യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

സൌദി പൊലീസ് സ്നേഷനിലിരുന്നു മാര്‍ക്കോസ് പാടിയ പാട്ട്

കെ.ജി. മാര്‍ക്കോസ് സൌദിപോലീസിന്റെ പിടിയിലായതുമായി ബന്ധപ്പെട്ട് വന്ന ഒരു കുറിപ്പ് ഈ വിഷയത്തിലെ സമഗ്രമായ ഒന്നായി എനിക്ക് തോന്നി. അത് വായനക്കാരുമായി ഇവിടെ പങ്കുവെക്കുന്നു...
----------------------------------

കുഴപ്പമുണ്റ്റാക്കാനുള്ള ഓരോവഴികള്‍ ....
സൌദി പൊലീസ് സ്നേഷനിലിരുന്നു മാര്‍ക്കോസ് പാടിയ ആ പാട്ട്

അതൊരു വേദനാജനകമായ വാര്‍ത്തയായിരുന്നു. മലയാളിയുടെ പ്രിയ ഗായകരിലൊരാളായ കെ.ജി. മാര്‍ക്കോസ് സൌദി പൊലീസിന്റെ പിടിയിലായിരിക്കുന്നു. കേട്ടവര്‍ കേട്ടവര്‍ നിജസ്ഥിതി അന്വേഷിക്കാന്‍ പത്രമാപ്പീസിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. ദമ്മാം ബ്യൂറോയില്‍ ബന്ധപ്പെട്ടപ്പോള്‍ സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടി. കലയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടായിട്ടല്ലെങ്കിലും നാലു പുത്തനുണ്ടാക്കാനുള്ള അവസരമെന്ന നിലയില്‍ കലാമാമാങ്കങ്ങള്‍ നടത്തുന്ന മലയാളി സംഘങ്ങളിലാരോ സംഘടിപ്പിച്ച ഒരു ഗാനമേള സ്ഥലത്തുനിന്നാണ് അദ്ദേഹം സൌദി പൊലീസിന്റെയും സദുപദേശ സംഘത്തിന്റേയും പിടിയില്‍ പെട്ടിരിക്കുന്നത്. സൌദി അധികൃതരില്‍നിന്ന് നിയമപരമായ അനുമതിയൊന്നും വാങ്ങാതെ തികച്ചും നിരുത്തരവാദപരമായി സംഘടിപ്പിക്കപ്പെട്ട ആഘോഷ പരിപാടിയെ കുറിച്ച് മലയാളികളാരോ ഒറ്റിയാണ് പൊലീസ് നടപടിയുണ്ടായത്. സൌദിയിലെ അല്‍പം പ്രശ്നബാധിത പ്രദേശമാണ് ഖത്തീഫ്. ഇവിടെ അടുത്ത ദിവസങ്ങളില്‍ പോലും വെടിവെപ്പും മറ്റും സംഭവങ്ങളുണ്ടായിരുന്നു. അത്തരം ഒരു സ്ഥലത്ത് മുന്‍കൂട്ടി ടിക്കറ്റും നോട്ടീസും അടിച്ച് പെരുമ്പറ കൊട്ടി വിളംബരം ചെയ്ത് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ വിളിച്ചുകൂട്ടി പരിപാടി നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ പേരിന് ഒരു പൊലീസുകാരന്റെ വാക്കാല്‍ അനുമതി പോലും വാങ്ങിയിരുന്നില്ലത്രെ. നാലാളു കൂടുന്ന ചടങ്ങ് നടത്തണമെങ്കില്‍ പോലും സ്വന്തം പൌരന്മാര്‍ പ്രദേശിക പൊലീസധികൃതരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന കര്‍ശന നിബന്ധനയുള്ള ഒരു ജനാധിപത്യ രാജ്യത്തുനിന്ന് വന്നവരാണ് ഈ തോന്ന്യാസം പ്രവര്‍ത്തിച്ചിരിക്കുന്നത്. നിയമാനുസാരിയായിരുന്നില്ലെന്നതോ പോട്ടെ, തദ്ദേശ നിയമങ്ങളെയും ആചാര വിശ്വാസങ്ങളേയും വെല്ലുവിളിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു ആള്‍ക്കൂട്ട പരിപാടിയിലേക്കാണ്, ഇത്ര ഗുരുതരമായ നിയമ ലംഘനങ്ങളെ കുറിച്ചൊന്നും അറിവില്ലാതിരുന്ന ആ നിഷ്കളങ്ക കലാകാരനെ ക്ഷണിച്ചുവരുത്തി കുരുതികൊടുത്തത്. പൊലീസ് നടപടിയുണ്ടായപ്പോള്‍ പരിപാടി നടന്ന ഫാം ഹൌസ് ഓഡിറ്റോറിയത്തില്‍നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍ സംഘാടകരായിരുന്നത്രെ. സംഘാടകരുടെ മാന്യ സുഹൃത്തുക്കളായ 'പാര'കള്‍ മതകാര്യ വകുപ്പിന് കീഴിലുള്ള സദുപദേശ സംഘത്തിനും പൊലീസിനും നല്‍കിയ വിവരം അത്രമാത്രം ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു. മദ്യ വിതരണവും ആഭാസ നൃത്തവും നടക്കുന്നു എന്നായിരുന്നത്രെ 'പാര'. സംഘാടകര്‍ സ്ഥലം വിട്ടതിനാല്‍ പരിപാടിയുടെ ഉത്തരവാദികളെ കണ്ടെയ്യാന്‍ പൊലീസിന് സ്ഥലത്തുനിന്ന് കണ്ടെടുത്ത കൂപ്പണിലും നോട്ടീസിലും വേദിയില്‍ പ്രദര്‍ശിപ്പിച്ച ബാനറിലും കണ്ട 'മുഖ'മാരെന്ന് തിരയലേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലായതിനാല്‍ വേദിക്ക് പിറകിലെ മുറിയില്‍ തന്റെ സുഹൃത്തും മലയാള സിനിമാ നിര്‍മാതാവും പ്രവാസി വ്യവസായിയുമായ എം.ജെ. വിജയിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാര്‍ക്കോസിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിയുടെ ഭാഗം. സൌദി പൊലീസിന് അറിയില്ലല്ലോ മലയാളികളുടെ ഈ പ്രിയ ശബ്ദത്തെ.

വിവരം കേട്ടറിഞ്ഞപ്പോള്‍ വല്ലാത്തൊരു നൊമ്പരം ഇടനെഞ്ചില്‍ തടഞ്ഞു വീര്‍പ്പുമുട്ടി. കാരണം തലേദിവസം ഉച്ചക്കാണ് തമ്മില്‍ കണ്ടുപിരിഞ്ഞത്. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രസ് റൂമില്‍ വിനയം സ്ഫുരിക്കുന്ന മുഖവുമായി ആ കൃശഗാത്രനായ മനുഷ്യന്‍ നിന്നിരുന്നു. മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ ത്രാണി തന്നത് 10000ത്തോളം കൃസ്തീയ ഭക്തി ഗാനങ്ങളും 5000ത്തോളം മാപ്പിളപ്പാട്ടുകളുമാണെന്ന് അദ്ദേഹം ആ വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ചെന്നെത്തുന്ന ദുരന്ത മുഖത്ത് സിനിമക്ക് പുറത്തുപാടിയ ഈ പാട്ടുകളിലൊന്നു രക്ഷയാകുമെന്ന് അപ്പോള്‍ അദ്ദേഹം കരുതിയിരിക്കില്ലല്ലോ. സംഭവിച്ചത് അതാണ്. മാര്‍ക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിജയിയേയും കൂട്ടുപ്രതിയാക്കിയിരുന്നു. വര്‍ഷങ്ങളായി സൌദിയിലുള്ള അദ്ദേഹത്തിന്റെ അറബി ഭാഷാ പരിജ്ഞാനമാണ് വഴിത്തിരിവിനിടയാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇരുവരേയും ചോദ്യം ചെയ്യുമ്പോള്‍ ഒപ്പമുള്ളയാള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് വിജയ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പ്രശസ്ത ഗായകനാണെന്ന് അറിഞ്ഞപ്പോള്‍ സ്റ്റേഷനിലെ പൊലീസ് മേധാവിയുടെ കണ്ണുകള്‍ വിടര്‍ന്നു. പൊലീസുകാരന്റെ കാര്‍ക്കശ സ്വഭാവം അയഞ്ഞു. തങ്ങളുടെ മുഹമ്മദ് അബ്ദുവിനെ പോലെ പ്രശസ്തനാണോ ഇദ്ദേഹം നിങ്ങളുടെ നാട്ടിലെന്ന് പൊലീസ് ക്യാപ്റ്റന്‍ വിജയിനോട് ചോദിച്ചു. സൌദിയിലെ പ്രശസ്ത പാട്ടുകാരനായ മുഹമ്മദ് അബ്ദു ഒത്മാന്‍ അല്‍ അസീരിയുടെ മധുര സംഗീതത്തിന്റെ അലകള്‍ അപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഓളംവെട്ടിയിട്ടുണ്ടാകണം. അതേയെന്ന് പറഞ്ഞപ്പോള്‍ യൂടൂബില്‍ കാണാനാകുമോ എന്നായി. യൂടൂബില്‍ ഇഷ്ടംപോലെയുണ്ടാകും എന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലെ കമ്പ്യൂട്ടറിന് മുന്നിലേക്കോടുകയായിരുന്നു ആ സ്റ്റേഷന്‍ മേധാവി. യൂടൂബില്‍ മാര്‍ക്കോസിന്റെ നൂറുകണക്കിന് പാട്ടുകള്‍. ഈരടികളുടെ ശ്രുതി മധുരത്തേക്കാള്‍ അതിന്റെ ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന അറബി പാരമ്പര്യം കൊണ്ടാവണം, മനസിലാകാത്ത മലയാളത്തിലല്ല, അറബിയിലുള്ള പാട്ടുകള്‍ പാടാനറിയുമോ എന്ന് അദ്ദേഹം മാര്‍ക്കോസിനോട് ചോദിച്ചത്. അറസ്റ്റും ബഹളവുമൊക്കെയായി വലിഞ്ഞുമുറുകിയിരുന്ന ഗായകന്റെ മനസും പൊലീസ് മേധാവിയുടെ ഭാവമാറ്റം കണ്ട് അപ്പോഴേക്കും അയഞ്ഞുതുടങ്ങിയിരുന്നു. അറബി പാട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം യേശുദാസിന്റെ പ്രസിദ്ധമായ 'മൌത്തും ഹയാത്തിനുമുടമസ്ഥനേ' എന്ന മുസ്ലിം ഭക്തി ഗാനത്തിന്റെ തുടക്കത്തിലുള്ള 'ലാ ഇലാഹ ഇല്ലാ അന്‍ത, സുബ്ഹാനക ഇന്നീ കുന്‍തു മിന ളാലിമീന്‍' എന്ന ഖുര്‍ആന്‍ സൂക്തം തന്റെ ഇമ്പമാര്‍ന്ന സ്വരത്തില്‍ പാടി. പൊലീസ് ക്യാപ്റ്റന്‍ ആ സ്വര രാഗ പ്രവാഹത്തില്‍ സ്വയം മറന്നിരുന്നുപോയി. പിന്നീട് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും വിളിച്ചിരുത്തി അവരുടെ മുന്നിലും മാര്‍ക്കോസിനെ കൊണ്ടുപാടിച്ചു. ആ സ്വരമാധുരിയില്‍ പൊലീസ് സ്റ്റേഷന്‍ അതിന്റെ സഹജമായ കാര്‍ക്കശ്യത കയ്യൊഴിഞ്ഞ് തരളിത ഭാവം കൈക്കൊണ്ടു. എംബസിയുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും സമയോചിത ഇടപെടലിലൂടെ നിയമലംഘനത്തിന്റേയും ദേശവിരുദ്ധതയുടേയും ഗൌരവ കുറ്റങ്ങളില്‍നിന്ന് ജാമ്യമെടുത്ത് അദേഹം പുറത്തിറങ്ങുമ്പോള്‍ പൊലീസുകാര്‍ ആദരവോടെ നോക്കിനിന്നു. ദേശാതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന കലാകാരനോടുള്ള സ്നേഹവായ്പ്.


സ്വാതന്ത്യ്രത്തിന്റെ അപ്പോസ്തലന്മാരുടേതെന്ന് തരം കിട്ടുമ്പോഴൊക്കെ കൊളോണിയല്‍ വിധേയത്വത്തിന്റെ ഹാങ്ങോവറില്‍ നാം വാഴ്ത്തിപ്പാടാറുള്ള പാശ്ചാത്യരാജ്യങ്ങളില്‍ അന്യരാജ്യക്കാരെ അടിവസ്ത്രം വരെ ഊരി പരിശോധിച്ചേ അകത്തേക്ക് കടത്തിവിടൂ എന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ സാധാരണ വാര്‍ത്തകളായി മാറിയ കാലത്തും, സൌദിയില്‍ നിയമ ലംഘനത്തിന് ഒരു കലാകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് അടഞ്ഞ സമൂഹത്തിന്റെ 'കൊടിയ അപരാധ'വും 'ആവിഷ്കാര സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റവു'മായി ചിത്രീകരിച്ചുകൊണ്ട് ചേന്ദമംഗലൂര്‍ വഴിയും കാരശേരി വഴിയും വന്നെത്താന്‍ സാധ്യതയുള്ള ശകാര ഏറുകളും അത് കൊണ്ടാടാന്‍ ചില മാധ്യമങ്ങളുമുണ്ടായേക്കാം എന്ന സാധ്യത മുന്നില്‍ കണ്ടാണ് ഈ കുറിപ്പിന് തുനിഞ്ഞതെന്ന് വൈകിയെങ്കിലും പറയട്ടെ. ലോകം അറിയുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമാണെന്ന് ബോധ്യപ്പെട്ടിട്ടും എ.പി.ജെ അബ്ദുല്‍ കലാമിനോട് ആദരവോടെ പെരുമാറാന്‍ അമേരിക്കന്‍ പൊലീസിന് ഭീകരതാ വിരുദ്ധ പരിശോധനയുടെ പേരില്‍ കഴിഞ്ഞിരുന്നില്ലല്ലോ. ഊരാന്‍ തുടങ്ങിയ നിക്കര്‍ ഊരിച്ച് പരിശോധിച്ച് ഭീകരനല്ലെന്ന് ഉറപ്പാക്കിയിട്ടേ പൊലീസ് മാന്യതയുടെ മുഖം മൂടി തിരികെ എടുത്ത് അണിഞ്ഞുള്ളൂ. സമാനമായ രീതിയില്‍ തന്നെയാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും എന്തിന് സംയുക്ത വര്‍മ്മ പോലും അപമാനിക്കപ്പെട്ടത്. അവിടെയാണ്, കലാകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിയമ ലംഘന കുറ്റവാളിയായിട്ടെത്തിയിരിക്കുന്നയാളായിട്ടുകൂടി ഉന്നതമായ മാന്യതയോടെയും ആദരവോടെയും പെരുമാറാന്‍ തയ്യാറായി സൌദി പൊലീസ് വ്യത്യസ്തത പുലര്‍ത്തിയത്.

സ്വയം കുഴി തോണ്ടുന്ന മലയാളി സമൂഹം


മദ്യം നിഷിധമായ, ആണും പെണ്ണും കൂടിച്ചേരുന്നതിനും അതിരുവിട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമുള്ള ഒരു രാജ്യത്ത് തോന്ന്യാസം പ്രവര്‍ത്തിക്കാനുള്ള മലയാളിയുടെ വിപദി ധൈര്യമാണ് ഇവിടെ പ്രതി. രാജ്യത്തുള്ള വിദേശ തൊഴിലാളികള്‍ ആഴ്ചവട്ടത്തില്‍ ഒന്ന് കൂടിയിരിക്കുന്നതും നിരുപദ്രവകരമായ ആഘോഷങ്ങളിലും കലാകായിക പ്രകടനങ്ങളിലും മുഴുകുന്നതും കര്‍ശന നിയന്ത്രണങ്ങളുടെ ചാരക്കണ്ണുകള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് മാനുഷിക പരിഗണന കൊണ്ടാണ്. അങ്ങിനെ കിട്ടുന്ന ആ പരിമിത സ്വാതന്ത്യ്രം പോലും മലയാളിയുടെ സഹജമായ അച്ചടക്കമില്ലായ്മ മൂലം തകര്‍ത്തുകളയുന്ന സംഭവങ്ങളാണ് അടുത്തിടെയായി സൌദിയിലെ മലയാളി സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിയാദില്‍ ഒരു രാഷ്ട്രീയാനുകൂല സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ മദ്യപിച്ച് കൂത്താടിയ മലയാളി യുവാക്കള്‍ കൂട്ടത്തല്ലിന്റെ ഉജ്ജ്വല പ്രകടന പരമ്പരയാണ് കാഴ്ചവെച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരിക്കുന്ന ഒരു കോമ്പൌണ്ടിനുള്ളില്‍ നിന്നുകൊണ്ടാണ് നാട്ടുശീലങ്ങളുടെ ഇത്തരം മെയ് വഴക്കങ്ങള്‍ . വാഹനത്തിലും ഓഡിറ്റോറിയങ്ങളിലുമിരുന്നു മദ്യപിക്കുക, ഗാനമേളകളില്‍ കൂത്താടുക, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങി എന്തു വൃത്തികേടും നടത്താന്‍ മടിയില്ലാത്തവര്‍ തന്നെ പലപ്പോഴും ഇത്തരം കലാമാമാങ്കങ്ങളുടെ സംഘാടകരുമാകാറുണ്ട്.

Source-Najim Kochukalunk

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഒരു ബ്ലോഗര്‍ കൂടി നമ്മോട് വിടപറഞ്ഞു...

ഇന്നത്തെ മാധ്യമം പത്രത്തില്‍ 'റഹ്മത്തുന്നിസ മറഞ്ഞു; പറയാനേറെ ബാക്കിവെച്ച്' എന്ന വര്‍ത്തയുടെ തലക്കെട്ട് ഞാനും കണ്ടതാണ്. പക്ഷെ തുഞ്ചന്‍ പറമ്പില്‍ വെച്ച് പാട്ടുപാടിയ നാം കണ്ട ആ പെണ്‍കുട്ടിയില്ലേ അവള്‍ മരിച്ചു എന്ന് മകന്‍ പറഞ്ഞപ്പോഴാണ് വാര്‍ത്ത വായിച്ചത്.  മനസ്സില്‍ വല്ലാത്ത ഒരു വേദന. ആ പെണ്‍കുട്ടിയെ ഓര്‍മിക്കാനും പ്രാര്‍ഥിക്കാനും ഈ അവസം ഉപയോഗിക്കുന്നു.

തുഞ്ചന്‍ പറമ്പ് ബ്ലോഗേഴ്സ് മീറ്റില്‍ കണ്ണീരോടെ കേട്ടിരുന്ന ആ പാട്ട് കേള്‍ക്കാത്തവര്‍ ഇവിടെ നിന്ന് കേള്‍ക്കുക....

വാര്‍ത്തയിലേക്ക്...


കവിതകള്‍ ബാക്കിവെച്ച് അക്ഷരങ്ങളുടെ കൂട്ടുകാരി പോയ്മറഞ്ഞു...
Posted on: 13 Feb 2012

മലപ്പുറം: 'ഋതുഭേദങ്ങളുടെ നിറനിലാവില്‍

പുഞ്ചിരി പൊഴിച്ചു നീ

മനസ്സിന്റെ കാണാക്കിനാക്കളില്‍

ഒരു വിതുമ്പലായി മാറി...'

'കാല്‍പ്പാടുകള്‍' എന്ന തന്റെ കവിതയില്‍ കുറിച്ചിട്ട വരികള്‍ ബാക്കിവെച്ച് അക്ഷരത്തിന്റെ കൂട്ടുകാരി പോയ് മറഞ്ഞു. 15 വയസ്സിനിടയില്‍തന്നെ ഒട്ടേറെ കവിതകളും കഥകളും എഴുതിയ റഹ്മത്തുന്നീസയെയാണ് മരണം തട്ടിയെടുത്തത്. പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശി പാലേങ്ങര അബ്ദുസലാമിന്റെയും സൈനബയുടെയും മകളാണ് റഹ്മത്തുന്നീസ.

പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി.യിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് 'വിരഹബാഷ്പം' എന്ന കവിതാപുസ്തകം പ്രസിദ്ധീകരിച്ചത്. 30 കവിതകളുടെ സമാഹാരമായിരുന്നു അത്. 'സമര്‍പ്പണം', 'വിരഹബാഷ്പം', 'ഹിമപ്രഭാതം', 'പ്രയാണം' തുടങ്ങിയ കവിതകള്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കുന്നതിനിടയിലായിരുന്നു പ്രതിഭയുടെ ചിറകരിഞ്ഞ് രോഗം പിടിപെട്ടത്. തുടര്‍ന്ന് നാല് വര്‍ഷത്തോളം അര്‍ബുദരോഗത്തിന് ചികിത്സയില്‍ ...

പിതാവ് അബ്ദുസലാം പി.ടി.എം. യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്ഷാഫി, അലി അഹമ്മദ്, ഷിബില്‍ മഹ്മൂദ്, സുമയ്യ, സുഹാദ, ഫാത്തിമ സഹ്‌ല. ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് വെള്ളൂര്‍ താഴെമുക്ക് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ . (മാതൃഭൂമി)

റഹ്മത്തുന്നിസയുടെ ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


2012, ഫെബ്രുവരി 8, ബുധനാഴ്‌ച

ദാമ്പത്യഭദ്രതക്ക് ചില പൊടിക്കൈകള്‍ ..

ഒരു വിവാഹിതനെ സംബന്ധിച്ചിടത്തോളം ദാമ്പത്യഭദ്രത അവന്റെ മുഖ്യപരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍ ... എന്ന തലക്കെട്ടിന് കീഴിലെ മാര്‍ഗരേഖകല്‍ വളരെ താല്‍പര്യപൂര്‍വം ഫെയ്സ് ബുക്കില്‍ നേരത്തെ തന്നെ വായിച്ചിരുന്നു. ഒരു തമാശ എന്ന നിലക്കാണ് ഒറ്റവായനയില്‍ എനിക്ക് തോന്നിയത്. പക്ഷെ അതിനെ തമാശയായി തള്ളുന്നത് ശരിയല്ല എന്ന് പലരും അതേ കാര്യം റീപോസ്റ്റ് ചെയ്തപ്പോള്‍ മനസ്സിലായി. ഇതില്‍ അനിവാര്യമായ ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും ഒരു തെറ്റല്ലെന്ന് കരുതുന്നു. ആ മാര്‍ഗരേഖകള്‍ താഴെ വായിക്കുക.

1.ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ'എന്ന് മാത്രമേ വിളിക്കാവൂ. കൂട്ടാ എന്ന വിളിക്ക് പകരം പ്രാദേശികമായി കൂടുതല്‍ ഉചിതമായ വിളിയുടെ രൂപങ്ങളും സ്വീകരിക്കാം. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്രമേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത്പരാമര്‍ശിക്കുന്നുണ്ട്.

2.രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചുകേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട്തന്നെ ത്രിപ്തയായിക്കൊള്ളും.

3.പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആമെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട്കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരുരണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.

4.സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലുംകൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെകഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക.ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരിചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.

5.ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീവല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളുംതടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.

6.നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ.പി.എല്‍കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന്ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്നകാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരുനിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യഅറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.

7.ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട്പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെപ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത്കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രംഅനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.

8.വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത്നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക്ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്‌ കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെമനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.

9.ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന്മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെലക്‌ഷ്യം.

10 . ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന്അങ്ങോട്ട്‌ ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യഎല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക,സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബഭദ്രതയ്ക്ക് ആവശ്യം.

11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ളഅവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന്പറയാതിരിക്കുക.

ഇത് വായിച്ചപ്പോള്‍ എന്ത് തോന്നി?. ഈ മാര്‍ഗരേഖ അപ്പടിപിന്തുടരുന്ന പക്ഷം അത് സന്തോഷകരമായ കുടുംബജീവിതത്തിന് സഹായകമാകും എന്ന് തോന്നുന്നുണ്ടോ?. സത്യസന്ധതക്ക് ദാമ്പത്യജീവിതത്തില്‍ വലിയ പ്രാധാന്യമില്ല എന്ന പ്രസ്താവന അംഗീകരിക്കാന്‍ പ്രയാസമുണ്ടോ?. ഒരു നല്ല ഭര്‍ത്താവായി അഭിനയിക്കുകയാണ് വേണ്ടത്, അഭിനയിക്കാനേ കഴിയൂ എന്ന പ്രസ്താവനയോട് യോജിക്കാന്‍ കഴിയുമോ?. ഈ മാര്‍ഗരേഖക്ക് അടിസ്ഥാനപരമായി വല്ല ദൌര്‍ബല്യവുമുണ്ടോ?

എനിക്ക് ലഭിച്ച ഉത്തരം ഞാനിവിടെ പങ്കുവെക്കുന്നു. ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇത് ആളുകളെ രസിപ്പിക്കാന്‍ വേണ്ടി മാത്രമായി എഴുതിയതല്ല എന്നാണ്. സ്ത്രീ മനശാസ്ത്രം ഇതില്‍ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. അതിനെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് ഇടക്കിടക്ക് പുരുഷന്‍മാര്‍ ഇത് ഫെയ്സബുക്കില്‍ ചര്‍ചക്കായി നല്‍ക്കുന്നതിന്റെ കാരണവും. അവര്‍ മിക്കവാറും വിവാഹിതരാവണം. ഏത് വലിയ പണ്ഡിതനും സ്ത്രീ മനശാസ്ത്രം കണ്ടെത്താന്‍ വലിയ പ്രയാസമാണ്. ഒരു സ്ത്രീ മൂര്‍ദ്ദാവ് മുതല്‍ കാലിന്‍റെ പെരുവിരല്‍ തുമ്പുവരെ പൂര്‍ണമായും സ്ത്രീയാണ് എന്നത് തന്നെകാരണം മനുഷ്യന് സാധാരണഗതിയില്‍ അവനെ വെച്ചേ മറ്റുള്ളവരെയും വിലയിരുത്താനാവൂ. ഈ മാര്‍ഗരേഖ ഇത് വരെ പരീക്ഷിച്ചില്ലെങ്കിലും വിവാഹിതനായ ആര്‍ക്കുമറിയാം ഇതില്‍ അല്‍പം കാര്യമുണ്ടെന്ന്. അതിന് കാരണം ഇവിടെ നല്‍കിയതിന് വിരുദ്ധമായ നടപടിയെടുത്തതിനാല്‍ ഉണ്ടായ പുകിലുകളായിരിക്കാം.

നാം ജീവിതത്തിന്റെ എല്ലാ മേഖലയിലും അഭിനയിക്കുകയാണ്. പിതാവായി, ഭര്‍ത്താവായി, സഹോദരനായി, മകനായി... ഇനി ഒരു സ്ത്രീയാണെങ്കില്‍ മാതാവായി, സഹോദരിയായി, ഭാര്യയായി, മകളായി... . എന്തിന് അഭിനയിക്കണം?. കാരണം വ്യക്തം സത്യത്തില്‍ നാം അടിസ്ഥാനപരമായി നമ്മളെന്ന ഒരു വ്യക്തിത്വം മാത്രമാണ്. ഇവിടെ നാം നമ്മെ മെരുക്കിയെടുക്കുയാണ്. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: 'പുരുഷന്‍ തന്റെ വീട്ടുകാരോടൊപ്പമാകുമ്പോള്‍ കൊച്ചുകൂട്ടിയെപ്പോലെയായിരിക്കണം.' സത്യത്തില്‍ മുതിര്‍ന്ന ഒരാള്‍ക്ക് കൊച്ചുകുട്ടി ആവാനാകിലല്ലോ. നാം അങ്ങനെ നടിക്കണം എന്ന് തന്നെയാണ് അതിനര്‍ഥം. അഭിനയം എന്ന് പറയുന്നതില്‍ ഒരു വല്ലായ്മയും അനുഭവപ്പെടേണ്ടതില്ല എന്നാണ് പ്രശസ്ത മനശാസ്ത്ര ചികിത്സകന്‍ ഡോ.പി.എം മാത്യുവെല്ലൂര്‍ നമ്മോട് പറയുന്നത്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഭാഗം നാം പ്രകടിപ്പിക്കുക (അഭിനയിക്കുക) ആണ് സത്യത്തില്‍ ജീവിതത്തില്‍ സംഭവിക്കുന്നത്. അഭിനയിക്കുക എന്നതിന് കര്‍ത്തവ്യനിര്‍വഹിക്കുക എന്ന പദമാണ് സാധാരണ നാം പ്രയാസമില്ലാതെ ഉപയോഗിക്കുന്നത്. എന്നാലും സംഭവിക്കുന്നത് ഇണയുടെ പ്രത്യേകതകള്‍ കണക്കിലെടുത്തു നല്ല പ്രതികരണങ്ങള്‍ ഉതിര്‍ക്കുന്നതിന് പര്യാപ്തമായ സംഭാഷണങ്ങളും വികാരപ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും നാം പുറത്തെടുക്കുന്നു. ഇത് കാലക്രമേണ സ്വാഭാവികമായി മാറും അതിലൂടെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും രൂപപ്പെട്ടുവരും. അതിന് ഒന്നാമതായി വേണ്ടത് പരസ്പരം നോക്കുകയാണ്, നന്നായി കാണുകയാണ് എന്നാണ് അദ്ദേഹം നമ്മെ ഉപദേശിക്കുന്നത്. സത്യസന്ധത വളരെ അനിവാര്യം തന്നെ. പക്ഷെ ദാമ്പത്യജീവിതത്തില്‍ അതിന് അമിതപ്രാധാന്യം നല്‍കുന്ന പക്ഷം കുടുംബം കലങ്ങി എന്ന് വരും. അവിടെ സത്യസന്ധതയില്‍നിന്ന് അല്‍പം വ്യതിചലിക്കുക എന്നത് ഒരു കുറ്റമല്ല. അത് കൊണ്ടുകൂടിയാണ് അഭിനയം എന്ന വാക്ക് അര്‍ഥവത്താകുന്നത്. അതിനപ്പുറം അതിനെ കാണരുത്.

എന്നാല്‍ ഇവിടെ നല്‍കപ്പെട്ട മാര്‍ഗരേഖ (തമാശകൂടി ഉദ്ദേശിച്ചത് കൊണ്ടാകാം) സത്യസന്ധത പൂര്‍ണമായി കൈവിട്ടിരിക്കുന്നു. എല്ലാം അഭിനയിച്ച് ഫലിപ്പിക്കാം എന്ന ചിന്തക്ക് അടിസ്ഥാനമില്ല. തന്റെ ഇണയുടെ പെരുമാറ്റം സത്യസന്ധമല്ല എന്നറിയുന്നത് കൂടുതല്‍ കാര്യങ്ങളെ അവതാളത്തിലാക്കും. അതിനാല്‍ അഭിനയമാണെങ്കിലും അത് സത്യസന്ധമാകണം. അടുക്കളയില്‍ അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളേ ഉണ്ടാവൂ. പക്ഷെ നിങ്ങളുടെ സഹായസന്നദ്ധത അവര്‍ അറിയണം അതാണ് കാര്യം വാചകത്തിലൂടെ അത് പ്രകടിപ്പിക്കപ്പെടുന്നത് അതിനുള്ള മാര്‍ഗമാണ്. എന്നാല്‍ എല്ലാ ദിവസവും ഇത് അവര്‍ത്തിച്ച് രക്ഷപ്പെടാനാവില്ല. അതിനേക്കാള്‍ ഫലപ്രദമാകുക സത്യത്തില്‍ എന്റെ ഭര്‍ത്താവിന് ഇത്തരം കാര്യത്തില്‍ എന്നെ സഹായിക്കാന്‍ താല്‍പര്യമുണ്ട് എന്ന വിശ്വസിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനം തന്നെയാണ്. അതിന് സഹായിച്ചേ മതിയാവൂ. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കൂടുംബ ജീവിതം ഇത്തരുണത്തില്‍ അനുസ്മരണിയമാണ്. അസ് വദി (റ) നിന്ന് നിവേദനം: ഞാന്‍ ആഇശ (റ)യോട് നബിയുടെ വീട്ടിലെ അവസ്ഥയെ സംബന്ധിച്ച് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അവിടുന്ന് തന്റെ ഭാര്യമാര്‍ക്ക് വേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കെ നമസ്കാരസമയമായാല്‍ അതിനായി പുറപ്പെടും' (ബുഖാരി). ചുരുക്കത്തില്‍ പൊടികൈകളായി ഇവിടെ അവതരിപ്പിക്കപ്പെട്ട മാര്‍ഗരേഖയെ തമാശ ഒഴിവാക്കി ഗൌരവത്തില്‍ കണ്ട്, അതിലെ മനോഭാവം മനസ്സിലാക്കി സത്യസന്ധമായി പ്രവര്‍ത്തിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ദാമ്പത്യജീവിതം കുറേകൂടി സുന്ദരമാക്കാം. അതിലൂടെ ജീവിതവും.

2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

വാര്‍ത്താവതാരകരേ നിങ്ങള്‍ കരയരുത്...

ഒരു വാര്‍ത്താവതാരകന്‍ (വാര്‍ത്താവായനക്കാരന്‍ /വായനക്കാരി) എങ്ങനെയാകണം ആകാന്‍ പാടില്ല എന്ന് നിങ്ങള്‍ക്കറിയുമോ. ഇല്ലെങ്കില്‍ ശ്രീരാജിന്റെ ഈ വരികള്‍ ശ്രദ്ധിക്കൂ.
ഒരു വാര്‍ത്ത വായനക്കാരനെ സംബന്ധിച്ച് വായിക്കുന്നത് എല്ലാം വാര്‍ത്ത ആണ്. അത് കൃത്യമായി ജനങ്ങളെ അറിയിക്കുക, നന്നായി അവതരിപ്പിക്കുക എന്ന രണ്ടു കാര്യങ്ങള്‍ മാത്രം ആയിരിക്കണം മനസ്സില്‍ ഉണ്ടാവേണ്ടത്.

വാര്‍ത്തകള്‍ വായിക്കുന്നത് ഒരു പാഷന്‍ ആവണം ഇമോഷന്‍ ആവാന്‍ പാടില്ല. ഏഷ്യാനെറ്റ്‌ പറയുന്ന പോലെ നേരോടെ നിര്‍ഭയം നിരന്തരം ആവണം വാര്‍ത്ത അവതരിപ്പിക്കേണ്ടത്. (ഏഷ്യാനെറിനെ സപ്പോര്‍ട്ട് ചെയ്യുക അല്ല കേട്ടോ). നല്ല ബുദ്ധി ശക്തിയും സൂഷ്മ നിരീക്ഷണവും നേതൃ പാടവവും അത്യാവശ്യം വേണ്ട ഒരു രംഗം ആണ് വാര്‍ത്ത വായിക്കുക എന്ന ജോലി. അവര്‍ക്ക് എല്ലാം 'സിമ്പ്ലി നോ പ്രോബ്ലം' ആവണം. പ്രേക്ഷകരോട് ബഹുമാനം വേണം. ജോലി ചെയ്യുന്ന ചാനലിനോടും തന്റെ ജോലിയോടും ബഹുമാനം ഉണ്ടാവണം. നിശ്ചിത സമയത്തിനുള്ളില്‍ എല്ലാം വായിച്ചു കഴിയണം.

വാര്‍ത്ത വായിക്കാന്‍ ഇരുന്നു കരയുന്നതോ അല്ലെങ്കില്‍ എന്തെങ്കിലും അനാവശ്യ ഗോഷ്ടികള്‍ കാണിക്കുന്നതോ ആയ ഒരാള്‍ ഒരിക്കലും തന്റെ പ്രേക്ഷകരോട് നീതി പുലര്‍ത്തുന്നില്ല. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ചാനലിനു കൊടുത്ത ഉറപ്പുകള്‍ ലംഘിക്കപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്ക് വിഷയത്തെ അല്ലെങ്കില്‍ വാര്‍ത്തയെ വാര്‍ത്ത ആയി മാത്രം കാണാന്‍ കഴിയുന്നില്ല. സിംപതിയും ഇമോഷനും അവരെ പിടികൂടിയിരിക്കുന്നു. പ്രേക്ഷക ബഹുമാനം മാറി മനസ്സില്‍ ഭയം അല്ലെങ്കില്‍ ദുഃഖം ഉടലെടുക്കുന്നു.

സിമ്പിള്‍ ആയി പറഞ്ഞാല്‍ "എന്ത്" എന്ന് മാത്രം അവതരിപ്പിക്കുക... "എങ്ങനെ" എന്ന് അവതരണം കഴിഞ്ഞു ആലോചിച്ചോളൂ ... ആവശ്യമെങ്കില്‍ കരഞ്ഞോളൂ.... എങ്കിലും ചാനലിന്റെ റേറ്റിംഗ് കൂട്ടാനോ പ്രേക്ഷകരെ കയ്യില്‍ എടുക്കാനോ ഒരു കരച്ചിലിന് കഴിഞ്ഞാല്‍ നിങ്ങള്‍ ഭാഗ്യം ഉള്ള അവതാരകന്‍ ആയി മാറാം....

അഥവാ കരയുകയാണെങ്കിലും അത് ചാനലിന്റേ റേറ്റിംഗ് കൂട്ടാനോ പ്രേക്ഷകരെ കയ്യിലെടുക്കാനോ ആയിരിക്കണം. എന്നാണ് നമ്മുടെ സുഹൃത്ത് പറഞ്ഞുതരുന്നത്. എനിക്ക് സംശയമില്ല ഇത് തന്നെ ആ അവതാരകക്കും അറിയുമായിരിക്കും. പക്ഷെ ഈ കരച്ചില്‍ ചാനലിന് റേറ്റ് കൂട്ടാനോ പ്രേക്ഷകരെ കയ്യിലെടുക്കാനോ ഒന്നുമല്ല. മനുഷ്യനില്‍ ദൈവം നിക്ഷേപിച്ച കാരുണ്യത്തിന്റെ നിയന്ത്രാണാതീതമായ ഒരു വഴിഞ്ഞൊഴുകലാണ്. അതിന് കാരണമായ സംഭവം ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുകയാണ്. അതാണ് ഇവിടെ ഇത് നല്‍കാനുള്ള കാരണവും. പ്രസ്തുത വാര്‍ത്ത ഒന്ന് കണ്ടിരിക്കുക.....

'സൗദിയില്‍ നിന്നുള്ള 'അല്‍ അഖ്ബാരിയ' ചാനലിന്റെ വാര്‍ത്താ വായനക്കാരി ഫൗസ് അല്‍ഖംഅലി വിതുമ്പിക്കരഞ്ഞു. കുടുംബാധിപത്യത്തിനെതിരെ സിറിയയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ ഫിദാ അല്‍ ദിയാ എന്ന കൊച്ചു കുഞ്ഞിനെ സര്‍ക്കാര്‍ സൈന്യം വെടിവെച്ചു കൊല്ലുന്ന ഫൂട്ടേജ് കാണിക്കുന്നതിനിടെയാണ് ഫൗസ് നിയന്ത്രണം വിട്ടു കരഞ്ഞത്. പിതാവിന്റെ ഓരം ചേര്‍ന്ന് ഒളിച്ചിരുന്ന മുഹമ്മദ്‌ ദുറയെന്ന ഫലസ്തീനി ബാലനെ രണ്ടായിരം സെപ്റ്റംബര്‍ മുപ്പതിന് ഇസ്രാഈല്‍ സേന ദാരുണമായി വെടിവെച്ചു കൊന്നിരുന്നു. അതിനു സമാനമായി പിതാവിന് അരികില്‍ വെച്ചു തന്നെയാണ് ഈ കുഞ്ഞും കൊല്ലപ്പെട്ടത് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ വരുന്നതിനിടയില്‍ അവര്‍ക്ക് വാചകങ്ങള്‍ മുഴുവിപ്പിക്കാനായില്ല. തുടര്‍ന്ന് മറ്റൊരു വാര്‍ത്തയിലേക്ക് നീങ്ങിയെങ്കിലും തേങ്ങി തേങ്ങിയുള്ള കരച്ചില്‍ നിന്നില്ല. അവസാനം ചാനലിനു കൊമേര്‍ഷ്യല്‍ ബ്രേക്ക് കൊടുത്ത് വാര്‍ത്താ സംപ്രേഷണം നിറുത്തിവേക്കേണ്ടി വന്നു!.' (വള്ളിക്കുന്നിന്റെ ബ്ലോഗില്‍ നിന്ന്).




2012, ഫെബ്രുവരി 5, ഞായറാഴ്‌ച

സന്ദേശം എന്ന ഈ ബ്ലോഗിനെക്കുറിച്ച്

'സുലൈമാനു വേണ്ടി ജിന്നിന്റെയും മനുഷ്യന്റെയും പക്ഷിയുടെയും സൈന്യങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. അവ തികച്ചും ക്രമീകരിക്കപ്പെടുകയും ചെയ്തു. (ഒരിക്കല്‍ അദ്ദേഹം സൈന്യസമേതം സഞ്ചരിച്ചുകൊണ്ടിരിക്കെ) അവര്‍ ഉറുമ്പുകളുടെ താഴ്വരയിലെത്തിച്ചേര്‍ന്നു. അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: `അല്ലയോ ഉറുമ്പുകളേ, സ്വന്തം മാളങ്ങളില്‍ പോയൊളിച്ചുകൊള്ളുവിന്‍. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചവിട്ടിയരക്കാനിടയാവാതിരിക്കട്ടെ.` അതു കേട്ട് സുലൈമാന്‍ പുഞ്ചിരി തൂകി. അദ്ദേഹം പറഞ്ഞു: `എന്റെ നാഥാ, എന്നിലും എന്റെ മാതാപിതാക്കളിലും നീ ചൊരിഞ്ഞിട്ടുള്ള ഈ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മം ചെയ്യുന്നതിനും എന്നെ നിയന്ത്രിച്ചുനിര്‍ത്തേണമേ! നിന്റെ കാരുണ്യത്താല്‍ എന്നെ നിന്റെ സജ്ജനങ്ങളായ ദാസന്മാരില്‍ ചേര്‍ക്കുകയും ചെയ്യേണമേ!` (വിശുദ്ധഖുര്‍ആന്‍ 27:17-19).

വിശുദ്ധഖുര്‍ആനിലെ ഇരുപത്തിഏഴാം അധ്യായത്തിന്റെ പേരാണ് ഉറുമ്പ് എന്നത്. പ്രവാചകനായ സുലൈമാന്‍ നബി സൈന്യവുമായി സഞ്ചരിക്കെ ഒരു ഉറുമ്പ് തന്റെ വര്‍ഗത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കുന്ന മുന്നറിയിപ്പാണ് ഇത്തരമൊരു പേര് നല്‍കപ്പെടാനിടയാക്കിയ സംഭവം. കേവലം നിസ്സാരമെന്ന് തോന്നുന്ന ഒരു ഉറുമ്പ് കാണിക്കുന്ന സഹാനുഭൂതിയും ഗുണകാംക്ഷയുമല്ലേ ഈ സംഭവത്തെ പരാമര്‍ശിക്കാന്‍ ഇടയാക്കിയത് എന്ന ചിന്ത അസ്ഥാനത്തല്ല.

എനിക്ക് ഉപകാരപ്രദമായി തോന്നിയ ഒട്ടേറെ സംഭവങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അത് പങ്കുവെക്കാന്‍ എന്റെ വിഷയാധിഷ്ടിത ബ്ലോഗുകള്‍ പര്യാപ്തമല്ലാത്തതിനാല്‍ തികച്ചും സ്വകാര്യമായ ഒരു ബ്ലോഗുകൂടി വേണം എന്ന ചിന്ത കുറേകാലമായി കൊണ്ട് നടക്കുന്നതാണ്. സമയക്കുറവ് മൂലം മാറ്റിവെച്ച ആ ചിന്തയാണ് ഈ ബ്ലോഗിലൂടെ സഫലമാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്റെ പ്രാര്‍ഥന ഇത് മാത്രമാണ്. `എന്റെ നാഥാ, എന്നിലും എന്റെ മാതാപിതാക്കളിലും നീ ചൊരിഞ്ഞിട്ടുള്ള ഈ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മം ചെയ്യുന്നതിനും എനിക്ക് അവസരം നല്‍കേണമേ! നിന്റെ കാരുണ്യത്താല്‍ എന്നെ നിന്റെ സജ്ജനങ്ങളായ ദാസന്മാരില്‍ ചേര്‍ക്കുകയും ചെയ്യേണമേ!`

ആദ്യം ഉറുമ്പ് എന്ന നാമമാണ് ഈ ബ്ലോഗിന് നല്‍കിയിരുന്നതെങ്കിലും അനുഭവത്തില്‍ ഒരു ബ്ലോഗിന്റെ പേരെന്ന നിലക്ക് അത് ആകര്‍ഷകമായി തോന്നിയില്ല. അതുകൊണ്ട് സന്ദേശം എന്ന പേരിലേക്ക് മാറി. എനിക്ക് നെറ്റ് ലോകത്തെ എന്റെ ബ്ലോഗിന്റെ വായനക്കാര്‍ക്ക് നല്‍കാനുള്ള സന്ദേശം ഇതിലെ പോസ്റ്റുകളിലുണ്ടാവും. എന്റേതല്ലാത്ത പോസ്റ്റുകളിലെ മുഴവന്‍ കാര്യങ്ങളോടും എനിക്ക് യോജിപ്പ് ഉണ്ടാകണം എന്നില്ല. പക്ഷെ ആ പോസ്റ്റ് നല്‍കുന്ന സന്ദേശം പങ്കുവെക്കുക മാത്രമാണ് അതിലൂടെ ഞാന്‍ ചെയ്യുന്നത്.