ജൂണില്‍ ചില ചോദ്യങ്ങള്‍ :
ഇന്ന് ജൂണ്‍ നാല് സ്കൂളുകള്‍ പതിവുപോലെ തുറക്കുകയാണ്. സ്‌കൂളുകള്‍ പരസ്‌പരം മത്സരിച്ച് പ്രവേശനോത്സവം കൊണ്ടാടും. പുതിയ മഞ്ഞപ്പെയിന്റടിച്ച്, ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റൊക്കെ ശരിയാക്കിയ സ്‌കൂള്‍ ബസ്സ് വരുന്നതുംനോക്കി കുട്ടികള്‍ വീട്ടുമുറ്റത്ത് കാത്തുനില്‍ക്കും. മഴ നനയാതെ സ്‌കൂളിലെത്തും. ചെളിപുരളാതെ വീട്ടിലുമെത്തും. പുതിയതിന്റെ മണമുള്ള പുസ്‌തകങ്ങളില്‍ നിന്ന് കണക്കും മലയാളവും സയന്‍സും സാമൂഹ്യപാഠവുമൊക്കെ ആവര്‍ത്തിച്ചുപഠിച്ച് ഫുള്‍ എ പ്ലസിന് ഒരുക്കം തുടങ്ങും...
പുറത്ത് പുത്തന്‍ നെയിം സ്ലിപ്പൊട്ടിച്ച ഈ ജൂണില്‍, ചില ചെറിയ ചോദ്യങ്ങള്‍ എന്നോടും നിങ്ങളോടും ചോദിക്കാതിരിക്കാനാവില്ല.
വര്‍ഷങ്ങളോളം രാത്രിയുറക്കമൊഴിഞ്ഞും പകല്‍ കളിയൊഴിഞ്ഞും പഠിച്ച്, ഉല്ലാസവേളകള്‍ വെട്ടിക്കുറച്ച് ട്യൂഷനുപാഞ്ഞ് ബുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും മികവുകൊണ്ട് ശാസ്‌ത്രജ്ഞനായവന്‍, വളര്‍ത്തിവലുതാക്കിയ കുടുംബത്തിനും നാടിനും തനിക്കുതന്നെയും എന്താണ് ബാക്കിവെച്ചത്? ശാസ്‌ത്രത്തില്‍ അഗാധജ്ഞാനമുള്ളവനാണ് ശാസ്‌ത്രജ്ഞന്‍. ശാസ്‌ത്രപ്രയോഗത്തിലുള്ള നിപുണത കൂടിയാണവന് ആ പേര് സമ്മാനിക്കുന്നത്. എന്നിരിക്കെ, തന്റെ ജീവന്‍ ഒരുറുമ്പിനുപോലും ഉപകാരമാകാത്തവിധം കെടുത്തിക്കളയാന്‍, ജീവന്റെ അനന്തമായ മൂല്യം വിസ്‌മരിക്കാന്‍ അവനെ തയ്യാറാക്കിയ, നാം ഉന്നത വിദ്യാഭ്യാസമെന്ന് പേരിട്ടുവിളിക്കുന്നതിന്റെ ഔന്നത്യമെന്താണ്?
ജീവിക്കുക ജീവിക്കാനനുവദിക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ സ്വയംബോധംപോലും ആര്‍ജിക്കാന്‍ കഴിയാതെ പോയ ലിജിന്‍ വര്‍ഗീസിന്റെ സഹപാഠിയെ 10 വര്‍ഷത്തെ വിദ്യാഭ്യാസം പഠിപ്പിച്ചതെന്താണ്? ഏറെയൊന്നും ജീവിത പരിചയമില്ലാത്തൊരു മനസ്സിനെ, അരുംകൊല നടത്താന്‍ കെല്‍പ് നല്‍കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവന്റെ 10 വര്‍ഷം കൈകാര്യം ചെയ്‌ത പൊതുവിദ്യാഭ്യാസമണ്ഡലത്തെ രക്ഷപ്പെടുത്താന്‍ പറ്റുമോ? ആരാണിവിടെ കൊലയാളി?
ജലത്തിന്റെ രാസസൂത്രവും പുഴ മലിനമാകുന്നതിന്റെ കാരണങ്ങളും, കിഴക്കോട്ടൊഴുകുന്ന പുഴകളുടെ പേരുമൊക്കെ ഉരുവിട്ട് പഠിച്ച് പരീക്ഷയെഴുതി എ പ്ലസ് ഗ്രേഡ് വാങ്ങുന്നവന്‍ പുഴയില്‍ ഒടുങ്ങുന്നതിന്റെ നീതിയെന്താണ്? ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാത്ത അറിവിന്റെ മൂല്യമെന്താണ്?
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
ഒരു കല്ലിന് ശില്‌പിയെന്താണോ, അത്ര തന്നെയാണ് മനുഷ്യന്റെ മനസ്സുകള്‍ക്ക് വിദ്യാഭ്യാസം -ജോസഫ് എഡിസന്‍. വിദ്യാഭ്യാസത്തിന്റെ വ്യാപ്‌തിയും ലക്ഷ്യവും പ്രതിഫലിപ്പിക്കുന്നതാണ് മുകളിലെ വചനം. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്നും അത് ഏതുവിധേനയും ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണെന്നും ഇത് സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ കുറിക്കുന്ന സര്‍വനിര്‍വചനങ്ങളും ഈ സത്തയുള്‍ക്കൊള്ളുന്നവയാണ്.
മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ പാകപ്പെടലുകള്‍ക്ക് വഴിയൊരുക്കുന്നതാണ് വിദ്യാഭ്യാസമെന്നത് കാലാകാലങ്ങളായുള്ള വീക്ഷണമാണ്. എന്നാല്‍ ഒന്ന് ചോദിക്കട്ടെ, ആയിരങ്ങള്‍ ഡൊണേഷന്‍ കൊടുത്ത് തന്റെ കുഞ്ഞിനെ എല്‍കെജി ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ , ടൈയും കോട്ടും ഷൂസുമൊക്കെയുള്ള സ്റ്റാറ്റസിനു ചേര്‍ന്ന യൂനിഫോമണിയിക്കുമ്പോള്‍ , ബാഗിനും കുടക്കും പുസ്‌തകത്തിനും സ്‌കൂള്‍ ബസ്സിനുമൊക്കെയായി നല്ലൊരു സംഖ്യ ചെലവഴിക്കുമ്പോള്‍ , മേല്‍ പറഞ്ഞ ഏതൊക്കെ ലക്ഷ്യമാണ് ഒരു രക്ഷിതാവിന്റെ മനസ്സിലുണ്ടാവുന്നത്? അഞ്ചക്കമോ അതിലധികമോ ശമ്പളം കിട്ടുന്ന ഒരു ജോലി നേടി, വലിയൊരു കോണ്‍ക്രീറ്റ് കാടു പണിത്, തനിക്കും മക്കള്‍ക്കും കുശാലായി ജീവിക്കാനുള്ളത് ബാങ്ക് ബാലന്‍സുണ്ടാകണമെന്ന ആഗ്രഹമാവില്ലേ തന്റെ കുഞ്ഞ് നല്ല മനുഷ്യനാകണമെന്ന ലക്ഷ്യത്തെ കവച്ചുവെക്കുന്നത്? വിദേശത്തു ജോലി തേടിപ്പോകുന്നവനോട് നീ നന്നായി വാ എന്ന് പറയുന്നതില്‍ എന്താണ് ഉദ്ദേശിക്കുന്നത്. നീ നല്ല മനുഷ്യനായി വാ എന്നാണോ? നീ നന്നായി സമ്പാദിച്ചു വാ എന്നുതന്നെയല്ലേ!
സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനുള്ള ഈ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടയില്‍ ഉമ്മ ബാപ്പമാരെ തിരിച്ചറിയാത്ത, സഹാനുഭൂതിയും സഹവര്‍ത്തിത്വവും മനസ്സിന്റെ ഏഴയലത്തുപോലുമില്ലാത്ത കുറെ പണമുണ്ടാക്കി യന്ത്രങ്ങളാണ് വാര്‍ത്തെടുക്കപ്പെടുന്നത്. സമാനമായ അച്ചുകളിലെ ഉല്‍പന്നങ്ങള്‍ക്ക് I Robort എന്ന സിനിമയിലെ NS4 റോബോട്ടുകളെപ്പോലെ ഒരേ ഭാവമാണുള്ളത്. മറ്റുള്ളവരെ പോയിട്ട് സ്വന്തം വികാരവിചാരങ്ങളെപ്പോലും വേണ്ടവിധത്തില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നു. ഒടുക്കം ഭൂരിഭാഗവും ഉന്നത സൗധങ്ങളില്‍ അര്‍ഥശൂന്യരായി, കൊലയാളികളോ കരിങ്കച്ചവടക്കാരോ ആയി, സ്വയം ജീവനൊടുക്കുന്ന പമ്പരവിഡ്‌ഢികളായി, നാടറിയാത്ത, മണ്ണറിയാത്ത, യന്ത്രസമാനരായി മനുഷ്യനെന്ന പദത്തോട് ചേരാത്തവരായിത്തീരുന്നു.
ട്യൂഷന്‍ സെന്ററില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയില്‍ കളിക്കാനും കൂട്ടുകൂടാനും സ്വയം തിരിച്ചറിയാനും അവസരം നല്‍കാത്ത മാതാപിതാക്കള്‍ ഇതിന്റെ പരിണിത ഫലത്തെക്കുറിച്ച് ബോധവാന്മാരാകുന്നതേയില്ല. സാന്നിധ്യംകൊണ്ട് മക്കള്‍ തങ്ങള്‍ക്കാശ്വാസമേകേണ്ടുന്ന വാര്‍ധക്യത്തില്‍ തങ്ങളെ വൃദ്ധസദനത്തിന്റെ അകത്തളങ്ങളിലേക്ക് തള്ളിവിടാന്‍ പോന്ന ജോലിത്തിരക്കും കഠിനമനസ്സുമാണ് താന്‍ തന്റെ മക്കള്‍ക്കിന്ന് ഒരുക്കിക്കൊടുക്കുന്നതെന്ന് തിരിച്ചറിയുന്നുമില്ല.
അങ്ങനെ ഇന്‍ക്യുബേറ്ററിലെ കോഴിക്കുഞ്ഞുങ്ങളെപ്പോലെ വളര്‍ത്തിയെടുക്കുന്ന കുട്ടികളാകട്ടെ, വിനോദം കണ്ടെത്തുന്നത് ടി വി, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലും അവയുടെ വൈജാത്യവിഭാഗങ്ങളിലുമാണ്. വല്ലപ്പോഴും കിട്ടുന്ന ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്താന്‍, മണ്ണിലിറങ്ങി ചെളിയാകാതിരിക്കാന്‍, കൂട്ടുകൂടാതിരിക്കാന്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുന്ന `വിദ്യാഭ്യാസ' സാധ്യതകള്‍ പേടിപ്പിക്കുന്നതാണ്. GTA Vice City പോലുള്ള ഗെയിമുകള്‍ വാങ്ങിക്കൊടുത്തതും ചിലപ്പോള്‍ കൂടെയിരുന്ന് പ്രോത്സാഹിപ്പിച്ചതും നമ്മള്‍ തന്നെയായിരിക്കും. `ദൗത്യ'മെന്ന ആഴമുള്ള പദത്തിന്റെ മനോഹരാര്‍ഥത്തെ ചോരകൊണ്ട് ചുവപ്പിച്ച് താന്‍ അറിയാത്ത ആരെയൊക്കെയോ കൊല്ലാനുള്ള മിഷനിലേര്‍പ്പെട്ട് പണം സമ്പാദിക്കുന്ന, ഗെയിം പോയിന്റുകള്‍ നേടുന്ന കുട്ടി, കമ്പ്യൂട്ടര്‍ മേശക്കുമപ്പുറത്ത് അത് പ്രാവര്‍ത്തികമാക്കുന്നതില്‍, മാനസിക വൈകല്യമുള്ളവനാകുന്നതില്‍ ആരെയാണ് പഴിക്കേണ്ടത്? രക്ഷിതാക്കള്‍ ഈ വിധം തിമിരബാധിതരായി തുടര്‍ന്നാല്‍ ഭാവിയില്‍ കൊല്ലപ്പെടുന്ന ലിജിന്‍ വര്‍ഗീസുമാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. മാനവികത യാന്ത്രികതയ്‌ക്കുമുന്നില്‍ തോറ്റുതുന്നം പാടും. എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയവന്‍, ഒരു മുഴം കയറില്‍ രണ്ടാമതൊരു ചിന്തകൂടാതെ കിടന്നാടും, തീര്‍ച്ച.
ഒരുപക്ഷേ, സാധാരണത്വംകൊണ്ട്, ഒഴുക്കിനൊപ്പം നീങ്ങുന്ന ലാഘവത്വംകൊണ്ട് അപക്വരായേക്കാം രക്ഷിതാക്കള്‍. എന്നാല്‍, നീണ്ട ട്രെയിനിംഗ് കാലം കഴിഞ്ഞ്, വിവിധ വിദ്യാഭ്യാസ രീതികളും തന്ത്രങ്ങളും പഠിച്ചുപയറ്റി, ശതമാനപുസ്‌തകത്തില്‍ നല്ല മാര്‍ക്കും നേടി കുട്ടികള്‍ക്കു മുന്നില്‍ നില്‍ക്കുന്ന മഹാനായ അധ്യാപകന്റെ കാര്യം അതിലും കഷ്‌ടമാണ്. രക്ഷിതാക്കളുടെ അപക്വത തിരുത്തുന്നതിനുപകരം, അതിന് കൈത്താങ്ങാവുകയാണ് അധ്യാപകന്‍. സമൂഹത്തില്‍ ഇന്നും ഉന്നതസ്ഥാനീയനായിട്ടും പലപ്പോഴും നാടന്‍ ശൈലിയില്‍ `അധ്യാപഹയനായി'ത്തീരുന്നവനെ കുറ്റം പറയാനൊക്കില്ല. കാരണം ലക്ഷങ്ങള്‍ നല്‍കി പോസ്റ്റ് വാങ്ങുമ്പോഴോ, പി എസ് സിക്ക് കുത്തിയിരുന്ന് പഠിച്ച് റാങ്ക് നേടുമ്പോഴോ വിദ്യപകരുന്നതിന്റെ പുണ്യംനേടുക, നല്ല മനുഷ്യരെ, അതുവഴി സമൂഹനിര്‍മിതിയെ ഉത്തേജിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യമൊന്നും ഭൂരിഭാഗത്തിനും ഉണ്ടാകാനിടയില്ല. വീടുവീടാന്തരം കയറി അഞ്ചുവയസ്സായ കുട്ടികളെ തപ്പി അധ്യാപകര്‍ ഇറങ്ങുന്നത്, ഒരു കുട്ടിപോലും വിദ്യാഭ്യാസം കിട്ടാതെ വീട്ടിലിരിക്കരുത് എന്ന അതിയായ ആഗ്രഹം കൊണ്ടാണെന്ന് ആര്‍ക്കാണറിയാത്തത്! മാസശമ്പളം കണ്ണുവെക്കുന്ന, താനേറ്റെടുത്തുവെന്നു പറയുന്ന ഉത്തരവാദിത്തങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്ന അധ്യാപകനെങ്ങനെ വിദ്യാര്‍ഥിക്ക് മാതൃകയാവും? ശരിയായ വിദ്യാഭ്യാസത്തിന്റെ മാധ്യമമാകും?
രക്ഷിതാവിന്റെയും അധ്യാപകന്റെയും ലക്ഷ്യബോധം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഈ ഒഴുക്കില്‍ നിന്ന് കുതറിമാറി ശുദ്ധമായ നീരൊഴുക്കിനെ തിരിച്ചറിയേണ്ടതിന്റെയും അതില്‍ തുടരേണ്ടതിന്റെയും ഉത്തരവാദിത്തം വിദ്യാര്‍ഥിക്കുമേല്‍ വന്നുചേരുന്നു. ഇവിടെ വിദ്യാഭ്യാസത്തിന്റെ തെറ്റിപ്പോക്കു സമ്മാനിക്കുന്ന അന്ധതയെ തോല്‍പിക്കാന്‍ ഒരു നല്ലവഴി വായനയെന്ന കണ്ണട തന്നെയാണ്. ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ആള്‍ക്ക് ജീവിതാടിസ്ഥാനത്തില്‍ മുഖ്യം അതിന്റെ ആദ്യവചനമാകേണ്ടതില്ലേ. എങ്കില്‍, ``വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍'' എന്ന വിശുദ്ധ ഖുര്‍ആനിന്റെ ആദ്യകല്‌പനയെ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കെങ്ങനെ സാധിക്കും. പാഠപുസ്‌തകത്തിനപ്പുറത്തേക്ക് മറ്റൊരു പുസ്‌തകം സമ്മാനമായിപ്പോലും നല്‍കാത്ത രക്ഷിതാക്കള്‍, നിരവധി അവസരമുണ്ടായിട്ടും വായനയുടെ ലോകത്തിലേക്ക് തന്റെ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കാത്ത അധ്യാപകര്‍,വായനയുടെ നട്ടെല്ലൂരിക്കളഞ്ഞ പൊതുസമൂഹം തുടങ്ങി, ഒക്കെയും ശത്രുപക്ഷത്തു നില്‍ക്കുന്ന ഈ കാലത്ത് പൊരുതിജയിച്ച് ദൈവകല്‌പനയ്‌ക്ക് വഴങ്ങുകയേ, വായനാശീലമുള്ളവനാവുകയേ സംശുദ്ധരാകാന്‍, വിജ്ഞാനിയാകാന്‍ നിവൃത്തിയുള്ളൂ.
ബദല്‍ ആലോചനകള്‍ക്ക് പ്രസക്തിയുണ്ട്
കാലാകാലങ്ങളായി വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറിവരുന്നുണ്ട്. വ്യത്യസ്‌ത ഗുരുകുലങ്ങളില്‍ മതവിദ്യാഭ്യാസമായും ആയോധനമുറകളായും കലാഭ്യാസമായുമൊക്കെ നടന്നിരുന്ന സാമ്പ്രദായിക പഠനസംവിധാനം പിന്നീട് പൊതുവിദ്യാഭ്യാസത്തിലേക്ക്, അതിന്റെ സ്ഥാപനമായ സ്‌കൂളിലേക്ക് മാറി. ഇതോടെ സാര്‍വത്രികവും സാര്‍വജനീനവുമായി വിദ്യാഭ്യാസം മാറി. നല്ലത്. പക്ഷേ, ഒരേ വാര്‍പ്പു മാതൃകകളെ സൃഷ്‌ടിക്കുന്ന ഫാക്‌ടറികളായി അവ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ വൈജാത്യമുള്ള മനുഷ്യനിപുണതകള്‍ അടിച്ചമര്‍ത്തപ്പെടുകയോ മാര്‍ക്കെന്ന, ഉന്നത ജോലിയെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് രൂപാന്തരണം ചെയ്യപ്പെടുകയോ ചെയ്‌തു.
ആകാശത്തെ അത്ഭുതക്കാഴ്‌ചകളിലൂടെ ആനന്ദത്തിലഭിരമിച്ചവന്‍ ഡോക്‌ടറായി, യാത്രകളെയും ദൂരങ്ങളെയും പ്രണയിച്ചവന്‍ സര്‍ക്കാര്‍ ഗുമസ്‌തനായി. വയലിനെ സ്‌നേഹിച്ചവന്‍ പോലീസായി..... അങ്ങനെയങ്ങനെ വിരോധാഭാസങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം വിരോധാഭാസങ്ങളാണ് ``സമൂഹത്തെ അതിന്റെ സ്ഥായീഭാവത്തോടെ തന്നെ നിങ്ങള്‍ക്കാവശ്യമുണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്ന ഒരു പരസ്യ ഏജന്‍സിയാണ് സ്‌കൂള്‍ '' എന്ന് ഇവാന്‍ ഇല്ലിച്ചിനെക്കൊണ്ട് പറയിച്ചത്. 1971ല്‍ Deschooling society പുസ്‌തകമെഴുതാനും അദ്ദേഹത്തിന് പ്രേരകം മറ്റൊന്നുമല്ല. ഗോപാലകൃഷ്‌ണനും വിജയലക്ഷ്‌മിയും 1982ല്‍ സാരംഗ് ബേസിക് സ്‌കൂള്‍ തുടങ്ങിയതും ബേബി മാഷ് കനവ് തുടങ്ങാന്‍ നിദാനമായതുമൊക്കെ സമാനമായ ആലോചനകളില്‍ നിന്നാണ്.
ചുരുക്കിപ്പറഞ്ഞാല്‍ മാറ്റിപ്പണിയലും മാറ്റിപ്പഠിക്കലും (Deschooling & Unlearning) ചര്‍ച്ചയാകുമ്പോള്‍, തന്റെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതില്ലെന്ന് ഒരു രക്ഷിതാവ് തീരുമാനിച്ചാല്‍ കുറ്റം പറയാനാവുമോ!
(പേനയെടുക്കേണ്ട കൈയില്‍ പിച്ചാത്തിയെത്തിയ വഴികള്‍ പഠിക്കണമെങ്കില്‍ സ്‌കൂളില്‍ തന്നെ പോകണം എന്ന തലക്കെട്ടില്‍ മുഹ്‌സിന്‍ കോട്ടക്കല്‍ എഴുതിയ ലേഖനത്തില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ )
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ