യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2012, മേയ് 19, ശനിയാഴ്‌ച

നിങ്ങളിങ്ങനെയാണോ മക്കളെ കേള്‍ക്കാറുള്ളത് ?.

കഴിഞ്ഞ പോസ്റ്റില്‍ മകന്‍ എന്താണ് പിതാവിനോട് പറയാനുദ്ദേശിച്ചതെന്ന് മനസ്സിലാകണമെങ്കില്‍ ആ പിതാവ് ശ്രദ്ധിച്ച് കേള്‍ക്കണമായിരുന്നു. അതിന് പകരം മകന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ, നമ്മില്‍ മിക്കവരും വരുത്തുന്ന പിഴവ് അദ്ദേഹവും വരുത്തി. വൈകാരികമായ അടുപ്പം ഉണ്ടാകുന്നതിന് പകരം ആ സ്നേഹനിധിയായ പിതാവിന്റെ ബുദ്ധിപരമല്ലാത്ത കേള്‍വി അല്‍പം അകല്‍ചയാണ് ഉണ്ടാക്കിയത്. ഇനി നിങ്ങളുടെ മകനാണ് അത്തരം ഒരു ആവലാതിയുമായി സമീപിച്ചതെന്ന് കരുതൂ. ഒരു നല്ല  കേള്‍വിക്കാരനായ പിതാവാണ് താങ്കളെങ്കില്‍ എങ്ങനെ പ്രതികരിക്കണമായിരുന്നു എന്ന് നോക്കാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി."

"നിനക്ക് മനസ്സിലായി, അല്ലേ ? സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് നിന്റെ വിചാരം."

(മകന്‍ പറഞ്ഞതിന്റെ സാരാംശം നിങ്ങള്‍ ആവര്‍ത്തിച്ചു. വിലയിരുത്തുകയോ ഉപദേശിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്തില്ല. പരഞ്ഞതെന്തോ അത് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തതായി താങ്കളുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാക്കി. രണ്ട് വിധത്തില്‍ കൂടി ഇതിനോട്  ആരോഗ്യകരമായി പ്രതികരിക്കാം. )

"നിനക്ക് സ്കൂളില്‍ പോകാന്‍ ആഗ്രഹമില്ല." (ഇതിലൂടെ അവന്‍ പറഞ്ഞതിനെ വാക്കുകളില്‍ ഉള്‍കൊണ്ടുവെന്നാണ്  കാണിക്കുന്നത്. ഇത് മോന് തുടര്‍ന്നുള്ള സംഭഷണത്തിന് താല്‍പര്യം ഉണ്ടാക്കുന്നു. എന്നാല്‍ കുറെകൂടി നല്ല പ്രതികരണം താഴെ വരുന്നതാണ്)

"നിനക്ക് കനത്ത ആശാഭംഗം അനുഭവപ്പെടുന്നുണ്ട് ". (ഇവിടെ അവന്‍ പറയുന്നതിലെ വികാരങ്ങളെ നിങ്ങള്‍ ഉള്‍കൊള്ളുന്നു. താങ്കള്‍ അവന്‍ പറഞ്ഞ വാക്കുകളെക്കാള്‍ അവന്റെ വികാരത്തെക്കൂടി പരിഗണിക്കുന്നുവെന്ന ശക്തമായ സൂചന മോന് നല്‍കുന്നു. അല്‍പം കൂടി മെച്ചപ്പെടുത്തി ഇങ്ങനെയും പറയാം)

"സ്കൂള്‍ പഠനത്തെ സംബന്ധിച്ചിടത്തോളം നിനക്ക് കാര്യമായ ആശാഭംഗമുണ്ട്. "

"അതെ ഡാഡീ.. ഫലപ്രദമായ യാതൊന്നും അവിടെനിന്ന് പഠിക്കുന്നില്ല. ഞാന്‍ പറയുന്നത് ഹമീദിന്റെ കാര്യം നോക്കൂ, അവന്‍ പഠിത്തം മതിയാക്കി ജോലിക്ക് പോകാന്‍ തുടങ്ങി. ധാരാളം പണം സമ്പാധിക്കുന്നു." (ഓ.. ഇതാണ് നീ പറയാന്‍ കൊണ്ടുവന്നത് എന്ന് വിചാരിച്ച് മുന്നോട്ട് പോയാല്‍ താങ്കള്‍ അബദ്ധത്തില്‍ ചാടും. പകരം പറഞ്ഞതിന് മാത്രം പ്രതികരിക്കുന്നു)

"ഹമീദിന്റെ ആശയമാണ് ശരിയെന്ന് നിനക്ക് തോന്നുന്നു.... ഒരര്‍ഥത്തില്‍ ഹമീദ് ചെയ്യുന്നത് ശരിയാണ്. അവന്‍ പണമുണ്ടാക്കുന്നു. പക്ഷെ ഏതാനും വര്‍ഷം കഴിയുമ്പോള്‍ തന്നോട് തന്നെ വെറുപ്പ് തോന്നുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. "

"തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഹമീദിന് തോന്നുമെന്നാണോ ?"

"അല്ലാതെ നിവൃത്തിയില്ല. വിദ്യാഭ്യാസമില്ലാതെ ഈ ലോകത്ത് നിനക്ക് ഒന്നുമാകാനൊക്കില്ല."

"തീര്‍ച്ചയായും വിദ്യാഭ്യാസം പ്രധാനപ്പെട്ടതു തന്നെ."

"ങാ.. അതാണു ഞാന്‍ പറഞ്ഞത്. +2 പോലുമില്ലെങ്കില്‍ നിനക്ക് നല്ല ജോലി കിട്ടൂല. കോളേജില്‍ ചേരാനൊക്കൂല. പിന്നെ നീയെന്തു ചെയ്യും. നിനക്കു വിദ്യാഭ്യാസം കൂടിയേ തീരൂ. നിന്റെ ഭാവിക്ക് അത് വളരെ പ്രധാനമാണ്. "

"ഡാഡിക്കറിയുമോ എനിക്ക് ഒരു വിഷമമുണ്ട്. ഇന്നെനിക്കൊരു പരീക്ഷയുണ്ടായിരുന്നു. വായന... ഡാഡീ എനിക്ക് നാലാം തരത്തിലെ കുട്ടികളുടെ നിലവാരമേ ഉള്ളൂവെന്ന് അവര്‍ പറയുന്നു. നാലാം തരം.. ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ !"

(നേരാം വണ്ണം ശ്രദ്ധിച്ചത് കൊണ്ടുണ്ടായ ഗുണമാണിത്. ഇത് പറയാനും ആ വിഷമം പങ്കുവെക്കാനുമാണ് താങ്കളുടെ മകന്‍ ഇതുവരെ ശ്രമിച്ചതെന്ന് ഇപ്പോഴാണ് താങ്കള്‍ക്ക് പിടുത്തം കിട്ടിയത്.)

"ഞാന്‍ തോറ്റ് തൊപ്പിയിടും. തോല്‍ക്കുന്നതിനേക്കാള്‍  പിന്‍മാറലാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. എനിക്ക് പിന്‍മാറാന്‍ ആഗ്രഹമില്ല താനും."

"നിനക്കു പരാജയഭീതിയുണ്ട്. നീയൊരു ധര്‍മസങ്കടത്തിലാണ് ".

"ഞാനെന്തു ചെയ്യണമെന്നാണ് ഡാഡിയുടെ അഭിപ്രായം ?" (ഇത്രയുമായി കഴിഞ്ഞാല്‍ ഇനി നിങ്ങള്‍ക്ക് സ്നേഹപൂര്‍ണമായ ഉപദേശമോ നിര്‍ദ്ദേശമോ നല്‍കാം.)

ഈ സംഭാഷണം കേവലം ഉദാഹരണത്തിന് വേണ്ടി പറഞ്ഞുവെന്നേ ഉള്ളൂ. പലപ്പോഴും കേള്‍ക്കാനുള്ള നമ്മുടെ അക്ഷമ കാരണം പറയുന്നവര്‍ ഉദ്ദേശിക്കുന്നത് നാം കേള്‍ക്കാതെ പോകുന്നു. നാം തെറ്റായ നിഗമനത്തിലെത്തുകയും ആവശ്യമില്ലാതെ ഉപദേശം നല്‍കുകയും ചെയ്യുന്നു. ആരോഗ്യകരമായ വൈകാരിക നിക്ഷേപം നടത്തുന്നതിന് പകരം പിന്‍വലിക്കലാണ് അപ്പോള്‍ സംഭവിക്കുന്നത്. നമ്മുടെ മാത്രം കുറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നം. നാം മക്കളുടെ കുറ്റമായി കാണുകയും ആളുകളോട് മക്കള്‍ എന്നോട് സംസാരിക്കുന്നില്ലെന്ന് പരാതിപറയുകയും ചെയ്യുന്നു.

ഇതിനൊക്കെ ആര്‍ക്ക് എവിടുന്ന് സമയം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പിന്നെ നിങ്ങളുടെ സമയം എന്തിനാണ് നിങ്ങള്‍ ചെലവഴിക്കുന്നത്. നിങ്ങളുടെ കുടുംബത്തെയും സന്താനങ്ങളെയും കൊണ്ട് നിങ്ങളുദ്ദേശിക്കുന്ന സകലതും ആവിയാക്കി. അതേ ഉദ്ദേശ്യം ലക്ഷ്യം വെച്ച് പണം സമ്പാദിക്കാനോ ?.

അതെ. മനുഷ്യന്‍ അതേ വിഢിത്തമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പണമുണ്ടാക്കാന്‍ അവന് സമയമുണ്ട. അതോടൊപ്പം അല്‍പം കേള്‍ക്കാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ നല്ല സുഹൃദ്ബന്ധങ്ങളും, വൈകാരികവും ആരോഗ്യകരവുമായ കുടുംബബന്ധങ്ങളും സാധിക്കുമായിരുന്നു. കൂടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും സന്തോഷം നല്‍കുന്ന മഹത്തായ നേട്ടങ്ങളെ കേള്‍ക്കാനുള്ള അക്ഷമയിലൂടെ മനുഷ്യന്‍ സ്വയം ഇല്ലാതെയാക്കുന്നു.

ശ്രദ്ധയോടെ കേള്‍ക്കുന്നതിലൂടെ പലപ്പോഴും പുറത്ത് നിന്നുള്ള ഉപദേശം ആവശ്യമില്ലാത്തവിധം അവരുടെ സ്വന്തം പ്രശ്നങ്ങളെ അനാവരണം ചെയ്യുകയും ആ പ്രക്രിയയില്‍ തന്നെ പരിഹാരങ്ങള്‍ അവര്‍ക്ക് ദൃശ്യമാകുകയും ചെയ്യുന്നു.

ചിലപ്പോള്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ പുതിയ ഒരു ദര്‍ശനവും കൂടുതല്‍ സഹായവും ആവശ്യമായി വരും. ക്രമാനുഗതമായി ഉള്ളിതൊലിക്കുന്നതുപോലെയാണ് ഒരു വ്യക്തിയുടെ പ്രശ്നപരിഹാരം സാധ്യമാകുന്നത്. മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല.

(അവസാനിക്കുന്നില്ല)

2012, മേയ് 8, ചൊവ്വാഴ്ച

നിങ്ങള്‍ക്കെന്താ നിങ്ങളുടെ മക്കള്‍ പറയുന്നത് കേട്ടാല്‍ ?

ആശയവിനിമയം ഒരു മനുഷ്യന് നല്‍കപ്പെട്ട ഏറ്റവും സുപ്രധാനമായ കഴിവാണ്. 'മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംസാരമഭ്യസിപ്പിക്കുകയും ചെയ്തു' (55:2,3). 'ബയാന്‍ ' പഠിപ്പിച്ചുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യന് മാത്രം കഴിയുന്ന ചിന്തയും യുക്തിയും ഉള്‍കൊള്ളുന്ന ആശയവിനിമയമാണ് ബയാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഉണര്‍ന്നിരിക്കുന്ന സമയമത്രയും ഏറിയ കൂറും ആശയവിനിമയത്തിന് വേണ്ടി നാം ചെലവഴിക്കുന്നുവെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. 

എത്രയോ കാലം എഴുതാനും വായിക്കാനും നാം പഠിച്ചു. എന്നാല്‍ ഫലപ്രദമായ ആശയവിനിമയത്തിന് നാം എന്തെങ്കിലും ശ്രമം നടത്തിയോ?. കേള്‍ക്കാനുള്ള പരിശീലനം നിങ്ങള്‍ നേടിയിട്ടുണ്ടോ?. കേള്‍ക്കാനെന്തിന് പരിശീലനം എന്നായിരിക്കില്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. ആളുകള്‍ പറയുന്നത് നമുക്ക് കേള്‍ക്കാതിരിക്കാനാവില്ലെങ്കില്‍ , പിന്നെ ഈ ചോദ്യത്തിന് എന്തര്‍ഥം എന്നും നിങ്ങള്‍ ചിന്തിക്കാന്‍ സാധ്യതയുണ്ട്.

ഓരോ ദിവസവും എത്രയോ പേരെ നാം  കേട്ടുകൊണ്ടിരിക്കുന്നു. പക്ഷെ അത് അനുഭാവപൂര്‍മായ കേള്‍വിയായിരുന്നോ എന്നാലോചിച്ചു നോക്കുക. നിങ്ങളോട് പറയപ്പെട്ടതൊക്കെ യഥാവിധി കേട്ടു എന്ന് നിങ്ങള്‍ക്ക് ഉറപ്പ് പറയാനാകുമോ?.

നല്ല കേള്‍വി എന്നത് കാതുകൊണ്ടുമാത്രമല്ല.  അത് കേവലം 10 ശതമാനമേ വരൂ. നിങ്ങളുടെ ശരീരം തന്നെ കേള്‍ക്കുന്ന കാതാകുന്ന അവസ്ഥയാണ് ഞാനുദ്ധേശിക്കുന്നത്. നിങ്ങള്‍ കണ്ണുകൊണ്ടും ഹൃദയം കൊണ്ടും ശ്രവിക്കണം അല്ലെങ്കില്‍ ശ്രദ്ധിക്കണം. മുപ്പത് ശതമാനവും സംസാരിക്കുന്ന വാക്കുകള്‍ക്കുപരിയായ ശബ്ദവും 60 ശതമാനം ശരീരഭാഷയിലുടെയുമാണ് ആശയവിനിമയം നടത്തപ്പെടുന്നത്. സംസാരിക്കുന്ന ആളുടെ വികാരം കൂടി അറിഞ്ഞ് കേള്‍ക്കണം.

മുഹമ്മദ് നബിയെ സംബന്ധിച്ച് നിഷേധികള്‍ ഉന്നയിച്ച പ്രധാന ആരോപമായിരുന്നു, അദ്ദേഹം ആര് എന്ത് പറഞ്ഞാലും കേള്‍ക്കുന്ന ഒരു ചെവിയാണ് എന്നത്. ഖുര്‍ആന്‍ അതിന് മറുപടി പറഞ്ഞപ്പോള്‍ അക്കാര്യം നിഷേധിച്ചില്ല മാറിച്ച്. നിങ്ങള്‍ക്ക് വേണ്ടി നല്ലത് കേള്‍ക്കുന്ന ചെവിയാണ് അദ്ദേഹം എന്ന ചേര്‍ത്ത് പറയുകയാണുണ്ടായത്.

'അക്കൂട്ടരില്‍ പ്രവാചകനെ വാക്കുകള്‍കൊണ്ട് ദ്രോഹിക്കുന്ന ചിലരുമുണ്ട്. അവര്‍ പറയുന്നു: `ഇയാള്‍ വീണ്ടുവിചാരമില്ലാതെ ആരെന്തു പറഞ്ഞാലും കേള്‍ക്കുന്ന ഒരു കാതാണ്.`
പറയുക: `അദ്ദേഹം നിങ്ങളുടെ ഗുണത്തിനു വേണ്ടിയാണ് അങ്ങനെയായിട്ടുള്ളത്'....(9:61)

വേണ്ടത് ശ്രദ്ധയോടെയുള്ള കേള്‍വി:
നാല് കാര്യങ്ങള്‍ അനുഭാവപൂര്‍ണമായ കേള്‍വിക്ക് തടസ്സമായി തീരുന്നു. അത് നാം അറിയുന്നേയില്ല എന്നതാണ് ഏറെ പ്രയാസകരം. ശ്രദ്ധയോടെ കേള്‍ക്കേണ്ടതിന് പകരം നാല് രൂപത്തില്‍ നാം നമ്മോട് സംസാരിക്കുന്ന ഒരാളുടെ സംസാരത്തോട് പ്രതികരിക്കുന്നു.

1. വിലയിരുത്തുന്നു. (നമ്മള്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നു)

2. ചുഴിഞ്ഞ് നോക്കുന്നു (നമ്മുടെ സ്വന്തം ചട്ടക്കൂടിനുള്ളില്‍നിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അന്യായമായി നാം സംസാരിക്കുന്നവനിലേക്ക് ഇടിച്ചുകയറുന്നു.)

3. ഉപദേശിക്കുന്നു (നമ്മുടെ സ്വന്തം അനുഭവങ്ങളെ ആധാരമാക്കി ഉപദേശം നല്‍കുന്നു.)

4. വ്യാഖ്യാനിക്കുന്നു. (ആളുകളെ മനസ്സിലാക്കാന്‍ നമ്മുടെ സ്വന്തം ലക്ഷ്യങ്ങളെയും പെരുമാറ്റത്തെയും അടിസ്ഥാനമാക്കി അവരുടെ ലക്ഷ്യങ്ങളും പെരുമാറ്റങ്ങളും വിശദീകരിക്കാന്‍ ശ്രമിക്കുന്നു.)

കേട്ട് ഗ്രഹിച്ചതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചല്ല ഇത് പറയുന്നത്. മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ തന്നെ നാം ചെയ്യുന്ന ഒഴിവാക്കേണ്ട ചില പ്രതികരണങ്ങളാണിത്. ഇങ്ങനെ പറഞ്ഞാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. അതിനാല്‍ സ്റ്റീഫന്‍ ആര്‍ കൊവെ നല്‍കിയ സംഭാഷണം അല്‍പസ്വല്‍പം ഭേദഗതികളോടെ ഇവിടെ നല്‍കട്ടേ.

മിക്കവര്‍ക്കുമുള്ള പരാതിയാണ് എന്റെ മകന്‍ / മകള്‍ എന്നോട് കാര്യമായൊന്നും സംസാരിക്കുന്നില്ല എന്നത്. എങ്ങനെ അവര്‍ നിങ്ങളോട് സംസാരിക്കും മിക്കപ്പോഴും അവര്‍ നിങ്ങളോട് സംസാരിച്ചപ്പോള്‍ മുകളിലക്കമിട്ട് എഴുതിയ നാലാലൊരു പ്രതികരണം കൊണ്ട് അല്ലെങ്കില്‍ അവ മുഴുവന്‍ ഉപയോഗിച്ച് നിങ്ങളവരെ നിരുത്സാഹപ്പെടുത്തിയിരിക്കും. അവരെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാഭാവിക പ്രതികരണമാണ് താഴെ നല്‍കിയത് പോലുള്ള സംഭാഷണം.

"എങ്ങനെയുണ്ട് മോനേ ?"
"കൊള്ളാം."
"ഈയിടെയായി എന്തൊക്കെയാണ് വിശേഷങ്ങള്‍ ?"
"ഒന്നുമില്ല."
"സ്കൂളില്‍ രസകരമായ എന്തെങ്കിലും സംഭവം ?"
"കാര്യമായൊന്നുമില്ല."
"വാരാന്ത്യത്തില്‍ എന്തൊക്കെയാണ് നിങ്ങളുടെ പരിപാടി?"
"എനിക്ക് അറിഞ്ഞുകൂടാ. "

ഇത്തരം മറുപടി നിങ്ങള്‍ക്ക് ഇഷ്ടമാകുമോ? ഈ മറുപടിയാണോ നിങ്ങളുദ്ദേശിച്ചത് ? ആയിരിക്കാനിടയില്ല. എന്താണ് നിങ്ങളുടെ കുട്ടിക്ക് നിങ്ങളോടുള്ള പ്രശ്നം. അത് പറയാം.

മുമ്പെപ്പോഴോ നിങ്ങളുടെ മകന്‍കാര്യമായി നിങ്ങളോടൊരു കാര്യം പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് നിങ്ങളുടെ പ്രതികരണം അല്‍പം പാളിപ്പോയി. നിങ്ങളവനെ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല.

ഒരു പക്ഷെ അവന്‍ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാകാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി."
"എന്തുപറ്റിമോനേ...?" (ചുഴിഞ്ഞന്വേഷണം)
"എല്ലാം വെറുതെയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല."
"ഇപ്പോള്‍ നിനക്കതിന്റെ പ്രയോജനം മനസ്സിലാവൂല മോനേ.. നിന്റെ പ്രായത്തിന്‍ എനിക്കും അങ്ങനെ തോന്നിയിരുന്നു. പില്‍കാലത്ത് എനിക്കത് തിരുത്തേണ്ടിവന്നു. നീ ക്ലാസില്‍ പോകണം പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം." (ഉപദേശം)

ഇവിടെ ഡാഡി കുട്ടിയെ കേട്ടോ ? ഇല്ല അത് മനസ്സിലാകണമെങ്കില്‍ ആ കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കണം. അച്ഛന്റെ വാക്കുകളെ കുട്ടി എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി." (ഞാന്‍ ഡാഡിയോട് സംസാരിക്കാനാഗ്രഹിക്കുന്നു ശ്രദ്ധിച്ച് കേള്‍ക്കണം)
"എന്തുപറ്റിമോനേ...?" (നിങ്ങള്‍ക്ക് താല്‍പര്യമുണ്ട്... നല്ലത്)
"എല്ലാം വെറുതെയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല." (എനിക്ക് സ്കൂളില്‍ ചില പ്രശ്നമുണ്ട്. ഞാന്‍ വല്ലാതെ പരിഭ്രാന്തനായിരിക്കുന്നു.)
"ഇപ്പോള്‍ നിനക്കതിന്റെ പ്രയോജനം മനസ്സിലാവൂല മോനേ.. നിന്റെ പ്രായത്തിന്‍ എനിക്കും അങ്ങനെ തോന്നിയിരുന്നു. പില്‍കാലത്ത് എനിക്കത് തിരുത്തേണ്ടിവന്നു. നീ ക്ലാസില്‍ പോകണം പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം." (അരുത് ഡാഡീ. അത് ഡാഡിയുടെ പ്രശ്നം. എന്റെ പ്രശ്നമതല്ല. ഇക്കാര്യമല്ല ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചത്. ഇതല്ല എനിക്ക് വേണ്ട ഉപദേശം.)

കാര്യം മനസ്സിലാക്കുന്നതിന് മുമ്പ് നല്‍കപ്പെട്ട ഈ ഉപദേശം. അസ്ഥാനത്തായി പോയി. തുടര്‍ന്നുള്ള സംഭാഷണത്തെ അത് വല്ലാതെ തടസ്സപ്പെടുത്തിക്കളഞ്ഞു. എന്ത് അച്ഛനോട് പറയാനാഗ്രഹിച്ചുവോ അത് പറയാന്‍ സാധിക്കാതെ പോയി.

എന്തായിരുന്നു അവന്‍ പറയാന്‍ ആഗ്രഹിച്ചത്. അതിന് നാം അവനെ ശരിയായ വിധം കേള്‍ക്കണം. അത് എങ്ങനെയെന്ന് നോക്കാം... (തുടരും)

2012, മേയ് 5, ശനിയാഴ്‌ച

കേള്‍ക്കുക.. ശ്രദ്ധിച്ചുകേള്‍ക്കുക..

ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളില്‍ എഴുപത്തിഅഞ്ച് ശതമാനവും കേള്‍ക്കാന്‍ സന്നദ്ധമല്ലാത്തതിനാല്‍ ഉണ്ടായതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ ? നിങ്ങളുടെ ജീവിതത്തില്‍ നേരിടുന്ന ഒട്ടനേകം പ്രയാസങ്ങള്‍ നിങ്ങളുടെയോ നിങ്ങളുമായി ബന്ധപ്പെട്ടവരുടെയോ കേള്‍ക്കാനുള്ളകഴിവുമായി  ബന്ധപ്പെട്ടതാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിയോജിക്കുമോ ?


നമ്മുടെ ചുറ്റുപാടും ഉയരുന്ന പാരാതികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക.... പിതാവ് പറഞ്ഞത് മകന്‍ / മകള്‍ കേള്‍ക്കുന്നില്ല. മക്കള്‍ പറയുന്നത് പിതാവ് കേള്‍ക്കുന്നില്ല. ഭാര്യപറയുന്നത് ഭര്‍ത്താവ് കേള്‍ക്കുന്നില്ല. ഭര്‍ത്താവ് പറഞ്ഞത് ഭാര്യകേള്‍ക്കുന്നില്ല. നേതാക്കള്‍ പറയുന്നത് അനുയായികള്‍ കേള്‍ക്കുന്നില്ല. അനുയായികളുടെ ആവശ്യം നേതാക്കള്‍ ശ്രവിക്കുന്നില്ല. ജനങ്ങളുടെ ആവശ്യത്തിന് ഭരണകൂടം ചെവികൊടുക്കുന്നില്ല. നിയമപാലകരുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനം ശ്രവിക്കുന്നില്ല എന്നൊക്കെയല്ലേ.


ഒരു വിഷയത്തില്‍ ആരോട് പരാതി പറയണം എങ്ങനെ പറയണം എന്നീ കാര്യങ്ങള്‍ പലപ്പോഴും നമ്മെ അലട്ടാറില്ലേ. പല പരാതികളും ഉണ്ടാവുന്നത് തന്നെ ബന്ധപ്പെട്ട ചിലര്‍ കേള്‍ക്കാത്തത് കൊണ്ടല്ലേ.


കേവല കേള്‍വിയെക്കുറിച്ചല്ല ഞാന്‍ പറയാന്‍ പോകുന്നതെന്ന് വ്യക്തം. അത് എമ്പാടും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. പക്ഷെ ഇവിടെ നഷ്ടപ്പെടുന്നത് ശ്രദ്ധയോടെയുള്ള കേള്‍വിയാണ്. ആ കഴിവ് തന്നെയാണ് നമുക്കില്ലാതെ പോയത്. നാം വളര്‍ത്തിയെടുക്കേണ്ടതും ആ കഴിവാണ്.


കേള്‍വിയും കാഴ്ചയും ദൈവദത്തമായ രണ്ട് അനുഗ്രഹങ്ങളാണ്. കേവല കാഴ്ചയും കേള്‍വിയും എല്ലാ ജീവികള്‍ക്കുമുണ്ടെങ്കിലും മനുഷ്യന്റേത് പോലുള്ള കേള്‍വിയും കാഴ്ചയും ഇതര ജീവജാലങ്ങള്‍ക്ക് ഇല്ല. കേള്‍വിയുടെ കാര്യത്തില്‍ മനുഷ്യന്‍ മൃഗത്തില്‍നിന്ന് ഭിന്നനാകണം എന്നാണ് വേദം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. സത്യത്തെ നിഷേധിക്കുന്നവരും കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നാല്‍ അവരുടെ കേള്‍വി കാലികളുടെ കേള്‍വിയോട് സമാനമാണ്. ['ദൈവം കാണിച്ചുകൊടുത്ത മാര്‍ഗം പിന്തുടരാന്‍ വിസമ്മതിക്കുന്ന ജനങ്ങളുടെ അവസ്ഥ, വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളോട് ഇടയന്‍ ഒച്ചയിട്ടതുപോലെയാകുന്നു.' (ഖുര്‍ആന്‍ 2:171)]


കേള്‍വിക്കാര്‍ പലവിധം


1. കേള്‍ക്കുകയും എന്നാല്‍ കേട്ടത് ഗ്രഹിക്കുകയും ചെയ്യാത്തവര്‍ . (2:171)


2. കേള്‍ക്കുകയും  കേട്ടത് വക്രീകരിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നവര്‍ . (2:75)


3. കേള്‍ക്കുകയും ഗ്രഹിക്കുകയും നല്ലതിനെ പിന്‍തുടരകയും ചെയ്യുന്നവര്‍ . (39:18)


അടിസ്ഥാനപരമായി ഈ മൂന്ന് തരം കേള്‍വിക്കാരാണ് ഉള്ളത്. ഇവരെ ഇങ്ങനെ പ്രത്യേകം മുന്ന് ഗ്രൂപ്പാക്കി വര്‍ഗീകരിച്ച് മാറ്റിനിര്‍ത്താനാവില്ല. സന്ദര്‍ഭമനുസരിച്ച് നമ്മിലോരോരുത്തരും ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടുപോകാറുണ്ട്. എന്നാല്‍ മൂന്നാമത്തെ വിഭാഗത്തില്‍പെടുക അല്‍പം ശ്രമകരമായ കാര്യമാണ്. അതിന് നാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ.


ശരിയാണ് നാം കേള്‍ക്കാറുണ്ട് എന്തിന് വേണ്ടി ?. മനസ്സിലാക്കാന്‍ വേണ്ടി കേള്‍ക്കുന്നതിനേക്കള്‍ മറുപടി പറയാന്‍ വേണ്ടിയാണ് നാം കേള്‍ക്കുന്നത്. കേള്‍ക്കുന്നതെന്തും നാം സ്വന്തം നിദര്‍ശനങ്ങളിലൂടെ അരിച്ചെടുക്കുകയും തങ്ങളുടെ ആത്മകഥയിലൂടെ വായിക്കുകയും ചെയ്യുന്നു. സംസാരിച്ചുകൊണ്ടിരിക്കുക. അല്ലെങ്കില്‍ സംസാരിക്കാന്‍ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുക എന്നതല്ലേ നല്ല ഒരു കേള്‍വിക്കാരനാകുന്നതിനേക്കാള്‍ നാം ആഗ്രഹിക്കുന്നത്. ഈ ആഗ്രഹം തന്നെയാണ് നമ്മെ മോശം കേള്‍വിക്കാരാക്കുന്നതും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.


എന്തോ ഒരു കാര്യം പറയാന്‍ ഒരു സുഹൃത്ത് നമ്മെ സമീപിക്കുന്നു. അദ്ദേഹം പറയുന്നത് ഒരു വിഷമമാണ് എന്ന് നമുക്ക് അല്‍പം കേട്ടപ്പോള്‍ മനസ്സിലായി എന്നാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം. "ഹോ.. നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. എനിക്കും ഇതേ അനുഭവമുണ്ടായി അതിനെക്കുറിച്ച് ഞാന്‍ പറയാം.." എന്നായിരിക്കില്ലേ. ഇവിടെ നാം മോശം കേള്‍വിക്കാരനാവുകയാണ് ബോധപൂര്‍വമല്ലെങ്കിലും.


മക്കള്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന് പരാതിയുള്ളവര്‍ ഇക്കാലത്ത് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ ഏത് കല്‍പനകളും ശിരസാവഹിച്ച് അനുസരിച്ചിരുന്ന ശൈശവ ഘട്ടം കഴിഞ്ഞ് തങ്ങള്‍ക്കും ചില ആവശ്യങ്ങളും അഭിപ്രായങ്ങളുമുണ്ട് എന്ന് കരുതി തുടങ്ങുന്ന കൌമാര പ്രായക്കാരെക്കുറിച്ചാണ് പലപ്പോഴും പരാതി ഉയരുക. അത്തരക്കാര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ആദ്യം അവരെ കേട്ടിട്ടില്ല എന്നതാണ്. അതുകൊണ്ട് അവരുടെ ആവശ്യം നിങ്ങളറിഞ്ഞില്ല. അവരെ അറിയാത്തിനാല്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതോ അവര്‍ക്ക് മനസ്സിലാക്കുന്ന രൂപത്തില്‍ കല്‍പിക്കാനോ നിങ്ങള്‍ക്കായില്ല അതാണ് പ്രശ്നത്തിന്റെ മര്‍മം. ചുരുക്കി പറഞ്ഞാല്‍ മക്കള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന പരാതിയില്‍ മക്കള്‍ പറയുന്നത് നിങ്ങളിത് വരെ കേട്ടിട്ടില്ല എന്ന കുറ്റം സ്വയം അടങ്ങിയിട്ടുണ്ട്.

അനുഭാവപൂര്‍ണമായ കേള്‍വിക്കാരാവുകമറ്റൊരാളെ നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തെ അനുഭാവപൂര്‍വം കേള്‍ക്കുക മാത്രമാണ് മാര്‍ഗം. ഒരു മനുഷ്യന്‍ എന്നത് ആയാളുടെ ശരീരമല്ല. അയാളുടെ മനസ്സാണ്. അത് മനസ്സിലാകാനുള്ള ഏക മാര്‍ഗം അദ്ദേഹത്തിന്റെ മനോഭാവങ്ങള്‍ അറിയുക എന്നതാണ്. മനോഭാവങ്ങള്‍ ഏറ്റവും സത്യസന്ധമായി പ്രകടമാകുക പ്രസ്തുത വ്യക്തിയുടെ തുറന്ന സംസാരം ശ്രവിക്കുന്നതിലൂടെയാണ്. നമ്മുടെ സംഭാഷണങ്ങള്‍ കൂട്ടായ സ്വഗതഭാഷണങ്ങളാണ് എന്ന് പറയുന്നത് വളരെ ശരിയാണ്. നാം നമ്മുടെ സ്വന്തം ശരികുളും നമ്മുടെ ആത്മകഥകളും കൊണ്ട് മറ്റുള്ളവരെ അളന്ന് സംസാരത്തില്‍ മുഴുകുന്നു. മനുഷ്യരുടെ ഉള്ള് മനസ്സിലാക്കാന്‍ നാം ശ്രമിക്കുന്നില്ല. ചുരുക്കത്തില്‍ ആര്‍ക്കും ആരെയും മനസ്സിലാകുന്നില്ല. ഒരൊറ്റക്കാരണമേ അതിനുള്ളൂ. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് അവരുടെ ഭാഗത്ത് നിന്ന് നാം കേള്‍ക്കാന്‍ സന്നദ്ധമാകുന്നില്ല.


ഒരാളുടെ സംസാരത്തെ നമ്മുക്ക് അഞ്ച് രൂപത്തില്‍ നേരിടാം. 1. തീരെശ്രദ്ധിക്കാതെ അവഗണിക്കാം. 2. ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിനയിക്കാം  3. വിവേചനാ പൂര്‍വമായ ശ്രദ്ധിക്കല്‍ , അതായത് സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിക്കാം. 4. ഏകാഗ്രമായ ശ്രദ്ധ - പറയുന്ന വാക്കുകളില്‍ ശ്രദ്ധയും ഊര്‍ജ്ജവും കേന്ദ്രീകരിച്ച് - യും നമുക്ക് ആകാം. പക്ഷെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അവസാനം പറഞ്ഞവിധം കേള്‍ക്കാന്‍ കഴിയൂ.


ശ്രദ്ധയോടെയുള്ള കേള്‍വിയാണ് നാം ശീലിക്കേണ്ടത്. അനുഭാവപൂര്‍ണമായ കേള്‍വി എന്നും ഇതിനെ പറയാം. അഥവാ നമ്മുടെ സ്വന്തം ആത്മകഥയെ ഉയര്‍ത്തിക്കാട്ടി വിചാരങ്ങളെയും വികാരങ്ങളെയും ലക്ഷ്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം മറ്റൊരാളുടെ തലക്കകത്തും ഹൃദയത്തിലുമുള്ള യാഥാര്‍ഥ്യവുമായി  ഇടപെടുകയാണ് നല്ല കേള്‍വിക്കാരനാകുന്നതിലൂടെ നാം ചെയ്യുന്നത്. മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നാം ശ്രവിക്കുന്നു. മറ്റൊരു മനുഷ്യാത്മാവിന്റെ ആശയം പൂര്‍ണമായി ഉള്‍കൊള്ളാന്‍ നാം ജാഗരൂകനാകുന്നു.


ഇത്തരത്തിലുള്ള ഒരു കേള്‍വി വൈകാരികമായ അക്കൊണ്ടിലെ ഒരു കനത്ത നിക്ഷേപമാണ്. ഒരു സുഹൃത്തിനെ, പ്രയാസപ്പെടുന്ന ഒരു മനുഷ്യനെ, മക്കളെ, ഭാര്യയെ, ഭര്‍ത്താവിനെ, അനുയായിയെ, നേതാവിനെ നിങ്ങള്‍ ഇത്തരത്തിലൊന്ന് കേട്ടുനോക്കുക. നിങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള മതിപ്പും ബഹുമാനവും സ്നേഹവും പതിന്‍മടങ്ങ് വര്‍ദ്ധിക്കും. നിങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നുവെന്നതിന് പുറമെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമാനമാണിത്.


ഇനി നിങ്ങള്‍ നല്ലൊരു കേള്‍വിക്കാരനാകാന്‍ സന്നദ്ധമല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു നേതാവാകാനാകില്ല. നല്ലൊരു ഭര്‍ത്താവോ ഭാര്യയോ അകാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് നിങ്ങളെ അനുസരിക്കാനും. നിങ്ങള്‍ക്ക് നല്ല ഒരു സുഹൃത്താവാനാകില്ല. എന്നിരിക്കെ നമുക്ക് അല്‍പം ശ്രമിച്ചെങ്കിലും എന്തുകൊണ്ട് ഒരു നല്ല സ്രോതാവായിക്കൂടാ. സംസാരിക്കാനുള്ള ഒരു അവയവം തന്നപ്പോള്‍ കേള്‍ക്കാനുള്ള രണ്ട് ചെവികള്‍ നമുക്ക് നല്‍കിയത് കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയാണ് എന്ന് നമുക്ക് വ്യാഖ്യാനിച്ചു കൂടെ.


['....അതുകൊണ്ട് (പ്രവാചകാ) എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍ . ബുദ്ധിമാന്മാരും അവര്‍തന്നെ.' (ഖുര്‍ആന്‍  39:18) ]


(ഈ വിഷയത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം)