2012, മേയ് 5, ശനിയാഴ്‌ച

കേള്‍ക്കുക.. ശ്രദ്ധിച്ചുകേള്‍ക്കുക..

ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളില്‍ എഴുപത്തിഅഞ്ച് ശതമാനവും കേള്‍ക്കാന്‍ സന്നദ്ധമല്ലാത്തതിനാല്‍ ഉണ്ടായതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ ? നിങ്ങളുടെ ജീവിതത്തില്‍ നേരിടുന്ന ഒട്ടനേകം പ്രയാസങ്ങള്‍ നിങ്ങളുടെയോ നിങ്ങളുമായി ബന്ധപ്പെട്ടവരുടെയോ കേള്‍ക്കാനുള്ളകഴിവുമായി  ബന്ധപ്പെട്ടതാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിയോജിക്കുമോ ?


നമ്മുടെ ചുറ്റുപാടും ഉയരുന്ന പാരാതികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക.... പിതാവ് പറഞ്ഞത് മകന്‍ / മകള്‍ കേള്‍ക്കുന്നില്ല. മക്കള്‍ പറയുന്നത് പിതാവ് കേള്‍ക്കുന്നില്ല. ഭാര്യപറയുന്നത് ഭര്‍ത്താവ് കേള്‍ക്കുന്നില്ല. ഭര്‍ത്താവ് പറഞ്ഞത് ഭാര്യകേള്‍ക്കുന്നില്ല. നേതാക്കള്‍ പറയുന്നത് അനുയായികള്‍ കേള്‍ക്കുന്നില്ല. അനുയായികളുടെ ആവശ്യം നേതാക്കള്‍ ശ്രവിക്കുന്നില്ല. ജനങ്ങളുടെ ആവശ്യത്തിന് ഭരണകൂടം ചെവികൊടുക്കുന്നില്ല. നിയമപാലകരുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനം ശ്രവിക്കുന്നില്ല എന്നൊക്കെയല്ലേ.


ഒരു വിഷയത്തില്‍ ആരോട് പരാതി പറയണം എങ്ങനെ പറയണം എന്നീ കാര്യങ്ങള്‍ പലപ്പോഴും നമ്മെ അലട്ടാറില്ലേ. പല പരാതികളും ഉണ്ടാവുന്നത് തന്നെ ബന്ധപ്പെട്ട ചിലര്‍ കേള്‍ക്കാത്തത് കൊണ്ടല്ലേ.


കേവല കേള്‍വിയെക്കുറിച്ചല്ല ഞാന്‍ പറയാന്‍ പോകുന്നതെന്ന് വ്യക്തം. അത് എമ്പാടും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. പക്ഷെ ഇവിടെ നഷ്ടപ്പെടുന്നത് ശ്രദ്ധയോടെയുള്ള കേള്‍വിയാണ്. ആ കഴിവ് തന്നെയാണ് നമുക്കില്ലാതെ പോയത്. നാം വളര്‍ത്തിയെടുക്കേണ്ടതും ആ കഴിവാണ്.


കേള്‍വിയും കാഴ്ചയും ദൈവദത്തമായ രണ്ട് അനുഗ്രഹങ്ങളാണ്. കേവല കാഴ്ചയും കേള്‍വിയും എല്ലാ ജീവികള്‍ക്കുമുണ്ടെങ്കിലും മനുഷ്യന്റേത് പോലുള്ള കേള്‍വിയും കാഴ്ചയും ഇതര ജീവജാലങ്ങള്‍ക്ക് ഇല്ല. കേള്‍വിയുടെ കാര്യത്തില്‍ മനുഷ്യന്‍ മൃഗത്തില്‍നിന്ന് ഭിന്നനാകണം എന്നാണ് വേദം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. സത്യത്തെ നിഷേധിക്കുന്നവരും കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നാല്‍ അവരുടെ കേള്‍വി കാലികളുടെ കേള്‍വിയോട് സമാനമാണ്. ['ദൈവം കാണിച്ചുകൊടുത്ത മാര്‍ഗം പിന്തുടരാന്‍ വിസമ്മതിക്കുന്ന ജനങ്ങളുടെ അവസ്ഥ, വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളോട് ഇടയന്‍ ഒച്ചയിട്ടതുപോലെയാകുന്നു.' (ഖുര്‍ആന്‍ 2:171)]


കേള്‍വിക്കാര്‍ പലവിധം


1. കേള്‍ക്കുകയും എന്നാല്‍ കേട്ടത് ഗ്രഹിക്കുകയും ചെയ്യാത്തവര്‍ . (2:171)


2. കേള്‍ക്കുകയും  കേട്ടത് വക്രീകരിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നവര്‍ . (2:75)


3. കേള്‍ക്കുകയും ഗ്രഹിക്കുകയും നല്ലതിനെ പിന്‍തുടരകയും ചെയ്യുന്നവര്‍ . (39:18)


അടിസ്ഥാനപരമായി ഈ മൂന്ന് തരം കേള്‍വിക്കാരാണ് ഉള്ളത്. ഇവരെ ഇങ്ങനെ പ്രത്യേകം മുന്ന് ഗ്രൂപ്പാക്കി വര്‍ഗീകരിച്ച് മാറ്റിനിര്‍ത്താനാവില്ല. സന്ദര്‍ഭമനുസരിച്ച് നമ്മിലോരോരുത്തരും ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടുപോകാറുണ്ട്. എന്നാല്‍ മൂന്നാമത്തെ വിഭാഗത്തില്‍പെടുക അല്‍പം ശ്രമകരമായ കാര്യമാണ്. അതിന് നാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ.


ശരിയാണ് നാം കേള്‍ക്കാറുണ്ട് എന്തിന് വേണ്ടി ?. മനസ്സിലാക്കാന്‍ വേണ്ടി കേള്‍ക്കുന്നതിനേക്കള്‍ മറുപടി പറയാന്‍ വേണ്ടിയാണ് നാം കേള്‍ക്കുന്നത്. കേള്‍ക്കുന്നതെന്തും നാം സ്വന്തം നിദര്‍ശനങ്ങളിലൂടെ അരിച്ചെടുക്കുകയും തങ്ങളുടെ ആത്മകഥയിലൂടെ വായിക്കുകയും ചെയ്യുന്നു. സംസാരിച്ചുകൊണ്ടിരിക്കുക. അല്ലെങ്കില്‍ സംസാരിക്കാന്‍ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുക എന്നതല്ലേ നല്ല ഒരു കേള്‍വിക്കാരനാകുന്നതിനേക്കാള്‍ നാം ആഗ്രഹിക്കുന്നത്. ഈ ആഗ്രഹം തന്നെയാണ് നമ്മെ മോശം കേള്‍വിക്കാരാക്കുന്നതും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.


എന്തോ ഒരു കാര്യം പറയാന്‍ ഒരു സുഹൃത്ത് നമ്മെ സമീപിക്കുന്നു. അദ്ദേഹം പറയുന്നത് ഒരു വിഷമമാണ് എന്ന് നമുക്ക് അല്‍പം കേട്ടപ്പോള്‍ മനസ്സിലായി എന്നാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം. "ഹോ.. നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. എനിക്കും ഇതേ അനുഭവമുണ്ടായി അതിനെക്കുറിച്ച് ഞാന്‍ പറയാം.." എന്നായിരിക്കില്ലേ. ഇവിടെ നാം മോശം കേള്‍വിക്കാരനാവുകയാണ് ബോധപൂര്‍വമല്ലെങ്കിലും.


മക്കള്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന് പരാതിയുള്ളവര്‍ ഇക്കാലത്ത് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ ഏത് കല്‍പനകളും ശിരസാവഹിച്ച് അനുസരിച്ചിരുന്ന ശൈശവ ഘട്ടം കഴിഞ്ഞ് തങ്ങള്‍ക്കും ചില ആവശ്യങ്ങളും അഭിപ്രായങ്ങളുമുണ്ട് എന്ന് കരുതി തുടങ്ങുന്ന കൌമാര പ്രായക്കാരെക്കുറിച്ചാണ് പലപ്പോഴും പരാതി ഉയരുക. അത്തരക്കാര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ആദ്യം അവരെ കേട്ടിട്ടില്ല എന്നതാണ്. അതുകൊണ്ട് അവരുടെ ആവശ്യം നിങ്ങളറിഞ്ഞില്ല. അവരെ അറിയാത്തിനാല്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതോ അവര്‍ക്ക് മനസ്സിലാക്കുന്ന രൂപത്തില്‍ കല്‍പിക്കാനോ നിങ്ങള്‍ക്കായില്ല അതാണ് പ്രശ്നത്തിന്റെ മര്‍മം. ചുരുക്കി പറഞ്ഞാല്‍ മക്കള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന പരാതിയില്‍ മക്കള്‍ പറയുന്നത് നിങ്ങളിത് വരെ കേട്ടിട്ടില്ല എന്ന കുറ്റം സ്വയം അടങ്ങിയിട്ടുണ്ട്.

അനുഭാവപൂര്‍ണമായ കേള്‍വിക്കാരാവുക



മറ്റൊരാളെ നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തെ അനുഭാവപൂര്‍വം കേള്‍ക്കുക മാത്രമാണ് മാര്‍ഗം. ഒരു മനുഷ്യന്‍ എന്നത് ആയാളുടെ ശരീരമല്ല. അയാളുടെ മനസ്സാണ്. അത് മനസ്സിലാകാനുള്ള ഏക മാര്‍ഗം അദ്ദേഹത്തിന്റെ മനോഭാവങ്ങള്‍ അറിയുക എന്നതാണ്. മനോഭാവങ്ങള്‍ ഏറ്റവും സത്യസന്ധമായി പ്രകടമാകുക പ്രസ്തുത വ്യക്തിയുടെ തുറന്ന സംസാരം ശ്രവിക്കുന്നതിലൂടെയാണ്. നമ്മുടെ സംഭാഷണങ്ങള്‍ കൂട്ടായ സ്വഗതഭാഷണങ്ങളാണ് എന്ന് പറയുന്നത് വളരെ ശരിയാണ്. നാം നമ്മുടെ സ്വന്തം ശരികുളും നമ്മുടെ ആത്മകഥകളും കൊണ്ട് മറ്റുള്ളവരെ അളന്ന് സംസാരത്തില്‍ മുഴുകുന്നു. മനുഷ്യരുടെ ഉള്ള് മനസ്സിലാക്കാന്‍ നാം ശ്രമിക്കുന്നില്ല. ചുരുക്കത്തില്‍ ആര്‍ക്കും ആരെയും മനസ്സിലാകുന്നില്ല. ഒരൊറ്റക്കാരണമേ അതിനുള്ളൂ. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് അവരുടെ ഭാഗത്ത് നിന്ന് നാം കേള്‍ക്കാന്‍ സന്നദ്ധമാകുന്നില്ല.


ഒരാളുടെ സംസാരത്തെ നമ്മുക്ക് അഞ്ച് രൂപത്തില്‍ നേരിടാം. 1. തീരെശ്രദ്ധിക്കാതെ അവഗണിക്കാം. 2. ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിനയിക്കാം  3. വിവേചനാ പൂര്‍വമായ ശ്രദ്ധിക്കല്‍ , അതായത് സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിക്കാം. 4. ഏകാഗ്രമായ ശ്രദ്ധ - പറയുന്ന വാക്കുകളില്‍ ശ്രദ്ധയും ഊര്‍ജ്ജവും കേന്ദ്രീകരിച്ച് - യും നമുക്ക് ആകാം. പക്ഷെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അവസാനം പറഞ്ഞവിധം കേള്‍ക്കാന്‍ കഴിയൂ.


ശ്രദ്ധയോടെയുള്ള കേള്‍വിയാണ് നാം ശീലിക്കേണ്ടത്. അനുഭാവപൂര്‍ണമായ കേള്‍വി എന്നും ഇതിനെ പറയാം. അഥവാ നമ്മുടെ സ്വന്തം ആത്മകഥയെ ഉയര്‍ത്തിക്കാട്ടി വിചാരങ്ങളെയും വികാരങ്ങളെയും ലക്ഷ്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം മറ്റൊരാളുടെ തലക്കകത്തും ഹൃദയത്തിലുമുള്ള യാഥാര്‍ഥ്യവുമായി  ഇടപെടുകയാണ് നല്ല കേള്‍വിക്കാരനാകുന്നതിലൂടെ നാം ചെയ്യുന്നത്. മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നാം ശ്രവിക്കുന്നു. മറ്റൊരു മനുഷ്യാത്മാവിന്റെ ആശയം പൂര്‍ണമായി ഉള്‍കൊള്ളാന്‍ നാം ജാഗരൂകനാകുന്നു.


ഇത്തരത്തിലുള്ള ഒരു കേള്‍വി വൈകാരികമായ അക്കൊണ്ടിലെ ഒരു കനത്ത നിക്ഷേപമാണ്. ഒരു സുഹൃത്തിനെ, പ്രയാസപ്പെടുന്ന ഒരു മനുഷ്യനെ, മക്കളെ, ഭാര്യയെ, ഭര്‍ത്താവിനെ, അനുയായിയെ, നേതാവിനെ നിങ്ങള്‍ ഇത്തരത്തിലൊന്ന് കേട്ടുനോക്കുക. നിങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള മതിപ്പും ബഹുമാനവും സ്നേഹവും പതിന്‍മടങ്ങ് വര്‍ദ്ധിക്കും. നിങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നുവെന്നതിന് പുറമെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമാനമാണിത്.


ഇനി നിങ്ങള്‍ നല്ലൊരു കേള്‍വിക്കാരനാകാന്‍ സന്നദ്ധമല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു നേതാവാകാനാകില്ല. നല്ലൊരു ഭര്‍ത്താവോ ഭാര്യയോ അകാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് നിങ്ങളെ അനുസരിക്കാനും. നിങ്ങള്‍ക്ക് നല്ല ഒരു സുഹൃത്താവാനാകില്ല. എന്നിരിക്കെ നമുക്ക് അല്‍പം ശ്രമിച്ചെങ്കിലും എന്തുകൊണ്ട് ഒരു നല്ല സ്രോതാവായിക്കൂടാ. സംസാരിക്കാനുള്ള ഒരു അവയവം തന്നപ്പോള്‍ കേള്‍ക്കാനുള്ള രണ്ട് ചെവികള്‍ നമുക്ക് നല്‍കിയത് കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയാണ് എന്ന് നമുക്ക് വ്യാഖ്യാനിച്ചു കൂടെ.


['....അതുകൊണ്ട് (പ്രവാചകാ) എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍ . ബുദ്ധിമാന്മാരും അവര്‍തന്നെ.' (ഖുര്‍ആന്‍  39:18) ]


(ഈ വിഷയത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ