്ന് ഖുര്‍ആന്‍ എത്ര തവണയാണ്
പറഞ്ഞത്..! വരാനിരിക്കുന്ന ലോകത്തിന്റെ ഭയാനകതകളെ മുന്‍കൂട്ടി തന്നെ
പറഞ്ഞുതന്നിട്ടും ചുറ്റുമുള്ള അല്‍പരസങ്ങളിലേക്ക് നമ്മുടെയൊക്കെ മനസ്സ്
വഴുതിപ്പോകുന്നില്ലേ?
അത്യാവശ്യമല്ലാത്ത
പലതിലും പെട്ട്, അനിവാര്യമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനാവാതെ
നമ്മുടെ രാപ്പകലുകളിതാ തീര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ ദിവസത്തെയും
വിലയിരുത്തുമ്പോള്‍ കാര്യമായതൊന്നും കാണാനാവാതെ ഓരോ രാത്രിയും
കിടന്നുറങ്ങുന്നു. പുതിയൊരു പ്രഭാതം കൂടി ലഭിക്കുമ്പോഴും കാര്യങ്ങള്‍
പഴയതുപോലെ തന്നെ പിന്നെയും തുടരുന്നു. കര്‍മ പുസ്‌തകത്തില്‍
കനമുള്ളതൊന്നും ബാക്കിയാക്കാതെ കടന്നുപോകുന്നതിനിടയില്‍ വളരെപ്പെട്ടെന്നതാ
ജീവിത ഘടികാരം നിലച്ചുപോകുന്നു..! `രണ്ടുദിനങ്ങള്‍ ഒരേപോലെ ആയവന്‍
നഷ്‌ടക്കാരന്‍` എന്ന് അറബിയിലൊരു ചൊല്ലുണ്ട്. പുതിയതൊന്നുമില്ലാതെ ഒരു
പുതിയ ദിവസം, പുതിയ ശീലങ്ങളില്ലാതെ, പുതിയ തീരുമാനങ്ങളില്ലാതെ, പുതിയ
നന്മകളില്ലാതെ പുതിയ ദിവസവും പുതിയ വര്‍ഷവും കഴിഞ്ഞുപോകുന്നവര്‍
നഷ്‌ടക്കാര്‍ തന്നെയല്ലേ?
മഹാപണ്ഡിതനായിരുന്ന
ആമിറുബ്‌നു അബ്‌ദില്ല രോഗക്കിടക്കയിലായിരിക്കുമ്പോള്‍ വല്ലാതെ
കരയാറുണ്ടായിരുന്നുവത്രെ. അതിന്റെ കാരണമെന്തെന്ന് സുഹൃത്തുക്കള്‍
ചോദിച്ചപ്പോള്‍ ഉന്നതനായ ആ സത്യവിശ്വാസിയുടെ ഉത്തരമിങ്ങനെയായിരുന്നു;
`ഇഹലോകത്തോടുള്ള കൊതി കൊണ്ടോ മരിക്കാനുള്ള ഭയം കൊണ്ടോ അല്ല ഞാന്‍
കരയുന്നത്. മരണത്തിനു ശേഷമുള്ള എന്റെ യാത്രക്കാവശ്യമായ വിഭവങ്ങള്‍
എനിക്ക് കുറച്ചല്ലേയുള്ളൂവെന്ന ചിന്തയാലാണ് കൂട്ടുകാരേ എന്റെയീ
കണ്ണീര്‍. ഇറങ്ങിയും കയറിയുമിതാ എന്റെ ജീവിതയാത്ര തീരുകയാണ്.
സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കൊ എന്റെയീ യാത്ര..?!
ഭക്തനായി
ജീവിച്ച പണ്ഡിതനായിരുന്ന ആമിറുബ്‌നു അബ്‌ദില്ല ഈ ലോകത്തിന്റെ
വര്‍ണപ്പൊലിമയില്‍ നിന്ന് വിട്ടുനിന്നുള്ള ജീവതമായിരുന്നു നയിച്ചത്.
ബൈതുല്‍ മഖ്‌ദിസിലായിരുന്നു അവസാനകാലം ചെലവിട്ടത്. സ്വഹാബി പ്രമുഖന്‍
അബൂമൂസല്‍ അശ്‌അരിയുടെ പ്രിയങ്കരനായ ശിഷ്യനുമായിരുന്നു. ധാരാളം നന്മകള്‍
ചെയ്‌തിട്ടും ജീവിതത്തെ ആശങ്കയോടെ കാണുന്നു. ഇവിടുന്നു പോകുമ്പോള്‍
കാര്യമായൊന്നുമില്ല എന്ന ആധിയോടെ കരയുന്നു..! എങ്കില്‍ എത്രയെത്ര
കണ്ണീരില്‍ കുതിര്‍ന്നുപോകേണ്ടി വരും നമ്മളൊക്കെ..?
സുഖങ്ങളും
രസങ്ങളുമൊക്കെ ജീവിതത്തില്‍ വേണം. പക്ഷേ, അവയെല്ലാം അച്ചാറുപോലെ മതി.
ഭക്ഷണത്തെക്കാള്‍ അച്ചാറു കൂട്ടുന്നുണ്ടോ എന്ന് ഞാന്‍ എന്നെ
പരിശോധിക്കാം; നിങ്ങള്‍ നിങ്ങളെയും.
അവലംബം : ശബാബ് വീക്കിലി
അവലംബം : ശബാബ് വീക്കിലി
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ