2012, ഏപ്രിൽ 22, ഞായറാഴ്‌ച

മരണചിന്ത നല്ല ആരോഗ്യത്തിന് !..


മരണ ചിന്ത ആരോഗ്യകരമെന്ന് പഠനം 

ലണ്ടന്‍ : മരണത്തെ സംബന്ധിച്ച ആലോചനകള്‍ ശരീരത്തിന്‍റെയും മനസ്സിന്റെയും ആരോഗ്യത്തിന് കരുത്ത് പകരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ശ്മശാനങ്ങള്‍ക്കു മുന്നിലൂടെ വല്ലപ്പോഴും നടന്നുപോകുന്നതു പോലും മൂല്യബോധത്തിന് ഗുണകരമാകുമെന്നും ജീവിത ലക്ഷ്യങ്ങളുടെ മുന്‍ഗണനാക്രമം പുനര്‍നിര്‍ണയിക്കാന്‍ സഹായകമാകുമെന്നും പേഴ്സണാലിറ്റി ആന്‍റ് സോഷ്യല്‍ സൈക്കോളജി റിവ്യൂ എന്ന മാസിക റിപ്പോര്‍ട്ട് ചെയ്തു.


ഇന്ന് (22 ഏപ്രില്‍ 2012) മാധ്യമം പത്രത്തില്‍ കണ്ട ഈ വാര്‍ത്ത നേരത്തെ മതഗ്രന്ഥങ്ങളില്‍ കണ്ട ചില നിര്‍ദ്ദേശങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു. മനുഷ്യന് മരണത്തെ ഭയമാണ്. പക്ഷെ ഭയപ്പെട്ടാലും ഇല്ലെങ്കിലും മനുഷ്യനെ അത് പിടികൂടുകതന്നെ ചെയ്യും. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് ഇത്രയും ഉറപ്പിച്ച് പറയാവുന്ന ഒരു വസ്തുതയില്ല. മറ്റെന്ത് പറഞ്ഞാലും അത് സാധ്യതമാത്രമാണ്. എന്നാല്‍ മനുഷ്യന്‍ മരിക്കും എന്നത് ഒരു പരമസത്യവും സംശയരഹിതമായ കാര്യവുമാണ്. 'അവരോട് പറയുക: നിങ്ങള്‍ ഓടിയകലുന്നത് ഏതൊരു മരണത്തില്‍നിന്നാണോ, അത് നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ' - ഖുര്‍ആന്‍


മരണത്തോടുള്ള ഭയത്തിന്റെ സ്വാഭാവികമായ പ്രതികരണം അതിനെക്കുറിച്ച് ഓര്‍ക്കുന്നത് കുറക്കുക എന്നതാണ്. മരണത്തെക്കുറിച്ച് ഓര്‍ക്കുന്നത് ജീവിതത്തിന്റെ സുഖം നഷിപ്പിക്കും എന്നാണ് മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത്. മരണത്തെക്കുറിച്ച് കേള്‍ക്കുന്നത്  അരോചകമാണ്. എന്നാല്‍ ജീവിതത്തില്‍ നിശ്ചയമായും അഭിമുഖീകരിക്കേണ്ട, അതും അനിശ്ചിതമായ ഈ വലിയ സത്യത്തെ അവഗണിച്ച് അതിനോട് ആരോഗ്യകരമായ ഒരു സമീപനം സാധ്യമല്ലാതെ മാറ്റിവെക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. വികലമായ വ്യക്തിത്വത്തിന്റെ ലക്ഷണവും.


മിക്കയാളുകളും മരണചിന്തയകറ്റാന്‍ ശ്രമിക്കുന്നവരാണ് എന്നത് നമ്മുടെ അനുഭവമാണ്. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ തികച്ചും വ്യത്യസ്തമായ സംഗതികളിലാണ് അവര്‍ കെട്ടുപിണഞ്ഞു കിടക്കാറുള്ളത്.ഏത്  കോളേജില്‍ ചേര്‍ന്നാണ് പഠിക്കുക, എന്ത് ജോലി ചെയ്യും, നാളെ രാവിലെ ഏതു നിറമുള്ള വസ്ത്രം ധരിക്കും, അത്താഴത്തിന് എന്താണ് ഒരുക്കുക ഇതൊക്കെയാണ് പലരെയും സാധാരണ അലട്ടാറുള്ള മുഖ്യ പ്രശ്നങ്ങള്‍ . ജീവിതമെന്നാല്‍ ഇത്തരം നിസ്സാര സംഗതികളുടെ ഒരു നിരന്തര പ്രക്രിയയാണ് എന്നുപോലും മനസ്സിലാക്കപ്പെടുന്നു. ഇതൊക്കെ ജീവിത ലക്ഷ്യമാണെങ്കില്‍ മരണം അങ്ങേ അറ്റം ഭയപ്പെടേണ്ടതു തന്നെ. കാരണം അത് ജീവിത ആസ്വാദനങ്ങളെ മുറിച്ചുകളയുന്ന ഒന്നാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.


എനിക്ക് ഇവിടെ ചോദിക്കാനുള്ളത്. നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടാന്‍ ആഗ്രഹിക്കുന്നുവെന്നതാണ്. ഭക്ഷിക്കുക, ഭോഗിക്കുക, ഉറങ്ങുക, ഉല്ലസിക്കുക എന്നിവ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യം എന്നും അതിന് തടസ്സമായി നില്‍ക്കുന്ന വല്ലതും ഉണ്ടെങ്കില്‍ അതിനെയൊക്കെ എതിര്‍ത്ത് കൊണ്ടിരിക്കുക എന്നത് ജീവിത ചര്യയായും പിന്തുടരാനഗ്രഹിക്കുന്നോ അതല്ല അതിലുപരിയായി ജീവിതത്തെ കണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ എന്നതാണ്.


ജീവതത്തിലെ ആസ്വാദനങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ മനസ്സിന് സ്വസ്ഥതയും ശാന്തിയും നല്‍കുന്ന ഒരു ജീവിത കാഴ്ചപ്പാട് സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ?. മതതത്വങ്ങള്‍ എന്ന് കേട്ടാല്‍ ചിലര്‍ക്കെങ്കിലും ഒരു വരണ്ട ചിന്തയും ജീവിതത്തെക്കുറിച്ച് ഒരു നിറം കെട്ട കാഴ്ചപ്പാടുമാണ് മനസ്സില്‍ വരിക. അതില്‍ കുറെയൊക്കെ ശരിയുമുണ്ടായിരിക്കാം. ഏത് മതത്തിലും ഉള്ള ഒരു വിഭാഗം അത്തരം ഒരു ചിന്താഗതി പ്രചരിപ്പിക്കുന്നുണ്ട്. അതില്‍നിന്ന് ഏതെങ്കിലും ഒരു മതത്തിന്റെ ആളുകളെ മാത്രം മാറ്റി നിര്‍ത്താനാവില്ല. എന്നാല്‍ അവയ്ക്ക് മതപ്രമാണങ്ങളുടെ പിന്തുണയുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്.


ആദ്യാവസാന പേജുകള്‍ നഷ്ടപ്പെട്ട ഒരു നോവലാണ് ഈ ജീവിതം എന്ന് വ്യാഖ്യാനിച്ച പണ്ഡിതന്‍ അദ്ദേഹം അനുഭവിച്ചത് വ്യക്തമായി പറഞ്ഞുവെന്ന നിലക്ക് ഞാന്‍ ആദരിക്കുന്നു. ഇതെന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ജീവിതത്തെ ഭൌതികമായി മാത്രം കണ്ടതുകൊണ്ടാണ് എന്നാണ് എനിക്ക് മനസ്സിലാകുന്ന ഉത്തരം.


മരണം അത് മനുഷ്യശരീരത്തിന്റെ നാശം മാത്രമല്ല. മനുഷ്യശരീരത്തിലെ ആത്മാവിന്റെ വേര്‍പിരിയല്‍ കൂടിയാണ് എന്നാണ് മതഗ്രന്ഥങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസം. ആത്മാവിനെ അറിയാത്തവന്റെ ജ്ഞാനം ജ്ഞാനമായി അംഗീകരിക്കാനും മതഗ്രന്ഥങ്ങള്‍ സന്നദ്ധമല്ല. ശ്രീമദ്‌ ഭഗവദ്‌ഗീത (2: 8-15) പറയുന്നു. 'ദേഹത്തിൽ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്‌ ജ്ഞാനികൾ. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്‌ ആത്മാവിന്റെ ഉടുപ്പുമാറൽ മാത്രമാണ്‌- തങ്ങൾ നിത്യനായ ആത്മാവാണ്‌ എന്ന്‌ അനുഭവത്തിൽ അറിഞ്ഞ അവർക്ക്‌ അതുകാരണം തന്നെ മരണം എന്ന അവസ്ഥയിൽ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകൾ ഇനിയങ്ങോട്ട്‌ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോൾ വെറുതേ വേണ്ടാത്ത രീതിയിൽ ദുഃഖിക്കുകയാണ്‌, ഇവർ മരിച്ചു പോകും എന്നോർത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.'


ആത്മാവിന്റെ വാഹനം മാത്രമാണ് നമ്മുടെ ഈ നഷിച്ചുപോകുമെന്ന് ഉറപ്പുള്ള ഈ ശരീരം. നമ്മുടെ ആത്മാവ് നശിക്കാതെ അവശേഷിക്കും. ഭൌതികമായി മാത്രം കാര്യങ്ങളെ വീക്ഷിക്കുന്നവര്‍ക്ക് ഈ കാര്യത്തെ നിഷേധിക്കേണ്ടി വന്നേക്കാം. എന്നാല്‍ അഭൌതികമായ ചില കാര്യങ്ങള്‍ ഭൌതികശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തുണ്ട് എന്ന് മഹാഭൂരിപക്ഷം മനുഷ്യരും വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ മരണത്തെ സംബന്ധിച്ച് ഭൌതികവാദികളെക്കാള്‍ ഉയര്‍ന്ന ഒരു ചിന്ത പുലര്‍ത്തുന്നതില്‍ പല മതവിശ്വാസികളും പരാജയപ്പെടുകയും ചെയ്യുന്നു.


തനി ഭൌതികവാദം ഒരു വാദമായികൊണ്ട് നടക്കാമെന്നാല്ലാതെ നിത്യജീവതത്തില്‍ അതിന് ക്രിയാത്മകമായി ഒന്നും ചെയ്യാനില്ല എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ അത്തരം ജീവിതാസ്വാദന വാദികളുടെ പിന്നാലെ പോകാന്‍ ആധുനിക യുഗത്തില്‍ പോലും ചിന്തിക്കുന്നവരെ കിട്ടില്ല. മനുഷ്യന്റെ ഏക ജീവിത ലക്ഷ്യം ഭൌതികമായ ചില സുഖാസ്വാദനങ്ങളാണ് എന്ന കാഴ്പപ്പാട് സര്‍വാഗീകൃതമല്ല എന്ന് മാത്രമല്ല, അതിന്റെ ഫലശൂന്യത ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പേഴ്സണാലിറ്റി ഡവലപ്പ് മെന്റിനെയും ജീവിത വിജയത്തെയും കുറിച്ച പഠനം നടത്തിയവര്‍ മൂല്യങ്ങളില്‍ വിശ്വസിക്കേണ്ടതിന്റെയും ജീവിതത്തില്‍ നിയമങ്ങള്‍ പിന്തുരടേണ്ടതിന്റെയും അനിവാര്യത ഊന്നിപ്പറയുന്നു. ഇക്കാര്യം പിന്നീട് വിശദമാക്കാം. നമുക്ക് വിഷയത്തിലേക്ക് തന്നെ തിരിച്ചു പോകാം.


മരണ ചിന്ത എങ്ങനെ ആരോഗ്യകരമാകും എന്നതിന് മതം നല്‍കുന്ന മറുപടി മാത്രം ഞാന്‍ പറയാം. പ്രവാചകന്‍ മുഹമ്മദ് നബി നിര്‍ദ്ദേശിച്ചു. ജീവിതാസ്വാദനങ്ങളെ മുറിച്ചു കളയുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രവാചക ശിഷ്യനും രണ്ടാം ഖലീഫയുമായ ഉമറിന്റ  'ഉപദേശകനായി മരണം തന്നെ മതി' എന്ന വാക്കും ഈ നിര്‍ദ്ദേശത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ കബറിടം സന്ദര്‍ശിക്കുക അത് നിങ്ങളെ പരലോകത്തെ ഓര്‍മിപ്പിക്കും. എന്നും മുഹമ്മദ് നബി അരുളിയിട്ടുണ്ട്.  




എന്തിനാണ് മരണത്തെയും പരലോകത്തെയും ഓര്‍ക്കുന്നത്. അവ രണ്ടും തീരെ അരസികമല്ലേ. അല്ല എന്നാണ് യഥാര്‍ഥ മതം പഠിപ്പിക്കുന്നത്. അത് ജീവിതത്തെ ചിട്ടപ്പെടുത്താനും യഥാവിധി ഉപയോഗപ്പെടുത്താനും ജീവിത ദൌത്യം തിരിച്ചറിഞ്ഞ് സത്യസന്ധമായി ചരിക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നുവെന്നതാണ് മതത്തിന്റെ ശരിയായ കാഴ്ചപ്പാട്. ഓര്‍ത്താലും ഇല്ലെങ്കിലും മരണമെന്ന തിക്തയാഥാര്‍ഥ്യവും അനന്തര സംഭവങ്ങളും ഉണ്ടാവുക തന്നെ ചെയ്യും. അപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ പര്യാപ്തമായ ഒരു നിലപാട് സ്വീകരിക്കണോ വേണ്ടയോ ഇതാണ് മനുഷ്യന്റെ മുന്നിലുള്ള ചോയ്സ്.


ആരോഗ്യകരവും സന്തുലിതവുമായ വ്യക്തിത്വത്തിന് ഒരു ആദര്‍ശത്തിന്റെയും വ്യക്തമായ ഒരു തത്വചിന്തയുടെയും പിന്‍ബലം ആവശ്യമാണ് എന്നിടത്താണ് മനശാസ്ത്രജ്ഞരുള്ളത്. നിത്യജീവിതത്തിലും നാം അത് അനുഭവിക്കുന്നു. അവര്‍ക്ക് മാത്രമേ ജീവിതത്തെ യാഥാവിധി വിശദീകരിക്കാന്‍ സാധിക്കൂ. അല്ലാത്തവരെ സംബന്ധിച്ച് ആദ്യവും അന്ത്യവും നഷ്ടപ്പെട്ട കഥാപുസ്തകം മാത്രമാണ് ജീവിതം. (തുടരും)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ