യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

ആശങ്കകളെ ദൂരീകരിക്കാന്‍ ചില സൂത്രങ്ങള്‍

'ബേജാറ് ' എന്നത് എന്റെ നാട്ടിലെ ഒരു മനുഷ്യന്റെ ഇരട്ടപ്പേരാണ് (വിളിപ്പേരാണ്). ബേജാര്‍ വരുന്നുണ്ടെന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ഉദ്ദേശിക്കപ്പെട്ട വ്യക്തിയെ മനസ്സിലാകും. അദ്ദേഹത്തിന്റെ സംസാരത്തിലും പേരുമാറ്റത്തിലും പ്രകടമായി കാണുന്ന ആശങ്കയാണ് അത്തമൊരു പേര് ലഭിക്കാന്‍ കാരണം എന്ന് തോന്നുന്നു. ആശങ്ക എന്നതിന് മലപ്പുറം പ്രദേശത്ത് സംസാരത്തില്‍ ബേജാറ് എന്നാണ് ഉപയോഗിക്കുക.

ബേജാര്‍ അഥവാ ആശങ്ക മനുഷ്യസഹജമാണ്. ബുദ്ധിയുടെ ലക്ഷണമാണ്. ഭ്രന്തന്മാര്‍ക്കും വകതിരിവില്ലാത്ത കുട്ടികള്‍ക്കും ആശങ്ക അനുഭവപ്പെടാറില്ല. ആശങ്ക ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ശരിയായ മറുപടി. ദൈവം മനുഷ്യ പ്രകൃതിയില്‍ നിക്ഷേപിച്ച ഇത്തരം കാര്യങ്ങളൊക്കെ മനുഷ്യന് ആവശ്യമുള്ളത് തന്നെയാണ്. എന്തിനാണ് മനുഷ്യനില്‍ ആശങ്ക എന്ന വികാരം നിക്ഷേപിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി ലഭിക്കാന്‍ . ആശങ്കയില്ലാത്ത ഭ്രാന്തന്മാരെതന്നെ നോക്കിയാല്‍ മതി.

നമ്മെ പ്രവര്‍ത്തന നിരതമാക്കുന്നതില്‍ അതിനൊരു പങ്കുണ്ട്. പരീക്ഷയില്‍ തോറ്റുപോകുമോ എന്ന ആശങ്ക, പരീക്ഷയില്‍ പിന്നോക്കമായി പോയാല്‍ തനിക്ക് ജീവിത മത്സരത്തില്‍ വിജയം സാധിക്കാതെ വരും എന്ന ആശങ്ക ഇതൊക്കെ വിദ്ധ്യാര്‍ഥിയെ പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു തൊഴിലാളിയെ കഠിനമായി അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നതിന് പിന്നിലും ആശങ്കക്ക് സ്ഥാനമുണ്ട്. നല്ല ഒരു കച്ചവടക്കാനും കൃഷിക്കാരനും ജാഗ്രതയില്‍ കാര്യങ്ങള്‍ നടത്തികൊണ്ട് പോകുന്നതിന് പിന്നിലും ആശങ്ക എന്ന വികാരത്തിന് പങ്കുണ്ട്. ആശങ്കക്ക് സംശയം എന്നോ ഭയം എന്നോ നിഘണ്ടുവില്‍ അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശങ്ക എന്നാല്‍ അത് രണ്ടുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. വ്യക്തമായി തിട്ടപ്പെടുത്താനാവാത്ത (സംശയകരമായ) ഒരു കാര്യത്തിലെ മോശമായ പ്രതികരണത്തെയോ പര്യവസാനത്തെയോ ഭയക്കുന്നതിനെയാണ് ആശങ്ക എന്ന് പറയുന്നത്. മാനസിക സംഘര്‍ഷം (Tension) ഉല്‍കണ്ഠ (Anxiety) വിഷാദം (Depression) എന്നീ ഘട്ടങ്ങളിലൂടെ കടുത്ത മാനസിക രോഗത്തിലേക്ക് നയിക്കുന്ന ആശങ്കയെ ഗൌരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്.

എന്നാല്‍  അനിവാര്യമായ കാര്യങ്ങളില്‍ പരിമിതമായ തോതില്ലാതെ ആശങ്കിക്കുന്ന പക്ഷം അത് മനുഷ്യന് ദോശകരമാണ്. അത് അവന്റെ ജിവതത്തെ തന്നെ താളം തെറ്റിക്കും. അമിതമായ (യുക്തിചിന്തയില്ലാത്ത) ആശങ്ക മുകളില്‍ സൂചിപ്പിച്ച മറ്റനേകം രോഗത്തിലേക്ക് നയിക്കും. അതിന്റെ പര്യവസാനം ഒട്ടും ആശങ്കയില്ലാത്ത മാനസികാവസ്ഥ അഥവാ ഭ്രാന്തിലേക്ക് എത്തിച്ചേരും.

എത്ര തന്നെ മോശമായ പര്യവസാനമാണെങ്കിലും ഉറപ്പായ ഒരു കാര്യത്തെക്കുറിച്ച് മനുഷ്യന്‍ ആശങ്കപ്പെടുന്നത് കുറയും. മരണം ഉറപ്പാണെങ്കിലും അതില്‍ ആശങ്കിച്ച് കഴിയുന്നവര്‍ കുറവായിരിക്കും. കാരണം അശങ്കിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും. എന്നാല്‍ ഒരു പരിശോധനക്കിടയില്‍ ഡോക്ടര്‍ പറഞ്ഞുവെന്ന് കരുതുക. ഒരു സി.ടി. സ്കാന്‍ വേണം എന്ന് അതോടെ ആശങ്ക വര്‍ദ്ധിക്കുകയായി. റിസള്‍ട്ട് കൊണ്ടു ചെന്നപ്പോള്‍ രോഗിയോട് വ്യക്തമായി പറയാതെ കൂടെ വന്നവരെ ദീര്‍ഘ നേരം വിളിച്ച് ഡോക്ടര്‍ സംസാരിക്കുക കൂടി ചെയ്തുവെന്നിരിക്കട്ടേ വീണ്ടും ബേജാര്‍ കൂടുകയായി. എന്നാല്‍ മരണം ഉറപ്പായ ഏതാനും ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞപ്പോള്‍ അവരുടെ രോഗകാര്യത്തിലുള്ള ആശങ്ക അവസാനിച്ചതായി കണ്ടു.

നാം വേണ്ടത് നമുക്ക് ആശങ്ക തോന്നുമ്പോള്‍ അതിന് ന്യായമുണ്ടോ എന്ന് സൂക്ഷമമായി പരിശോധിക്കുകയാണ്. കാരണം മനശാസ്ത്രജ്ഞര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ഈ വിഷയത്തില്‍ രസകരമായ ചില വസ്തുതകള്‍ കണ്ടെത്തുകയുണ്ടായി. അതില്‍ പറയുന്ന കണക്കുകള്‍ ഇപ്രകാരമാണ്.

40%  പേരുടെ ആശങ്കള്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനെക്കുറിച്ചാണ്.

30% പേരുടെ ആശങ്കകള്‍ മനുഷ്യര്‍ക്ക് ഒരിക്കലും മാറ്റാന്‍ കഴിയാത്തതിനെക്കുറിച്ചാണ്.

12% പേരുടെ ആശങ്കകള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ചാണ്.

10% പേരുടെ ആശങ്കകള്‍ വളരെ നിസ്സാര കാര്യങ്ങളെക്കുറിച്ചാണ്.

8% പേരുടെ ആശങ്കകല്‍ക്ക് മാത്രമാണ് ശരിയായ ന്യായമുള്ളത്.  

ആശങ്കിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ആശങ്കപ്പെടുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ആശങ്കകള്‍ മിക്കവയും അനാവശ്യമായിരിക്കും. 80% മുതല്‍ 85% വരെ രോഗങ്ങള്‍ ആശങ്കയാകുന്ന മാനസിക സമ്മര്‍ദ്ദം വഴി ഉണ്ടായിത്തീരുന്നവയാണ്. 50% ശാരീരികമായ അസുഖങ്ങള്‍ക്ക് (Psychosomatic) ആശങ്കകള്‍  കാരണമാകുന്നു.

അമിതമായ ആശങ്കകള്‍ ദൂരീകരിക്കാനുള്ള വഴികള്‍

അമിതമായ ആശങ്കകള്‍ ഇല്ലാതാക്കാനും ആശങ്കകള്‍ മനസ്സിനെയും ശരീരത്തെയും മോശമായി സ്വാധീനിക്കാതിരിക്കാനും രണ്ട് വഴികളാണ് എനിക്ക് പറഞ്ഞുതരാന്‍ കഴിയുന്നത്. ഒന്ന് യുക്തിപരം രണ്ടാമത്തേത് വിശ്വാസ പരം.

ആശങ്കക്ക് യുക്തിപരമായ പരിഹാരം.

തന്നെ ആശങ്കക്ക് കാര്യമായ ന്യയമുണ്ടോ എന്ന് യുക്തിപൂര്‍വം പരിശോധിച്ചു നോക്കുന്നതാണ് ഒന്നാമത്തെ വഴി. ഇത് വിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഒരേ പോലെ പ്രയോജനം ചെയ്യും. അതിന് വേണ്ടി ആശങ്കപ്പെടുന്ന കാര്യത്തിലെ വസ്തുതകളെയും ധാരണകളെയും വേര്‍ത്തിരിക്കുക. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരു മദ്ധ്യവയ്കന്റെ ആശങ്ക നോക്കൂ.. അദ്ദേഹം പറയുന്നു. ബുദ്ധിപൂര്‍വകമല്ലാതെ ഒരു പാട് പദ്ധതികളില്‍ നിക്ഷേപിച്ച് എന്റെ ഭാഗ്യം എനിക്ക് നഷ്ടപ്പെട്ടു. എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ വളരെ താമസിച്ച് പോയി. ഞാനും എന്റെ കുടുംബവും ശേഷിച്ച കാലം പട്ടിണിയിലും ബുദ്ധിമുട്ടിലും കഴിയാനേ നിര്‍വാഹമുള്ളൂ..

ഈ മനുഷ്യന്റെ നിരാശയും പ്രയാസവും ഈ വരികളില്‍നിന്ന് വ്യക്തമാകും. ഇതില്‍ ഒരു വസ്തുതയും മൂന്ന് ധാരണകളുമാണ് നമ്മുക്ക് സൂക്ഷമവിശകലനത്തില്‍ കാണാന്‍ കഴിയുക. അദ്ദേഹം ചില പദ്ധതികള്‍ക്ക് വേണ്ടി പണം ചിലവാക്കി നല്ല ഒരു തുക നഷ്ടപ്പെട്ടുവെന്നത് മാത്രം വസ്തുതയാണ്. ബാക്കിയെല്ലാം ഊഹവും. 1. ഭാഗ്യം നഷ്ടപ്പെട്ടു. 2. ഇനിയൊരിക്കലും മെച്ചപ്പെടാന്‍ കഴിയാത്തവിധം താമസിച്ച് പോയി 3. ഞാനും എന്റെ കുടുംബവും ശേഷിച്ച കാലം ബുദ്ധിമുട്ടും. ഈ മൂന്ന് കാര്യങ്ങളും അദ്ദേഹത്തിന്റെ ധാരണകള്‍ മാത്രമാണ്. അദ്ദേഹം യഥാവിധി പ്രവര്‍ത്തിച്ചാല്‍ നിഷ്പ്രയാസം ഇനിയും പരിഹാരം കാണാവുന്ന പ്രശ്നങ്ങളാണിവ.

ആശങ്കിക്കുന്നവരുടെ ആശങ്കകളെ പരിശോധിച്ചാല്‍ ഇപ്രകാരം വസ്തുതകളും ധാരണകളും കൂടിക്കുഴച്ചത് കാണാം. അതില്‍നിന്ന് വസ്തുതകളെ പുറത്തെടുത്ത് ആശങ്കയുണ്ടാക്കിയ കാര്യങ്ങളില്‍ പരിഹാരം കണ്ടത്താന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

ആശങ്കകള്‍ക്ക് വിശ്വാസപരമായ പരിഹാരം

സര്‍വശക്തനായ ഒരു സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന വിശ്വാസമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അതിന്റെ അനിവാര്യമായ ചില വിശ്വാസങ്ങള്‍ അമിതമായ ആശങ്ക ഒഴിവാക്കാന്‍ അവരെ സഹായിക്കുന്നു. അഥവാ ദൈവം തങ്ങളുടെ കാര്യങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് സംഭവിക്കുന്നതെല്ലാം എന്ന ചിന്ത നിരാശ പിടികൂടാതെ ജീവിതം കഴിച്ചുകൂട്ടാന്‍ സഹായിക്കുന്നു. തനിക്ക് സംഭവിക്കുന്ന മോശമായ അവസ്ഥ ഒരു പരീക്ഷണമാണെന്നും അതില്‍ വിശ്വാസ പൂര്‍വം ഉറച്ച് നിന്ന് തരണം ചെയ്യുകയാണ് വേണ്ടതെന്നും ഒരു വിശ്വാസി മനസ്സിലാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക.

['ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ.' (57:22-24)]

അമിതമായ ആശങ്കകള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നു. മനുഷ്യനെ അങ്ങേ അറ്റം നിരാശനും രോഗിയുമാക്കുന്നു. സമ്പത്തും ആരോഗ്യവുമെല്ലാം അത്തരക്കാര്‍ക്ക് നിഷ്ഫലമായി ഭവിക്കുന്നു. അതിനാല്‍ ആശങ്കളെ തിരിച്ചറിയുക അമിതമായ ആശങ്കളെ തുടച്ചുകളയുക. 

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

നിങ്ങളുടെ കേന്ദ്രം ഏതാണ് ?.....

നമുക്കോരോരുത്തര്‍ക്കും ഒരോ കേന്ദ്രമുണ്ട്. ഏതൊരു വീക്ഷണകോണില്‍നിന്നാണോ ചുറ്റുമുള്ള കാര്യങ്ങളെ നാം നോക്കിക്കാണുന്നത് അതാണ് നമ്മുടെ കേന്ദ്രം. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളതെന്തായാലും അതു തന്നെയായിരിക്കും നമ്മുടെ സുരക്ഷിതത്വത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും ബുദ്ധിയുടെയും ശക്തിയുടെയും സ്രോതസ്. നാം നമ്മുടെ കേന്ദ്രത്തെക്കുറിച്ച് പലപ്പോഴും ബോധവാന്‍മാരല്ല, നാം അതിന് വിധേയമായി  ജീവിതത്തെ ക്രമീകരിക്കുന്നുവെങ്കിലും. ഏതൊക്കെയാണ്  നമ്മുടെ കേന്ദ്രമായി നാം സ്വീകരിക്കാനിടയുള്ളത് എന്ന് പരിശോധിക്കാം. അതിന് മുമ്പ് എന്താണ് സുരക്ഷിതത്വം, മാര്‍ഗദര്‍ശനം, ബുദ്ധി, ശക്തി എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് ലളിതമായി പറയാം.

സുരക്ഷിതത്വം എന്നു പറയുമ്പോള്‍ നമ്മുടെ മൂല്യബോധം, സ്വത്വം, വൈകാരികാവലംബം, സ്വാഭിമാനം, ബലം എന്നിവയെയെല്ലാം പ്രതിനിധാനം ചെയ്യുന്നു.

മാര്‍ഗദര്‍ശനം എന്നാല്‍ നമ്മുടെ ജീവിതത്തിന് ദിശാബോധം നല്‍കുക എന്നതാണ് അര്‍ഥമാക്കുന്നത്. അതാണ് നമ്മുടെ ചിന്തയെയും പ്രവര്‍ത്തിയെയും നിയന്ത്രിക്കുന്ന സിദ്ധാന്തങ്ങളും മാനദണ്ഡങ്ങളും തീരുമാനിക്കുന്നത്.

ജീവിത്തത്തെക്കുറിച്ച നമ്മുടെ കാഴ്ചപ്പാട്, സന്തുലനത്തെക്കുറിച്ച ബോധം, വിഭിന്ന ഘടകങ്ങളും സിദ്ധാന്തങ്ങളും എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നവെന്നുവെന്നതിനെക്കുറിച്ചുള്ള അറിവ്. ഇതാണ് ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മനുഷ്യനെന്ന നിലയില്‍ സന്തുലിതമായി പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ശക്തി. എന്തെങ്കിലും നേട്ടമുണ്ടാകുന്നത് അതിലൂടെയാണ്. തെരഞ്ഞെടുക്കാനും തീരുമാനമെടുക്കാനുമുള്ള ഉര്‍ജ്ജമാണത്.

മാര്‍ഗദര്‍ശനം, സുരക്ഷിതത്വം, ബുദ്ധി, ശക്തി എന്നീ നാല് ഘടകങ്ങള്‍ മനുഷ്യനില്‍ പരസ്പരം ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്. കൃത്യമായ മാര്‍ഗദര്‍ശനവും അതിലൂടെ അനുഭവപ്പെടുന്ന സുരക്ഷിതത്വവും ശരിയായ ബുദ്ധിയെ ജനിപ്പിക്കുന്നു. ശരിയായ ബുദ്ധി ശരിയായ ശക്തിയെ പുറത്ത് കൊണ്ടുവരുന്ന രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയാണ് ഒരു മഹദ് വ്യക്തിത്വം, സന്തുലിതനായൊരു മനുഷ്യന്‍ , ആകര്‍ശകമായ സംയോജിക്കപ്പെട്ട ഒരു വ്യക്തിത്വം ആവിര്‍ഭവിക്കുന്നത്.

ഒരു മനുഷ്യന്റെ കേന്ദ്രം എന്താകുന്നുവെന്നതിനനുസരിച്ച് ഈ ഘടകങ്ങളുടെ സ്വഭാവം മാറുകയും അത് വ്യക്തിത്വത്തെ ബാധിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് വ്യത്യസ്ഥ സ്വഭാവമുള്ള വ്യക്തികള്‍ രൂപം കൊള്ളുന്നത്. കേന്ദ്രത്തില്‍ നിന്നാണ് മാര്‍ഗദര്‍ശനം, സുരക്ഷിതത്വം, ബുദ്ധി, ശക്തി എന്നിവ രൂപപ്പെടുന്നത്. അതുകൊണ്ട് നാം നമ്മുടെ കേന്ദ്രത്തെ തിരിച്ചറിയണം. നാം എന്തിനെയാണോ കേന്ദ്രസ്ഥാനത്ത് നിര്‍ത്താന്‍ കടപ്പെട്ടിരിക്കുന്നത് അതിനെ തിരിച്ചറിയുകയും കേന്ദ്രസ്ഥാനത്ത് പുനപ്രതിഷ്ഠിക്കുകയും ചെയ്യണം.

ഒരു മനുഷ്യന്റെ കേന്ദ്രമാക്കാന്‍ ഇടയുള്ള കാര്യങ്ങളെ ഇവിടെ ചുരുക്കി വിശദീകരിക്കാം. ഏതൊരു മനുഷ്യനും ഇതില്‍ ഒന്നോ അതിലധികമോ  കേന്ദ്രമാക്കിയവനാകും. ചിലരില്‍ ഇതിന്റെ സമിശ്രമായ ഒരു അവസ്ഥയെയും കണ്ടേക്കാം. ഒരു മനുഷ്യന്‍ തന്റെ കേന്ദ്രമാക്കിയതിന് പരിഗണിച്ച് താഴെ പറയും വിധം തരം തിരിക്കാം. നാം ഇതില്‍ ഏത് വിഭാഗത്തില്‍ വരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.

1. മാതാ-പിതൃകേന്ദ്രീകൃതര്‍

ചിലര്‍ക്ക് തങ്ങളുടെ മാതാപിതാക്കളാണ് കേന്ദ്രമായി വര്‍ത്തിക്കുന്നത്. അവരുടെ മാര്‍ഗദര്‍ശിയായി, സുരക്ഷിതത്വമായി, ബുദ്ധിയായി, ശക്തിയായി എല്ലാം അവരുടെ അവലംബം പിതാക്കളായി മാറുന്നു. മറ്റൊരു ചിന്തയും അവനെ അലട്ടുകയില്ല. അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതം. മാതാപിതാക്കളെ ബാധിക്കുന്ന ചെറിയ പ്രായാസങ്ങള്‍ പോലും അവന്റെ സമനിലതെറ്റിച്ചേക്കാം. അവര്‍ക്ക് വേണ്ടി അവരുടെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി അത്തരം ആളുകള്‍ ആരുമായും അടരാടിയേക്കാം. അക്കാര്യത്തില്‍ ന്യായം ആരുടെ ഭാഗത്ത് എന്നത് ഒരു പ്രശ്നമേ അല്ല.

2. സന്താന കേന്ദ്രീകൃതര്‍

ഈ ആധുനിക യുഗത്തില്‍ മനുഷ്യന്‍ പ്രത്യേകിച്ചും ആയിത്തീരാനിടയുള്ള ഒരു അവസ്ഥയാണിത്. എല്ലാ പ്രതീക്ഷയും, എല്ലാ സുരക്ഷിതത്വബോധവും, ശക്തിയും ദൌര്‍ബല്യവും, മാര്‍ഗദര്‍ശനവും സന്താനമായി മാറുന്ന അവസ്ഥ. എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന ചിന്ത അവനിലുണ്ടാക്കുന്നത് സന്താനങ്ങളെ ഓര്‍ത്തുകൊണ്ടാണ്. അവരുടെ പുരോഗതിയാണ് തന്റെ പ്രവര്‍ത്തനത്തിന്റെ ന്യായാന്യായതകളെ നിയന്ത്രിക്കുന്നത്. സന്താനങ്ങളെ ചുറ്റിപ്പറ്റിയാണ് അവന്റെ ആധിമുഴുവന്‍ . അവര്‍ക്ക് സന്തോഷമുണ്ടാക്കുന്നത് മാത്രമാണ് തനിക്ക് സന്തോഷം നേടിത്തരുന്നത്. അവരുടെ സന്തോഷത്തിന് വേണ്ടി മറ്റുള്ളവരുടെ കണ്ണീര്‍ പ്രശ്നമാകുകയില്ല. ഇങ്ങനെ പോകുന്ന സന്താന കേന്ദ്രീകൃതനായ ഒരു മനുഷ്യന്റെ അവസ്ഥകള്‍ .

3. സഹോദര-സഹോദരീ കേന്ദ്രീകൃതര്‍

സിനിമകളില്‍ മാത്രമല്ല നിത്യജീവിതത്തിലും ഇത്തരം ചില കഥാപാത്രങ്ങളെ കാണാം. അവര്‍ ജീവിക്കുന്നത് തന്നെ സഹോദരനോ സഹോദരിക്കോ വേണ്ടിയാണ് എന്നാണ് പറയുക. എല്ലാറ്റിയും അവരോടുള്ള ഇഷ്ടത്തോട് ബന്ധപ്പെടുത്തി കാണുക. തന്റെ ഇഷ്ടവും അനിഷ്ടവും നിശ്ചയിക്കപ്പെടുന്നത് സഹോദരനോ സഹോദരിയോ ആയിരിക്കും. പിതാവ് നഷ്ടപ്പെടുയും സഹോദരനോ സഹോദരിയോ തന്റെ രക്ഷാ കര്‍തൃത്വത്തില്‍ കഴിയേണ്ടി വരികയും ചെയ്യുമ്പോഴായിരിക്കും ഇത്തരമൊരു കേന്ദ്രം രൂപകൊള്ളുന്നത്. പക്ഷെ അദ്ദേഹത്തിന്റെ സുരക്ഷിതത്വവും, മാര്‍ഗദര്‍ശനവും, ബുദ്ധിയും, ശക്തിയുമൊക്കെ സഹോദരനോ സഹോദരിയോ ആയിത്തീരുന്ന വ്യക്തിത്വം ഒരു സ്വീകാര്യയോഗ്യമായ വ്യക്തിത്വമല്ല.

4. ഭാര്യാ കേന്ദ്രീകൃതര്‍

ചിലര്‍ കേന്ദ്രമായി സ്വീകരിക്കുന്നത് തങ്ങളുടെ ഇണയെ ആയിരിക്കും. ഭാര്യയുടെ ഇഷ്ടമാണ് തന്റെ ഇഷ്ടം അവരുടെ കോപം തന്റെ കോപഹേതു. ഭാര്യക്ക് ഇഷ്ടമായതായിരിക്കും തന്റെ പ്രവര്‍ത്തനത്തിന്റെ ശക്തി. തന്റെ ബുദ്ധിയുടെ വിനിയോഗവും അവളുടെ താല്‍പര്യമനുസരിച്ചായിരിക്കും. പെണ്‍കോന്തര്‍ എന്ന് വിളിക്കപ്പെടുന്ന വിചിത്ര സ്വഭാവത്തിന് ഉടമകളായിരിക്കും ഇവര്‍ .

5. ബന്ധുജന കേന്ദ്രീകൃതര്‍

കുടുംബ കേന്ദ്രീകൃതരാണിവര്‍ . ഒരു വ്യക്തിയുടെ കേന്ദ്രമായി വരാന്‍ എന്തുകൊണ്ടും സാധ്യതയുള്ള ഒന്നാണ് അവന്റെ കുടുംബം. എന്തൊക്കെ പറഞ്ഞാലും ഒരു വ്യക്തിയുടെ മുഖ്യമായ മുടക്കുമുതല്‍ കുടുബത്തിലാണ്. മുഖ്യമായ ശ്രദ്ധാകേന്ദ്രവും കൂടുംബമാണ്. ഇവര്‍ പൊതുവെ കുറേകൂടി വിശാലമനസകരായി തോന്നിക്കുമെങ്കിലും അത് തങ്ങളുടെ കുടുംബത്തിനപ്പുറം കടക്കാതെ ഇക്കൂട്ടര്‍ ശ്രദ്ധിക്കുന്നു. തന്റെ തറവാടും കുടുംബവുമാണ് തന്നെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും എന്ന കാഴ്ചപ്പാട്. അവരുടെ മുഴുവന്‍ സുരക്ഷിതത്വം തന്റെ മാത്രം ചുമതലിയിലാണെന്ന തോന്നല്‍ . അവര്‍ക്കെതിരെ വളരെ ചെറിയ നീക്കം പോലും സ്വന്തം രക്തം നല്‍കിവരെ പ്രതിരോധിക്കാന്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍ . തന്റെ ജീവിത്തിന് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ അത് കുടുംബത്തിന് വേണ്ടി ജീവിക്കലാണ് എന്നതാണ് ആ കാഴ്ചപ്പാടിന്റെ ആകെ തുക.

6. ധനകേന്ദ്രീകൃതര്‍

ജീവിതത്തിലെ ഏറ്റവും സാധാരണവും യുക്തിസഹവുമെന്ന് തോന്നാവുന്നതുമായ ഒരു കേന്ദ്രമാണ് ധനസമ്പാദനം. ഏതൊരു സൌകര്യവും ധനം കൊണ്ട് നേടാന്‍ കഴിയുന്ന ഇക്കാലത്ത് മിക്കവരും തങ്ങളുടെ കേന്ദ്രമായി ധനത്തെ തെരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യസൃഷ്ടിപ്പില്‍ തന്നെ ധനത്തോടുള്ള സ്നേഹം കുടികൊള്ളുന്നുണ്ട്. മനുഷ്യന്റെ അധ്വാനത്തെ പുറത്തെടുക്കാന്‍ പ്രേരകമായി ആ ശക്തി നിലകൊള്ളുന്നുണ്ട്. അത്രയും സ്വാഭാവികം. എന്നാല്‍ ധനത്തോടുള്ള ആര്‍ത്തിയായി മാറുന്ന ധനം തന്നെ തന്റേ കേന്ദ്രമായി പരിവര്‍ത്തിപ്പിക്കപ്പെടുന്ന അവസ്ഥ വളരെ ഭയാനകമാണ്.

7. സ്വത്ത് കേന്ദ്രീകൃതര്‍

സ്വത്ത് എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് അവന്റെ വസ്ത്രങ്ങള്‍ , ആഭരണങ്ങള്‍ , വീടുകള്‍ , കാറുകള്‍ തോട്ടങ്ങള്‍ തുടങ്ങിയവയാണ്. വളരെ അസ്ഥിരമായ കേന്ദ്രം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. ഇത്തരം കാര്യത്തെ കേന്ദ്രമാക്കുന്നവര്‍ക്ക് സ്വസ്തമായ ഒരു ജീവിതം പ്രയാസകരമായിരിക്കും. വീടുകള്‍ക്ക് വേണ്ടി എന്തും ചെലവഴിക്കുന്നവരെ നാം കാണാറുണ്ട്. വളരെ അനിവാര്യമായ സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ പോലും ഒരു പക്ഷെ അത്തരക്കാര്‍ ചെലവഴിക്കാന്‍ മടികാണിച്ചെന്ന് വന്നേക്കാം. എങ്കില്‍ വീടിനോട് എന്തെന്നില്ലാത്ത ഒരു പ്രേമം അത്തരക്കാര്‍ക്കുണ്ടാകും. അവയെ ബാധിക്കുന്നവ നിസ്സാര കാര്യങ്ങള്‍ വരെ അവനെ ദുര്‍ബലനാക്കും. സ്വത്തിന്റെ നാശനഷ്ടം ഒരു പക്ഷെ അദ്ദേത്തെ ആത്മഹത്യക്ക് വരെ പ്രേരിപ്പിച്ചേക്കാം.

8. കച്ചവട കേന്ദ്രീകൃതര്‍

ജീവിക്കുന്നത് തന്നെ ബിസിനസ്സ് ചെയ്യാന്‍ എന്നതാണ് ഇത്തരക്കാരുടെ ചിന്ത. ഭക്ഷണവും ഉറക്കവും ബലിയായി തങ്ങളുടെ ജീവിത ദൌത്യം തങ്ങളുടെ കച്ചവടത്തെ മുന്നോട്ട് കൊണ്ടുപോകലാണ് എന്ന് ചിന്തിക്കുന്ന ഇക്കൂട്ടര്‍ക്ക്. മാര്‍ഗദര്‍ശനം കച്ചവടമാണ് നല്‍കുക. അവര്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് അത് കച്ചവടത്തെ എങ്ങനെ ബാധിക്കുമെന്ന നോക്കിയിട്ടാകും. വ്യക്തിബന്ധങ്ങളെയു കുടുംബ ബന്ധങ്ങളെയും അതിന് മുന്നില്‍ തൃണവല്‍ഗണിക്കും. അതില്‍ മാത്രമാണ് തന്റെ സുരക്ഷിതത്തമെന്ന് അദ്ദേഹം ധരിക്കുന്നു. അതിന്റെ പുരോഗതിക്ക് നിധാനമാക്കുന്നതെന്തോ അതാണ് ശരിയായ ബുദ്ധി എന്നാണ് അദ്ദേഹം ധരിക്കുന്നത്. തന്റെ ശക്തി വിനിയോഗിക്കേണ്ട ഏക ഇടവും അതുതന്നെയാണ് എന്നദ്ദേഹം മനസ്സിലാക്കുന്നു.

ആദര്‍ശ കേന്ദ്രീകൃതരാവുക.

വളരെ സൂക്ഷമായി പരിശോധിച്ചാല്‍ മുകളില്‍ നല്‍കിയ കേന്ദ്രങ്ങളൊക്കെ ഒട്ടേറെ ദൌര്‍ബല്യങ്ങളുള്ളതും മനുഷ്യന്റെ പൂര്‍ണമായ ഗുണങ്ങളെ നഷിപ്പിക്കുന്നതും അസന്തുലിതമായ വ്യക്തിത്വവും ബന്ധങ്ങളും പുലര്‍ത്തുന്നവരാണ് അത്തരം കാര്യങ്ങളെ കേന്ദ്രമായി സ്വീകരിക്കുന്നവര്‍ എന്ന് കാണാം. മനുഷ്യന്‍ എക്കാലത്തും അംഗീകരിക്കുന്ന കുറേ ദൈവദത്തമായ മാനുഷിക മൂല്യങ്ങള്‍ അടിസ്ഥാനമായി തീരുന്ന ഒരു ആദര്‍ശം കേന്ദ്രമായി സ്വീകരിച്ചവരും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. മറ്റുമനുഷ്യര്‍ കേന്ദ്രമായി കാണുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ മനുഷ്യന്‍ സന്തുലിതമായ നിലപാട് സ്വീകരിച്ച് ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യേണ്ട ജീവിതത്തിന്റെ ബന്ധങ്ങളും ആവശ്യങ്ങളുമൊക്കയാണവ. പ്രസ്തുത കാര്യങ്ങളെ അവഗണിക്കാനോ നിസ്സാരവല്‍ക്കരിക്കാനോ പാടില്ല. എന്നാല്‍ അവ കേന്ദ്രമാകുകയും അവ ജീവിതന്റെ മാര്‍ഗദര്‍ശനം എന്ന പോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്നത് തെറ്റായ രൂപമാണ്. മാതാപിതാക്കളെയും സന്താനങ്ങളെയും ഭാര്യമാരെയും കച്ചവടത്തെയും വീടിനെയും സമ്പത്തിനെയുമെല്ലാം സ്ഥിരവും സ്ഥായിയുമായ മൂല്യങ്ങളിലൂടെ നോക്കിക്കണ്ട് തീരുമാനമെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമാണ് മനുഷ്യനെന്ന നിലക്ക് തന്റെ ദൌത്യം പൂര്‍ണമായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ.

ഇതാണ് ഒരു മനുഷ്യന്റെ പ്രധാന കേന്ദ്രമായി വരാന്‍ സാധ്യതയുള്ളത് ഇവയ്ക്ക പുറമെ സംഘടനാ (സഭാ/മഹല്ല്) കേന്ദ്രീകൃര്‍ , സുഹൃത്ത്/ശത്രു കേന്ദ്രീകൃതര്‍ , സന്തേഷ കേന്ദ്രീകൃതര്‍ , സ്വയം കേന്ദ്രീകൃതര്‍ എന്നിങ്ങനെയുള്ള വിഭജനം ചിലര്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പൂര്‍ണമായ ഒരു കേന്ദ്രമായി തീരാന്‍ ഇടയില്ലാത്തതാണ്. The 7 Habits of Highly Effective People എന്ന പൂസ്തകം രചിച്ച Stephen R. Covey ഇവയെ കൂടി മനുഷ്യന്റെ കേന്ദ്രമായി എണ്ണിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ പ്രവാചക ദര്‍ശനത്തിന് പകരം മനുഷ്യന്‍ സ്വീകരിക്കാനിടയുള്ള
വിശുദ്ധ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ 8 കാര്യങ്ങളെയാണ്  ഇവിടെ കേന്ദ്രമായി പരിഗണിച്ചിരിക്കുന്നത്.

തൌബ (9) എന്ന അധ്യായത്തിലെ 23,24 സൂക്തത്തില്‍ നമുക്ക് ഇങ്ങനെ വായിക്കാം.

അല്ലയോ സത്യവിശ്വാസികളേ, സ്വന്തം പിതാക്കളെയും സഹോദരന്മാരെയും പോലും-അവര്‍ വിശ്വാസത്തെക്കാള്‍ നിഷേധത്തിനു മുന്‍ഗണന നല്‍കുന്നുവെങ്കില്‍-നിങ്ങളുടെ രക്ഷാധികാരികളാക്കാതിരിക്കുവിന്‍ . നിങ്ങളിലാരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവര്‍ അക്രമികള്‍ തന്നെയാകുന്നു. പ്രവാചകന്‍ പറയുക: `നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പിലാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല.`

ആലോചിച്ചു നോക്കുക. എന്താണ് നിങ്ങളുടെ കേന്ദ്രമായി സ്വയം സ്വീകരിച്ചിരിക്കുന്നത്. 

2012, ഏപ്രിൽ 11, ബുധനാഴ്‌ച

എന്തിന് നാം പുഞ്ചിരിക്കാതിരിക്കണം?.

ഹൃദയത്തില്‍നിന്നുള്ള ഒരു പുഞ്ചിരി ആര്‍ക്കാണ് അതിനെ അവഗണിക്കാനാവുക. ഒരു പുഞ്ചിരി കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു കളിര്‍മ തോന്നുന്നില്ലേ. അതിന്റെ പ്രതിഫലനം നമ്മുടെ ചുണ്ടുകളില്‍ മറ്റൊരാള്‍ക്ക് പുഞ്ചിരിയായി തെളിഞ്ഞ് കാണാണാനാവില്ലേ. അതെ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യവാക്കാണ് പുഞ്ചിരി. ഏത് നല്ല കാര്യത്തെയും പരിഗണിക്കുന്ന മതങ്ങള്‍ പുഞ്ചിരിക്കും അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ട്.

പുഞ്ചിരി ഒരു മനുഷ്യന് സൌന്ദര്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. ദേശ്യവും വെറുപ്പും വൈരുപ്യവും. പുഞ്ചിരിയുടെ ഒന്നാമത്തെ പ്രയോജനം ചിരിക്കുന്നവര്‍ക്കും പിന്നീട് അത് കാണുന്നവര്‍ക്കുമാണ്. സമ്പത്ത് പോലെ തന്നെ. അതുകൊണ്ടാകുമോ മുഹമ്മദ് നബി പുഞ്ചിരിയെ ധര്‍മമായി കണക്കാക്കിയത്. നിന്റെ സഹോദരന്‍റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് നിനക്ക് ധര്‍മമാകുന്നുവെന്ന് തിരുനബി അരുളി. ഹദീസ് സമാഹരിച്ചവര്‍ പ്രത്യേകമായ ഒരു അധ്യായം തന്നെ പുഞ്ചിരിക്ക് നല്‍കി. നന്മയില്‍നിന്ന് ഒന്നും നിസ്സാരമായി ഗണിക്കരുതെന്നും പ്രസന്ന വദനത്തോടെ സഹോദരനെ അഭിമുഖീകരിക്കുന്നതിന് പോലും വേണ്ടത്ര ഗൌരവം നല്‍കേണ്ടതുണ്ടെന്നും പ്രവാചക വചനം നമ്മെ ഉണര്‍ത്തുന്നു. സമ്പത്ത് കൊണ്ട് ലഭിക്കാത്ത സ്നേഹം നേടാന്‍ പുഞ്ചിരിയിലൂടെ സാധിക്കും. പക്ഷെ അത് ഹൃദയത്തില്‍നിന്നുള്ളതാകണം എന്ന് മാത്രം.

ഒരാളില്‍നിന്ന് നാം ദേശ്യം പ്രതീക്ഷിച്ചിരിക്കെ അദ്ദേഹത്തില്‍ പുഞ്ചിരികാണാന്‍ കഴിയുന്നത് ഏറെ മനോഹരവും  അമ്പരപ്പുണ്ടാകുന്നതുമാണ്. ഏത് പ്രശ്നത്തെയും പുഞ്ചിരിയോടെ നേരിടുന്നവര്‍ അസാമാന്യമായ മനക്കരുത്ത് ഉള്ളവരാണ്. നിറഞ്ഞ പുഞ്ചിരി ഒരാളുടെ മാനസികാരോഗ്യത്തെ കുറിക്കുന്നു. ആത്മീയമായ സമാധാനത്തെയും. പുഞ്ചിരി സദ്സ്വഭാവത്തിന്റെ ലക്ഷണമാണ്. ജനങ്ങളോട് അവരുടെ സ്വഭാവമനുസരിച്ച് പെരുമാറാന്‍ എളുപ്പമാണ്. കോപിക്കുന്നവരോട് കോപിക്കുക പുഞ്ചിരിക്കുന്നവരോട് പുഞ്ചിരിക്കുക. പക്ഷെ ആരോഗ്യമുള്ള ഒരു മനസ്സിന്റെ ഉടമക്ക് മാത്രമേ സ്വന്തം നിലപാടില്‍നിന്ന് കൊണ്ട് മറ്റുള്ളവരോട് പെരുമാറാന്‍ കഴിയൂ. ഏതെങ്കിലും ഭൌതിക താല്‍പര്യം മുന്നില്‍ വെച്ചുള്ള പുഞ്ചിരി വഞ്ചനാത്മകമാണ്. നിബന്ധന വെച്ചുകൊണ്ടുള്ള പുഞ്ചിരി കച്ചവടവും.


പുഞ്ചിരിയുടെ പ്രയോജനങ്ങള്‍ :

1. മറ്റുള്ളവരുടെ മനസ്സില്‍ സന്തോഷം നിറക്കാന്‍ പുഞ്ചിരിക്ക് കഴിയും.

2. വിരോധിയുടെ ശത്രുത അതിലൂടെ ഇല്ലാതായേക്കാം.

3. സ്വന്തത്തിന്റെയും ചുറ്റുമുള്ളവരുടെയും മാനസിക പിരിമുറുക്കം കുറക്കാന്‍ പുഞ്ചിരിക്കുന്നതിലൂടെ സാധിക്കുന്നു.

4. ശാരീരിക-മാനസികാരോഗ്യം വീണ്ടെടുക്കാനും ചിരിയിലൂടെ സാധിക്കും.

5. അറിവ് പകര്‍ന്ന് നല്‍കുന്നവര്‍ക്ക് അത് എളുപത്തില്‍ നല്‍കാനും അത് ഉപകാരപ്പെടുന്നു.

എന്തുകൊണ്ട് ചിലര്‍ക്ക് ചിരിക്കാന്‍ കഴിയുന്നില്ല എന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചു. മറ്റു ചില കാരണങ്ങള്‍ കൂടി അതിനുണ്ട്.

1. ചിരിക്കുന്നത് കുട്ടിത്തമായി ചിലര്‍ ഗണിക്കുന്നു. ധാരാളം ചിരിക്കുന്നത് കുട്ടികളായത് കൊണ്ടായിരിക്കാം. നിസ്സാര കാര്യങ്ങള്‍ പോലും കുട്ടികളില്‍ ചിരിയുതിര്‍ക്കുന്നത് നാം കാണാറുള്ളതാണ്. ചിരിയെ തടയുന്ന ഒന്നും അവരിലില്ല എന്നതാണ് കാരണം. അതുകൊണ്ട് വേദനയേറിയ കരച്ചിലിനിടയിലും കുട്ടികള്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചെന്ന് വരും. വേദനിപ്പിക്കുന്ന കാര്യങ്ങളും അവരുടെ ഹൃദയാന്തരാളങ്ങളെ ബാധിക്കുന്നില്ല എന്നത് കൊണ്ടാണിത്.

2. പുഞ്ചിരി തങ്ങളുടെ ഗാംഭീര്യം കുറക്കുമെന്ന് ചിലര്‍ ധരിക്കുന്നു. തികഞ്ഞ തെറ്റിദ്ധാരണയാണത്. കൃത്രിമമായി ഉണ്ടാക്കപ്പെടുന്ന അത്തരം ഗാംഭീര്യവും പാരുഷ്യവും ഇന്ന് ഒരു തലത്തിലും പ്രയോജനം ചെയ്യുന്നില്ല എന്നാണ് മനസ്സിലാക്കപ്പെടുന്നത്. വിരട്ടിയും പേടിപ്പിച്ചും ജോലിചെയ്യിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഗാര്‍ഹികമായ ശിക്ഷണത്തിലും ഇക്കാലത്ത് അത്തരം കൃത്രിമ ജാഢകള്‍ക്ക് സ്ഥാനമില്ല.

3. ചിലരിലെങ്കിലും അപ്രകാരം സംഭവിക്കുന്നത്, ജനിച്ച് വളര്‍ന്ന സാഹചര്യങ്ങളുടെ സ്വാധീന ഫലമാണ്. കര്‍ക്കശമായ നിയന്ത്രണത്തിലോ പരുക്കന്‍ സാഹചര്യത്തിലോ വളര്‍ന്ന് വരുന്നവര്‍ ചിരി അപൂര്‍വമായവരായി മാറുന്നു.

4. പക്ഷപാതം, തെറ്റിദ്ധാരണ, വര്‍ഗീയത എന്നീ കാരണങ്ങളാല്‍ ചിലര്‍ മറ്റുചിലരോട് പുഞ്ചിരിക്കാന്‍ മടികാണിക്കുന്നു. എന്നാല്‍ ഇവയൊന്നും പക്വമായ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങളല്ല തന്നെ.

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാക്കുന്നു. പുഞ്ചിരിക്കതിരിക്കാനുള്ള ന്യായം കുറ്റമറ്റതല്ല. അങ്ങനെയെങ്കില്‍ ധാരാളം പ്രയോജനമുള്ള പുഞ്ചിരി എന്ന ധര്‍മം നാം എന്തിന് സഹജീവികള്‍ക്ക് തടയണം.

ചിരിക്കാന്‍ കഴിയുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യന്‍ എന്ന് ഓര്‍ക്കുക.

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

നിങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നില്ലേ ?

നിങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നില്ലേ. സംഭാഷണവേളകളില്‍ നിങ്ങള്‍ ഗൌരവ പ്രകൃതക്കാരനായി മാത്രമേ നില്‍ക്കാന്‍ കഴിയൂ എന്നുണ്ടോ. സംഭാഷണവേളകളിലും ജീവിതത്തിലെ ഇതര സന്ദര്‍ഭത്തിലും ചിരി ഒരു പ്രയാസകരമായ സംഗതിയായി തോന്നുന്നുണ്ടോ എങ്കില്‍  ശ്രദ്ധിക്കണം, നിങ്ങള്‍ അതിവികാര വിക്ഷുബ്ധന്‍ എന്ന ഒരു തലത്തിലേക്ക് മാറിയിട്ടുണ്ടോ എന്ന്.


നമ്മെ നോക്കി ആരെങ്കിലും പുഞ്ചിരിക്കുന്നത് സങ്കല്‍പിച്ചു നോക്കൂ. നമുക്ക് അത് എത്രമാത്രം സന്തോഷകമായ കാര്യമാണ്. അതേ സമയം നമുക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ കനപ്പിച്ച മുഖവുമായി കടന്ന് പോകുന്നത് എത്രമാത്രം പ്രയാസകരമായി നാം അനുഭവിക്കുന്നു. എന്തു കൊണ്ട് ഇവര്‍ക്കൊന്ന് പുഞ്ചിരിച്ചുകൂടെ എന്ന് നമുക്ക് തോന്നാറില്ലേ.


വളരെകുറഞ്ഞ പേശികളുടെ അധ്വാനം മാത്രമേ പുഞ്ചിരിക്ക് ആവശ്യമുള്ളു. ദേശ്യം പ്രകടിപ്പിക്കാനും മുഖം കനപ്പിച്ച് പിടിക്കാനും അതിനേക്കാള്‍ നാം ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അധികപേരും പുഞ്ചിരിക്കാന്‍ മറന്നു പോകുന്നത്. പരസ്പരം സംസാരിക്കുമ്പോള്‍ പോലും എന്തുകൊണ്ടാണ് ചിലരുടെ മുഖത്ത് പുഞ്ചിരി വിടരാത്തത്. പുഞ്ചിരിയുടെ സ്ഥാനവും മഹത്വവും അവര്‍ക്ക് അറിയാത്തത് കൊണ്ടാണോ ? അല്ല. ഒരിക്കലുമല്ല. മറ്റെന്തോ കാരണം അതിനുണ്ട്. ചിരി അപൂര്‍വമായ അവര്‍ ചില മാനസിക വൈകല്യത്തിന് ഉടമകളാണ്. അവ എന്താണ് എന്ന് നോക്കാം.


ചിരി അപൂര്‍വമായവരെ കുറിച്ച് പഠനം നടത്തിയപ്പോള്‍ അതിവികാര വിക്ഷുബ്ധരാണ് അവര്‍ എന്ന് കണ്ടെത്തുകയുണ്ടായി. അവരുടെ പ്രത്യേകത ഇതാണ്.


1. അവരെക്കുറിച്ചുള്ള ആരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു അധിക്ഷേപം അവര്‍ കാണുന്നു.


2. അവര്‍ക്ക് സഹായകമായ ഓരോ നിര്‍ദ്ദേശത്തിലും അതി സൂക്ഷമായ ഒരു വിമര്‍ശനം അവര്‍ ദര്‍ശിക്കുന്നു.


3. ഓരോ സംഭാഷണത്തിലും സംവാദത്തിനായുള്ള ഒരു വെല്ലുവിളി അവര്‍ കാണുന്നു.


4. ദൈനംദിന കാര്യങ്ങള്‍ പോലും അലസതകാരണം വന്‍ പദ്ധതികളായി അവര്‍ക്ക് അനുഭവപ്പെടുന്നു. അതിനാല്‍ അത്യാവശ്യജോലികള്‍ പോലും അവര്‍ മാറ്റിവെക്കുന്നു. അതിലൂടെ അവര്‍ പോലും അറിയാത്ത ഒരു അസ്വസ്തത അവരെ പിടികൂടുന്നു. വന്‍പദ്ധതികളാകട്ടെ ഇവര്‍ക്ക് താങ്ങാനാവുകയില്ല. അത്തരം കാര്യങ്ങളെ വന്‍ സംഭ്രാന്തിയോടെ എതിര്‍ക്കുന്നു.


5. അത്തരക്കാര്‍ എന്തെങ്കിലും കാര്യത്തില്‍ ഏര്‍പെട്ടാല്‍ പോലും ഒരു സാങ്കല്‍പിക ഭാരം അനുഭവിക്കുന്നവരായിരിക്കും. പ്രത്യക്ഷാഗീകരവും അളവറ്റ പ്രസംശയും നേടിയാല്‍ മാത്രമേ അതിനെ ദൂരീകരിക്കാന്‍ അവര്‍ക്ക് കഴിയൂ. പക്ഷെ അവ പലപ്പോഴും ലഭിക്കുകയില്ല എന്നത് യാഥാര്‍ഥ്യം.


6. അവരുടെ മൃദുല വികാരങ്ങള്‍ക്ക് എപ്പോഴും മുറിവേല്‍പ്പിക്കപ്പെടുന്നു.


7. ഏത് കാര്യത്തോടും തീക്ഷണമായ പരിഹാസത്തിലൂടെയോ യുക്തിസഹജമല്ലാത്ത ശത്രുതാമാനോഭാവത്തിലൂടയോ വേദനയുളവാക്കുന്ന നിശ്ശബ്ദതയിലൂടെയോ അവര്‍ പ്രതികരിക്കുന്നു.


മറ്റുള്ളവരോടുള്ള അനുതാപം (Sympathy) നല്ല ഒരു സ്വഭാവമാണ്. അതില്‍നിന്നാണ് കാരുണ്യവികാരങ്ങള്‍ ഒരു മനുഷ്യനില്‍ ഉണ്ടാവുന്നതും. പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് രൂപപ്പെടുന്നതും. എന്നാല്‍ പുഞ്ചിരി അപൂര്‍വമായ ഈ വികാര വിക്ഷുബ്ധര്‍ സ്വാനുതാപം ഉള്ളവരാണ്. ഇതാണ് ഇവരുടെ രോഗത്തിന്റെ മൂല കാരണമെന്ന് ഡോ. മാക്സ് വെല്‍ മാള്‍ട്ട് അഭിപ്രായപ്പെടുന്നു.


രോഗം തിരിച്ചറിയപ്പെടുക എന്നത്. ചികിത്സയില്‍ വളരെ പ്രധാനമാണ്. അടുത്ത് ഏതാനും പോസ്റ്റില്‍ നമുക്ക് അതിനെക്കുറിച്ച് വിശകലനം ചെയ്യാം. 

(തുടരും)

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

കത്തുന്ന മുടി; ഒരു ക്രൈസ്തവാനുഭവം

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ, കത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ലാത്ത, എന്നാല്‍ കത്താത്ത മുടിയുടെ പോരിശ ഇപ്പോള്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല ചര്‍ച ചെയ്യപ്പെടുന്നത്. ഏത് മുടിയും കത്തും എന്ന സഖാവ് പിണറായിയുടെ കമ്മ്യൂണിസ്റ്റ് പ്രഖ്യാപനത്തോടുകൂടി. കമ്മ്യൂണിസ്റ്റുകള്‍ക്ക് സംശയം നീങ്ങുകയും അവരുടെ തന്നെ വോട്ടുബാങ്കായിരുന്ന കാന്തപുരം വിഭാഗത്തെ അത് ചൊടിപ്പിക്കുയും ചെയ്തു. ഈ പശ്ചാതലത്തില്‍ കാന്തപുരം വിഭാഗത്തിലെ ഒരു മുസ്ലിയാര്‍ വിശ്വാസകാര്യത്തില്‍ കൂറെയൊക്കെ സമാനതകളുള്ള ഒരു ക്രൈസ്തവ സുഹൃത്തുമായി കണ്ടുമുട്ടിയതിന്റെ അനുഭവ വിവരണം എന്നെ ആകര്‍ഷിച്ചു. അത് എന്റെ ബ്ലോഗ് വായനക്കാരുമായി പങ്കുവെക്കുന്നു. ലേഖനത്തിലേക്ക്... 


കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

ഇന്നലെ മലപ്പുറത്ത് നിന്ന് ഒരു മൌലവി ഓഫീസില്‍ വന്നു...ദുബായില്‍ വിശ്വാസികളെ കാണുവാനും നാട്ടില്‍ നടത്തുന്ന സ്കൂളിന് വേണ്ടി പണം പിരിക്കുവാനും ആണ് വന്നത്.. എന്‍റെ മുതലാളിയെ കണ്ടു ഒരു തുക മേടിക്കുക എന്നതായിരുന്നു പദ്ധതി. പക്ഷെ എന്‍റെ മുതലാളി ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് ആണ് അദേഹം ഓഫീസില്‍ വന്നത്. ... എന്നെ കണ്ട ഉടനെ അദേഹം പറഞ്ഞു ഞാന്‍ കാന്തപുരം മുസലിയാര്‍ വിഭാഗം ആണ് എന്ന്? ഞാന്‍ ഓര്‍ത്ത്‌ എന്നെ കണ്ടാലും അങ്ങനെ തോന്നുമോ? എന്തെ എന്നെ കണ്ട ഉടന്‍, പേര് പോലും ചോദിക്കാതെ ഇങ്ങനെ പറയുവാന്‍.,. എന്തായാലും നല്ല ഒരു മനുഷ്യന്‍.,. എനിക്കാണെങ്കില്‍ കാന്തപുരം, എ പി , സുന്നി , ചേകന്നൂര്‍ , ബോറ, ഷിയാ , ജമാ അത്തെ എന്നൊക്കെ കേട്ടിട്ടുള്ളത് അല്ലാതെ അവരെ കുറിച്ച് മറ്റൊന്നും അറിയില്ല. ഞങ്ങടെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പോലും, കത്തോലിക്ക, മാര്‍ത്തോമ്മ, ലണ്ടന്‍ മിഷന്‍, പെന്തകോസ്ത്, ഓര്‍ത്തഡോകസ് മുതല്‍ യഹോവ സാക്ഷികല്‍ വരെ കാക്കത്തൊള്ളായിരം സഭകള്‍ ഉണ്ടെന്നു മാത്രമറിയാം എന്നാല്‍ എന്തിനു വേണ്ടി നില കൊള്ളുന്നു എന്നതു ഒരു വലിയ സമസ്യ ആയി ഇപ്പോഴും എന്നെ പേടിപ്പിക്കാറും ഉണ്ട്...
എന്തായാലും മൌലവിയെ ഞാന്‍ സ്വീകരിച്ചിരുത്തി... ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള വ്യത്യാസങ്ങള്‍ ഒന്നും അറിയില്ല, എന്ത് സംസാരിക്കും എന്നും അറിയില്ല.. എന്തായാലും അല്പം വിവാദം ആകാം എന്ന് കരുതി ഞാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അടുത്ത കാലത്ത് നടന്ന തിരു കോശത്തെ കുറിച്ച് സംസാരിച്ചു...ഉടനെ അദേഹം ജമാ അത്തെ ഇസ്ലാമി, ഒരു വര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന ആണ്. അവര്‍ കേരളത്തിന്‍റെ അജണ്ട നിശ്ചയിക്കുവാന്‍ ശ്രമിക്കുകയാണ്. പാകിസ്താന്‍ കാരന്‍ ആയ മെഹ് മൂദി എന്നൊരാള്‍ ഉണ്ടാക്കിയ ഒരു സംഘടന ആണ് അത് എന്നും, മെഹ്മൂദി യുടെ പേന ലേലത്തില്‍ രണ്ടു ലക്ഷത്തിനു ( രൂപയാണോ, ഡോളര്‍ ആണോ എന്നോര്‍ക്കുന്നില്ല ) പോയെന്നും പറഞ്ഞു. സുകുമാര്‍ അഴീകൊടിന്റെ പേന പോലും ലേലത്തില്‍ വച്ചാല്‍ അതിനു പണം മുടക്കുവാനും ആളുകള്‍ തയ്യാര്‍ ആകും. മുസ്ലീംകള്‍ക്ക് നബി തിരുമേനിയുടെ മുടി വികാരപരം ആണ്. സഖാവ് പിണറായിയും ജമാ അത്തെയും കൂടി ഉള്ള കളികള്‍ ... അങ്ങനെ എനിക്ക് മനസിലാകാത്ത പലതും പറഞ്ഞു. എനിക്കാകെ കണ്‍ ഫൂഷന്‍..., എനിക്ക് ഇത്യാദി കാര്യങ്ങളെ കുറിച്ച് വലിയ പിടിയില്ല.
പെട്ടെന്ന് ഞാന്‍ മറ്റൊരു തിരു കോശത്തെ കുറിച്ചു എനിക്കുണ്ടായ അനുഭവം അദേഹത്തോട് പറഞ്ഞു.
അന്ന് ഞാന്‍ ഏതോ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്നു എന്നാണ് ഓര്മ. ഒരു ദിവസം സന്ധ്യാ പ്രാര്‍ത്ഥന സമയത്ത് ആണ് ആ അത്ഭുതം നടക്കുന്നത്. ചേച്ചി വായിച്ചു കൊണ്ടിരുന്ന ബൈബിളില്‍ ഒരു നീളന്‍ മുടി. ചേച്ചിയുടെ കൂട്ടുകാരില്‍ ആരോ പറഞ്ഞിട്ടുണ്ട് , ബൈബിളില്‍ മുടി ചിലപ്പോള്‍ പറന്നു വരാറുണ്ട്. ഇങ്ങനെ കാണുന്ന മുടി യേശുവിന്‍റെ മുടി ആയിരിക്കും. കുരിശു വര കഴിഞ്ഞു ഞങ്ങള്‍ ഇതെക്കുറിച്ചായിരുന്നു ചര്‍ച്ച. വലിയ ഒരു അത്ഭുതം ഇതാ ഞങ്ങളുടെ വീട്ടില്‍.,. തേനും പാലും ഒഴുകുന്ന തിരു സ്വരൂപങ്ങള്‍ ഇന്ന് ഒരു പുതുമ അല്ലാത്തതിനാല്‍ ഇന്നിത് വലിയ അത്ഭുതം അല്ലെങ്കിലും ഞങ്ങളുടെ ചെറുപ്പത്തില്‍ ഇതൊരു അത്ഭുതം തന്നെ ആയിരുന്നു.
രണ്ടായിരം വര്ഷം മുന്‍പ് ജനിച്ച വിപ്ലവകാരിയും നവോഥാന നായകനും, സര്‍വോപരി കമ്മ്യുണിസ്റ്റ്‌ കാരനും ആയ സഖാവ് യേശുവിന്‍റെ മുടി ഞങ്ങളുടെ വീട്ടിലെ ബൈബിളില്‍..,. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആയിരുന്നു പാര്‍ട്ടിയില്‍ അംഗത്വം എടുത്തത് എങ്കിലും സഖാവ് യേശു പണ്ട് മുതലേ ഒരു കമ്മ്യുണിസ്റ്റ്‌ അനുഭാവിയായിരുന്നു എന്ന് പില്‍ക്കാലത്ത് നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. (ഇല്ലെങ്കില്‍ പാര്‍ട്ടി നടത്താന്‍ ഉദ്ദേശിക്കുന്ന സ്കൂളില്‍ ഇതൊരു ഗവേഷണ വിഷയം ആക്കും)

അനിയന്‍ ആണ് പറഞ്ഞത് എന്നോര്‍ക്കുന്നു, യേശുവിന്‍റെ കാലത്ത് വിളക്കിത്തല നായന്മാര്‍ ഇല്ലായിരുന്നതിനാല്‍ യേശു മുടി വെട്ടിയിരുന്നില്ലല്ലോ എന്ന്. അപ്പോള്‍ യേശുവിന്‍റെ മുടിക്ക് നീളം കൂടുതല്‍ ആയിരുന്നില്ലേ? ഉടന്‍ തന്നെ ഞാന്‍ പോയി സ്കെയില്‍ എടുത്തു കൊണ്ടുവന്നു നീളം ഒക്കെ അളന്നു അത് യേശുവിന്‍റെ മുടി ആകുവാന്‍ ഉള്ള സാധ്യത നൂറിനു തൊണ്ണൂറ്റി ഒന്‍പതു ആണ് എന്ന് വിധി കല്‍പ്പിച്ചു. 

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍, പള്ളിയില്‍ പോകേണ്ടതിനാല്‍ , നാളെ പള്ളീലച്ചനെ കൊണ്ട് കവടി നിരത്തി ഇതിന്റെ വിശ്വാസ്യത തെളിയിക്കാം എന്ന് തീരുമാനമായി, ഞങ്ങള്‍ പോയി കിടന്നു. മുടി കണ്ട ബൈബിള്‍ മുടിയോടൊപ്പം ഭദ്രമായി സൂക്ഷിച്ചു. പിറ്റേന്ന് അതിരാവിലെ ആ ബൈബിളും ആയി ചേച്ചിയോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്. കുര്‍ബാന കഴിഞ്ഞു വിശ്വാസികള്‍ പിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അച്ചന്റെ മുന്നില്‍ തിരു മുടിയും ആയി ജാഥ നടത്തി. അച്ചന്‍ വളരെ കൌതുകത്തോട് കൂടി തിരുമുടി എടുത്തു നോക്കി. അപ്പോഴേക്കും അവിടെ ചെറിയ വലിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെടുത്തു. എല്ലാവരുടെയും കണ്ണില്‍ കൌതുകവും അത്ഭുതവും. ജനക്കൂട്ടത്തിന്റെ ശ്രദ്ധ മുഴുവന്‍ തിരു മുടിയില്‍ ആണെങ്കിലും അവര്‍ ഇടയ്ക്കിടെ ഞങ്ങളെയും നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം കാണുമ്പോള്‍ ഞാന്‍ പതുക്കെ കോളര്‍ ഒക്കെ പിടിച്ചുയര്‍ത്തി, പെരുവിരലില്‍ ഗുരുവായൂര്‍ കേശവനെ പോലെ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന്.. കയ്യിലെ രോമങ്ങള്‍ എല്ലാം എഴുന്നു നില്‍ക്കുന്നു. ഇപ്പോള്‍ ജനം കൂടുതല്‍ ഭക്ത്യാദരവോട് കൂടി നില്‍ക്കുന്നു. 

പെട്ടെന്നാണ് അച്ചന്‍ മെഴുകു തിരി കത്തിച്ചു കൊണ്ടുവരുവാന്‍ കപ്യരോട് പറഞ്ഞത്. തിരു സ്വരൂപങ്ങള്‍ക്കും വിശേഷ പ്രാര്‍ത്ഥനകള്‍ക്കും കുര്‍ബാനയ്ക്കും ഒക്കെ മാത്രം ആണ് മെഴുകുതിരി കത്തിക്കുന്നത് പള്ളിയില്‍.,... മെഴുകു തിരി കത്തിച്ചു വരുവാന്‍ പറഞാപ്പോള്‍ വിശ്വാസികള്‍ തീച്ചയാക്കി , ഇത് നസ്രായനായ സഖാവിന്റെ തിരു മുടി തന്നെ എന്ന്...അച്ചന്‍ തിരുമുടി വെഞ്ചരിക്കാന്‍ പോവുകയാണ് എന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ചിലരൊക്കെ മുട്ടുകുത്താനും സാഷ്ടാംഗം വീഴുവാനും ഒക്കെ ശ്രമം നടത്തി നോക്കിയോ എന്നത് വെറും അതിശയോക്തി ആണോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. 

കപ്യാര്‍ മെഴുകു തിരിയും ആയി വന്നു. അച്ചന്‍ നീട്ടിപ്പിടിച്ച തിരുമുടി കയ്യില്‍ എടുത്തു ആ മെഴുകുതിരി നാളത്തിലേക്ക് കാട്ടി. അല്ഭുതമെന്നു പറയട്ടെ, ആ മെഴുകുതിരി നാളം തിരുമുടിയെ പൂര്‍ണ്ണമായും വിഴുങ്ങി. മെഴുകു തിരിയുടെ പ്രകാശ വലയത്തിലും എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ... എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. എല്ലാം ഈ അച്ചന്‍ ഒരാള്‍ തകര്‍ത്തില്ലേ... പള്ളീലച്ചന്‍ ആയത് കൊണ്ട് ആശുദ്ധമായതോന്നും അച്ചനെതിരെ ചിന്തിക്കാന്‍ പാടില്ല, ചിന്തിച്ചാല്‍ അത് ഇരട്ടി പണി ആകും. അടുത്ത കുംബസാരത്തില്‍ അച്ചനോടു തന്നെ ഇതൊക്കെ എഴുന്നള്ളിക്കെണ്ടേ...

എല്ലാ മുടിയും കത്തും എന്ന തിരു വചനം നമ്മുടെ സഖാവ് ഈ അടുത്ത കാലത്ത് ആണ് പറഞ്ഞത് എങ്കിലും ഞങ്ങളുടെ അച്ചനും ദാസ്‌ ക്യാപിറ്റല്‍ ഒക്കെ പഠിച്ച ഒരു സഖാവ് ആയിരുന്നെന്നു ഇപ്പോള്‍ ആണ് മനസിലായത്. ഞാന്‍ ഈ പഴയ ഓര്‍മ കുഴിച്ചെടുത്തു മൌലവിയോടു പറഞ്ഞപ്പോള്‍ ഞാനും ഒരു പിണര്‍ ആയി വരുന്ന മിന്നല്‍ വല്ലതും ആണോ എന്ന് നോക്കിയിട്ട് അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ പറഞ്ഞു. വിശ്വാസം ഇല്ലാത്തവര്‍ ആണ് മുടി കത്തിക്കുന്നത്. ഞങ്ങള്‍ക്ക് ഈ തിരു കോശത്തില്‍ പരിപൂര്‍ണ്ണ വിശ്വാസം ആണ്. ഇസ്ലാം യുക്തിയില്‍ നിന്ന് ഉണ്ടായതല്ല, അത് വിശ്വാസത്തില്‍ നിന്ന് രൂപം കൊണ്ടത്‌ ആണ്... 

മൌലവി എന്നെ തെറ്റിദ്ധരിച്ചോ എന്ന് എനിക്ക് ഒരു സംശയം തോന്നിയപ്പോള്‍ ഞാന്‍ ഒരു കാച്ചു കാച്ചി. നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കണ്ടിട്ടില്ല. മൌലവി യുടെ മുഖത്ത് സന്തോഷം പടര്‍ന്നപ്പോള്‍ സുവിശേഷത്തില്‍ നിന്നും ഒരു വാചകം എന്നിലേക്ക് ചാടി വീണു. "കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.","

2012, മാർച്ച് 28, ബുധനാഴ്‌ച

ഒരു അപകടക്കാഴ്ച ഓര്‍മപ്പെടുത്തിയത്

കെ മുജീബുര്‍റഹ്മാന്‍

രണ്ടു ദിവസം മുമ്പാണ് സംഭവം. സമയം വൈകിയതിനാല്‍ ഉമ്മു സഈദില്‍ നിന്നും ദോഹയിലെ ഓഫിസിലേക്ക് തിരക്കിട്ട് മടങ്ങുകയായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ 'പൂഴിയിലെ കളികള്‍' കണ്ടുള്ള മടക്കം. ഇരുചക്ര, നാല്‍ചക്ര വാഹനങ്ങള്‍കൊണ്ട് മരുഭൂമിയുടെ 'കാല്‍വഴുതും പൂഴി'യില്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തിരുന്നു അവിടെ. ഒരു സാധാരണ മനുഷ്യന് 'ബേജാറാകാനുള്ള' സകലതും പൂഴിക്കളിക്കാര്‍ നടത്തുന്നുണ്ട്. ഈ കളികള്‍ കണ്ട ആവേശമായിരിക്കണം വാരാന്ത്യം ആഘോഷിക്കാനെത്തിയവരും പ്രത്യേകതരം വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പൂഴിക്കുന്നിലേക്ക് കുത്തനെ കയറ്റുന്നുണ്ട്. ചെങ്കുത്തായ പൂഴിമലയില്‍ നിന്നും വാഹനമിറക്കി കാഴ്ചക്കാരെ കോരിത്തരിപ്പിക്കുന്നുണ്ട്. വന്യമായ അറേബ്യന്‍ മരുഭൂമിയില്‍ പഴയ ഗോത്രനിവാസികള്‍ ഇതുപോലുള്ള നേരമ്പോക്കുകളായിരിക്കണം അവരുടെ കളികളായി തെരഞ്ഞെടുത്തിട്ടുണ്ടാവുക! പെട്രോള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ്, മോട്ടോര്‍ വാഹനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും ഏറെ മുമ്പ്, ബദുക്കള്‍ അവരുടെ പരമ്പരാഗത രീതിയില്‍ ഇതേപോലുള്ള സാഹസിക കളികള്‍ ആസ്വദിച്ചിരിക്കണം.

നേരം ഇരുട്ടിത്തുടങ്ങിയതുകൊണ്ട് യാത്രക്കാരില്‍ ഭൂരിപക്ഷവും മടങ്ങാനുള്ള തിരക്കിലായിരുന്നു. നേരിയതോതില്‍ ഗതാഗത സ്തംഭനം അനുഭവപ്പെടുന്നുണ്ടെങ്കിലും വാഹനങ്ങള്‍ക്ക് സുഗമമായി മുമ്പോട്ട് പോകാന്‍ കഴിയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അതിവേഗതയില്‍ (അമിത വേഗത എന്ന പദം ഗള്‍ഫ് രാജ്യങ്ങളില്‍ റോഡുകള്‍ ചേരില്ലെന്ന് തോന്നുന്നു) ഒരു ലാന്‍ഡ് ക്രൂയിസര്‍ ഞങ്ങളുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ മറികടന്നുകൊണ്ട് കടന്നുപോയത്. തിക്കിത്തിരക്കി പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങളെ ഒരു മാന്ത്രികന്റെ കൈയ്യടക്കം പോലെ നിഷ്പ്രഭമാക്കി ഇമചിമ്മുംവേഗത്തില്‍ പോയ ആ ലാന്‍ഡ് ക്രൂയിസറിനെ പിന്നീട് കാണാനാവുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. എന്നിട്ടും നിമിഷങ്ങള്‍ക്കകം അതിനെ നേരില്‍കാണേണ്ടി വന്നു. ഒരു ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞ് ചളുങ്ങിപ്പോയ നിലയില്‍ കണ്ട ആ വാഹനത്തിലെ നാല് യാത്രക്കാരും തെറിച്ചുവീണ് ദാരുണമായി മരിച്ചിരുന്നു. അവര്‍ മരണത്തിലേക്കായിരുന്നുവോ ഇത്രയും വേഗത്തില്‍ വാഹനം ഓടിച്ചു പോയത്... ആയിരിക്കാം.

ഭീകരമായ ഒരു അത്യാഹിതം മുമ്പില്‍ കണ്ടതോടെ വാഹനം ഒതുക്കിയിട്ട് തിരക്കിട്ട് ഇറങ്ങിനോക്കി. അപ്പോഴേക്കും നിരവധി വാഹനങ്ങള്‍ അവിടെ എത്തി നിര്‍ത്തിയിട്ടിരുന്നു. വല്ലാത്ത കാഴ്ചയായിരുന്നു അത്. എങ്കിലും ഒരു അപടകത്തിന്റെ അറേബ്യന്‍ രീതികളും മലയാളി കാഴ്ചപ്പാടുകളും താരതമ്യപ്പെടുത്താതെ വയ്യ. അതിനുവേണ്ടിയാണ് ഈ അപകടത്തെ കുറിച്ച് ഇത്രയും വിശദീകരിച്ചത്.

അത്യന്താധുനിക സൗകര്യങ്ങള്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് പൊതുവെ അറബികള്‍. സിഗ്നല്‍ കിട്ടാനായി വാഹനത്തില്‍ കാത്തിരിക്കുമ്പോള്‍ പോലും അവര്‍ മൊബൈല്‍ സ്‌ക്രീനിലായിരിക്കും ശ്രദ്ധിക്കുന്നുണ്ടാവുക. ചെവിയില്‍ ഇയര്‍ഫോണ്‍, സ്റ്റിയറിംഗിനോടൊപ്പം ഒരു കൈയ്യില്‍ ഒതുക്കിപ്പിടിച്ച മൊബൈല്‍ ഫോണ്‍, മറു കൈയ്യില്‍ എരിയുന്ന സിഗരറ്റ്, അതിവേഗത്തിലുള്ള യാത്ര... ഇങ്ങനെ എത്രയോ പേരെ ഓരോ ദിവസവും അറേബ്യന്‍ തെരുവുകളില്‍ കാണാന്‍ സാധിക്കും. മികച്ച വാഹനങ്ങളും മികച്ച റോഡും ലൈസന്‍സ് അനുവദിക്കുന്നതിലെ കണിശതയുമൊക്കെ കൊണ്ടായിരിക്കണം അപകടങ്ങള്‍ അത്രയേറെയൊന്നും സംഭവിക്കാത്തത്. സംഭവിക്കുന്ന അപകടങ്ങളിലാവട്ടെ, ഒന്നുകില്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ മരിച്ചുപോകും, അല്ലെങ്കില്‍ പിന്നീടൊരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരാത്ത അവസ്ഥയായിപ്പോവും.  മുഴുവന്‍ സമയവും ഇന്റര്‍നെറ്റിലോ എസ് എം എസിലോ ഫേസ് ബുക്കിലോ ആവണം ഇവരൊക്കെ. എന്നിട്ടും നാലുപേര്‍ ദാരുണമായി മരിച്ച ഒരു അപകടം നേരിട്ടുകണ്ട ഒരാളുടെ പോലും കൈ മൊബൈല്‍ ഫോണിലെ ക്യാമറയിലേക്ക് പോയിരുന്നില്ല. വളരെ ജാഗ്രതയോടെയായിരുന്നു അവര്‍ എല്ലാവരും പെരുമാറിയത്.

നമ്മുടെ നാട്ടില്‍ ഒരു അപകടം കണ്ടാല്‍ ആദ്യം മൊബൈല്‍ ക്യാമറയാണ് ഓണ്‍ ആക്കുക. ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യും. എന്നിട്ടു മാത്രമേ അപകടത്തിനിരയായ ആളെ ശ്രദ്ധിക്കുകയുള്ളു. അയാളെ കുറേ സമയം നോക്കിനിന്ന്, ഇത് എന്റെ കടമയല്ലെന്ന മട്ടില്‍ പൊലീസിനേയും ആംബുലന്‍സിനേയും ഫോണ്‍ വിളിച്ച് ദൂരെ മാറി നിന്ന് വീക്ഷിക്കും. എല്ലാം കഴിഞ്ഞാല്‍ പൊലീസെത്താന്‍ വൈകിയേ, ആംബുലന്‍സ് സമയത്ത് വന്നില്ലേ എന്ന് വലിയ വായില്‍ വിളിച്ചുകൂവി വിമര്‍ശനത്തിന്റെ അനന്ത സാധ്യതകളില്‍ അഭിരമിക്കും.

പക്ഷേ, ഉമ്മുസഈദിനും ദോഹയ്ക്കും ഇടയിലുള്ള വിജനപ്രദേശത്ത് നടന്ന അപകടത്തിന് ഈ ദുരന്തങ്ങളൊന്നും അനുഭവിക്കേണ്ടി വന്നില്ല. ആദ്യമാദ്യം എത്തിയവര്‍, അപകടത്തില്‍പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് തുനിഞ്ഞിറങ്ങിയത്. 999 നമ്പറില്‍ വിളിച്ച് ആംബുലന്‍സിനെ വിവരം അറിയിച്ചു. ലാന്‍ഡ് ക്രൂയിസറിലുള്ള നാലുപേരും മരിച്ചെന്ന് ഉറപ്പായതിനാല്‍ തങ്ങളുടെ ദേഹത്തുള്ള മേല്‍ വസ്ത്രങ്ങള്‍കൊണ്ട് അവയെല്ലാം പുതപ്പിച്ചു. അപകടത്തില്‍ പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ക്ക് വെള്ളം നല്കി. കാലിലെ മുറിവ് ആരോ ഒരാള്‍ തന്റെ കൈയ്യിലുള്ള തുണി ഉപയോഗിച്ച് കെട്ടിക്കൊടുത്തു. എല്ലാവരും മൃതദേഹങ്ങളോട് ആദരവ് പുലര്‍ത്തി. ആരും ബഹളം വെക്കുകയും ഉറക്കെ സംസാരിക്കുകയോ ചെയ്തില്ല. പൊലീസും ആംബുലന്‍സും എത്തുന്നതിനിടയില്‍, ലാന്‍ഡ് ക്രൂയിസറില്‍ വേറെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. വാഹനത്തിന് അകത്തുള്ള സാധനങ്ങള്‍ പുറത്തെടുത്തു വെച്ചു.  അപകടം നടന്ന് 15 മിനുട്ട് പൂര്‍ത്തിയാകുമ്പോഴേക്കും പൊലീസും ആംബുലന്‍സും എത്തിയിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ എല്ലാവരേയും പരിശോധിച്ച് മരണം ഉറപ്പുവരുത്തി. പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി. ട്രക്കില്‍ മറ്റാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഉറപ്പു വരുത്തി.

നമ്മള്‍ നാട്ടില്‍ ചെയ്യുന്ന കാര്യങ്ങളെ ഇതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോഴാണ് സംസ്‌ക്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളി ചൂളിപ്പോവുക. ബസ്സും കാറും കൂട്ടിയിടിച്ചാല്‍ ബസ് ഡ്രൈവറേയും കണ്ടക്ടറേയും കയ്യേറ്റം ചെയ്യുകയെന്നത് നാട്ടിലെ പ്രധാന കലാപരിപാടിയാണ്. അപകടം നടന്നയുടന്‍ ബാക്കിയുള്ള ജീവനുംകൊണ്ട് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെടുകയെന്നതാണ് ആദ്യം നടക്കുന്ന പ്രവര്‍ത്തനം. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടാലും നാട്ടുകാരുടെ കൈക്കരുത്തില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്ന് അവര്‍ക്കറിയാം.

ഞങ്ങളുടെ മുമ്പില്‍ കണ്ട അപകടത്തില്‍ തെറ്റും ശരിയും ആരും നോക്കുന്നുണ്ടായിരുന്നില്ല. അപകടത്തില്‍പ്പെട്ടവര്‍ മുഴുവന്‍ മനുഷ്യരാണ് എന്നത് മാത്രമായിരുന്നു ആദ്യപരിഗണന. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ആവശ്യമായ രീതിയിലുള്ള പരിചരണങ്ങള്‍ നല്കാനായിരുന്നു കൂടിനിന്നവര്‍ മുഴുവന്‍ ശ്രദ്ധിച്ചത്. പൊലീസും ഡോക്ടറും എത്തിയതോടെ ആളുകള്‍ അവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു. മാറി നില്‍ക്കാന്‍ പൊലീസുകാരന്‍ സൗമ്യമായി ആവശ്യപ്പെട്ടതേയുള്ളു, അപ്പോഴേക്കും എല്ലാവരും പിറകോട്ടു മാറി അനുസരണ കാണിച്ചു. സമയം വൈകാതെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലാന്‍ഡ് ക്രൂയിസറും ട്രക്കും കൂട്ടിയിടിച്ച് അറബ് വംശജരെന്ന് സംശയിക്കുന്ന നാലുപേര്‍ മരിച്ചു എന്ന വാര്‍ത്തയോടെ പിറ്റേ ദിവസം പത്രം പുറത്തിറങ്ങി. അവര്‍ ആരാണെന്നോ അവരുടെ കുടുംബങ്ങളുടെ സെന്റിമെന്റല്‍ സ്റ്റോറി എന്താണെന്നോ ആരും അന്വേഷിച്ചു പോയില്ല. ഇവിടെ അതിന്റെ ആവശ്യവുമില്ല.

മരണം ജീവിതത്തിന്റെ ഭാഗമാണെന്ന് ആരെക്കാളും നന്നായി അറിയുന്നവരാണ് അറബികള്‍. നമ്മള്‍ ഇന്ത്യക്കാര്‍, ജീവിതത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കായാണ് മരണത്തെ കാണുന്നത്. എന്നാല്‍ അറബികള്‍ക്കാവട്ടെ ഒരു ജീവിതത്തില്‍ നിന്നും അടുത്ത ജീവിതത്തിലേക്കുള്ള ചുവടുമാറ്റം മാത്രമാണ് മരണം.  ഈയിടെ കണ്ട ഒരു ഹ്രസ്വ ചിത്രത്തില്‍ ഇങ്ങനെയൊരു സംഭാഷണമുണ്ട്: 'വേണമെങ്കില്‍ നമുക്കെല്ലാം ജീവിക്കാതിരിക്കാം, പക്ഷേ, മരിക്കാതിരിക്കാനാവില്ല.' ഒരുപക്ഷേ, ലോകത്ത് ഈ കാര്യം ഏറ്റവും നന്നായി അറിയുന്നവര്‍ അറബികളായിരിക്കണം. അതുകൊണ്ടുതന്നെയാവണം അവര്‍ മരണം 'ആഘോഷിക്കാത്തതും'.

കടപ്പാട് : വര്‍ത്തമാനം ദിനപത്രം.

2012, മാർച്ച് 12, തിങ്കളാഴ്‌ച

അവര്‍ അവഗണിക്കപ്പെടേണ്ടവരല്ല.

തീര്‍ച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം ഇവിടെ ഷെയര്‍ ചെയ്യുന്നു...

ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്ത ഡോക്യുമെന്‍ററിയുടെ കഥ ഇതാണ്. വീട്ടിലെ ഉദ്യാനത്തിലിരുന്ന് ഗൗരവമായ വായനയിലേര്‍പ്പെട്ട യുവാവ്. അരികില്‍ പ്രായംചെന്ന അച്ഛന്‍. എവിടെനിന്നോ ഒരു കുരുവി പറന്നെത്തുന്നു. കൗതുകത്തോടെ, കുരുവിയെനോക്കിനില്‍ക്കുന്ന അച്ഛന്‍ മകനോട് ചോദിച്ചു: ‘അതെന്താണ്?’ ആദ്യം അവഗണിച്ചെങ്കിലും പിന്നീട് നീരസത്തോടെ വായനയില്‍നിന്നു തലയുയര്‍ത്തി മകന്‍ പറഞ്ഞു: ‘കുരുവി.‘കുരുവിയെ കണ്ണെടുക്കാതെ നോക്കിയിരുന്ന അച്ഛന്‍ അല്‍പസമയത്തിനുശേഷം പിന്നെയും ചോദിച്ചു: ‘എന്തായിരുന്നു?‘ ആവര്‍ത്തനം അസഹനീയമായിത്തോന്നിയ മകന്‍ ഉറക്കെ: ‘കുരുവി. എന്താ, മനസ്സിലായില്ലേ.... ഒച്ചയുയര്‍ത്തിയ ആ മറുപടിയില്‍ ഒന്ന് അമ്പരന്നെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ അത് മറന്ന് വീണ്ടും കുരുവിയില്‍ ലയിച്ച അച്ഛന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു: ‘എന്താമോനേ അത്?‘ ‘ഇത് വല്ലാത്തൊരു ശല്യമായല്ളോ. ഒന്നെണീറ്റു പോകുന്നുണ്ടോ മിനക്കെടുത്താതെ?’-മകന്‍ പൊട്ടിത്തെറിച്ചു. എഴുന്നേറ്റ് വീട്ടിനകത്തേക്കു പോയ അച്ഛന്‍ ഒരു പഴയ പുസ്തകവുമായി തിരിച്ചുവന്നു. അതിലെ താളുകള്‍ മറിച്ചു മകന് നേരെ നീട്ടി ഉറക്കെ വായിക്കാന്‍ പറഞ്ഞു. കൗതുകത്തോടെ മകന്‍ അതിങ്ങനെ വായിച്ചു: ‘ഇന്നെന്‍െറ മകന്‍െറ മൂന്നാം പിറന്നാളാണ്. ഞാനും അവനും ഉദ്യാനത്തിലെ ബെഞ്ചിലിരിക്കുകയായിരുന്നു. അവിടേക്ക് പറന്നെത്തിയ കുരുവിയെ ചൂണ്ടി അവന്‍ ചോദിച്ചു: ‘അതെന്താണ്’. ഞാന്‍ പറഞ്ഞു: ‘അതാണ് കുരുവി’. 23 പ്രാവശ്യം അവന്‍ ആ ചോദ്യം ആവര്‍ത്തിച്ചു. ഓരോ തവണയും സന്തോഷത്തോടെ ഞാന്‍ ഉത്തരം പറഞ്ഞു. ഓരോ തവണ പറയുമ്പോഴും ഞാന്‍ അവന്‍െറ ഇരുകവിളുകളിലും ഉമ്മവെച്ചുകൊണ്ടിരുന്നു’. വായന നിര്‍ത്തിയ മകന്‍ വൃദ്ധനായ അച്ഛനെ ഒരു നിമിഷം നോക്കി നില്‍ക്കുന്നു. അപ്പോഴും അച്ഛന്‍ കുരുവിയെ നോക്കിയിരിക്കുകയായിരുന്നു. മകന്‍ അച്ഛനെ കെട്ടിപ്പിടിച്ച് മൂര്‍ധാവില്‍ ചുംബിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് മൂത്രമൊഴിക്കാന്‍ ട്യൂബിട്ടു കിടക്കുന്ന ഒരമ്മയെ പരിചരിക്കാന്‍ പാലിയേറ്റിവ് കെയര്‍ വളണ്ടിയറായി ചെന്നതായിരുന്നു. സുഖവിവരങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും പറഞ്ഞ് ട്യൂബ് മാറ്റി വേഗം വരാമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ ആ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. പെട്ടെന്നാണ് അവരുടെ മകള്‍ മുറിയിലേക്ക് കടന്നുവന്നത്. മുഖവുരയൊന്നും കൂടാതെ അവര്‍ പറഞ്ഞു തുടങ്ങി: ‘മൂത്രത്തിന് ഭയങ്കര നാറ്റം. രണ്ടു തുള്ളി നിലത്ത് ഇറ്റിയാല്‍ വീട് മൊത്തം നാറും. ഞങ്ങള്‍ക്ക് മര്യാദക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍പോലും പറ്റുന്നില്ല’. ഇതുകേട്ടതില്‍ പിന്നെ ആ അമ്മയുടെ മുഖത്തുനോക്കാനുള്ള ശക്തിപോലുമില്ലാതെ വേഗം പുറത്തുകടക്കുകയായിരുന്നു. മുറ്റത്തിറങ്ങിയ ശേഷം ഒപ്പം വന്ന സുഹൃത്ത് മകളെ പുറത്തേക്ക് വിളിച്ച് പറഞ്ഞു: ‘അമ്മയുടെ അടുത്തുവെച്ച് ആ പറഞ്ഞതൊട്ടും ശരിയായില്ല. പണ്ട് നിങ്ങള്‍ ആ മടിയില്‍ ഒരുപാട് മൂത്രമൊഴിച്ചത് സന്തോഷത്തോടെ തുടച്ചുകളഞ്ഞവരാണ് അവര്‍. അത് മറക്കേണ്ട’. ഒരല്‍പം ദയ, കാരുണ്യം മക്കളില്‍നിന്നു കിട്ടാന്‍ കടമകളെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കാന്‍, കടപ്പാടിന്‍െറ കണക്കുകള്‍ ഡയറിയിലെഴുതി സൂക്ഷിക്കാന്‍ മറന്നുപോയ നിസ്സഹായരായ ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. എല്ലാറ്റിനെയും ലാഭനഷ്ടങ്ങളെ മുന്‍നിര്‍ത്തി മാത്രം നോക്കിക്കാണുന്ന പുതിയ തലമുറ പ്രായംചെന്നവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന സമയവും പണവും നഷ്ടമാണെന്നും അതില്‍ റിട്ടേണ്‍ ഒന്നുമില്ളെന്നും ധരിച്ച് അവരെ പാടെ അവഗണിക്കുന്നു. കാലം ഒരുനാള്‍ അതേ വേഷം തനിക്ക് സമ്മാനിക്കുമ്പോള്‍ ഇതിലും ഭീതിദമാവും അവസ്ഥയെന്ന് ആരും ചിന്തിക്കുന്നില്ല.

വീട്ടില്‍ പ്രായം ചെന്നവരോട് പരുഷമായേ പലരും പെരുമാറുന്നുള്ളൂ. മക്കളുടെ ഹിതമനുസരിച്ച് ജീവിക്കാന്‍ അഭിപ്രായം പറയാതെ, ഇടപെടാതെ, മിണ്ടാതെ ഒരിടത്തടങ്ങിയിരിക്കാന്‍ അവരെ പഠിപ്പിക്കുന്നു. ‘ഇത് ഒരു ആശുപത്രിപോലെയാണ്. സമയത്തിന് മരുന്ന് തരും. എന്നോടൊന്നു സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല’-സ്ഥിരമായി കേള്‍ക്കുന്ന പരിഭവമാണിത്. സമൂഹം പഴിചാരാതിരിക്കാന്‍ വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കാത്ത ചില വിശാലമനസ്കരുണ്ട്. പക്ഷേ, അവരുടെ വീട്ടിലെ സ്ഥിതിയറിഞ്ഞാല്‍ തോന്നും അതിലും ഭേദം വൃദ്ധസദനമായിരുന്നു എന്ന്. ‘മനുഷ്യന്‍ ആകപ്പാടെ കാണുന്ന ഒരു റിയാലിറ്റി ഷോ തുടങ്ങുമ്പോഴേക്കും വിളി തുടങ്ങും. ഒരു സൈ്വരവും സ്വസ്ഥതയും തരില്ലാന്നുവെച്ചാ എന്താ ചെയ്യ്വാ... മിണ്ടാതിരിക്ക്, ഇതൊന്നു കഴിയട്ടെ’. പേരക്കുട്ടികളുടെ മുമ്പില്‍വെച്ച് മക്കള്‍/മരുമക്കള്‍ ഇങ്ങനെ ആട്ടുമ്പോള്‍ ഈ ജന്മത്തില്‍ ഇനിയൊന്നിനും വിളിക്കാതിരിക്കാന്‍ ആ വിതുമ്പുന്ന മനസ്സ് ശ്രമിക്കും. പക്ഷേ, നിസ്സഹായത ബോധ്യപ്പെടുമ്പോള്‍ വിളിക്കുകയല്ലാതെ അവരെന്തു ചെയ്യും.

‘കണ്ണു കാണില്ല, മര്യാദക്ക് ചെവികേള്‍ക്കില്ല. എന്നാല്‍ ആരെങ്കിലും വന്നാല്‍ ഉടനെ തപ്പിത്തടഞ്ഞ് മുന്നിലെത്തും. എല്ലാമറിയണം- ആരാ, എന്തിനാ..... അകത്തെങ്ങാനും അടങ്ങിയിരിക്കാന്‍ എത്രപറഞ്ഞാലും കേള്‍ക്കില്ല. മനുഷ്യനെ നാണം കെടുത്തിയേ അടങ്ങൂ എന്ന് കരാറെടുത്തപോലെയാണ്’. ആളുകളുടെ മുന്നില്‍വെച്ച് മകന്‍െറ/മകളുടെ ഈ കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ മനസ്സ് ശപിക്കാനിടയില്ല. ഈയിടെ കേരളത്തില്‍ 50സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേ തുറന്നുകാട്ടുന്നത് മലയാളി ഊറ്റംകൊള്ളുന്ന കുടുംബബന്ധങ്ങളുടെ പൊള്ളത്തരമാണ്. വീട്ടില്‍ പ്രായം ചെന്നവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ ആറ് ശതമാനമാണ്. അവരോട് ദിവസവും എന്തെങ്കിലും സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ വെറും നാലുശതമാനം. അവരെ പുറത്തുകൊണ്ടുപോകുന്നവര്‍ മൂന്നു ശതമാനമാണ്. മലയാളിക്ക് എവിടെയാണ് പിഴച്ചത്? വിവര സാങ്കേതിക നേട്ടങ്ങള്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍.. മലയാളിയെ ആകെ മാറ്റിമറിച്ചിരിക്കുന്നു. മക്കളെ ഡോക്ടറോ എന്‍ജിനീയറോ ആക്കി പണസമ്പാദന മേഖലകളിലേക്ക് എത്തിക്കുന്ന മാര്‍ഗം മാത്രമായി വിദ്യാഭ്യാസത്തെ മലയാളി നിര്‍വചിച്ചിരിക്കുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആവശ്യമായ സമ്പത്ത് ഉണ്ടാക്കി നല്‍കലാണ് രക്ഷിതാവിന്‍െറ കടമയെന്ന് മലയാളി വിശ്വസിക്കുന്നു. നല്ല സ്വഭാവമോ സംസ്കാരമോ സാമൂഹികപ്രതിബദ്ധതയോ അല്ല; സമ്പത്താണ് മാന്യതയുടെ മാനദണ്ഡമെന്ന് പുതിയ തലമുറയെ പഠിപ്പിക്കുന്നു. സ്വഭാവരൂപവത്കരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാതെ സാമ്പത്തികസുസ്ഥിതിക്കുള്ള മത്സരമാണ് വിദ്യാഭ്യാസത്തിന്‍െറ അടിസ്ഥാന ലക്ഷ്യമെന്ന തെറ്റായ മനോഭാവം മലയാളിയുടെ സാംസ്കാരിക ജീര്‍ണതക്ക് തുടക്കമിടുന്നു.

സ്ഥിരമായി സന്ദര്‍ശിക്കാറുള്ള വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് എപ്പോഴും ഒരേ കാര്യമേ പറയാനുള്ളൂ. കേള്‍ക്കാന്‍ ഒരാളെ കിട്ടുമ്പോള്‍ അവര്‍ക്ക് സന്തോഷമാണ്. ഒരാള്‍ എപ്പോഴും പറയുക മകളുടെ മകനെക്കുറിച്ചാണ്. ഉന്നതപദവിയിലിരിക്കുന്ന ചെറുമകനെക്കുറിച്ച് പറയുമ്പോള്‍ കണ്ണില്‍ അഭിമാനത്തിന്‍െറ തിളക്കം കാണാം. ഒരു വൈകുന്നേരം ടി.വി റൂമില്‍ ഇരിക്കുമ്പോള്‍ ടി.വിയില്‍ ഒരു ചര്‍ച്ച. ഏതോ കനപ്പെട്ട വിഷയമാണ്. പെട്ടെന്ന് ആ അമ്മ ചാടിയെഴുന്നേറ്റു: ‘അതാ എന്‍െറ മോന്‍!’ നോക്കുമ്പോള്‍ സാംസ്കാരിക ജീര്‍ണതകളെക്കുറിച്ച് വിലപിക്കുന്ന ചിരപരിചിതനായ വ്യക്തി. ലോകം കീഴടക്കിയ ആവേശത്തോടെ ആ അമ്മ മറ്റ് അന്തേവാസികളോട് ‘കണ്ടില്ളേ എന്‍െറ ചെറുമകന്‍’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു.നമുക്കുവേണ്ടി ജീവിച്ച, നമ്മളെ നമ്മളാക്കിയവരാണ് വയോജനങ്ങള്‍. അവര്‍ അവഗണിക്കപ്പെടേണ്ടവരല്ല.

ഒരല്‍പസമയം അവരോടൊപ്പം ചെലവഴിക്കാന്‍, സ്നേഹത്തോടെ സംസാരിക്കാന്‍, ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ നമുക്കാവുമോ? കടപ്പാടിന്‍െറ കണക്കുകള്‍ അവര്‍ ചോദിക്കുന്നില്ല. അവര്‍ നമുക്ക് നല്‍കിയ ഒരുപാട് ചുംബനങ്ങള്‍ വിസ്മരിക്കാതിരിക്കുക.സ്നേഹപൂര്‍ണമായ പരിചരണംകൊണ്ട് അവരുടെ സ്നേഹവും അനുഗ്രഹവും നേടുന്നത് ഒരു ശോഭനഭാവിക്ക് നമ്മെ പ്രാപ്തമാക്കും.

കടപ്പാട് ...മാധ്യമം