യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2012, മാർച്ച് 28, ബുധനാഴ്‌ച

ഒരു അപകടക്കാഴ്ച ഓര്‍മപ്പെടുത്തിയത്

കെ മുജീബുര്‍റഹ്മാന്‍

രണ്ടു ദിവസം മുമ്പാണ് സംഭവം. സമയം വൈകിയതിനാല്‍ ഉമ്മു സഈദില്‍ നിന്നും ദോഹയിലെ ഓഫിസിലേക്ക് തിരക്കിട്ട് മടങ്ങുകയായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ 'പൂഴിയിലെ കളികള്‍' കണ്ടുള്ള മടക്കം. ഇരുചക്ര, നാല്‍ചക്ര വാഹനങ്ങള്‍കൊണ്ട് മരുഭൂമിയുടെ 'കാല്‍വഴുതും പൂഴി'യില്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തിരുന്നു അവിടെ. ഒരു സാധാരണ മനുഷ്യന് 'ബേജാറാകാനുള്ള' സകലതും പൂഴിക്കളിക്കാര്‍ നടത്തുന്നുണ്ട്. ഈ കളികള്‍ കണ്ട ആവേശമായിരിക്കണം വാരാന്ത്യം ആഘോഷിക്കാനെത്തിയവരും പ്രത്യേകതരം വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പൂഴിക്കുന്നിലേക്ക് കുത്തനെ കയറ്റുന്നുണ്ട്. ചെങ്കുത്തായ പൂഴിമലയില്‍ നിന്നും വാഹനമിറക്കി കാഴ്ചക്കാരെ കോരിത്തരിപ്പിക്കുന്നുണ്ട്. വന്യമായ അറേബ്യന്‍ മരുഭൂമിയില്‍ പഴയ ഗോത്രനിവാസികള്‍ ഇതുപോലുള്ള നേരമ്പോക്കുകളായിരിക്കണം അവരുടെ കളികളായി തെരഞ്ഞെടുത്തിട്ടുണ്ടാവുക! പെട്രോള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ്, മോട്ടോര്‍ വാഹനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും ഏറെ മുമ്പ്, ബദുക്കള്‍ അവരുടെ പരമ്പരാഗത രീതിയില്‍ ഇതേപോലുള്ള സാഹസിക കളികള്‍ ആസ്വദിച്ചിരിക്കണം.

നേരം ഇരുട്ടിത്തുടങ്ങിയതുകൊണ്ട് യാത്രക്കാരില്‍ ഭൂരിപക്ഷവും മടങ്ങാനുള്ള തിരക്കിലായിരുന്നു. നേരിയതോതില്‍ ഗതാഗത സ്തംഭനം അനുഭവപ്പെടുന്നുണ്ടെങ്കിലും വാഹനങ്ങള്‍ക്ക് സുഗമമായി മുമ്പോട്ട് പോകാന്‍ കഴിയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അതിവേഗതയില്‍ (അമിത വേഗത എന്ന പദം ഗള്‍ഫ് രാജ്യങ്ങളില്‍ റോഡുകള്‍ ചേരില്ലെന്ന് തോന്നുന്നു) ഒരു ലാന്‍ഡ് ക്രൂയിസര്‍ ഞങ്ങളുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ മറികടന്നുകൊണ്ട് കടന്നുപോയത്. തിക്കിത്തിരക്കി പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങളെ ഒരു മാന്ത്രികന്റെ കൈയ്യടക്കം പോലെ നിഷ്പ്രഭമാക്കി ഇമചിമ്മുംവേഗത്തില്‍ പോയ ആ ലാന്‍ഡ് ക്രൂയിസറിനെ പിന്നീട് കാണാനാവുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. എന്നിട്ടും നിമിഷങ്ങള്‍ക്കകം അതിനെ നേരില്‍കാണേണ്ടി വന്നു. ഒരു ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞ് ചളുങ്ങിപ്പോയ നിലയില്‍ കണ്ട ആ വാഹനത്തിലെ നാല് യാത്രക്കാരും തെറിച്ചുവീണ് ദാരുണമായി മരിച്ചിരുന്നു. അവര്‍ മരണത്തിലേക്കായിരുന്നുവോ ഇത്രയും വേഗത്തില്‍ വാഹനം ഓടിച്ചു പോയത്... ആയിരിക്കാം.

ഭീകരമായ ഒരു അത്യാഹിതം മുമ്പില്‍ കണ്ടതോടെ വാഹനം ഒതുക്കിയിട്ട് തിരക്കിട്ട് ഇറങ്ങിനോക്കി. അപ്പോഴേക്കും നിരവധി വാഹനങ്ങള്‍ അവിടെ എത്തി നിര്‍ത്തിയിട്ടിരുന്നു. വല്ലാത്ത കാഴ്ചയായിരുന്നു അത്. എങ്കിലും ഒരു അപടകത്തിന്റെ അറേബ്യന്‍ രീതികളും മലയാളി കാഴ്ചപ്പാടുകളും താരതമ്യപ്പെടുത്താതെ വയ്യ. അതിനുവേണ്ടിയാണ് ഈ അപകടത്തെ കുറിച്ച് ഇത്രയും വിശദീകരിച്ചത്.

അത്യന്താധുനിക സൗകര്യങ്ങള്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് പൊതുവെ അറബികള്‍. സിഗ്നല്‍ കിട്ടാനായി വാഹനത്തില്‍ കാത്തിരിക്കുമ്പോള്‍ പോലും അവര്‍ മൊബൈല്‍ സ്‌ക്രീനിലായിരിക്കും ശ്രദ്ധിക്കുന്നുണ്ടാവുക. ചെവിയില്‍ ഇയര്‍ഫോണ്‍, സ്റ്റിയറിംഗിനോടൊപ്പം ഒരു കൈയ്യില്‍ ഒതുക്കിപ്പിടിച്ച മൊബൈല്‍ ഫോണ്‍, മറു കൈയ്യില്‍ എരിയുന്ന സിഗരറ്റ്, അതിവേഗത്തിലുള്ള യാത്ര... ഇങ്ങനെ എത്രയോ പേരെ ഓരോ ദിവസവും അറേബ്യന്‍ തെരുവുകളില്‍ കാണാന്‍ സാധിക്കും. മികച്ച വാഹനങ്ങളും മികച്ച റോഡും ലൈസന്‍സ് അനുവദിക്കുന്നതിലെ കണിശതയുമൊക്കെ കൊണ്ടായിരിക്കണം അപകടങ്ങള്‍ അത്രയേറെയൊന്നും സംഭവിക്കാത്തത്. സംഭവിക്കുന്ന അപകടങ്ങളിലാവട്ടെ, ഒന്നുകില്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ മരിച്ചുപോകും, അല്ലെങ്കില്‍ പിന്നീടൊരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരാത്ത അവസ്ഥയായിപ്പോവും.  മുഴുവന്‍ സമയവും ഇന്റര്‍നെറ്റിലോ എസ് എം എസിലോ ഫേസ് ബുക്കിലോ ആവണം ഇവരൊക്കെ. എന്നിട്ടും നാലുപേര്‍ ദാരുണമായി മരിച്ച ഒരു അപകടം നേരിട്ടുകണ്ട ഒരാളുടെ പോലും കൈ മൊബൈല്‍ ഫോണിലെ ക്യാമറയിലേക്ക് പോയിരുന്നില്ല. വളരെ ജാഗ്രതയോടെയായിരുന്നു അവര്‍ എല്ലാവരും പെരുമാറിയത്.

നമ്മുടെ നാട്ടില്‍ ഒരു അപകടം കണ്ടാല്‍ ആദ്യം മൊബൈല്‍ ക്യാമറയാണ് ഓണ്‍ ആക്കുക. ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യും. എന്നിട്ടു മാത്രമേ അപകടത്തിനിരയായ ആളെ ശ്രദ്ധിക്കുകയുള്ളു. അയാളെ കുറേ സമയം നോക്കിനിന്ന്, ഇത് എന്റെ കടമയല്ലെന്ന മട്ടില്‍ പൊലീസിനേയും ആംബുലന്‍സിനേയും ഫോണ്‍ വിളിച്ച് ദൂരെ മാറി നിന്ന് വീക്ഷിക്കും. എല്ലാം കഴിഞ്ഞാല്‍ പൊലീസെത്താന്‍ വൈകിയേ, ആംബുലന്‍സ് സമയത്ത് വന്നില്ലേ എന്ന് വലിയ വായില്‍ വിളിച്ചുകൂവി വിമര്‍ശനത്തിന്റെ അനന്ത സാധ്യതകളില്‍ അഭിരമിക്കും.

പക്ഷേ, ഉമ്മുസഈദിനും ദോഹയ്ക്കും ഇടയിലുള്ള വിജനപ്രദേശത്ത് നടന്ന അപകടത്തിന് ഈ ദുരന്തങ്ങളൊന്നും അനുഭവിക്കേണ്ടി വന്നില്ല. ആദ്യമാദ്യം എത്തിയവര്‍, അപകടത്തില്‍പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് തുനിഞ്ഞിറങ്ങിയത്. 999 നമ്പറില്‍ വിളിച്ച് ആംബുലന്‍സിനെ വിവരം അറിയിച്ചു. ലാന്‍ഡ് ക്രൂയിസറിലുള്ള നാലുപേരും മരിച്ചെന്ന് ഉറപ്പായതിനാല്‍ തങ്ങളുടെ ദേഹത്തുള്ള മേല്‍ വസ്ത്രങ്ങള്‍കൊണ്ട് അവയെല്ലാം പുതപ്പിച്ചു. അപകടത്തില്‍ പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ക്ക് വെള്ളം നല്കി. കാലിലെ മുറിവ് ആരോ ഒരാള്‍ തന്റെ കൈയ്യിലുള്ള തുണി ഉപയോഗിച്ച് കെട്ടിക്കൊടുത്തു. എല്ലാവരും മൃതദേഹങ്ങളോട് ആദരവ് പുലര്‍ത്തി. ആരും ബഹളം വെക്കുകയും ഉറക്കെ സംസാരിക്കുകയോ ചെയ്തില്ല. പൊലീസും ആംബുലന്‍സും എത്തുന്നതിനിടയില്‍, ലാന്‍ഡ് ക്രൂയിസറില്‍ വേറെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. വാഹനത്തിന് അകത്തുള്ള സാധനങ്ങള്‍ പുറത്തെടുത്തു വെച്ചു.  അപകടം നടന്ന് 15 മിനുട്ട് പൂര്‍ത്തിയാകുമ്പോഴേക്കും പൊലീസും ആംബുലന്‍സും എത്തിയിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ എല്ലാവരേയും പരിശോധിച്ച് മരണം ഉറപ്പുവരുത്തി. പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി. ട്രക്കില്‍ മറ്റാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഉറപ്പു വരുത്തി.

നമ്മള്‍ നാട്ടില്‍ ചെയ്യുന്ന കാര്യങ്ങളെ ഇതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോഴാണ് സംസ്‌ക്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളി ചൂളിപ്പോവുക. ബസ്സും കാറും കൂട്ടിയിടിച്ചാല്‍ ബസ് ഡ്രൈവറേയും കണ്ടക്ടറേയും കയ്യേറ്റം ചെയ്യുകയെന്നത് നാട്ടിലെ പ്രധാന കലാപരിപാടിയാണ്. അപകടം നടന്നയുടന്‍ ബാക്കിയുള്ള ജീവനുംകൊണ്ട് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെടുകയെന്നതാണ് ആദ്യം നടക്കുന്ന പ്രവര്‍ത്തനം. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടാലും നാട്ടുകാരുടെ കൈക്കരുത്തില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്ന് അവര്‍ക്കറിയാം.

ഞങ്ങളുടെ മുമ്പില്‍ കണ്ട അപകടത്തില്‍ തെറ്റും ശരിയും ആരും നോക്കുന്നുണ്ടായിരുന്നില്ല. അപകടത്തില്‍പ്പെട്ടവര്‍ മുഴുവന്‍ മനുഷ്യരാണ് എന്നത് മാത്രമായിരുന്നു ആദ്യപരിഗണന. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ആവശ്യമായ രീതിയിലുള്ള പരിചരണങ്ങള്‍ നല്കാനായിരുന്നു കൂടിനിന്നവര്‍ മുഴുവന്‍ ശ്രദ്ധിച്ചത്. പൊലീസും ഡോക്ടറും എത്തിയതോടെ ആളുകള്‍ അവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു. മാറി നില്‍ക്കാന്‍ പൊലീസുകാരന്‍ സൗമ്യമായി ആവശ്യപ്പെട്ടതേയുള്ളു, അപ്പോഴേക്കും എല്ലാവരും പിറകോട്ടു മാറി അനുസരണ കാണിച്ചു. സമയം വൈകാതെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലാന്‍ഡ് ക്രൂയിസറും ട്രക്കും കൂട്ടിയിടിച്ച് അറബ് വംശജരെന്ന് സംശയിക്കുന്ന നാലുപേര്‍ മരിച്ചു എന്ന വാര്‍ത്തയോടെ പിറ്റേ ദിവസം പത്രം പുറത്തിറങ്ങി. അവര്‍ ആരാണെന്നോ അവരുടെ കുടുംബങ്ങളുടെ സെന്റിമെന്റല്‍ സ്റ്റോറി എന്താണെന്നോ ആരും അന്വേഷിച്ചു പോയില്ല. ഇവിടെ അതിന്റെ ആവശ്യവുമില്ല.

മരണം ജീവിതത്തിന്റെ ഭാഗമാണെന്ന് ആരെക്കാളും നന്നായി അറിയുന്നവരാണ് അറബികള്‍. നമ്മള്‍ ഇന്ത്യക്കാര്‍, ജീവിതത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കായാണ് മരണത്തെ കാണുന്നത്. എന്നാല്‍ അറബികള്‍ക്കാവട്ടെ ഒരു ജീവിതത്തില്‍ നിന്നും അടുത്ത ജീവിതത്തിലേക്കുള്ള ചുവടുമാറ്റം മാത്രമാണ് മരണം.  ഈയിടെ കണ്ട ഒരു ഹ്രസ്വ ചിത്രത്തില്‍ ഇങ്ങനെയൊരു സംഭാഷണമുണ്ട്: 'വേണമെങ്കില്‍ നമുക്കെല്ലാം ജീവിക്കാതിരിക്കാം, പക്ഷേ, മരിക്കാതിരിക്കാനാവില്ല.' ഒരുപക്ഷേ, ലോകത്ത് ഈ കാര്യം ഏറ്റവും നന്നായി അറിയുന്നവര്‍ അറബികളായിരിക്കണം. അതുകൊണ്ടുതന്നെയാവണം അവര്‍ മരണം 'ആഘോഷിക്കാത്തതും'.

കടപ്പാട് : വര്‍ത്തമാനം ദിനപത്രം.

2012, മാർച്ച് 12, തിങ്കളാഴ്‌ച

അവര്‍ അവഗണിക്കപ്പെടേണ്ടവരല്ല.

തീര്‍ച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം ഇവിടെ ഷെയര്‍ ചെയ്യുന്നു...

ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്ത ഡോക്യുമെന്‍ററിയുടെ കഥ ഇതാണ്. വീട്ടിലെ ഉദ്യാനത്തിലിരുന്ന് ഗൗരവമായ വായനയിലേര്‍പ്പെട്ട യുവാവ്. അരികില്‍ പ്രായംചെന്ന അച്ഛന്‍. എവിടെനിന്നോ ഒരു കുരുവി പറന്നെത്തുന്നു. കൗതുകത്തോടെ, കുരുവിയെനോക്കിനില്‍ക്കുന്ന അച്ഛന്‍ മകനോട് ചോദിച്ചു: ‘അതെന്താണ്?’ ആദ്യം അവഗണിച്ചെങ്കിലും പിന്നീട് നീരസത്തോടെ വായനയില്‍നിന്നു തലയുയര്‍ത്തി മകന്‍ പറഞ്ഞു: ‘കുരുവി.‘കുരുവിയെ കണ്ണെടുക്കാതെ നോക്കിയിരുന്ന അച്ഛന്‍ അല്‍പസമയത്തിനുശേഷം പിന്നെയും ചോദിച്ചു: ‘എന്തായിരുന്നു?‘ ആവര്‍ത്തനം അസഹനീയമായിത്തോന്നിയ മകന്‍ ഉറക്കെ: ‘കുരുവി. എന്താ, മനസ്സിലായില്ലേ.... ഒച്ചയുയര്‍ത്തിയ ആ മറുപടിയില്‍ ഒന്ന് അമ്പരന്നെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ അത് മറന്ന് വീണ്ടും കുരുവിയില്‍ ലയിച്ച അച്ഛന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു: ‘എന്താമോനേ അത്?‘ ‘ഇത് വല്ലാത്തൊരു ശല്യമായല്ളോ. ഒന്നെണീറ്റു പോകുന്നുണ്ടോ മിനക്കെടുത്താതെ?’-മകന്‍ പൊട്ടിത്തെറിച്ചു. എഴുന്നേറ്റ് വീട്ടിനകത്തേക്കു പോയ അച്ഛന്‍ ഒരു പഴയ പുസ്തകവുമായി തിരിച്ചുവന്നു. അതിലെ താളുകള്‍ മറിച്ചു മകന് നേരെ നീട്ടി ഉറക്കെ വായിക്കാന്‍ പറഞ്ഞു. കൗതുകത്തോടെ മകന്‍ അതിങ്ങനെ വായിച്ചു: ‘ഇന്നെന്‍െറ മകന്‍െറ മൂന്നാം പിറന്നാളാണ്. ഞാനും അവനും ഉദ്യാനത്തിലെ ബെഞ്ചിലിരിക്കുകയായിരുന്നു. അവിടേക്ക് പറന്നെത്തിയ കുരുവിയെ ചൂണ്ടി അവന്‍ ചോദിച്ചു: ‘അതെന്താണ്’. ഞാന്‍ പറഞ്ഞു: ‘അതാണ് കുരുവി’. 23 പ്രാവശ്യം അവന്‍ ആ ചോദ്യം ആവര്‍ത്തിച്ചു. ഓരോ തവണയും സന്തോഷത്തോടെ ഞാന്‍ ഉത്തരം പറഞ്ഞു. ഓരോ തവണ പറയുമ്പോഴും ഞാന്‍ അവന്‍െറ ഇരുകവിളുകളിലും ഉമ്മവെച്ചുകൊണ്ടിരുന്നു’. വായന നിര്‍ത്തിയ മകന്‍ വൃദ്ധനായ അച്ഛനെ ഒരു നിമിഷം നോക്കി നില്‍ക്കുന്നു. അപ്പോഴും അച്ഛന്‍ കുരുവിയെ നോക്കിയിരിക്കുകയായിരുന്നു. മകന്‍ അച്ഛനെ കെട്ടിപ്പിടിച്ച് മൂര്‍ധാവില്‍ ചുംബിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് മൂത്രമൊഴിക്കാന്‍ ട്യൂബിട്ടു കിടക്കുന്ന ഒരമ്മയെ പരിചരിക്കാന്‍ പാലിയേറ്റിവ് കെയര്‍ വളണ്ടിയറായി ചെന്നതായിരുന്നു. സുഖവിവരങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും പറഞ്ഞ് ട്യൂബ് മാറ്റി വേഗം വരാമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ ആ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. പെട്ടെന്നാണ് അവരുടെ മകള്‍ മുറിയിലേക്ക് കടന്നുവന്നത്. മുഖവുരയൊന്നും കൂടാതെ അവര്‍ പറഞ്ഞു തുടങ്ങി: ‘മൂത്രത്തിന് ഭയങ്കര നാറ്റം. രണ്ടു തുള്ളി നിലത്ത് ഇറ്റിയാല്‍ വീട് മൊത്തം നാറും. ഞങ്ങള്‍ക്ക് മര്യാദക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍പോലും പറ്റുന്നില്ല’. ഇതുകേട്ടതില്‍ പിന്നെ ആ അമ്മയുടെ മുഖത്തുനോക്കാനുള്ള ശക്തിപോലുമില്ലാതെ വേഗം പുറത്തുകടക്കുകയായിരുന്നു. മുറ്റത്തിറങ്ങിയ ശേഷം ഒപ്പം വന്ന സുഹൃത്ത് മകളെ പുറത്തേക്ക് വിളിച്ച് പറഞ്ഞു: ‘അമ്മയുടെ അടുത്തുവെച്ച് ആ പറഞ്ഞതൊട്ടും ശരിയായില്ല. പണ്ട് നിങ്ങള്‍ ആ മടിയില്‍ ഒരുപാട് മൂത്രമൊഴിച്ചത് സന്തോഷത്തോടെ തുടച്ചുകളഞ്ഞവരാണ് അവര്‍. അത് മറക്കേണ്ട’. ഒരല്‍പം ദയ, കാരുണ്യം മക്കളില്‍നിന്നു കിട്ടാന്‍ കടമകളെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കാന്‍, കടപ്പാടിന്‍െറ കണക്കുകള്‍ ഡയറിയിലെഴുതി സൂക്ഷിക്കാന്‍ മറന്നുപോയ നിസ്സഹായരായ ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. എല്ലാറ്റിനെയും ലാഭനഷ്ടങ്ങളെ മുന്‍നിര്‍ത്തി മാത്രം നോക്കിക്കാണുന്ന പുതിയ തലമുറ പ്രായംചെന്നവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന സമയവും പണവും നഷ്ടമാണെന്നും അതില്‍ റിട്ടേണ്‍ ഒന്നുമില്ളെന്നും ധരിച്ച് അവരെ പാടെ അവഗണിക്കുന്നു. കാലം ഒരുനാള്‍ അതേ വേഷം തനിക്ക് സമ്മാനിക്കുമ്പോള്‍ ഇതിലും ഭീതിദമാവും അവസ്ഥയെന്ന് ആരും ചിന്തിക്കുന്നില്ല.

വീട്ടില്‍ പ്രായം ചെന്നവരോട് പരുഷമായേ പലരും പെരുമാറുന്നുള്ളൂ. മക്കളുടെ ഹിതമനുസരിച്ച് ജീവിക്കാന്‍ അഭിപ്രായം പറയാതെ, ഇടപെടാതെ, മിണ്ടാതെ ഒരിടത്തടങ്ങിയിരിക്കാന്‍ അവരെ പഠിപ്പിക്കുന്നു. ‘ഇത് ഒരു ആശുപത്രിപോലെയാണ്. സമയത്തിന് മരുന്ന് തരും. എന്നോടൊന്നു സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല’-സ്ഥിരമായി കേള്‍ക്കുന്ന പരിഭവമാണിത്. സമൂഹം പഴിചാരാതിരിക്കാന്‍ വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കാത്ത ചില വിശാലമനസ്കരുണ്ട്. പക്ഷേ, അവരുടെ വീട്ടിലെ സ്ഥിതിയറിഞ്ഞാല്‍ തോന്നും അതിലും ഭേദം വൃദ്ധസദനമായിരുന്നു എന്ന്. ‘മനുഷ്യന്‍ ആകപ്പാടെ കാണുന്ന ഒരു റിയാലിറ്റി ഷോ തുടങ്ങുമ്പോഴേക്കും വിളി തുടങ്ങും. ഒരു സൈ്വരവും സ്വസ്ഥതയും തരില്ലാന്നുവെച്ചാ എന്താ ചെയ്യ്വാ... മിണ്ടാതിരിക്ക്, ഇതൊന്നു കഴിയട്ടെ’. പേരക്കുട്ടികളുടെ മുമ്പില്‍വെച്ച് മക്കള്‍/മരുമക്കള്‍ ഇങ്ങനെ ആട്ടുമ്പോള്‍ ഈ ജന്മത്തില്‍ ഇനിയൊന്നിനും വിളിക്കാതിരിക്കാന്‍ ആ വിതുമ്പുന്ന മനസ്സ് ശ്രമിക്കും. പക്ഷേ, നിസ്സഹായത ബോധ്യപ്പെടുമ്പോള്‍ വിളിക്കുകയല്ലാതെ അവരെന്തു ചെയ്യും.

‘കണ്ണു കാണില്ല, മര്യാദക്ക് ചെവികേള്‍ക്കില്ല. എന്നാല്‍ ആരെങ്കിലും വന്നാല്‍ ഉടനെ തപ്പിത്തടഞ്ഞ് മുന്നിലെത്തും. എല്ലാമറിയണം- ആരാ, എന്തിനാ..... അകത്തെങ്ങാനും അടങ്ങിയിരിക്കാന്‍ എത്രപറഞ്ഞാലും കേള്‍ക്കില്ല. മനുഷ്യനെ നാണം കെടുത്തിയേ അടങ്ങൂ എന്ന് കരാറെടുത്തപോലെയാണ്’. ആളുകളുടെ മുന്നില്‍വെച്ച് മകന്‍െറ/മകളുടെ ഈ കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ മനസ്സ് ശപിക്കാനിടയില്ല. ഈയിടെ കേരളത്തില്‍ 50സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേ തുറന്നുകാട്ടുന്നത് മലയാളി ഊറ്റംകൊള്ളുന്ന കുടുംബബന്ധങ്ങളുടെ പൊള്ളത്തരമാണ്. വീട്ടില്‍ പ്രായം ചെന്നവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ ആറ് ശതമാനമാണ്. അവരോട് ദിവസവും എന്തെങ്കിലും സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ വെറും നാലുശതമാനം. അവരെ പുറത്തുകൊണ്ടുപോകുന്നവര്‍ മൂന്നു ശതമാനമാണ്. മലയാളിക്ക് എവിടെയാണ് പിഴച്ചത്? വിവര സാങ്കേതിക നേട്ടങ്ങള്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍.. മലയാളിയെ ആകെ മാറ്റിമറിച്ചിരിക്കുന്നു. മക്കളെ ഡോക്ടറോ എന്‍ജിനീയറോ ആക്കി പണസമ്പാദന മേഖലകളിലേക്ക് എത്തിക്കുന്ന മാര്‍ഗം മാത്രമായി വിദ്യാഭ്യാസത്തെ മലയാളി നിര്‍വചിച്ചിരിക്കുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആവശ്യമായ സമ്പത്ത് ഉണ്ടാക്കി നല്‍കലാണ് രക്ഷിതാവിന്‍െറ കടമയെന്ന് മലയാളി വിശ്വസിക്കുന്നു. നല്ല സ്വഭാവമോ സംസ്കാരമോ സാമൂഹികപ്രതിബദ്ധതയോ അല്ല; സമ്പത്താണ് മാന്യതയുടെ മാനദണ്ഡമെന്ന് പുതിയ തലമുറയെ പഠിപ്പിക്കുന്നു. സ്വഭാവരൂപവത്കരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാതെ സാമ്പത്തികസുസ്ഥിതിക്കുള്ള മത്സരമാണ് വിദ്യാഭ്യാസത്തിന്‍െറ അടിസ്ഥാന ലക്ഷ്യമെന്ന തെറ്റായ മനോഭാവം മലയാളിയുടെ സാംസ്കാരിക ജീര്‍ണതക്ക് തുടക്കമിടുന്നു.

സ്ഥിരമായി സന്ദര്‍ശിക്കാറുള്ള വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് എപ്പോഴും ഒരേ കാര്യമേ പറയാനുള്ളൂ. കേള്‍ക്കാന്‍ ഒരാളെ കിട്ടുമ്പോള്‍ അവര്‍ക്ക് സന്തോഷമാണ്. ഒരാള്‍ എപ്പോഴും പറയുക മകളുടെ മകനെക്കുറിച്ചാണ്. ഉന്നതപദവിയിലിരിക്കുന്ന ചെറുമകനെക്കുറിച്ച് പറയുമ്പോള്‍ കണ്ണില്‍ അഭിമാനത്തിന്‍െറ തിളക്കം കാണാം. ഒരു വൈകുന്നേരം ടി.വി റൂമില്‍ ഇരിക്കുമ്പോള്‍ ടി.വിയില്‍ ഒരു ചര്‍ച്ച. ഏതോ കനപ്പെട്ട വിഷയമാണ്. പെട്ടെന്ന് ആ അമ്മ ചാടിയെഴുന്നേറ്റു: ‘അതാ എന്‍െറ മോന്‍!’ നോക്കുമ്പോള്‍ സാംസ്കാരിക ജീര്‍ണതകളെക്കുറിച്ച് വിലപിക്കുന്ന ചിരപരിചിതനായ വ്യക്തി. ലോകം കീഴടക്കിയ ആവേശത്തോടെ ആ അമ്മ മറ്റ് അന്തേവാസികളോട് ‘കണ്ടില്ളേ എന്‍െറ ചെറുമകന്‍’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു.നമുക്കുവേണ്ടി ജീവിച്ച, നമ്മളെ നമ്മളാക്കിയവരാണ് വയോജനങ്ങള്‍. അവര്‍ അവഗണിക്കപ്പെടേണ്ടവരല്ല.

ഒരല്‍പസമയം അവരോടൊപ്പം ചെലവഴിക്കാന്‍, സ്നേഹത്തോടെ സംസാരിക്കാന്‍, ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ നമുക്കാവുമോ? കടപ്പാടിന്‍െറ കണക്കുകള്‍ അവര്‍ ചോദിക്കുന്നില്ല. അവര്‍ നമുക്ക് നല്‍കിയ ഒരുപാട് ചുംബനങ്ങള്‍ വിസ്മരിക്കാതിരിക്കുക.സ്നേഹപൂര്‍ണമായ പരിചരണംകൊണ്ട് അവരുടെ സ്നേഹവും അനുഗ്രഹവും നേടുന്നത് ഒരു ശോഭനഭാവിക്ക് നമ്മെ പ്രാപ്തമാക്കും.

കടപ്പാട് ...മാധ്യമം

2012, മാർച്ച് 7, ബുധനാഴ്‌ച

ജീവിതഘടികാരം നിലയ്‌ക്കും മുമ്പ്‌...

ഭക്ഷണത്തോടൊപ്പം അച്ചാറ്‌ കൂട്ടാറുള്ളത്‌ എങ്ങനെയാണ്‌? വളരെക്കുറച്ച്‌, അല്‌പമൊരു പുളി രുചിക്കാന്‍ മാത്രം; അല്ലേ...?

പ്രധാന ഭക്ഷണത്തെക്കാള്‍ അച്ചാറു കൂട്ടുന്നയാളെ കണ്ടാല്‍ നമുക്കെന്തുതോന്നും...? പക്വമതിയായ ഒരാളുടെ ലക്ഷണമല്ല അതെന്ന്‌ ഉറപ്പാണ്‌.

ഇനി നമ്മുടെയൊക്കെ ജീവിതത്തിലേക്ക്‌ വരാം. ഈ ജീവിതം വളരെ പ്രധാനമാണ്‌. ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണെന്നു മാത്രമല്ല, അവയോരോന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കുന്നുള്ളൂ.

അങ്ങനെ കുറെ സെക്കന്‍ഡുകള്‍ ചേര്‍ന്നതാണ്‌, അതീവ വേഗതയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന ഈ ആയുഷ്‌കാലം. ജനനമെന്ന മൂന്നക്ഷരത്തിനും മരണമെന്ന മറ്റൊരു മൂന്നക്ഷരത്തിനുമിടയില്‍ ജീവിതമെന്ന ഈ മൂന്നക്ഷരം കൊണ്ട്‌ നമുക്ക്‌ നിര്‍വഹിക്കാനുള്ള ദൗത്യമാകട്ടെ ഏറെ ഗൗരവമുള്ളതാണുതാനും. പക്ഷേ, എല്ലാവരും ജീവിക്കുന്നവരാണെങ്കിലും ജീവിതത്തെക്കുറിച്ച്‌ ആലോചിക്കുന്നവര്‍ വളരെക്കുറച്ചേയുള്ളൂ. ജീവിക്കുന്നത്ര എളുപ്പമല്ല ജീവിതത്തെക്കുറിച്ച ആലോചന.

ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്ന ഒരു സാരോപദേശ കഥയുണ്ട്‌; വന്യമൃഗത്തിന്റെ മുന്നില്‍ പെട്ട ഒരു യാത്രികന്‍ ജീവനും കൊണ്ടോടി കിണറ്റില്‍ ചെന്നു വീഴുന്നു. വീഴുന്നതിനിടെ അയാള്‍ക്കൊരു വള്ളിയില്‍ പിടിക്കാന്‍ സാധിക്കുന്നു. കിണറ്റിലേക്ക്‌ നോക്കുമ്പോള്‍ പാമ്പുകള്‍ ഇഴയുന്നു. മുകളില്‍ വന്യമൃഗവും. പിടികിട്ടിയ വള്ളിയതാ കറുത്തതും വെളുത്തതുമായ രണ്ട്‌ എലികള്‍ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു..! ഹൃദയം തകരുന്ന ഭയപ്പാടോടെ തകര്‍ന്നുപോയ ആ നിമിഷത്തില്‍ ചുണ്ടിലേക്കുറ്റുന്ന മധുരമുള്ള ഏതാനും തേന്‍ തുള്ളിയില്‍ ആ മനുഷ്യന്‍ എല്ലാം മറക്കുന്നു. ജീവിത യാഥാര്‍ഥ്യങ്ങളെയെല്ലാം വിസ്‌മരിച്ച അയാള്‍, തേന്‍ തുള്ളി നല്‍കിയ അല്‍പസുഖത്തില്‍ മുഴുകുന്നു. മനുഷ്യരില്‍ അധികവുമിങ്ങനെയാണെന്ന്‌ പറഞ്ഞ്‌ ഇമാം കഥയവസാനിപ്പിക്കുന്നു.

നിമിഷരസങ്ങളുടെ ആലസ്യത്തിലാണ്‌ എക്കാലത്തെയും മനുഷ്യന്‍. അതീവ ജാഗ്രതയോടെ നിര്‍വഹിച്ചുതീര്‍ക്കേണ്ട ആയുഷ്‌കാലത്തെ അലസഭാവത്തോടെ എതിരേല്‍ക്കുന്നവര്‍. നിമിഷങ്ങളും ദിവസങ്ങളും വര്‍ഷങ്ങളും ജീവിത പുസ്‌തകത്തില്‍ നിന്ന്‌ കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും മുഖത്ത്‌ വീഴുന്ന ചുളിവും നെറുകില്‍ വിടരുന്ന നരയും തന്ത്രപൂര്‍വം മറച്ചുവെച്ച്‌ വീണ്ടും അല്‌പ സുഖങ്ങളുടെ പിന്നാലെ പായുന്നവര്‍..! മറ്റൊരു ലോകത്ത്‌ നല്‍കാമെന്ന്‌ രക്ഷിതാവ്‌ വാഗ്‌ദാനം ചെയ്‌ത സുഖങ്ങളെ മറന്ന്‌ ഒറ്റ ജീവിതം കൊണ്ട്‌ എല്ലാം ആസ്വദിച്ച്‌ അവസാനിക്കുന്ന അവിവേകികളാവുന്നു ഈ പാവം മനുഷ്യര്‍ .

എത്ര കിട്ടിയാലും മതിവരാത്ത മനസ്സിന്റെ ആര്‍ത്തിയും ലഭ്യമായതിലൊന്നും സംതൃപ്‌തമാകാത്ത ദുര്‍വിചാരങ്ങളും അത്യധികം സങ്കടകരമായ പര്യവസാനത്തിലേക്കാണ്‌ നമ്മെയെത്തിക്കുകയെന്ന്‌ ഖുര്‍ആന്‍ എത്ര തവണയാണ്‌ പറഞ്ഞത്‌..! വരാനിരിക്കുന്ന ലോകത്തിന്റെ ഭയാനകതകളെ മുന്‍കൂട്ടി തന്നെ പറഞ്ഞുതന്നിട്ടും ചുറ്റുമുള്ള അല്‍പരസങ്ങളിലേക്ക്‌ നമ്മുടെയൊക്കെ മനസ്സ്‌ വഴുതിപ്പോകുന്നില്ലേ?

അത്യാവശ്യമല്ലാത്ത പലതിലും പെട്ട്‌, അനിവാര്യമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനാവാതെ നമ്മുടെ രാപ്പകലുകളിതാ തീര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ ദിവസത്തെയും വിലയിരുത്തുമ്പോള്‍ കാര്യമായതൊന്നും കാണാനാവാതെ ഓരോ രാത്രിയും കിടന്നുറങ്ങുന്നു. പുതിയൊരു പ്രഭാതം കൂടി ലഭിക്കുമ്പോഴും കാര്യങ്ങള്‍ പഴയതുപോലെ തന്നെ പിന്നെയും തുടരുന്നു. കര്‍മ പുസ്‌തകത്തില്‍ കനമുള്ളതൊന്നും ബാക്കിയാക്കാതെ കടന്നുപോകുന്നതിനിടയില്‍ വളരെപ്പെട്ടെന്നതാ ജീവിത ഘടികാരം നിലച്ചുപോകുന്നു..! `രണ്ടുദിനങ്ങള്‍ ഒരേപോലെ ആയവന്‍ നഷ്‌ടക്കാരന്‍` എന്ന്‌ അറബിയിലൊരു ചൊല്ലുണ്ട്‌. പുതിയതൊന്നുമില്ലാതെ ഒരു പുതിയ ദിവസം, പുതിയ ശീലങ്ങളില്ലാതെ, പുതിയ തീരുമാനങ്ങളില്ലാതെ, പുതിയ നന്മകളില്ലാതെ പുതിയ ദിവസവും പുതിയ വര്‍ഷവും കഴിഞ്ഞുപോകുന്നവര്‍ നഷ്‌ടക്കാര്‍ തന്നെയല്ലേ?

മഹാപണ്ഡിതനായിരുന്ന ആമിറുബ്‌നു അബ്‌ദില്ല രോഗക്കിടക്കയിലായിരിക്കുമ്പോള്‍ വല്ലാതെ കരയാറുണ്ടായിരുന്നുവത്രെ. അതിന്റെ കാരണമെന്തെന്ന്‌ സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ഉന്നതനായ ആ സത്യവിശ്വാസിയുടെ ഉത്തരമിങ്ങനെയായിരുന്നു; `ഇഹലോകത്തോടുള്ള കൊതി കൊണ്ടോ മരിക്കാനുള്ള ഭയം കൊണ്ടോ അല്ല ഞാന്‍ കരയുന്നത്‌. മരണത്തിനു ശേഷമുള്ള എന്റെ യാത്രക്കാവശ്യമായ വിഭവങ്ങള്‍ എനിക്ക്‌ കുറച്ചല്ലേയുള്ളൂവെന്ന ചിന്തയാലാണ്‌ കൂട്ടുകാരേ എന്റെയീ കണ്ണീര്‍. ഇറങ്ങിയും കയറിയുമിതാ എന്റെ ജീവിതയാത്ര തീരുകയാണ്‌. സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കൊ എന്റെയീ യാത്ര..?!

ഭക്തനായി ജീവിച്ച പണ്ഡിതനായിരുന്ന ആമിറുബ്‌നു അബ്‌ദില്ല ഈ ലോകത്തിന്റെ വര്‍ണപ്പൊലിമയില്‍ നിന്ന്‌ വിട്ടുനിന്നുള്ള ജീവതമായിരുന്നു നയിച്ചത്‌. ബൈതുല്‍ മഖ്‌ദിസിലായിരുന്നു അവസാനകാലം ചെലവിട്ടത്‌. സ്വഹാബി പ്രമുഖന്‍ അബൂമൂസല്‍ അശ്‌അരിയുടെ പ്രിയങ്കരനായ ശിഷ്യനുമായിരുന്നു. ധാരാളം നന്മകള്‍ ചെയ്‌തിട്ടും ജീവിതത്തെ ആശങ്കയോടെ കാണുന്നു. ഇവിടുന്നു പോകുമ്പോള്‍ കാര്യമായൊന്നുമില്ല എന്ന ആധിയോടെ കരയുന്നു..! എങ്കില്‍ എത്രയെത്ര കണ്ണീരില്‍ കുതിര്‍ന്നുപോകേണ്ടി വരും നമ്മളൊക്കെ..?

സുഖങ്ങളും രസങ്ങളുമൊക്കെ ജീവിതത്തില്‍ വേണം. പക്ഷേ, അവയെല്ലാം അച്ചാറുപോലെ മതി. ഭക്ഷണത്തെക്കാള്‍ അച്ചാറു കൂട്ടുന്നുണ്ടോ എന്ന്‌ ഞാന്‍ എന്നെ പരിശോധിക്കാം; നിങ്ങള്‍ നിങ്ങളെയും.
അവലംബം : ശബാബ് വീക്കിലി