2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

കത്തുന്ന മുടി; ഒരു ക്രൈസ്തവാനുഭവം

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ, കത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ലാത്ത, എന്നാല്‍ കത്താത്ത മുടിയുടെ പോരിശ ഇപ്പോള്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല ചര്‍ച ചെയ്യപ്പെടുന്നത്. ഏത് മുടിയും കത്തും എന്ന സഖാവ് പിണറായിയുടെ കമ്മ്യൂണിസ്റ്റ് പ്രഖ്യാപനത്തോടുകൂടി. കമ്മ്യൂണിസ്റ്റുകള്‍ക്ക് സംശയം നീങ്ങുകയും അവരുടെ തന്നെ വോട്ടുബാങ്കായിരുന്ന കാന്തപുരം വിഭാഗത്തെ അത് ചൊടിപ്പിക്കുയും ചെയ്തു. ഈ പശ്ചാതലത്തില്‍ കാന്തപുരം വിഭാഗത്തിലെ ഒരു മുസ്ലിയാര്‍ വിശ്വാസകാര്യത്തില്‍ കൂറെയൊക്കെ സമാനതകളുള്ള ഒരു ക്രൈസ്തവ സുഹൃത്തുമായി കണ്ടുമുട്ടിയതിന്റെ അനുഭവ വിവരണം എന്നെ ആകര്‍ഷിച്ചു. അത് എന്റെ ബ്ലോഗ് വായനക്കാരുമായി പങ്കുവെക്കുന്നു. ലേഖനത്തിലേക്ക്... 


കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

ഇന്നലെ മലപ്പുറത്ത് നിന്ന് ഒരു മൌലവി ഓഫീസില്‍ വന്നു...ദുബായില്‍ വിശ്വാസികളെ കാണുവാനും നാട്ടില്‍ നടത്തുന്ന സ്കൂളിന് വേണ്ടി പണം പിരിക്കുവാനും ആണ് വന്നത്.. എന്‍റെ മുതലാളിയെ കണ്ടു ഒരു തുക മേടിക്കുക എന്നതായിരുന്നു പദ്ധതി. പക്ഷെ എന്‍റെ മുതലാളി ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് ആണ് അദേഹം ഓഫീസില്‍ വന്നത്. ... എന്നെ കണ്ട ഉടനെ അദേഹം പറഞ്ഞു ഞാന്‍ കാന്തപുരം മുസലിയാര്‍ വിഭാഗം ആണ് എന്ന്? ഞാന്‍ ഓര്‍ത്ത്‌ എന്നെ കണ്ടാലും അങ്ങനെ തോന്നുമോ? എന്തെ എന്നെ കണ്ട ഉടന്‍, പേര് പോലും ചോദിക്കാതെ ഇങ്ങനെ പറയുവാന്‍.,. എന്തായാലും നല്ല ഒരു മനുഷ്യന്‍.,. എനിക്കാണെങ്കില്‍ കാന്തപുരം, എ പി , സുന്നി , ചേകന്നൂര്‍ , ബോറ, ഷിയാ , ജമാ അത്തെ എന്നൊക്കെ കേട്ടിട്ടുള്ളത് അല്ലാതെ അവരെ കുറിച്ച് മറ്റൊന്നും അറിയില്ല. ഞങ്ങടെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പോലും, കത്തോലിക്ക, മാര്‍ത്തോമ്മ, ലണ്ടന്‍ മിഷന്‍, പെന്തകോസ്ത്, ഓര്‍ത്തഡോകസ് മുതല്‍ യഹോവ സാക്ഷികല്‍ വരെ കാക്കത്തൊള്ളായിരം സഭകള്‍ ഉണ്ടെന്നു മാത്രമറിയാം എന്നാല്‍ എന്തിനു വേണ്ടി നില കൊള്ളുന്നു എന്നതു ഒരു വലിയ സമസ്യ ആയി ഇപ്പോഴും എന്നെ പേടിപ്പിക്കാറും ഉണ്ട്...
എന്തായാലും മൌലവിയെ ഞാന്‍ സ്വീകരിച്ചിരുത്തി... ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള വ്യത്യാസങ്ങള്‍ ഒന്നും അറിയില്ല, എന്ത് സംസാരിക്കും എന്നും അറിയില്ല.. എന്തായാലും അല്പം വിവാദം ആകാം എന്ന് കരുതി ഞാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അടുത്ത കാലത്ത് നടന്ന തിരു കോശത്തെ കുറിച്ച് സംസാരിച്ചു...ഉടനെ അദേഹം ജമാ അത്തെ ഇസ്ലാമി, ഒരു വര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന ആണ്. അവര്‍ കേരളത്തിന്‍റെ അജണ്ട നിശ്ചയിക്കുവാന്‍ ശ്രമിക്കുകയാണ്. പാകിസ്താന്‍ കാരന്‍ ആയ മെഹ് മൂദി എന്നൊരാള്‍ ഉണ്ടാക്കിയ ഒരു സംഘടന ആണ് അത് എന്നും, മെഹ്മൂദി യുടെ പേന ലേലത്തില്‍ രണ്ടു ലക്ഷത്തിനു ( രൂപയാണോ, ഡോളര്‍ ആണോ എന്നോര്‍ക്കുന്നില്ല ) പോയെന്നും പറഞ്ഞു. സുകുമാര്‍ അഴീകൊടിന്റെ പേന പോലും ലേലത്തില്‍ വച്ചാല്‍ അതിനു പണം മുടക്കുവാനും ആളുകള്‍ തയ്യാര്‍ ആകും. മുസ്ലീംകള്‍ക്ക് നബി തിരുമേനിയുടെ മുടി വികാരപരം ആണ്. സഖാവ് പിണറായിയും ജമാ അത്തെയും കൂടി ഉള്ള കളികള്‍ ... അങ്ങനെ എനിക്ക് മനസിലാകാത്ത പലതും പറഞ്ഞു. എനിക്കാകെ കണ്‍ ഫൂഷന്‍..., എനിക്ക് ഇത്യാദി കാര്യങ്ങളെ കുറിച്ച് വലിയ പിടിയില്ല.
പെട്ടെന്ന് ഞാന്‍ മറ്റൊരു തിരു കോശത്തെ കുറിച്ചു എനിക്കുണ്ടായ അനുഭവം അദേഹത്തോട് പറഞ്ഞു.
അന്ന് ഞാന്‍ ഏതോ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്നു എന്നാണ് ഓര്മ. ഒരു ദിവസം സന്ധ്യാ പ്രാര്‍ത്ഥന സമയത്ത് ആണ് ആ അത്ഭുതം നടക്കുന്നത്. ചേച്ചി വായിച്ചു കൊണ്ടിരുന്ന ബൈബിളില്‍ ഒരു നീളന്‍ മുടി. ചേച്ചിയുടെ കൂട്ടുകാരില്‍ ആരോ പറഞ്ഞിട്ടുണ്ട് , ബൈബിളില്‍ മുടി ചിലപ്പോള്‍ പറന്നു വരാറുണ്ട്. ഇങ്ങനെ കാണുന്ന മുടി യേശുവിന്‍റെ മുടി ആയിരിക്കും. കുരിശു വര കഴിഞ്ഞു ഞങ്ങള്‍ ഇതെക്കുറിച്ചായിരുന്നു ചര്‍ച്ച. വലിയ ഒരു അത്ഭുതം ഇതാ ഞങ്ങളുടെ വീട്ടില്‍.,. തേനും പാലും ഒഴുകുന്ന തിരു സ്വരൂപങ്ങള്‍ ഇന്ന് ഒരു പുതുമ അല്ലാത്തതിനാല്‍ ഇന്നിത് വലിയ അത്ഭുതം അല്ലെങ്കിലും ഞങ്ങളുടെ ചെറുപ്പത്തില്‍ ഇതൊരു അത്ഭുതം തന്നെ ആയിരുന്നു.
രണ്ടായിരം വര്ഷം മുന്‍പ് ജനിച്ച വിപ്ലവകാരിയും നവോഥാന നായകനും, സര്‍വോപരി കമ്മ്യുണിസ്റ്റ്‌ കാരനും ആയ സഖാവ് യേശുവിന്‍റെ മുടി ഞങ്ങളുടെ വീട്ടിലെ ബൈബിളില്‍..,. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആയിരുന്നു പാര്‍ട്ടിയില്‍ അംഗത്വം എടുത്തത് എങ്കിലും സഖാവ് യേശു പണ്ട് മുതലേ ഒരു കമ്മ്യുണിസ്റ്റ്‌ അനുഭാവിയായിരുന്നു എന്ന് പില്‍ക്കാലത്ത് നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. (ഇല്ലെങ്കില്‍ പാര്‍ട്ടി നടത്താന്‍ ഉദ്ദേശിക്കുന്ന സ്കൂളില്‍ ഇതൊരു ഗവേഷണ വിഷയം ആക്കും)

അനിയന്‍ ആണ് പറഞ്ഞത് എന്നോര്‍ക്കുന്നു, യേശുവിന്‍റെ കാലത്ത് വിളക്കിത്തല നായന്മാര്‍ ഇല്ലായിരുന്നതിനാല്‍ യേശു മുടി വെട്ടിയിരുന്നില്ലല്ലോ എന്ന്. അപ്പോള്‍ യേശുവിന്‍റെ മുടിക്ക് നീളം കൂടുതല്‍ ആയിരുന്നില്ലേ? ഉടന്‍ തന്നെ ഞാന്‍ പോയി സ്കെയില്‍ എടുത്തു കൊണ്ടുവന്നു നീളം ഒക്കെ അളന്നു അത് യേശുവിന്‍റെ മുടി ആകുവാന്‍ ഉള്ള സാധ്യത നൂറിനു തൊണ്ണൂറ്റി ഒന്‍പതു ആണ് എന്ന് വിധി കല്‍പ്പിച്ചു. 

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍, പള്ളിയില്‍ പോകേണ്ടതിനാല്‍ , നാളെ പള്ളീലച്ചനെ കൊണ്ട് കവടി നിരത്തി ഇതിന്റെ വിശ്വാസ്യത തെളിയിക്കാം എന്ന് തീരുമാനമായി, ഞങ്ങള്‍ പോയി കിടന്നു. മുടി കണ്ട ബൈബിള്‍ മുടിയോടൊപ്പം ഭദ്രമായി സൂക്ഷിച്ചു. പിറ്റേന്ന് അതിരാവിലെ ആ ബൈബിളും ആയി ചേച്ചിയോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്. കുര്‍ബാന കഴിഞ്ഞു വിശ്വാസികള്‍ പിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അച്ചന്റെ മുന്നില്‍ തിരു മുടിയും ആയി ജാഥ നടത്തി. അച്ചന്‍ വളരെ കൌതുകത്തോട് കൂടി തിരുമുടി എടുത്തു നോക്കി. അപ്പോഴേക്കും അവിടെ ചെറിയ വലിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെടുത്തു. എല്ലാവരുടെയും കണ്ണില്‍ കൌതുകവും അത്ഭുതവും. ജനക്കൂട്ടത്തിന്റെ ശ്രദ്ധ മുഴുവന്‍ തിരു മുടിയില്‍ ആണെങ്കിലും അവര്‍ ഇടയ്ക്കിടെ ഞങ്ങളെയും നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം കാണുമ്പോള്‍ ഞാന്‍ പതുക്കെ കോളര്‍ ഒക്കെ പിടിച്ചുയര്‍ത്തി, പെരുവിരലില്‍ ഗുരുവായൂര്‍ കേശവനെ പോലെ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന്.. കയ്യിലെ രോമങ്ങള്‍ എല്ലാം എഴുന്നു നില്‍ക്കുന്നു. ഇപ്പോള്‍ ജനം കൂടുതല്‍ ഭക്ത്യാദരവോട് കൂടി നില്‍ക്കുന്നു. 

പെട്ടെന്നാണ് അച്ചന്‍ മെഴുകു തിരി കത്തിച്ചു കൊണ്ടുവരുവാന്‍ കപ്യരോട് പറഞ്ഞത്. തിരു സ്വരൂപങ്ങള്‍ക്കും വിശേഷ പ്രാര്‍ത്ഥനകള്‍ക്കും കുര്‍ബാനയ്ക്കും ഒക്കെ മാത്രം ആണ് മെഴുകുതിരി കത്തിക്കുന്നത് പള്ളിയില്‍.,... മെഴുകു തിരി കത്തിച്ചു വരുവാന്‍ പറഞാപ്പോള്‍ വിശ്വാസികള്‍ തീച്ചയാക്കി , ഇത് നസ്രായനായ സഖാവിന്റെ തിരു മുടി തന്നെ എന്ന്...അച്ചന്‍ തിരുമുടി വെഞ്ചരിക്കാന്‍ പോവുകയാണ് എന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ചിലരൊക്കെ മുട്ടുകുത്താനും സാഷ്ടാംഗം വീഴുവാനും ഒക്കെ ശ്രമം നടത്തി നോക്കിയോ എന്നത് വെറും അതിശയോക്തി ആണോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. 

കപ്യാര്‍ മെഴുകു തിരിയും ആയി വന്നു. അച്ചന്‍ നീട്ടിപ്പിടിച്ച തിരുമുടി കയ്യില്‍ എടുത്തു ആ മെഴുകുതിരി നാളത്തിലേക്ക് കാട്ടി. അല്ഭുതമെന്നു പറയട്ടെ, ആ മെഴുകുതിരി നാളം തിരുമുടിയെ പൂര്‍ണ്ണമായും വിഴുങ്ങി. മെഴുകു തിരിയുടെ പ്രകാശ വലയത്തിലും എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ... എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. എല്ലാം ഈ അച്ചന്‍ ഒരാള്‍ തകര്‍ത്തില്ലേ... പള്ളീലച്ചന്‍ ആയത് കൊണ്ട് ആശുദ്ധമായതോന്നും അച്ചനെതിരെ ചിന്തിക്കാന്‍ പാടില്ല, ചിന്തിച്ചാല്‍ അത് ഇരട്ടി പണി ആകും. അടുത്ത കുംബസാരത്തില്‍ അച്ചനോടു തന്നെ ഇതൊക്കെ എഴുന്നള്ളിക്കെണ്ടേ...

എല്ലാ മുടിയും കത്തും എന്ന തിരു വചനം നമ്മുടെ സഖാവ് ഈ അടുത്ത കാലത്ത് ആണ് പറഞ്ഞത് എങ്കിലും ഞങ്ങളുടെ അച്ചനും ദാസ്‌ ക്യാപിറ്റല്‍ ഒക്കെ പഠിച്ച ഒരു സഖാവ് ആയിരുന്നെന്നു ഇപ്പോള്‍ ആണ് മനസിലായത്. ഞാന്‍ ഈ പഴയ ഓര്‍മ കുഴിച്ചെടുത്തു മൌലവിയോടു പറഞ്ഞപ്പോള്‍ ഞാനും ഒരു പിണര്‍ ആയി വരുന്ന മിന്നല്‍ വല്ലതും ആണോ എന്ന് നോക്കിയിട്ട് അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ പറഞ്ഞു. വിശ്വാസം ഇല്ലാത്തവര്‍ ആണ് മുടി കത്തിക്കുന്നത്. ഞങ്ങള്‍ക്ക് ഈ തിരു കോശത്തില്‍ പരിപൂര്‍ണ്ണ വിശ്വാസം ആണ്. ഇസ്ലാം യുക്തിയില്‍ നിന്ന് ഉണ്ടായതല്ല, അത് വിശ്വാസത്തില്‍ നിന്ന് രൂപം കൊണ്ടത്‌ ആണ്... 

മൌലവി എന്നെ തെറ്റിദ്ധരിച്ചോ എന്ന് എനിക്ക് ഒരു സംശയം തോന്നിയപ്പോള്‍ ഞാന്‍ ഒരു കാച്ചു കാച്ചി. നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കണ്ടിട്ടില്ല. മൌലവി യുടെ മുഖത്ത് സന്തോഷം പടര്‍ന്നപ്പോള്‍ സുവിശേഷത്തില്‍ നിന്നും ഒരു വാചകം എന്നിലേക്ക് ചാടി വീണു. "കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.","

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ